Monday, January 29, 2007

കൂട്ടുകാരന്‍® - ഒന്നാം വിവാഹ വാര്‍ഷികം

URL:http://paleri.blogspot.com/2006/12/blog-post.htmlPublished: 1/1/2007 12:19 AM
 Author: സുഗതരാജ് പലേരി
2005 ജൂണ്‍ മാസം.

ദില്ലിയില്‍ ചൂട് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു. എന്‍റെ മനസ്സിലും!!

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവും, നാല് മാസത്തിനുള്ളില്‍ രണ്ടു പ്രാവശ്യമാണ് നാട്ടില്‍ പോയത്. അവസാനത്തെ പോക്ക് മാര്‍ച്ചിലായിരുന്നു, തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷയോടെ വരവേറ്റ സഹപ്രവര്‍ത്തകരോടും സഹമുറിയന്‍മരോടും സാധാരണ പറയാറുള്ള ‘ഒത്തില്ല’, ഇനി ഈ പെണ്ണ് കാണല്‍പരിപാടി നിര്‍ത്തി എന്നുപറഞ്ഞ് നാക്കുള്ളിലിട്ടതേയുള്ളൂ, നാട്ടില്‍ നിന്നും വീണ്ടും വിളിവന്നു. ‘എല്ലാം ശരിയായിട്ടുണ്ട്, ഇനി നീ വന്ന് കാണുക മാത്രം ചെയ്താല്‍ മതി’ എന്ന അറിയിപ്പോടെ.

എല്ലാ പ്രാവശ്യവുമിതുതന്നെയാണ് പറയാറ്, എന്നിട്ടോ, എന്‍റെ ഭാര്യാ സങ്കല്പങ്ങളുടെ കടക്കല്‍ കത്തി വയ്ക്കുന്നതരം കുറെരൂപങ്ങളെ കണ്ട് തിരിച്ചുപോരും (ഒരുപക്ഷെ അവരും ഇതുതന്നെയായിരിക്കും ചിന്തിച്ചുണ്ടാവുക!).

എന്തോ, ഇത്തവണ ഒരു താല്പര്യവും തോന്നിയില്ല.

പക്ഷെ ആലോചിച്ചപ്പോള്‍ ഞെട്ടിപ്പോയി... വയസ് മുപ്പത്തിരണ്ടും കടന്നു.

ഇനിയും കളിച്ചാല്‍ (അല്ല, വേണ്ടാന്ന് വിചാരിച്ചിട്ടാ!) വല്ല രണ്ടാം കെട്ടും മാത്രമേകിട്ടൂ എന്ന സഹമുറിയന്‍മാരുടെ മുന്നറിയിപ്പ്, വീട്ടുകാരുടെ മടുപ്പ്, എല്ലാം കൂടി ആലോചിച്ചാല്‍! പോകാന്‍ തന്നെ തീരുമാനിച്ചു. എങ്ങിനെ ഒക്കെയോ, ആരുടെയൊക്കെയോ കാലുപിടിച്ച് ജൂലൈയിലെ ഏറ്റവും ചൂട് കൂടിയ 20 ദിവസത്തെ ലീവ് സംഘടിപ്പിച്ച് നാട്ടിലെത്തി.
വീട്ടില്‍ കാലുകുത്തണ്ട താമസം, അഛന്‍റെയും അമ്മയുടെയും വക ഉപദേശങ്ങളുടെ കെട്ടഴിഞ്ഞു.

എന്‍റെ ഓവര്‍ കോണ്‍ഫിഡന്‍സും, ഓവറെക്സ്പെക്റ്റേഷനും മൂലം അവര്‍ക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ല പോലും.എന്തായാലും ഇപ്രാവശ്യം ഒരുതീരുമാനത്തിലെത്തിയിട്ട് തിരിച്ചുപോയാല്‍ മതിയെന്ന്.

ഇപ്രാവശ്യം നാട്ടില്‍നിന്നും ഒരുപാട് ദൂരെ കാസര്‍ഗോഡിനടുത്തൊരു സ്ഥലമായിരുന്നു ആദ്യത്തെ സ്വീകരണകേന്ദ്രം. എന്നത്തെയും പോലെ അഛനും, അമ്മാവനും, പിന്നെ ദല്ലാളും, കൂടി ഒരു യാത്ര. പോയി, കണ്ടു, വന്നു. ഇതെന്തായാലും നടക്കും എന്നൊരു വിശ്വാസം മനസ്സിലുണ്ടായിരുന്നു. ഇനി അവരുടെ തീരുമാനം മാത്രമറിഞ്ഞാല്‍ മതി.എന്നാലെനിക്ക് മടങ്ങിപോകാം.

അവരുടെ തീരുമാനം വരുന്നതു വരെ കാത്തിരിക്കേണ്ട എന്ന അഭിപ്രായം എല്ലാഭാഗത്തുനിന്നും ശക്താമായി ഉയര്‍ന്നു വന്നതുകൊണ്ട് പിറ്റെദിവസം തന്നെ നാട്ടില്‍നിന്നധികം ദൂരെയല്ലാത്ത ഒരു സ്ഥലത്ത് പോകാമെന്ന് തീരുമാനിച്ചു.
ഏതായാലും, ഇന്നലെ കണ്ടത് നടക്കും, അതുകൊണ്ട് പെങ്ങളോടൊന്നും വരണ്ടെന്ന് പറഞ്ഞു. അഛനും, അമ്മാവനും
പിന്നെ അഛന്‍റെ അകന്ന ഒരു ബന്ധുവും (എന്‍റെ ഒരിളയഛനായി വരും, അദ്ദേഹമാണീ ആലോചന കൊണ്ടുവന്നത്) കൂടി രാവിലെതന്നെ യാത്ര തിരിച്ചു.

ഒരൊന്നൊന്നര മണിക്കൂര്‍ യാത്രക്ക് ശേഷം, പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന് മുന്നിലെത്തി, അഛന്‍റെ ബന്ധു പറഞ്ഞു‘ഇതു തന്നെ വീട്‘.

എന്തോ, എല്ലാം കൊണ്ടും, എല്ലാവര്‍ക്കും ഈ പ്രൊപ്പോസല്‍ കൂടുതല്‍ ഇഷ്ടമായി. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് ആകപ്പാടെ ഒരു നിബന്ധനമാത്രം കല്യാണം ആറുമാസത്തേക്ക് നടത്താന്‍ പറ്റില്ല.

എനിക്കും വളരെ സന്തോഷം. ഉള്ള ലീവെല്ലാം പെണ്ണുകാണാന്‍ പോകാനെടുത്തു. ഇതുതന്നെ വിത്തൌട്ടിലാണ് വന്നിരിക്കുന്നത്.

അവിടെനിന്നും പെണ്ണിന്‍റെ ജാതകവും വാങ്ങി, ജാതകം ചേര്‍ന്നാല്‍ വിളിച്ച് പറയാമെന്നും പറഞ്ഞ് ഞങ്ങളിറങ്ങി. അടുത്തുതന്നെയുള്ള ഒരു ജോത്സ്യന്‍റെ അടുത്ത് ജാതക ചേര്‍ച്ചയും നോക്കി ‘ജാതകം ചേരുമെന്നും പറ്റുമെങ്കില്‍ പിറ്റേന്ന് തന്നെ ചെറുക്കന്‍ വീട്കാണാന്‍ വരണമെന്നും പറഞ്ഞ് ഞങ്ങള്‍ അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു.

പക്ഷെ, രാത്രി ഇളയഛന്‍റെ ഫോണ്‍, എന്തോ ചില കാരണങ്ങളാല്‍ അവര്‍ക്ക് പിറ്റേന്ന് വരാന്‍കഴിയില്ല എന്നും വരുന്ന ദിവസംപിന്നീട് വിളിച്ചറിയിക്കാമെന്നു.

ദൈവമേ... ഇനിയെന്തു ചെയ്യും. ഈ കല്യാണം ശരിയായെന്ന് കരുതി, മറ്റെപാര്‍ട്ടിയോട്, ഞങ്ങള്‍ക്കുള്ള താല്പര്യക്കുറവ് ദല്ലാള്‍വഴി അറിയിക്കുകയും ചെയ്തു. എല്ലാം എന്‍റെ സമയദോഷം (ഗുരുത്വദോഷം).

ആകെ ടെന്‍ഷന്‍....

പിറ്റെ ദിവസം, വീട്ടില്‍ നിന്നാല്‍ അയല്‍ക്കാരുടെ ചോദ്യോത്തര സെഷന്‍ ഭയന്ന്, രാവിലെ തന്നെ ബന്ധുക്കളെ കാണാനെന്നും പറഞ്ഞ് ഞാനിറങ്ങി. വൈകുന്നേരം വരെ അവിടെയും ഇവിടെയും ഒക്കെ കറങ്ങിത്തിരിഞ്ഞ് രാത്രി ഒരെട്ടുമണിയോടെ വീട്ടില്‍തിരിച്ചെത്തി. അപ്പോഴാണറിഞ്ഞത്, അവര്‍ വിളിച്ചിരുന്നു, രണ്ടു ദിവസത്തിന്ശേഷം ഇങ്ങോട്ട് വരുന്നുണ്ടെന്ന്.

സമാധാന.............മായിട്ടില്ല. അവര്‍ വന്ന്‌പോയാല്‍ മാത്രമേ ഇനിയെന്തെങ്കിലും പറയാന്‍ പറ്റൂ.

പറഞ്ഞതുപോലെ രണ്ടു ദിവസത്തിന് ശേഷം അവര്‍ വന്നു, അവരും സാറ്റിസ്ഫൈഡ്, അങ്ങനെ എല്ലാം കൂടി ഇതുതന്നെ ഉറപ്പിക്കാം എന്ന് തീരുമാനിച്ചു.
ഇനി കല്യാണ നിശ്ചയം.

തിരിച്ച് പോകുന്നതിന് മുന്‍പ് ഇതും കൂടെ കഴിഞ്ഞാല്‍ നന്നായിരുന്നു എന്ന എന്‍റെ അഭിപ്രായം മാനിച്ച് എന്‍റെ യാത്രയുടെ ഒരുദിവസം മുന്‍പ് നിശ്ചയം നടത്താന്‍ തീരുമാനിച്ചു.

ജൂലൈ 13, ബുധനാഴ്ച. വിവാഹ നിശ്ചയം നടന്നു. കല്യാണം നാലു മാസത്തിന് ശേഷം, ഡിസംബറില്‍ നടത്താമെന്ന് തീരുമാനമായി. തീയതി പിന്നീട് എന്‍റെ ലീവിനടിസ്ഥാനപ്പെടുത്തി തീരുമാനിക്കാം എന്നും തീരുമാനമായി.

ഞാന്‍ വീണ്ടും ദില്ലിയിലെ കൊടും ചൂടിലേക്ക്. പക്ഷെ ഇത്തവണത്തെ ചൂടിനല്പം കുളിരുണ്ട്.

ഓഫീസില്‍ ലഡു വിതരണത്തോടെ വിവരമറിയിച്ചു, ലീവിനിയും വേണം, അതും 5 മാസത്തിനകം. എന്തൊക്കെ ആയാലും ഡിസംബറില്‍ലീവ്തരാന്‍ പറ്റില്ലെന്ന് അവരും അറിയിച്ചു. പിന്നെ കാലേ കയ്യേ പിടിച്ച് ഡിസംബര്‍ 25ന് ശേഷം ജനുവരി 15 വരെ ലീവനുവദിപ്പിച്ചു. അന്നുതന്നെ നാട്ടില്‍ വിളിച്ച് വിവരമറിയിച്ചു.

ഇനിയാണ് ടെന്‍ഷന്‍ മുഴുവന്‍. എങ്ങിനെയും കല്യാണ ദിവസം വരെ കാത്തിരിക്കണമല്ലോ! ദിവസമൊട്ട് തീരുമാനിച്ചിട്ടുമില്ല.

ദിവസം തോറും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളികള്‍ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. പല ദിവസങ്ങളിലും ഒന്നില്‍ കൂടുതല്‍ തവണ.

അങ്ങനെ ഒരു ദിവസം അഛന്‍റെ ഫോണ്‍ വന്നു, തീയതി നിശ്ചയിച്ചു, ജനുവരി ഒന്ന് 2006!

അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം ആ ദിവസം വന്നു.

ബന്ധുക്കളുടെയും, സുഹ്രുത്തുക്കളുടെയും മുന്നില്‍ വച്ച്, രജിത എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു.
ഇന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ഞങ്ങളൊന്നായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
ചെറിയ ചെറിയ പരിഭവങ്ങളും, വഴക്കുകളും, അതിലേറെ സന്തോഷവുമായി ഞങ്ങളുടെ ജീവിത നൌക മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 1:00 PM

0 Comments:

Post a Comment

<< Home