Tuesday, March 21, 2006

കൂമൻ‍പള്ളി - Police Story 1 - അതിദ്രുതം

"മാത്തച്ചായോ മ്മടെ കടമ്പനാട്ടെ വല്ലിമ്മച്ചി തൂങ്ങിച്ചത്തു"
നൈറ്റു കഴിഞ്ഞ്‌ 5 കിലൊമീറ്റര്‍ സൈക്കിളും ചവിട്ടി കൊച്ചുവെളുപ്പാങ്കാലത്തു വീട്ടിലെത്തി മാത്തച്ചന്‍ ഒരു പോള കണ്ണൊന്നടച്ചതേയുള്ളു, കേട്ടു പൊറത്തൊരു അലമ്പന്‍ ചെക്കന്റെ വിളി. എന്തൊരു കഷ്ടമാ.

കടമ്പനാട്ടു ചെല്ലമ്മ അമ്മൂമ്മ സര്‍ ഡൊണാള്‍ഡ്‌ ബ്രാഡ്മാന്‍ നാണിക്കുന്ന നിശ്ചയദാര്‍ഢ്യത്തോടെ സെഞ്ച്വറിയിലേക്ക്‌ നീങ്ങുകയായിരുന്നു. തള്ളേടെ സ്റ്റേറ്റ്‌ ഓഫ്‌ അഫൈര്‍സ്‌ കണ്ട ആ വാര്‍ഡിലെ ചാവാടിയന്തിര വിദഗ്ദ്ധര്‍ "ഇത്തള്ളേടെ വക ഇഡ്ഡലി അടുത്ത ഒരിരുപത്‌ വര്‍ഷത്തേക്കു പ്രതീക്ഷിക്കേണ്ട" എന്നു എഴുതി തള്ളിയതുമാണ്‌. ഹുല്ലാ ഹൂപ്പ്‌ നൃത്തക്കാരിയെപ്പോലെ 84 വാര്‍ഷിക വളയങ്ങളെ ചുറ്റും ഇട്ടു തുള്ളിക്കളിച്ച ഇവര്‍ക്ക്‌ പെട്ടന്നിപ്പോ ഇതെന്താ തോന്നിയെ? മാത്തച്ചന്‍ പോലീസ്‌ ഒരു കാക്കി സുപ്രഭാതം ഉരുവിട്ടു കണ്ണു തിരുമ്മി എഴുന്നേറ്റു.

മൂപ്പര്‍ക്ക്‌ ഡ്യൂട്ടിയൊന്നുമില്ല അന്ന്- തലേന്ന് ഉത്സവ ബന്തവസ്സിലായിരുന്നു, ഇളമ്പള്ളൂര്‍ക്കാവില്‍. ഉത്സവത്തിരക്കില്‍ അമ്പലത്തിനടുത്ത ഷാപ്പില്‍ "മിക്സിങ്ങ്‌" കണക്കു തെറ്റി കണ്ട തൊട്ടിക്കെല്ലാം കണക്ഷന്‍ ഷോര്‍ട്ടായി ആള്‍ക്കൂട്ടത്തിനെടേല്‍ക്കിടന്ന് എന്തൊരു ഊദാരി ആയിരുന്നു! എളമ്പള്ളൂക്കാവാണോ, ഓച്ചിറപ്പടനിലമാന്നോ, കൊടുങ്ങല്ലൂര്‍ക്കാവാണോ എന്നറിയാതെ അവന്മാരു പടയെടുപ്പും പൂരപ്പാട്ടും തുടങ്ങിയതോടെ മാത്തച്ചനു ഇടിയൊന്നു നിറുത്തി കെ എസ്‌ ചിത്രയുടെ പാട്ടൊന്നു കേള്‍ക്കാന്‍ കൂടി സമയം കിട്ടിയില്ല. ആ ക്ഷീണത്തില്‍ വന്നു കിടന്നപ്പോഴാ ചെല്ലമ്മച്ചേച്ചിടെ തൂങ്ങല്‍. അമ്മച്ചീടെ വല്യ ദോസ്സായിരുന്നു ഇച്ചത്തവര്‌, സ്നേഹം കാണിക്കണമല്ലോ. മൂപ്പര്‍ കട്ടിലില്‍‍ അഞ്ചാറുരുണ്ട്‌ മയക്കമൊന്നു കളഞ്ഞെഴുന്നേറ്റു. യൂണിഫോമിന്റെ ഷര്‍ട്ടും ഒരൊറ്റമുണ്ടും എടുത്തുടുത്ത്‌ ചാക്കാലവീട്ടിലോട്ട്‌ നടന്നു.

സ്റ്റേഷനിലെ പഴേ നീല വില്ലീസ്‌ അവിടെത്തിക്കഴിഞ്ഞിരുന്നു . പുതിയ സീ ഐ ഒരു ഉത്സാഹക്കാരന്‍ കൊച്ചനാ. മീശപോലും ആയി വരുന്നേയുള്ളു. എഞ്ചിനീറിങ്ങും കഴിഞ്ഞ്‌ എസ്സൈ സെലെക്ഷന്‍ എഴുതീതാ. ഇത്ര വെക്കം സര്‍ക്കിളുമായി. എത്തറ പെന്‍ഷന്‍ വാങ്ങിക്കാം.

ചെറുക്കനാണേലും എഞ്ജിനീയറാണേലും സര്‍ക്കിളല്യോ, ബഹുമാനിച്ചു. അയ്യാള്‍ടെയൊരു ജാഡ! പോ പുല്ല്‌ന്ന് വച്ചു മാത്തച്ചന്‍ തെങ്ങുമ്മൂട്ടിലോട്ട്‌ മാറി നിന്നു. സീ ഐ ചോദ്യം ചെയ്യുന്നു, കെളവി തൂങ്ങി നിക്കുന്ന പടമെടുക്കുന്നു ഫോട്ടോഗ്രാഫറ് കോവന്‍, മ്മടെ സുര ഇരുന്ന് എഫ്ഫൈയ്യാറു കുറിക്കുന്നു. നടക്കട്ട്‌.

ഉറക്കക്ഷീണം തെളിയുന്നില്ല. മദ്യപാനം, പുകവലി, വ്യായയ്മമില്ലായ്മ തുടങ്ങി ലക്ഷണമൊത്ത പോലീസ്‌ ജീവിതം നയിക്കുന്നയാളായതുകൊണ്ട്‌ ഇങ്ങേരു ബൂട്ട്‌ വൈറസ്‌ പിടിച്ച കമ്പ്യൂട്ടര്‍ പോലെ വളരെ പതുക്കയേ മൊത്തമായി ഉണരൂ. ഡ്രൈവര്‍ വാസുദേവന്‍ പിള്ളയോട്‌ ഒരു ബീഡി വാങ്ങിച്ച്‌ മാത്തന്‍ ജീപ്പിനു മറഞ്ഞു നിന്നു വലിച്ചു. ചോക്ക്‌ പിടിച്ചടിച്ച വില്ലീസ്‌ പോലെ മാത്തച്ചന്‍ സ്റ്റാര്‍ട്ടായി.

ചെല്ലമ്മച്ചീടെ ജഡം താഴെയിറക്കുന്നു- കൂഴച്ചക്ക കയറേക്കെട്ടി ഇറക്കുമ്പോലെ. എസ്സൈയും സീയൈയ്യും ഒരേ ഡിസ്കഷന്‍- അതു കണ്ടാത്തോന്നും ചത്തവരെ എഴുന്നേൽപ്പിക്കാനുള്ള വഴിയാലോചിക്കുകയാണെന്ന്. പോലീസ്‌ സര്‍ജ്ജനെ ഇങ്ങോട്ടു കൊണ്ടു വന്ന് കീറിക്കാന്‍ എമ്മെല്ലേ ശുപാര്‍ശ ചെയ്തിട്ടുണ്ട്‌, ആമ്പുലന്‍സിന്റെ കാശു ലാഭിക്കാമല്ലോ. "ഹെനിക്കെന്റമ്മേക്കീറുന്നതു കാണാന്‍ മേലേ" എന്നൊരലര്‍ച്ചയോടെ ചെല്ലമ്മച്ചേച്ചിയുടെ മോള്‍ ലീല ഒരാട്ടോയും വിളിച്ചു വന്നു കയറി. കാണാമ്മേലെങ്കി പിന്നെന്തിനാ നാവായിക്കൊളത്തു ജോലിക്കു നിക്കുന്നിടത്തുന്നു ആട്ടോയും വിളിച്ചിവരു പാഞ്ഞു കേറി വന്നത്‌? ചെല്ലമ്മച്ചേച്ചിടെ ജഡം പായില്‍ കിടത്തി. കൈലി മുണ്ടു മാറി ഒരു വെള്ളമുണ്ടുടുപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. ബീഡി വലിച്ചുകയറ്റുന്നതിനനുസരിച്ച്‌ സിഗ്‌മോമാനോമീറ്ററില്‍ മെര്‍ക്കുറി കയറുമ്പോലെ ബോധം കേറിക്കേറി വന്നുകൊണ്ടിരുന്ന മാത്തച്ചനു അതും നോക്കി നില്‍ക്കവേ ഇടി ചായ്ച്ചപോലെ പെട്ടെന്ന് ഒരൊറ്റ വെളിപാടുണ്ടായി.


"ആരാ യെവരു തൂങ്ങി നില്‍ക്കുന്നതാദ്യം കണ്ടെ?“
ബീഡി ദൂരെയെറിഞ്ഞ്‌ മാത്തച്ചന്‍ മുന്നോട്ടു ചെന്ന് ഉറക്കെ ചോദിച്ചു. എസ്സൈയും സീയൈയും മാത്തചനെ ദേഷ്യത്തില്‍ നോക്കി. ഒരൌചിത്യബോധമില്ലാതെ കിടന്നലക്കുന്നു.

"ദേ ചെല്ലമ്മച്ചേച്ചീടെ കൊച്ചുമോന്‍ ഈ രതീഷാണ്‌ ഇവരു തൂങ്ങിച്ചത്തു നിക്കുന്നത്‌ കണ്ട്‌ നിലവിളിച്ചാളെ കൂട്ടിയത്‌ സാറേ"
ഒരു ഇരുപതു വയസ്സുള്ള ചെക്കന്‍ വലിയവായിലേ നിലവിളിച്ചുകൊണ്ട്‌ നില്‍ക്കുന്നിടത്തേക്ക്‌ കൈ ചൂണ്ടി ചായക്കട കുട്ടമ്പിള്ള പറഞ്ഞു.

മാത്തച്ചനും രതീഷും കണ്ണില്‍ കണ്ണില്‍ നോക്കി .

ധിം. രതീഷിന്റെ പുറത്ത്‌ മാത്തച്ചനൊന്നു വീക്കിയതിന്റെ ഒച്ച ബുദ്ധവിഹാരത്തിലെ മണി മുഴക്കം പോലെ നീണ്ടുമുഴങ്ങി. ചാക്കാല നടക്കുന്നേടത്ത് ?! ജനം പലവട്ടം ഞെട്ടി. ഞെട്ടി ഞെട്ടി പലരുടെയും ജെട്ടി പൊട്ടി. അടി തടുക്കാന്‍ ചാടിയ സീയൈയെ "സാറു മാറ്‌" എന്നാജ്ഞാപിച്ച്‌ മാത്തമ്പോലീസ്‌ ശിലയാക്കി.

"പറയെടാ, എന്തിനാ നീ നിന്റെ അമ്മൂമ്മേ കൊന്നതെന്ന് പറയാന്‍"
വീണ്ടും തന്റെ നേരേ കൈയ്യുയരുന്നതു കണ്ട രതീഷ്‌ തോല്വി സമ്മതിച്ചു.

"പൊന്നു സാറെ ഇനിയടിക്കല്ലേ . ഞാന്‍ ഒരു റ്റീ വീ വേടിക്കാന്‍ കാശു ചോദിച്ചിട്ട്‌ ഇവരു തന്നില്ല, അങ്ങനെ അകത്തിരിക്കുന്ന കാശെടുക്കാന്‍ പോയപ്പോ യെവരു വന്നു പിടിച്ച്‌. ഉന്തും തള്ളുമായി. ഞാനവരുടെ കഴുത്തിനിട്ടൊന്നു കുത്തി പിടിച്ച്, പയ്യെപ്പിടിച്ചാലും കൊരവള്ളി പൊട്ടുവെന്ന് അറിഞ്ഞില്ല സാറേ. അമ്മുമ്മ ചത്തെന്നു കണ്ടപ്പോ ഞാന്‍ കയറേ തൂക്കിയതാ."

ആരും പറയാതെ തന്നെ രതീഷ്‌ ജീപ്പില്‍ കയറി. റിസര്‍വ്ഡ് ഫോര്‍ കുറ്റവാളീസ് സീറ്റായ വണ്ടീടെ പ്ലാറ്റ്ഫോമില്‍ ചമ്രം പടിഞ്ഞിരുന്നു.എഞ്ജിനീര്‍ റ്റേര്‍ണ്ഡ്‌ ഏമാന്റ്റെ മനസ്സില്‍ താന്‍ കോളേജില്‍ പഠിക്കുമ്പ്പോള്‍ കണ്ട സിനിമയിലെ നായകനു ഷോണ്‍ കോണറിയുടെ ഛായ മാഞ്ഞ്‌ മാത്തമ്പോലീസിന്റെ രൂപം വന്നു തുടങ്ങി.

" കൊന്നതാണെന്നും ഇയാളാണു പുള്ളിയെന്നും എങ്ങനെ മനസ്സിലായി ചേട്ടാ?" പ്രോട്ടോക്കോളുകള്‍ മറന്ന് വീഡിയോ ഗെയിം രാജകുമാരിയെ മോചിപ്പിച്ച വല്യ കളിക്കാരനെ നോക്കുന്ന നോവിസിനെ പോലെ നോക്കിക്കൊണ്ട്‌ സീ ഐ തിരക്കി.

" മുണ്ടു മാറിയപ്പോ അവരുടെ ജഡത്തിലു കണ്ടില്യോ സാറേ ‍ മുതുക്‌ മൊത്തം ഉരഞ്ഞ പാട്‌. തൂങ്ങാന്‍ പോകുന്നവര്‍ മലര്‍ന്നു നിരങ്ങിയാണോ പോകുന്നത്‌? തൂക്കിയവനോ നാലുപേരു കണ്ട്‌ ആത്മഹത്യയെന്നു പറഞ്ഞാലല്ലാ ഒരു മനസ്സമാധാനം വരുവൊള്ള്‌? അതോണ്ട്‌ അവനായിരിക്യേം ചെയ്യും ആദ്യം ആളെ കൂട്ടാന്നോക്കുന്നത്‌. അല്ലാതെന്ത്വാ."

സീന്‍ ഒഫ് ക്രൈമിനു പുറന്ത്തിരിഞ്ഞ് വികാരരഹിതമായൊരു മുഖഭാവവുമായി മെല്ലെ നടന്നു നീങ്ങുന്ന പോലീസിനെ കണ്ടു നിന്ന ഒരു സൈക്കിള്‍ ജാക്സന്‍ ചെറുക്കനു ആ രംഗത്തിനു മുന്നേ കുറേ വളയങ്ങള്‍ ഓടി കളിച്ചിരുന്നെന്നും അവയ്ക്കു നടുവിലൂടെ നടന്നു വരുമ്പോ മാത്തച്ചന്‍ പെട്ടെന്നു തോക്കെടുത്ത്‌ ഒരു വെടി വച്ചുകൊണ്ടാണു കയറി വന്നതെന്നും തോന്നിപ്പോയി.

ഠെ- ഠെ- ഠെ- ഠെണാങ്ങ്‌ ണാങ്ങ്‌ എന്നൊരു ശബ്‌ ദം അപ്പോള്‍ കേട്ടതുപോലെ തോന്നി ആട്ടോക്കലാധന്‌‌. കുട്ടമ്പിള്ള ചായക്കടയില്‍ സീ ബീ ഐ ഡയറിടെ ശബ്ദരേഖ ഇട്ടതാണോ?

സമര്‍പ്പണം - ചുമ്മാതിരുന്ന എന്നെക്കൊണ്ട് ഒരെപ്പിഡോസ് എഴുതിച്ച് നിങ്ങളെ കൊലക്കു കൊടുത്ത നമ്മുടെ അരവിന്ദിന്‌

posted by സ്വാര്‍ത്ഥന്‍ at 11:24 PM

0 Comments:

Post a Comment

<< Home