Thursday, February 01, 2007

ജിഹ്വ - പ്രിയ വിശ്വേട്ടാാാ...... കൊല്ലരുത്‌...

വിശ്വേട്ടന്റെ പ്രസ്‌താവനകള്‍ കേട്ടിട്ട്‌ എനിക്ക്‌ ചിരി വന്നില്ല... കരയാനും തോന്നുന്നില്ല... മറ്റെന്തൊക്കെയോ വികാരങ്ങള്‍ ആണ്‌ മനസ്സില്‍ തളം കെട്ടിയത്‌.. ഹൊ.. സഹതാപം.. ഈ വാക്ക്‌ കുറച്ച്‌ കൂടി നന്നായി ചേരുമെന്ന് കരുതുന്നു... വിശ്വേട്ടനോട്‌ സഹതാപം തോന്നിപ്പോയി.. വിശ്വേട്ടനെ അറിയില്ലേ..? നമ്മുടെ ഇടതു മുന്നണി കണ്‍വീനര്‍.. സഖാവ്‌ വൈക്കം വിശ്വന്‍.. കാര്യം മറ്റൊന്നുമല്ല.. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പണ്‍ഠിതന്‍ നമ്മുടെ വിശ്വേട്ടനാണ്‌.. സംഭവം ദാ ഇങ്ങനെ..

ഇന്നലെ തിരൂരില്‍ പ്രസ്സ്‌ റിപ്പോര്‍ട്ടേഴ്‌സ്‌ ക്ലബ്‌ സംഘടിപ്പിച്ച 'അതിഥി' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഖാവ്‌ വിശ്വന്‍ സര്‍. പുതിയങ്ങാടിയില്‍ നേര്‍ച്ച നടത്തരുത്‌ എന്ന വഖഫ്‌ ബോര്‍ഡിന്റെ വിധി മറികടന്ന് നേര്‍ച്ചക്ക്‌ വേണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടതല്ലേ തിരൂരിലെ അക്രമങ്ങള്‍ക്ക്‌ കാരണം എന്ന ചോദ്യത്തിനു സഖാവിന്റെ വിലയേറിയ കണ്ടുപിടുത്തങ്ങള്‍..

1. വഖഫ്‌ ബോര്‍ഡ്‌ തീരുമാനം തെറ്റായിരുന്നു. അതിനാലാണ്‌ സര്‍ക്കാര്‍ തിരുത്തിയത്‌.
2. മതകാര്യങ്ങളില്‍ സി.പി.എം പങ്കെടുക്കേണ്ടതില്ല. എന്നാല്‍ നേര്‍ച്ച പോലുള്ള മതത്തിന്റെ 'കാര്‍ഷികോല്‍സവങ്ങള്‍' കാണുമ്പോല്‍ 'ജനകീയ താല്‍പര്യം' കാണാതെ പോകുന്നു.
3. ചന്തയില്ലാത്തിടത്ത്‌ ചന്തയുണ്ടാക്കാനാണ്‍ ഇത്തരം നേര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്‌.
4. ചങ്ങനാശ്ശേരി ചന്തനക്കുടവും, എരുമേലി വാവരു പള്ളിയിലെ പേട്ട തുള്ളലും ഇസ്‌ലാമിക താല്‍പര്യങ്ങള്‍ക്ക്‌ എതിരല്ല.
5. നേര്‍ച്ചക്ക്‌ ആനയെ കൊണ്ട്‌ വരുന്നത്‌ തെറ്റാണെങ്കില്‍, എത്രയോ വീടുകളില്‍ ആനയെ വളര്‍ത്തുന്നതെങ്ങനെയാ???
6. കേരളത്തിലെ മുഴുവന്‍ ഇസ്‌ലാമിക സംഘടനകളും ഈ നേര്‍ച്ചയെ എതിര്‍ത്തിരുന്നല്ലോ എന്ന ചോദ്യത്തിനു, മന്ത്രി സ്റ്റിയറിംഗ്‌ മാറ്റിപ്പിടിച്ചു.

സഖാവിനോട്‌ ചില കൊച്ചു കൊച്ചു കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.??

1. ഇസ്‌ലാമിക കാര്യങ്ങളില്‍ വഖഫ്‌ ബോര്‍ഡ്‌ തീരുമാനങ്ങള്‍ തെറ്റും, സി.പി.എം ഫത്‌വകള്‍ ശരിയുമാണെങ്കില്‍, വഖഫ്‌ ബോര്‍ഡങ്ങട്ട്‌ പിരിച്ചു വിടുന്നതല്ലെ നല്ലത്‌.. എന്നിട്ട്‌ കുറച്ച്‌ സഖാക്കളെ അങ്ങട്‌ ഏല്‍പിക്കൂ.. ഇസ്‌ലാമികകാര്യങ്ങളില്‍ തീരുമാനങ്ങള്‍ കാണാന്‍.
2. നേര്‍ച്ച പോലുള്ള മതത്തിന്റെ 'കാര്‍ഷികോല്‍സവങ്ങള്‍'... അങ്ങനെയൊരു ഉത്സവം ഇസ്‌ലാമില്‍ ഇല്ല വിശേട്ടാ. കാര്‍ഷകരെ കുറിച്ചും, കാര്‍ഷിക വിളകളെ കുറിച്ചും ഇസ്‌ലാം പറഞ്ഞിട്ടുണ്ട്‌. പക്ഷെ, ആഘോഷങ്ങളുടെ കാര്യത്തില്‍ ഇസ്‌ലാം രണ്ട്‌ ആഘോഷങ്ങളാണ്‌ പറഞ്ഞിട്ടുള്ളത്‌. ഈദുല്‍ അദ്‌ഹായും, ഈദുല്‍ ഫിത്‌റും. നേര്‍ച്ച പോലുള്ള കാര്‍ഷികോല്‍സവങ്ങളെ കുറിച്ച്‌ ഇസ്‌ലാമിലെവിടെയാണാവോ പറഞ്ഞിട്ടുള്ളത്‌?
3. ചന്തയില്ലാത്തിടത്ത്‌ ചന്തയുണ്ടാക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. ഇസ്‌ലാം മാര്‍ക്കറ്റുകളെ പ്രോത്സാഹിപ്പിച്ചതെ ഉള്ളൂ. കാരണം, അതൊരു ജീവിതമാര്‍ഗ്ഗമാണ്‍. പക്ഷെ, അതിനു ഇസ്‌ലാമികതത്വങ്ങളെ വളച്ചൊടിച്ച്‌ കൂട്ടുപിടിക്കുന്നതെന്തിനാണെന്നാണ്‍ മനസ്സിലാകാത്തത്‌. ഒരു ചന്തയുണ്ടാക്കാന്‍ പള്ളികളെയും അമ്പലങ്ങളെയും ദുരുപയോഗപ്പെടുത്തേണ്ടതുണ്ടോ..???
4. ഈ ഫത്‌വ വിശ്വേട്ടനു എവിടെ നിന്ന് കിട്ടിയോ ആവോ.??
5. ആനയെ വളര്‍ത്തുന്നത്‌ തെറ്റാണെന്ന് ഇസ്‌ലാം പറഞ്ഞിട്ടുണ്ടെന്ന് എനിക്ക്‌ തോന്നില്ല. മൃഗങ്ങളോട്‌ കരുണ കാണിക്കുന്നതിനെ കുറിച്ച്‌ ഇസ്‌ലാം എന്നും പുകഴ്‌ത്തിപ്പറഞ്ഞതേ ഉള്ളൂ. നേര്‍ച്ച എന്ന സങ്കല്‍പ്പം തന്നെ ഇസ്‌ലാമില്‍ തെറ്റായിരിക്കെ, നേര്‍ച്ചക്ക്‌ ആനയെയും പോത്തിനേയും കൊണ്ട്‌ വരുന്നതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌ തന്നെ വിഡ്ഢിത്തമാണ്‍.
6. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക്‌ വേണ്ടാത്ത ഒരു നേര്‍ച്ച, പള്ളിയില്‍ തന്നെ നടത്തിയേ തീരൂ എന്ന് ശാഠ്യം പിടിച്ചതിലെ താല്‍പര്യം എന്താണെന്ന് വിശ്വം സര്‍ പറഞ്ഞാല്‍ കൊള്ളാം. അതായത്‌ പള്ളി നേര്‍ച്ച, സ്ഥലം സി.പി.എം കമ്മിറ്റി ഏറ്റെടുത്തു. വിശ്വേട്ടനറിയോ., മദ്യവും വ്യഭിചാരവും ഇസ്‌ലാം നിരോധിച്ചവയാണ്‌. കേരളത്തിലെ ഇസ്‌ലാമിക സംഘടനകളും വഖഫ്‌ ബോര്‍ഡും അവ നിരോധിക്കുകയും, പിന്നീട്‌ സ്ഥലം സി.പി.എം ഘടകം അത്‌ പള്ളിമുറ്റത്ത്‌ നടത്തിയേ അടങ്ങൂ എന്ന് ശാഠ്യം പിടിക്കുകയും ചെയ്‌താല്‍ സര്‍ക്കാര്‍ അതിനും മുന്‍കൈ എടുക്കുമോ ആവോ??? കാരണം അതും 'ജനകീയതാല്‍പര്യം' പരിഗണിച്ചാണല്ലൊ.

വിശ്വം സര്‍.. കുറച്ച്‌ കാര്യങ്ങള്‍ സൂചിപിച്ചു കൊള്ളട്ടെ. നദീര്‍ എന്ന് പേരുള്ളത്‌ കൊണ്ടോ, മുഹമ്മദിന്റെ മകനായി ജനിച്ചതു കൊണ്ടൊ ആരും മുസ്‌ലിമാകുന്നില്ല. ഇസ്‌ലാം പ്രതിനിധാനം ചെയ്യുന്ന ഒരു ജീവിതവ്യവസ്ഥിതി ഉണ്ട്‌. അതനുസരിച്ച്‌ ജീവിക്കുന്നവനെയാണ്‌ മുസ്‌ലിം എന്ന് വിളിക്കുന്നത്‌. കമ്യൂണസത്തിന്റെ തത്വങ്ങളെ അനുസരിച്ച്‌ ജീവിതത്തെ നയിക്കുന്നവനെ കമ്യൂണിസ്‌റ്റ്‌ എന്ന് വിളിക്കുന്നത്‌ പോലെ, ഇസ്‌ലാമിക തത്വങ്ങള്‍ക്കനുസരിച്‌ ജീവിക്കുന്നവന്‍ കൃഷ്‌ണനായാലും, ജോസഫായാലും, അഹമ്മദായാലും ശരി; അവനെയാണ്‍ മുസ്‌ലിം എന്ന് വിളിക്കുന്നത്‌. അല്ലാതെ മദ്യവും വ്യഭിചാരവും തുടങി ഇസ്‌ലാം പാടില്ല എന്ന് പറഞതൊക്കെ ചെയ്‌തു കൂട്ടുകയും പിന്നീട് ഒരു നേര്ച്ച നടത്താന്‍ 'മുസ്‌ലിമാ'കുകയും ചെയ്യുന്നവരെയൊന്നും ഖുര്‍ആന്‍ മുസ്‌ലിം എന്ന് വിളിച്ചിട്ടില്ല. അവരെയൊക്കെ ഖുര്‍ആന്‍ വിളിച്ചത് ഈ പേരിലാണ്‌. 'കാഫിര്.'. അഥവാ കാര്യങള്‍ അറിഞിട്ടും അതിനെ മൂടിവെച്ചവന്.
ലോകത്ത്‌ ഒരേ ഒരു ശക്തി മാത്രമേ ഉള്ളൂ എന്നും ആ ശക്തിയാണ്‌ ലോകത്തെ നിയന്ത്രിക്കുന്നതെന്നും, ആ ശക്തിയുടെ പ്രാതിനിധ്യമാണ്‌ മനുഷ്യനു ഇവിടെ നിര്‍വഹിക്കാനുള്ളതെന്നും, ഈ ലോകത്ത്‌ മറ്റൊരു ശക്തിയേയും 'ഭയക്കേണ്ടതില്ലെന്നും' അടിയുറച്ച്‌ വിശ്വസിക്കുകയും അതിനനുസരിച്ച്‌ ജീവിക്കുകയും ചെയ്യുന്നവനാണ്‍ മുസ്‌ലിം.

പിന്നെ, മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും മൊത്തം 'സംരക്ഷണം' ഏറ്റെടുത്ത ചില സംഘടനകളുണ്ടിവിടെ. വിചാരങ്ങളേക്കാള്‍ വികാരങ്ങള്‍ക്ക്‌ സ്ഥാനം നല്‍കുന്ന ഇത്തരം സംഘടനകള്‍ പ്രത്യയശാസ്‌ത്രങ്ങളെ നശിപ്പിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. നക്സലിസം കമ്യൂണിസത്തെ നശിപ്പിച്ചത്‌ പോലെ..! ഇസ്‌ലാമിനെയും ഹൈന്ദവതയേയും അളക്കേണ്ടത്‌ ഇത്തരം സംഘടനകളിലൂടെയല്ല. ഓരോ ആശയങ്ങള്‍ക്കും അവ പ്രതിനിധാനം ചെയ്യുന്ന ചില അടിസ്‌ഥന തത്വങ്ങളും വ്യവസ്ഥികളുമുണ്ട്‌. ഇസ്‌ലാമിനെ കുറിച്ച്‌ അറിയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഖുര്‍ആന്‍ പഠിക്കുക എന്നതാണ്‍.

ഓ.ട്ടൊ: മതകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനു സി.പി.എം ഘടങ്ങളെ ഏല്‍പിച്ചോളൂ. ഒരു പ്രശ്‌നവുമില്ല... പക്ഷെ, ആദ്യം അവരോട്‌ അതാത്‌ മതങ്ങളെ കുറിച്ച്‌ പഠിക്കാന്‍ പറയൂ.. അല്ലാതെ... വേണ്ട ഇനി പറയുന്നത്‌ ശരിയാവുമെന്ന് തോന്നുന്നില്ല...!!

posted by സ്വാര്‍ത്ഥന്‍ at 2:29 PM

0 Comments:

Post a Comment

<< Home