Monday, March 27, 2006

chintha - മലയാളസാഹിത്യം :: മറക്കാന്‍ വച്ചവ അഥവാ മറന്നുപോയവ

Author: anjathan
Subject: മറക്കാന്‍ വച്ചവ അഥവാ മറന്നുപോയവ
Posted: Mon Mar 27, 2006 5:48 pm (GMT 5.5)

മറക്കാന്‍ വച്ചവ അഥവ മറന്നുപോയവ

(തര്‍ജനിയില്‍ ശിവകുമാര്‍ എഴുതിയ ലേഖനത്തിന് വിമര്‍ശനം കുറിച്ചപ്പോള്‍ മറുകുറിയുമായി ശിവനെത്തി. പേരു പോലും പറയുന്നില്ല, പരപുച്ഛം, തുടങ്ങി അക്കാഡമിക് വാക്കുകള്‍ നിരത്തിയുള്ള സ്വയം പ്രതിരോധം. മറുപടി എഴുതാന്‍ പിറ്റേന്ന് രാവിലെ ചിന്ത തുറന്നപോള്‍ Precondition Failed എന്ന മറുപടി കിട്ടി. അത് ഇപ്പോഴും തുടരുന്നു. ശിവനുള്ള മറുപടി ഇവിടെ കൊടുക്കുന്നു.)

ശിവന്,
എഴുതിയ ആളുടെ പേരുവായിക്കുന്നതിലൂടെയാണ് താങ്കളുടെ അഭിപ്രായം രൂപപ്പെടുന്നത് എന്ന് വെളിപ്പെടുത്തിയതിന് നന്ദി. താങ്കള്‍ ഇഷ്ടപെടുന്ന ആരെങ്കിലും ആണെന്ന് അറിയുന്ന പക്ഷം മറുപടിയും അതിനനുസരിച്ച് പരുവപ്പെടുമായിരുന്നു. അയ്യപ്പന്‍, കോവിലന്‍ എന്ന പേരില്‍ എഴുതിയതു കൊണ്ടും വടക്കേ കൂട്ടാല നാരായണന്‍ നാ‍യര്‍ വി കെ എന്‍ ആയതുകൊണ്ടും എം കെ മേനോന്‍ വിലാസിനി എന്ന പേരില്‍ എഴുതിയതുകൊണ്ടും കെ ഇ മത്തായി പാറപ്പുറത്ത് എന്ന പേര്‍ സ്വീകരിച്ചതുകൊണ്ടും ഇവരെയൊക്കെ താങ്കള്‍ പരമ പുച്ഛത്തോടെ വീക്ഷിക്കുമെന്ന് കരുതട്ടെ. സ്വന്തം പേര്‍ ഉപയോഗിക്കാതെ മറ്റൊരു പേര്‍ ഇവര്‍ എന്തിനു സ്വീകരിച്ചു?. സ്വന്തം പേര്‍ ഉപയോഗിച്ചാല്‍ ഇടിഞ്ഞു വീഴുന്ന എന്താണ് ഇവരുടെ പേരില്‍ ഉള്ളത്?. ചിന്തയിലെ സംവാദത്തില്‍ സ്വന്തം പേര് ഉപയോഗിക്കുന്ന എത്ര പേരുണ്ട്?. ഇതൊക്കെ ഉന്നയിക്കപ്പെടാവുന്നതാണ്.

സ്തുതിപാഠക സംഘത്തിനിടയില്‍ പെട്ടുപോയ ഒരാളുടെ അഹന്തയാണ് താങ്കളുടെ സ്വയം പ്രതിരോധം. സ്വന്തം സൃഷ്ടി മഹത്തരമാണെന്ന ഈ അഹന്ത തന്നെയാണ് രണ്ടു വാക്കില്‍ ഒതുങ്ങേണ്ട മറുകുറിയെ അടിച്ചു പരത്തി സ്വയം പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാന്‍ താങ്കള്‍ക്കു പ്രേരണയാവുന്നതും. ശിവകുമാറിന്റെ ഭാഷ നല്ലതാണ്. എന്നാല്‍ ആ ഭാഷ ഈ നൂറ്റാന്ണ്ടിലെ ഭാഷയായി ദൈവം ഉപദേശിച്ചതാണെന്ന് ധരിക്കരുത്.

താങ്കള്‍ ഒരു പാ‍രഗ്രാഫ് എഴുതിയാല്‍ അത് വായിക്കാന്‍ ഏറെ രസകരവും ചിന്തിപ്പിക്കുന്നതുമാവും. എന്നാല്‍ രണ്ടും മൂന്നും പാരഗ്രാഫിലൂടെ ഒരു ലേഖനമായി അത് മാറുമ്പോള്‍. അവയെ തമ്മില്‍ കോര്‍ത്തിണക്കേണ്ട കണ്ണി വിട്ടു പോവുന്നു. ഫലം ആശയക്കുഴപ്പം തന്നെ. വിഷയത്തെ വൈകാരികമായാണ് താങ്കള്‍ സമീപിക്കുന്നത്. അത് വായിക്കുന്നവരെ സ്പര്‍ശിക്കും. എന്നാല്‍ ഗൌരവമായ വായനയില്‍ അതിന്റെ പൊള്ളത്തരം ബോധ്യപ്പെടുകയും ചെയ്യും.

പരപുച്ഛം എന്ന വാക്കൊക്കെ എം മുകുന്ദനടക്കമുള്ള ആധുനികര്‍ വിമര്‍ശകര്‍ക്കെതിരെ ഉപയോഗിച്ചു പഴകിയതല്ലെ ശിവകുമാറെ. നല്ല വായനയും ഭാഷയും കൈവശം വച്ച് അഹങ്കരിക്കാതിരിക്കൂ. സ്തുതിപാഠകര്‍ എന്നൊക്കെ പറയുന്നത് പഴഞ്ചനാണെന്ന് താങ്കള്‍ പറയുമായിരിക്കും. ചിന്തയിലെ സംവാദത്തില്‍ ചിലര്‍ എഴുതിയാല്‍. സബാഷ്, കലക്കി, ഉഗ്രന്‍ എന്നീ അഭിപ്രായങ്ങള്‍ മാത്രം പറയുന്നവരുണ്ട്. സംശയമുണ്ടെങ്കില്‍ സംവാദങ്ങളിലൂടെ ഒന്നു പോയി നോക്കൂ.

വായനാ ഗവേഷണം മാത്രം നടത്തി എഴുതുന്നവര്‍ പുറത്തു നടക്കുന്നത് പലതും കാണുന്നില്ല. അവര്‍ വായനയെയും അതിലൂടെ സൃഷ്ടിക്കുന്ന ആശയങ്ങളെയും വച്ച് കളിക്കുന്നു. ഉള്ളില്‍ തീയുമായി നടക്കുന്ന ചെറുപ്പക്കാര്‍ ഇപ്പോഴും ഇവിടെയുണ്ട്. പുഴയോരം കെട്ടിയെടുക്കുന്നതിനെതിരെയും പാടം നികത്തുന്നതിനെതിരെയും മലിനീകരണത്തിനെതിരെയും ജനകീയ പ്രതിരോധ സമിതികള്‍ ഉണ്ടാക്കി അവര്‍ സമരം നടത്തുന്നു. ഓരോ പ്രദേശങ്ങളിലും ഇത്തരം ജനകീയ സമിതികള്‍ രൂപപ്പെട്ടുവരുന്നു. ഈ ചെറുപ്പക്കാരൊന്നും ഉന്നത വിദ്യാഭ്യാസമുള്ളവരല്ല.

രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററില്‍ സൂര്യ ഫെസ്റ്റീവലിനോട് അനുബന്ധിച്ച് കേരളീയ സംസ്കാരം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വീരേന്ദ്രകുമാര്‍ സംസാരിക്കുകയുണ്ടായി. ഫാഷന്‍ ഭ്രമത്തെ ഉള്‍പ്പെടെ അദ്ദേഹം വിമര്‍ശിച്ചു. ശേഷം നടന്ന സംവാദത്തില്‍ ഒരാള്‍ ചോദിച്ചു. താങ്കള്‍ ഇവിടെ പലതിനെയും വിമര്‍ശിക്കുകയുണ്ടായി, എന്നാല്‍ താങ്കളുടെ ഉടമസ്ഥതയിലുള്ള പത്രം സിനിമാറ്റിക് ഡാന്‍സിനു വേണ്ടി ഒരു പേജ് മാറ്റി വയ്ക്കുന്നുണ്ടല്ലോ? പത്രത്തിന് അതിന്റേതായ ദിശയുണ്ട്. അത്തരം കാര്യങ്ങള്‍ ഇവിടെ ഉന്നയിക്കേണ്ടതില്ല എന്നായിരുന്നു വീരേന്ദ്ര കുമാറിന്റെ മറുപടി. മറു ചോദ്യവുമായി പലരും എഴുനേറ്റതോടെ അദ്ദേഹം ക്ഷുഭിതനായി. ഒടുവില്‍ സദസില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങി സംവാദം അവസാനിക്കുന്നതായി സൂര്യ കൃഷ്ണമൂര്‍ത്തി പ്രഖ്യാപിച്ചു.

ചിലര്‍ വിശ്വസിക്കുന്നു ഞങ്ങള്‍ തിന്മയെ സമുഹത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കാനുള്ളവരാണെന്ന്. അവര്‍ക്കു പ്രവര്‍ത്തിയല്ല വായനയാണ് (പ്രസംഗം) പ്രധാനം. മാറേണ്ടത് അത്തരം അക്കാദമിക് ബുദ്ധിജീവികളുടെ മനസാണ്. എങ്കില്‍ മാത്രമേ കേള്‍ക്കാനും അറിയാനും നല്‍കാനും കഴിയൂ.

(ഞാനിപ്പോഴും അജ്ഞാതന്‍ തന്നെ)


((താങ്കള്‍ക്കു പുച്ഛിക്കാനും എനിക്കു സ്നേഹിക്കാനും ഇപ്പൊഴും സാഹചര്യം നിലനില്‍ക്കുന്ന ഈ വ്യവസ്ഥയുണ്ടല്ലോ.. ഇതിനെ നന്നാക്കാന്‍ അതിന്റെ തന്നെ ഇനിയും ഉണങിയിട്ടില്ലാത്ത വേരുകളുപയോഗിക്കാം എന്നാണ് ഈ പറഞ്ഞതിന്റെയൊക്കെ അര്‍ത്ഥം.. പ്രതിവിപ്ലവത്തിന്റെ പേരിലും മതത്തിന്റെ പേരിലും പ്രതികരണം പോട്ടെ അഭിപ്രായങ്ങള്‍ പോലും വകവച്ചുകൊടുക്കാത്ത രാഷ്ട്രമീമാംസകളുടെ ലോകത്താണ് ജീവിക്കുന്നത് എന്നും കൂടി ഓര്‍ക്കുക..
അല്ലാതെ ബിന്‍ലാദനാണോ ബുഷാണൊ കരുണാകരനാണോ കുഞ്ഞാലികുട്ടിയാണോ കൂടുതല്‍ തെറ്റുകാരന്‍ എന്നു നോക്കി തെരുവിലിറങ്ങി ആളെക്കൊല്ലാം എന്ന രീതിയും ഒന്നും നന്നാവില്ല അതു കൊണ്ട് ആളെക്കൊന്നേ മതിയാവൂ എന്ന കടുത്ത മുന്‍‌ധാരണകളും ഒരു ജനാധിപത്യത്തിന്റെ നന്മകള്‍ ഏതൊക്കെയോ അളവില്‍ ഉള്‍ക്കൊള്ളുന്നതു കൊണ്ട് എനിക്ക് എതിര്‍ത്തേ പറ്റൂ...ആശയപരമായി.. തിരിച്ചു ബോധ്യമാവാത്തിടത്തോളം കാലം! (കടപ്പാട്: ശിവന്‍)


posted by സ്വാര്‍ത്ഥന്‍ at 4:40 AM

0 Comments:

Post a Comment

<< Home