Monday, March 27, 2006

Suryagayatri സൂര്യഗായത്രി - സ്വപ്നത്തിലെ താരാട്ട്

ആരോമലുണ്ണീ, നീയെവിടെയാണ്,
എവിടെയാണുണ്ണീ നീ എവിടെയാണ് .

താരാട്ടെന്‍ ചുണ്ടില്‍ വിരിഞ്ഞു നില്‍പ്പൂ,
നീയൊരു മോഹമായ്‌ പൂത്തു നില്‍പ്പൂ.

അമ്മ തന്‍ മടിയിലേയ്ക്കോടിവായോ,
പുഞ്ചിരിച്ചെന്നുണ്ണി ഓടി വായോ.

താരാട്ട്‌ കേള്‍ക്കുവാന്‍ നീ വരില്ലേ,
താളം പിടിയ്ക്കുവാന്‍ നീ വരില്ലേ.

മാമം നിന്‍ വായില്‍ നിറച്ചും നല്‍കാം,
പായസം വെച്ചമ്മയൂട്ടിത്തരാം.

തപ്പുകൊട്ടാടുവാന്‍ കൂടെ വരാം,
പിച്ചവെച്ചാലമ്മയുമ്മതരാം.

എന്‍ കുഞ്ഞുവാവയ്ക്കു കുറുമ്പു കാട്ടാം,
ശാസിച്ചു നിന്നമ്മ കരഞ്ഞുകൊള്ളാം.

അമ്മ തന്‍ കൈകള്‍ തൊട്ടിലാക്കീ,
ചാഞ്ചാടിയുണ്ണിക്ക്‌ വാവുറങ്ങാം.

താരകം പൂത്തു വിടര്‍ന്നു നില്‍പ്പൂ,
അമ്പിളി മാനത്തുദിച്ചു നില്‍പ്പൂ.

അമ്മ തന്‍ സ്വപ്നത്തിലെന്നുമെന്നും,
ആരോമലെന്നുണ്ണി നിറഞ്ഞു നില്‍പ്പൂ.

ഒളിച്ചുനില്‍ക്കാതെയൊന്നോടി വായോ,
അമ്മ തന്‍ കണ്ണീര്‍ തുടച്ചു തായോ.

posted by സ്വാര്‍ത്ഥന്‍ at 9:34 AM

0 Comments:

Post a Comment

<< Home