Friday, February 02, 2007

സങ്കുചിതം - അയ്യോരക്ഷിക്കണേ!!! (ഒരു ആനക്കഥ)

URL:http://sankuchitham.blogspot.com/2007/02/blog-post.htmlPublished: 2/2/2007 11:38 AM
 Author: സങ്കുചിത മനസ്കന്‍


ഏര്‍പ്പയേട്ടന്റെ വില്ലയുടെ ഗേറ്റ്‌ അടച്ചിട്ടിരിക്കുന്നു! അസംഭാവ്യം! വ്യാഴാഴ്ച വൈകുന്നേരം ആ ഗേറ്റ്‌ അടച്ചിട്ടിരിക്കുക എന്ന് വച്ചാല്‍ അതിനു പകരം വയ്ക്കാവുന്ന ഉപമകള്‍: (ബ്ലോഗില്‍ ഉപമകള്‍ ഒരു തരംഗമായതിനാല്‍) ദില്‍ബാസുരന്റെ കമന്റില്ലാത്ത ബ്ലോഗ്ഗ്‌, വിശാലനു കമന്റാത്ത ബ്ലോഗ്ഗര്‍ എന്നിവയൊക്കെയാണ്‌.

ഞാന്‍ മൊബെയില്‍ എടുത്ത്‌ മിസ്സ്കോള്‍ അടിച്ചു. ഞാന്‍ എത്തിച്ചേരുമെന്ന് ചേടത്തിയെ വിളിച്ചറിയിച്ചതാണ്‌. ഇന്നത്തെ സ്പെഷല്‍ കല്ലുമ്മക്കായ ഫ്രൈയും കപ്പ കാന്താരിമുളകിട്ട്‌ പുഴുങ്ങിയതുമാണെന്ന് പറഞ്ഞ്‌ ചേട്ടത്തി എന്നെ കൊതിപ്പിച്ചതുമാണ്‌. പെമ്പ്രന്നോര്‌ വന്നപ്പോ മ്മ്ലെക്കെ മറന്നല്ലട്ര ചെക്കാ എന്ന് ചേട്ടത്തി കമന്റും പാസ്സാക്കിയതാണ്‌. എന്നിട്ടിപ്പോ വില്ല അടച്ചിട്ടിരിക്കുന്നു! എര്‍പ്പായേട്ടന്‍ തിരിച്ചു വിളിച്ചു. ഏര്‍പ്പായേട്ടാ സങ്കുചിതനാണ്‌. വീട്ടിലില്ലേ, ഗേറ്റ്‌ തുറ. ഞാന്‍ പറഞ്ഞു. മറുപടി: ഷ്യൂ ആതാ? നമ്പര്‍ തെറ്റിയോ എന്ന് ഞാന്‍ സംശയിച്ചു. ഹൂ ഈസ്‌ ദിസ്‌ എന്ന് ഞാന്‍ ചോദിച്ചു. മയ്‌ നെയിം ഈസ്‌ റാഫേല്‍ എന്ന് മറുപടി വന്നു. കൂടെ ഗേറ്റും തുറന്നു. കേറ്റിപ്പിടിച്ച മുഖവുമായി എര്‍പ്പായേട്ടന്‍.

കോറം തികഞ്ഞ സായാഹ്നം തന്നെ. എല്ലാവരുമുണ്ടായിരുന്നു. പണ്ട്‌ ബ്യാച്ചികളായിരുന്നപ്പോള്‍ എല്ലാ വ്യാഴവും ഒത്തുകൂടിയിരുന്ന അതേ സെറ്റപ്പ്‌. എല്ലാം ഭര്‍ത്താക്കന്മാരും തന്തകളും ആയപ്പോള്‍ പല പല ഗേറ്റുകളില്‍ നിന്ന് പാസ്‌ വേണ്ടിവരുന്നതിനാല്‍ മാസത്തിലൊരിക്കലായി എര്‍പ്പായേട്ടന്റെ വീട്ടിലെ സഭകൂടല്‍.

പതിവു പോലെ വോഡ്ക തന്നെ മുഖ്യപാനീയം. നേര്‍ത്ത നാരങ്ങാക്കഷ്ണങ്ങള്‍ അരിഞ്ഞത്‌ ഒരു പ്ലേറ്റില്‍. ഈര്‍പ്പത്തിന്റെ കുമിളകള്‍ നിറഞ്ഞ ബുഡ്‌ വൈസര്‍ ക്യാനുകള്‍ ഇരിക്കുന്നതില്‍ ഒന്നെടുത്ത്‌ പൊട്ടിച്ച്‌ ഞാനും ഇരുന്നു. എര്‍പ്പായേട്ടന്‍ എന്നെ മൈന്റ്‌ ചെയ്യുന്നില്ല. ചേട്ടത്തി വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചു. രണ്ടു മൂന്നുമാസമായി എനിക്കവിടെ പോകാന്‍ സാധിക്കാത്തതിലെ നീരസം മറച്ചു വയ്ക്കാന്‍ ശുദ്ധാത്മാവായ ഏര്‍പ്പായേട്ടനാകുമായിരുന്നില്ല.

എര്‍പ്പായേട്ടന്റെ വീട്ടിലേ ഈ സഭയില്‍ പൊന്തിവരാത്ത വിഷയങ്ങളില്ല. കേള്‍വിക്കാരനായി ഇരിക്കലായിരുന്നു എന്റെ പരിപാടി. എന്നാല്‍ അന്നത്തെ വിഷയം "ആന" ആയിരുന്നു. ആനപ്രേമം ഒരു ഫാഷനായി വരുന്നു ഇക്കാലത്ത്‌ അത്‌ ഞങ്ങളുടെ ഈ സഭയില്‍ പൊന്തി വന്നത്‌ സ്വാഭാവികം. പൂക്കോടന്‍ ശിവന്‍ (ഇപ്പോള്‍ തിരുവമ്പാടി ശിവസുന്ദര്‍ -കേരളത്തിലെ 'വരത്തനല്ലാത്ത' നമ്പര്‍ വണ്‍ ആന.) ഞങ്ങള്‍ പോട്ടക്കാരുടെ സ്വന്തം ശിവന്‍ കുട്ടി ആയിരുന്നതിനാലും, അവന്റെ വളരെയധികം കഥകള്‍ എനിക്ക്‌ നേരിട്ടനുഭവം ഉള്ളതിനാലും അന്ന് എനിക്ക്‌ വളരെയധികം വാചാലനാകേണ്ടി വന്നു.

കല്ലുമ്മക്കായയും കപ്പയും കാലിയാകുന്നതിനനുസരിച്ച്‌ ചേടത്തി ഫില്‍ ചെയ്തു കൊണ്ടിരുന്നു.പറഞ്ഞത്‌ അതേപടി പകര്‍ത്തിയാല്‍ അതില്‍ ധാരാളം അനാവശ്യ ചോദ്യങ്ങളും സംശയങ്ങളും ഉത്തരങ്ങളും വരുന്നതു കൊണ്ട്‌ ഞാനതൊരു പോസ്റ്റാക്കി. താഴെക്കാണുന്ന വിധം.

==========================================

വാള്‌ -വിളിപ്പേരാണ്‌-.(നമ്മുടെ ഇടിവാള്‍ അല്ല. പണ്ടൊരു സ്ഥിരം വാളുവെപ്പുകാരനായതുകൊണ്ട്‌ വാള്‌ എന്ന് പേര്‌ വീണതാണ്‌.) അര്‍മ്മാദിച്ച്‌ വീട്ടിലെത്തുമ്പോള്‍ പതിവായി വൈകും. ബികോം കഴിഞ്ഞവര്‍ നാട്ടുനടപ്പു പ്രകാരം സി.എ ക്ക്‌ പോകുന്നു എന്ന് പറഞ്ഞ്‌ നടക്കുന്ന ഒരു മൂന്നാല്‌ കൊല്ലം ഉണ്ടല്ലോ. ആ കാലഘട്ടത്തിലായിരുന്നു വാളപ്പോള്‍. നേരത്തിന്‌ മുളയാത്തതിന്‌ വാളിന്‌ എന്നും പിതാവിന്റെ കയ്യില്‍ നിന്ന് ഉപദേശകഥകള്‍ ഫ്രീയായും പെടകള്‍ അല്‍പനേരത്തെ പ്രയത്നത്തിന്‌ ശേഷവും (ഓടിച്ചിട്ട്‌ പിടിക്കല്‍) ലഭ്യമായിരുന്നിരുന്ന മനോഹര ടൈമ്‌!

കൂട്ടത്തിലെ ഇളയവനായ സുബ്രന്‌ പോലീസില്‍ ജോലികിട്ടി ക്യാമ്പില്‍ പോയി രണ്ട്‌ വര്‍ഷം ഹോമിക്കുന്നതിന്റെ പാര്‍ട്ടിയായിരുന്നു അന്ന്. വാള്‌ അസാരം ബിയര്‍ ചെലുത്തി പതിനൊന്നരപന്ത്രണ്ടര ആയപ്പോള്‍ വീട്ടിലെത്തി. അകലെനിന്നേ മനസിലായി മാതാപിതാക്കള്‍ കിടന്നു എന്ന്. ഇനി കാളിംഗ്‌ ബെല്‍ അടിക്കാതെനിവൃത്തി ഇല്ലായിരുന്നു. ബെല്ലടിച്ച്‌ പെട്ടന്ന് തിരിച്ചോടി മുറ്റത്തിനതിര്‍ത്തിയിലുള്ള തെങ്ങിന്‍ കടയ്ക്കല്‍ മൂത്രമൊഴിക്കാന്‍ എന്ന വ്യജേന ഇരുന്നു. വാതില്‍ തുറന്ന സ്വപിതാവിന്‌ മണമടിക്കാതിരിക്കാന്‍ വേണ്ടിയുള്ള സ്ഥിരം നമ്പര്‍ ആയിരിന്നു അത്‌. 10 സെക്കന്റിലധികം വെയ്റ്റ്‌ ചെയ്യാനുള്ള ക്ഷമയില്ലാത്ത അദ്ദേഹം ബിരിയാണിക്കുട്ടി സ്റ്റെയിലില്‍ ആണ്‌ വാതില്‍ തുറക്കുക.

തെങ്ങിന്‍ കടക്കലിരുന്നു മൂത്രമൊഴിക്കുകയായിരുന്ന തന്റെ പുറത്ത്‌ തേങ്ങ വന്ന് വീണത്‌ ഞെട്ടലോടെയാണ്‌ അവന്‍ അറിഞ്ഞത്‌. പിതാശ്രീ കാല്‍ വിരലുകള്‍ കൊണ്ട്‌ മുന്നില്‍ കിടന്ന് രണ്ട്‌ ചെരുപ്പുകള്‍ കോര്‍ത്തെടുത്ത്‌ വിദഗ്ദമായി അവന്റെ പുറത്തേക്കെറിഞ്ഞതാണെന്ന് മനസിലായത്‌ പിറ്റേന്ന് പിണറായി അച്ചുതാനന്ദസ്റ്റൈലില്‍ മുഖം തിരിഞ്ഞ് കിടക്കുന്ന രണ്ട് ചെരിപ്പുകള്‍ കണ്ടപ്പോളാണ്.

അറ്റാച്ച്ഡ്‌ ബാത്ത്‌ റൂം ഉള്ള സ്വന്തം റൂമില്‍ രാവിലെ എണീറ്റ്‌ മൂത്രമൊഴിക്കുക എന്നത്‌ ഒരു ത്രില്ലുള്ള ഏര്‍പ്പാട്‌ അല്ലല്ലോ? വാളിനാണെങ്കില്‍ സ്വന്തം പേരും ഇനീഷ്യലും രാവിലെ മുറ്റത്തിന്റെ അതിരില്‍ മൂത്രം കൊണ്ട്‌ എഴുതി-ബിയറ്‌ അടിച്ചതിനടുത്ത ദിവസമാണെങ്കില്‍ പിതാവിന്റെ പേര്‌ കൂടി എഴുതി- അങ്ങനെ ആസ്വദിച്ച്‌ ആസ്വദിച്ച്‌ മൂത്രമൊഴിക്കാതെ ദിവസം തുടങ്ങിയാല്‍ -മൂത്രമൊഴിപ്പിലെ സ്വാതന്ത്ര്യവും അരാഷ്ട്രീയതയും- തുടങ്ങിയ പേരുകളിലുള്ള ലേഖനങ്ങള്‍ എഴുതിപ്പോകുന്ന മാനസികാവസ്ഥ ഉള്ള കാലമായിരുന്നു അത്.

സുബ്രന്‍ വാങ്ങികൊടുത്ത ബിയര്‍ പൊട്ടാന്‍ വെമ്പി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പോലെ ആയിരുന്നു. വാള്‌ പതിവ്‌ പോലെ മുറ്റത്തിന്റെ അരികില്‍ പോയി ഡാം തുറന്നു വിടാന്‍ തയ്യാറായി ഷട്ടറിന്റെ ലോക്കുകള്‍ ഊരി.

എന്തിനാടാ അവിടെ നിക്കുന്നത്. ഇങ്ങകത്ത് വന്ന് അടുക്കളയില്‍ കേറി മൂത്രമൊഴിക്കടാ എന്ന് സ്വന്തം പിതാവ് (ദോശ തിന്നുന്നതിനിടയില്‍) അപേക്ഷിക്കുന്നത് അവന്‍ കേട്ടു. ഒരു ദിവസമെങ്കിലും റെപീറ്റേഷന്‍ ഒഴിവാക്ക് ഗെഡീ! വാള്‍ ഒരു ആംഗ്രി യംഗ് മാന്‍ ആയി. സ്വാതന്ത്ര്യബോധമില്ലാ‍ത്ത അരാഷ്ട്രീയ പൂവര്‍ ഓള്‍ഡ് ഫെല്ലോ!

ഏതോ ഒരു ദിക്കിലേക്ക്‌ തീര്‍ത്ഥയാത്ര പോവുകയായിരുന്ന നൂറുകണക്കിന്‌ വരുന്ന ഉറുമ്പുകളെ സുനാമിയില്‍ മുക്കികൊണ്ട്‌ വാള്‌ സ്വന്തം പേരെഴുതാന്‍ തുടങ്ങി. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ആ യാത്രാസംഘത്തിലെ ഗണ്യമായ അംഗങ്ങള്‍ ദാരുണമായി കൊല്ലപ്പെടുന്നതൊന്നും വാള്‌ അറിയുന്നുണ്ടായിരുന്നില്ല. വികടലോകം പത്രത്തിലെങ്കിലും പ്രകൃതിയുടെ ഈ ക്രൂരത വാണിംഗ്‌ രൂപത്തിലെങ്കിലും വന്നിരുന്നെങ്കിലെന്ന് ആ പാവം ഉറുമ്പുകള്‍‍ ആശിച്ചു.

ഇതൊന്നും അറിയാതെ ഇനീഷ്യല്‍ പൂര്‍ത്തിയാക്കിയ വാള്‌ അച്ഛന്റെ പേര്‌ എഴുതാന്‍ തുടങ്ങി.
പെട്ടന്നാണ്‌...

അച്ഛന്റെ പേര്‌ ഉന്നം തെറ്റാതെ എഴുതാന്‍ കഴിവുള്ള തനിക്കിതെന്തുപറ്റി?

ബ്രഷില്‍ നിന്ന് പുറപ്പെടുന്ന മഷി ക്യാന്‍ വാസില്‍ എത്തുന്നില്ല!!!!
അതിനുമുമ്പേ അത്‌ അപ്രത്യക്ഷമാകുന്നു.

ഇവക്കിടയില്‍ ഒരു കറുത്ത ജീവി!!! ഇത്ര വണ്ണമുള്ള പാമ്പോ? അവന്‍ തല ഉയര്‍ത്തുനോക്കി.

അതിനു ശേഷം അലറിയ അലറല്‍!
രണ്ടു കയ്യും നിസ്സഹായതയാല്‍ നിവര്‍ത്തിപ്പിടിച്ച്‌!!!!
അയ്യോ രക്ഷിക്കണേ!!!! (കിഴക്കോട്ട്‌ തലതിരിച്ച്‌)
അയ്യോ രക്ഷിക്കണേ!!!!! (പടി..)
അയ്യോ രക്ഷിക്കണേ!!!!! (വട...)
അയ്യോ രക്ഷിക്കണേ !!!! (നാലെണ്ണം ഉണ്ടായിരുന്നില്ല. ഇത് ഞാന്‍ ഒരു എഫക്റ്റിനു വേണ്ടി ചേര്‍ത്തതാണ്.)

മുന്നില്‍ അതാ നില്‍ക്കുന്നു സാക്ഷാല്‍ പൂക്കോടന്‍ ശിവന്‍. മ്മടെ ശിവങ്കുട്ടി! പോട്ട പൂക്കോടന്റെ തടി മില്ലില്ലെ ആന!!! സാക്ഷാല്‍ ശിവന്‍ കുട്ടി പോലും ആ അലറല്‍ കേട്ട്‌ ഭയന്നു!!! തിരിഞ്ഞു.

അപ്പോഴാണ്‌ വാള്‌ കണ്ടത്‌. ഗ്യാാാാാാാാാ (കട്‌: വിശാലേട്ടന്‍) എന്ന ശബ്ദത്തോടെ പോട്ട ഗ്രാമം മുഴുവന്‍ ആനയില്‍ നിന്ന് 50 മീറ്റര്‍ ഗ്യാപ്പ്‌ മെയിന്റയിന്‍ ചെയ്യുന്നു.

വസ്ത്രാക്ഷേപം, ഭീരുത്വപ്രകടനം (അതും ഇത്ര ഉറക്കെ), സാക്ഷാല്‍ ആനയെ ഇത്ര മുന്നില്‍ കണ്ടതിന്റെ കിടു കിടുപ്പ്‌ എല്ലാം കൂടി വാളിനെ.......

"അയ്യോ രക്ഷിക്കണേ..." പോട്ടയിലെ പിള്ളേരുടെ ഒരു "മോനേ ദിനേശാ.., സവാരി ഗിരിഗിരി..., ലവന്‍ പുലിയാണ്‌....." ഇവയുടെ കൂട്ടത്തില്‍ ഇപ്പോഴും ഓടുന്നു.
-------------------------------------
എര്‍പ്പായേട്ടന്റെ എന്നോടുള്ള പിണക്കം മാറി. അതിനാല്‍ ഞാന്‍ ബ്ലോഗ്, യൂണികോഡ്, ആസ്കി ഒക്കെ പ്രയോഗിച്ചു. എര്‍പ്പായേട്ടനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

posted by സ്വാര്‍ത്ഥന്‍ at 12:35 PM

0 Comments:

Post a Comment

<< Home