സങ്കുചിതം - സീമയും ഞാനും!
URL:http://sankuchitham.blogspot.com/2007/02/blog-post_06.html | Published: 2/6/2007 10:50 PM |
Author: സങ്കുചിത മനസ്കന്‍ |
എര്‍പ്പായേട്ടന് ചെറുപ്പത്തില്‍ ഒരു കുയില്‍ ബോഡിയാണെന്ന് അവകാശപ്പെട്ടതായിരുന്നു അന്നത്തെ ആ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ടി പ്രസ്താവന കേട്ടതും ചേടത്തി ഉറക്കെ ഒന്ന് പൊട്ടിച്ചിരിച്ചുപോയി.
ആരായാലും ചിരിക്കും.
എങ്ങനെ ചിരിക്കാതിരിക്കും? എര്‍പ്പായേട്ടന്റെ രൂപം അത്തരത്തിലുള്ളതായിരുന്നു. എര്‍പ്പായേട്ടന്‍ എങ്ങനെയിരുന്നു ചെറുപ്പത്തിലെന്ന് ഏറ്റവുമധികം അറിയുന്നത് ചേടത്തിക്കാണല്ലോ. ആ ചേടത്തില്‍ അങ്ങനെ ഒരു പൊട്ടിച്ചിരി നടത്തിയത് എന്തെല്ലാം പുകിലിന് കാരണമായി! പാഞ്ചാലി പണ്ട് ചിരിച്ച് ഒറ്റ ചിരി (അന്ധ് കാ പുത്ര് ഭീ അന്ത് ഹേ -ചോപ്രഭാരതം) എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കി? കാലില്‍ മുള്ളു കൊണ്ടെന്ന വ്യാജേന തിരിഞ്ഞു നിന്ന് ശകുന്തള ഹാസിച്ച മന്ദഹാസം കാര്യങ്ങള്‍ എവിടെ വരെ കൊണ്ടെത്തിച്ചു?
പക്ഷേ ചേടത്തി ചിരിച്ചു എന്നുള്ളതു ശരി. ആട്ടിന്‍ തലകൊണ്ടുള്ള വിശേഷപ്പെട്ട കറിയും -എന്തൊരു എരിവായിരുന്നു- ദോശയും ആയിരുന്നു അന്നത്തെ നീക്ക് ഐറ്റംസ്. എര്‍പ്പായേട്ടന്‍ പിന്നീട് ഒന്നും മിണ്ടുന്നില്ല എന്നുള്ളത് അല്പം കഴിഞ്ഞാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്.
യേസ്, അദ്ദേഹം മൌനവ്രതമാരംഭിച്ചിരിക്കുന്നു!
ചേടത്തി ഒരു വട്ടം -ഞാന്‍ ചുമ്മ പറഞ്ഞതല്ലേ എന്ന മട്ടില്‍ ഒരു ഒഴുക്കന്‍ ക്ഷമാപണം നടത്തി. പക്ഷേങ്കീ, പത്മപ്രിയ മാ- എന്ന് പറയുമ്പോഴേക്കും ക്ഷമിച്ച ഭാ.ലക്ഷ്മ്യേച്ചേ പോലെ ഉള്ള ആളല്ലലോ എര്‍പ്പായേട്ടന്‍.
ചേടത്തിക്ക് ദേഷ്യം വന്നു. ഇങ്ങേര് ഇബടെ ഇങ്ങനെ ഇരിക്കട്ട്രാ പിള്ളേരേ.... ഒരുത്തനും എണീറ്റ് പോകരുത്. ചേടത്തി ഞങ്ങളോട് വാചകമടിക്കാന്‍ കൂടി. വിഷയം സ്വാഭാവികമായും കുയില്‍ ബോഡി, ജിമ്മ്, ആത്മാഭിമാനം, ദുരഭിമാനം ഈ വിഷയത്തിലേക്ക് പോയി. അവിടെ ഞാന്‍ പറഞ്ഞ എന്റെ ഒരു അനുഭവം താഴെ.
*********************************************************************
നാട്ടില്‍ എനിക്കൊരു ഉറ്റസുഹൃത്തായ ശത്രുവുണ്ടായിരുന്നു. സീമ. സീമയ്ക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ (+ ഓര്‍ - ഒന്നുരണ്ട്) അവളുടെ രാവുകള്‍ റിലീസ് ചെയ്തു. സീമയുടെ ചേട്ടനും ചേച്ചിക്കും ട്യൂഷന്‍ എടുത്തിരുന്ന ആടുത്ത വീട്ടിലെ 10-അംക്ലാസുകാരന്‍ ട്യൂഷന്‍ മാസ്റ്റര്‍ അതീവഗോപ്യമായി ക്ലാസ് കട്ട് ചെയ്ത് അവളുടെ രാവുകള്‍ കണ്ടു. നമ്മുടെ ഈ പറഞ്ഞ സീമയും ചെറുപ്പത്തില്‍ തുപ്പലം (ഉമിനീര്‍ എന്ന് നാടന്‍ഭാഷയില്‍ ഈ ദ്രാവകം അറിയപ്പെടും) ഒലിപ്പിച്ച് താഴേക്ക് അല്‍പം വീണുകിടക്കുന്ന ചുണ്ടുകളുടെ സ്വന്തമായുള്ള ആളായിരുന്നു (എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ ഏതായാലും അങ്ങനെയല്ല) ഒരു ദിവസം ട്യൂഷന്‍ മാഷ് ചെക്കന്‍ ആണ് ഈ ക്ടാവിന്റെ ചുണ്ടുകള്‍ സീമയുടെ ചുണ്ടുകള്‍ പോലെയാണെന്ന് കോസിക്വെന്‍സിനെ കുറിച്ച് ആലോചിക്കാതെ ഒരു ജെനറല്‍ സ്റ്റേറ്റ്‌മന്റ് പുറപ്പെടുവിച്ചത്.(കട് വിശാലേട്ടന്‍ -കുടുംബം കലക്കി)
കോണ്‍സിക്വന്‍സസ് അതിഭീകരമായിരുന്നു.
കോണ്‍സിക്വന്‍സ്സസ് 1. എന്റെ സോള്‍മേറ്റ് കം ശത്രു ഈ സംഭവത്തിനുശേഷം സീമ എന്ന പേരില്‍ പ്രസിദ്ധി പ്രാപിച്ചു. സംഗതി പേറ്റന്റ് ട്യൂഷന്‍ മാസ്റ്റര്‍ക്കാണെങ്കിലും സീമയുടെ ചേട്ടനും ചേച്ചിയും ഇതിന്റെ ഡിസ്റ്റ്രിബ്യൂഷന്‍ ഏറ്റെടുത്തു.
കോന്‍സിക്വന്‍സ്സസ് 2. ഈ ജെനറല്‍ സ്റ്റേറ്റ് മെന്റ് പുറപ്പെടുവിച്ചത് സീമയുടെ വീടിന്റെ കിഴക്കേപ്പുറത്തായിരുന്നെങ്കിലും അടുക്കളയിലെ പാത്യേമ്പുറത്തിന്റെ മുന്നിലുള്ള ചെറിയ ജനാലയില്‍ക്കൂടി പ്രകാശരശ്മികള്‍ക്ക് കടക്കാനേ ബുദ്ധിമുട്ടുണ്ടായിരുന്നുള്ളൂ -അത്താഴത്തിന് കാവുത്ത് കിഴങ്ങ് കൊണ്ട് പുഴുക്ക് വയ്ക്കുകയായിരുന്ന സീമയുടെ അമ്മ ടി സ്റ്റേറ്റ്‌മന്റ് ഞെട്ടലോടെ ശ്രവിക്കുകയും -സീമയുടെ ചുണ്ടിനെപ്പറ്റിയുള്ള പ്രസ്താവന നടത്തിയ ഇവന്‍ അവളുടെ രാവുകള്‍ കണ്ടിരിക്കും എന്നങ്ങ് ഉറപ്പിച്ചതിനാല്‍- വൈകുന്നേരം അതിരഹസ്യമായി ട്യൂഷന്‍ മാഷുടെ അമ്മയെ സന്ധിച്ച് ചൂടന്‍ വാര്‍ത്ത അറിയിക്കുകയും ചെയ്തു.
ടി.വാര്‍ത്ത കേട്ട മാഷുടെ അമ്മ, അടുക്കളയില്‍ മുട്ടിപ്പലകയിലിരുന്ന് അത്താഴക്കഞ്ഞിയിലെ വറ്റ് മുഴുവന്‍ കഴിഞ്ഞതിനാല്‍ സ്വല്‍പം അച്ചാര്‍ കലക്കി കഞ്ഞിവെള്ളം കിണ്ണത്തോടെ മോന്തുകയായിരുന്ന അവനെ പുറകില്‍ കൂടി വന്ന് ഒരുഗ്രന്‍ ചവിട്ട് കൊടുക്കുകയും നെഞ്ചത്തടിച്ചുകൊണ്ട് ഇവന്‍ നശിച്ചേ, അവളുടെ രാവുകള്‍ കണ്ടേ എന്ന് വിളിച്ച് കൂവുകയും നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഈ നിലവിളി കേട്ട് ഓടി വന്ന ഇവന്റെ പിതാവ് അസൂയ മുഴുത്ത് അവനെ തല്ലി നാശമാക്കി എന്നും ചരിത്ര രേഖകള്‍ പറയുന്നു.
മംഗലശ്ശേരി നീലകണ്‌ഠനേയും മുണ്ടയ്ക്കല്‍ ശേഖരനേയും പോലെ ഞനും സീമയും വളര്‍ന്നു. (സീമ ആണായിരുന്നു കേട്ടോ) എന്നും ഏതിനും ഞങ്ങളെ കമ്പയര്‍ ചെയ്യുക എല്ലാവരുടേയും പതിവായി മാറി. ഭയങ്കര സുഹൃത്തുക്കളാണെങ്കിലും - കെയിലോടി, ഞൊണ്ടി പ്രാന്തി, കിളിമാസ്, കോട്ട, കുട്ടീം കോലും, അമ്പസ്ഥാനി, ഒളിച്ചുക്ക്, ചായക്കട, പലചരക്കുകട എന്നീ കളികള്‍ കളിക്കുമ്പോള്‍ തൊട്ട്, ഒളിഞ്ഞ് നിന്നുള്ള ബീഡി വലി, സിനിമാ പോക്ക്, മദ്യപാനം വരെ എത്തുമ്പോഴേക്കും ഞങ്ങള്‍ തമ്മില്‍ എന്തിനും ഏതിനും ഉള്ളാലേ മത്സരിക്കുമായിരുന്നു.
അങ്ങനയിരിക്കേ ലോകത്തുള്ള എല്ലാ 17 വയസ്സുകാര്‍ ക്കും ഉണ്ടാകുന്ന ഒരു തരം അസുഖം ഞങ്ങള്‍ക്ക് പിടിപെട്ടു. മേല് മുഴുവന്‍ കട്ടകള്‍ ഉണ്ടാക്കണം എന്ന്. ചുറ്റുവട്ടത്തുള്ള ജിം നേഷ്യം ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി. ചാലക്കുടി നാഷണല്‍ ജിം നേഷ്യത്തില്‍ പോയി അന്വേഷിച്ചു. അവിടെയിരിക്കുന്ന ജിമ്മേട്ടനോട് കാര്യം വീര്യം ചുറ്റുപാട് അന്വേഷിച്ചപ്പോള്‍ അങ്ങേര്‍ എന്നെ പോഡേ പ്പോഡേ എന്ന അര്‍ത്ഥത്തില്‍ നോക്കി. എന്നിട്ട് എയര്‍ പിടിച്ച് 250 രൂപാ മാസം എന്ന് പറഞ്ഞു. 250 രൂഭയോ എന്ന എന്റെ ആത്മാര്‍ത്ഥമായ ഞെട്ടല്‍ കേട്ട് അദ്ദേഹം എയര്‍ കളഞ്ഞ് നോര്‍മ്മല്‍ മനുഷ്യനായ് സംസാരിച്ചു:
മറ്റുള്ള ജിമ്മ് പോലെയല്ല ബ്രദര്‍ ഇന്ത ജിമ്മ്. അവിടെ നിങ്ങള്‍ ഗ്രൌണ്ട് അടിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ മിനക്കിടണം. പക്ഷേ ഇവിടെ നോക്കൂ എന്ന് പറഞ്ഞ് ഒരു ന്യൂ റിക്രൂട്ട് ചെക്കനെ വിളിച്ചു. ലങ്കോട്ടി ധാരിയായി -കാട്ടിലെ കിട്ടന്‍ സ്റ്റെയില്‍ മുടി വച്ച ഒരു എല്ലങ്കോരി ചെക്കന്‍. അവനെ ജിമ്മേട്ടന്‍ ഒറ്റ ക്കൈകൊണ്ട് എടുത്ത് ഒരു മെഷീന്റെ അകത്തേക്കിട്ടു. എന്തോക്കെയോ ക്ലിപ്പ്, ക്ലാപ്പ് എന്നൊക്കെ ഒച്ച കേട്ടു. ചെക്കന്‍ ആ മെഷീനില്‍ കമിഴ്ന്നുകിടക്കുന്നതാണ് പിന്നെ കണ്ടത്. ജിമ്മേട്ടന്‍ അതിന്റെ കൌണ്ടര്‍ 100 എന്ന് സെറ്റ് ചെയ്തു. സ്വിച്ച് ഓണ്‍ ചെയ്തതും ചെക്കന്‍ ഗ്രൌണ്ട് എടുത്ത് തുടങ്ങി. 25 എണ്ണം കഴിഞ്ഞതും മണ്ടന്‍ ശ്രീജിത്ത് സൂര്യാടീവി കണ്ട് കാട്ടിക്കൂട്ടിയപ്പോള്‍ കരഞ്ഞ പോലെ ഒരു നെലോളി കേട്ടു. പക്ഷേ ആരും മൈന്‍ഡ് ചെയ്യുന്നില്ല. മെഷീന്‍ അവനെയെടുത്തിട്ട് ഗ്രൌണ്ടടിപ്പിച്ചുകൊണ്ടേയിരുന്നു.
ഇപ്പോ മനസിലായോ ബ്രദര്‍ നിങ്ങള്‍ ക്കുവേണ്ടി യന്ത്രം പണിയെടുക്കുമ്പോള്‍ പൈസ ചിലവാക്കന്‍ നിങ്ങള്‍ ബാധ്യസ്ഥരാകുന്നു. ഗിവ് ഏന്റ് ടേക്ക് മെത്തേഡ്. പുള്ളി ഒരു അമര്‍ത്യസെന്നായി. (അതോ ത്രിബ്ബിള്‍ ശ്രീയോ?)
ജിം എന്ന സംഗതിയേ ജീവിതത്തില്‍ നിന്ന് വെട്ടാന്‍ ഞാന്‍ തീരുമാനിച്ചു.
എന്നാല്‍ അന്ന് വൈകുന്നേരം സീമ അവന്റെ പേട്ട സൈക്കിളില്‍ വന്ന് പടിക്കല്‍ നിന്ന് ഠൊക്ക് ഠൊക്ക് എന്ന് നാവുകൊണ്ട് ഒച്ചയുണ്ടാക്കി. ഇന്നത്തെപ്പോലെ മിസ്സടി ഒന്നുമല്ല അന്നത്തെ സിഗ്നല്‍, മേല്‍പ്പറഞ്ഞ ഒച്ചയായിരുന്നു. സൈക്കിളിന്റെ ബെല്ലടിച്ച് വിളിക്കുന്നതൊക്കെ അന്ന് പോരായ്മയായിരുന്നു.
എന്നെക്കൊണ്ട് സൈക്കിള്‍ ചവുട്ടിച്ച് അവന്‍ പിന്നിലിരുന്ന് ഡയറക്ഷന്‍ തന്നു. ഞാന്‍ അങ്ങിനെ പനമ്പിള്ളി കോളേജ്, അലവി സെന്റര്‍, എലിഞ്ഞിപ്ര സിറ്റി വഴി ചൌക്ക എന്ന ഗ്രാമത്തിന്റെ സബര്‍ബന്‍ ഏരിയയിലെത്തിച്ചേര്‍ ന്നപ്പോള്‍, ഒരു വീടിന്റെ മുമ്പിലെത്തിയതും ഞങ്ങളുടെ യാത്ര അവസാനിച്ചു:
ഡേയ് -അവന്‍
പറയഡേയ് - ഞാന്‍ കിതച്ചുകൊണ്ട്
ഈ വീട് ആരുടേതാണെന്നറിയുമോഡേയ്...
ഞാന്‍ വീട് ആപാദചൂഢം ഒരു ഷെര്‍ലക് ഹോംസ് മോഡല്‍ പഠനത്തിന് വിധേയമാക്കി. ഒരു ഇടത്തരം ഭവനം. വീടിന്റെ ഒരു വശത്തായി ഒരു ഓലപ്പുര.
ഞാന്‍ പറഞ്ഞു: ഔചിത്യപൂര്‍ണ്ണമായ ഒരു നിഗമനത്തിലെത്തിച്ചേരുമ്പോള്‍ എനിക്ക് പറയാന സാധിക്കുന്നതെന്തെന്നാല്‍....
ഡായ്....വായ് മൂഡഡാ.....ഇതാണ് സാക്ഷാല്‍ ജിമ്മന്‍ ജനാര്‍ദ്ദനേട്ടന്റെ വീട്.
ഞാന്‍ ഞെട്ടിപ്പോയി. മിസ്റ്റര്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആയിരുന്ന, കുറേയേറെ ദേശീയ-സംസ്ഥാന 'മിസ്റ്റര്‍' ബഹുമതികള്‍ കൈമുതലായുള്ള, ഒട്ടേറെ ഐ.പി.എസ്സുകാര്‍ ക്കും സ്പോര്‍ട്സ് പേര്‍സണാലിറ്റികള്‍ ക്കും സ്വന്തം ജിമ്മില്‍ ക്രാഷ് കോഴ്സ് നടത്തിക്കൊടുത്തിട്ടുള്ള -ഒരു നോക്കു കണ്ടിരുന്നെങ്കില്‍ ജീവിതം ധന്യമായി എന്ന് ഞങ്ങള്‍ ടീനേജ് ഗെഡികള്‍ കൊതിച്ചിട്ടുള്ള സാക്ഷാല്‍ ജിമ്മന്‍ ജനാര്‍ദ്ദനേട്ടന്റെ വീടിനു മുന്നിലാണോ ഞാന്‍ നില്‍ക്കുന്നത്?
സ്വപ്നമല്ലെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ സൈക്കിളിന്റെ ബെല്ല് ചുമ്മാ രണ്ടടി അടിച്ചു. എന്നിട്ടും മതിയാകാതെ ഞാന്‍ സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്ന് തട്ടിവിട്ടു. അത് രണ്ട് അടി മുന്നോട്ട് ഉരുണ്ട് പോയി ഒന്ന് വലത്തോട്ട് നോക്കി, പിന്നെ ഇടത്തോട്ട് നോക്കി -വലത്തുഭാഗത്ത് പുല്ലും ഇടതു ഭാഗത്ത് ടാര്‍ റോഡും ആണെന്ന് മനസിലാക്കി കമ്പാരേറ്റീവ്ലി സോഫ്റ്റ് ആയ പുല്ലിലേക്ക് മറിഞ്ഞുവീണു.
ബെല്ലടി കേട്ട് വീടിന്റെ ഡോറ് തനിയെ തുറന്നു. തനിയെ അല്ല, ഒരു ബലിഷ്ടമായ കൈ പുറത്തേക്ക് വന്നു.
അയ്യപ്പനടതുറക്കുമ്പോള്‍ വിളിക്കുന്ന ശരണം വിളി പോലെ ഞാനും സീമയും ഉറക്കെ 'അഖിലലോക മസിലുകള്‍ ക്കുടയ നാഥോ..........(ടിക്ക് ടിക്ക് ടിക്ക് ടിക്ക് ടിക്ക് ടിക്ക്) ശരണമയ്യപ്പ സാം...(സാം എന്നുള്ളത് പ്രൊഫഷണല്‍ സ്വാമികള്‍ സ്വാമിശരണം എന്ന് പതുക്കെ പറയുന്നതാണ്.) മനസില്‍ ചൊല്ലി. ആ കയ്യിന്റെ പിന്നാലെ ഒരു ഉടല്‍ പുറത്തുവന്നു.
ഷര്‍ട്ടും ലുങ്കിയും ധരിച്ച സാക്ഷാല്‍ ജനാര്‍ദ്ദനേട്ടന്‍. ഹോ എന്താ ആ കൈത്തണ്ട...ഇത്ര ചെറുപ്പമാണോ സാക്ഷാല്‍ ജനാര്‍ദ്ദനേട്ടന്‍ എന്ന് ഞങ്ങള്‍ അത്ഭുതപ്പെട്ടപ്പോഴേക്കും അദ്ദേഹം ഗെയിറ്റിനടുത്തെത്തി.
ഊം...(എന്തൊരു പൌരുഷശബ്ദം)
ഞാനും സീമയും രാജാവിന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെ കൈ രണ്ടും വായില്‍ വച്ച് കുനിഞ്ഞ് നില്‍ക്കണോ എന്നാലോചിച്ചു. പിന്നെ ആ പരിപാടി വേണ്ടന്നുവച്ച് ബഹുമാനം പ്രകടിപ്പിക്കാന്‍ തലചൊറിഞ്ഞ് നിന്നു.
ഊം എന്താ. -വീണ്ടും ആ പൌരുഷസുകുമാരം.
സീമ പറഞ്ഞൊപ്പിച്ചു. -ജിമ്മ് പഠിക്കാന്‍ വന്നതാ....
അ അ അ കളിക്കാന്‍ വന്നതാ..... (എന്താണീ കളി?) ജനാര്‍ദ്ദനേട്ടന്‍ പറമ്പിന്റെ ഒരുവശത്തേക്ക് തിരിഞ്ഞ് അച്ഛന്‍.....അച്ഛന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍ ന്‍) എന്ന് വിളിച്ചു.
പൊട്ടാ, ഇത് മകനാണഡക്ക്യ എന്ന് ഞങ്ങള്‍ രണ്ടുപേരും പരസ്പരം നോക്കി.
പെട്ടന്നാണത് സംഭവിച്ചത്. നരസിംഹത്തില്‍ വെള്ളത്തില്‍ നിന്ന് മോഹന്‍ലാല്‍ പൊന്തുന്നപോലെ, പറമ്പിന്റെ സൈഡില്‍ വാഴക്കൂട്ടത്തില്‍ നിന്ന് ഒരു എരുമ പ്രത്യക്ഷപ്പെട്ടു. വിശാലന്റെ സില്‍ക്ക് ലാസ്യവതിയായിരുന്നെങ്കില്‍ ഇത് ഗംഭീര ബോഡിയുള്ള ഇനം കറാച്ചി എരുമ. ജനാര്‍ദ്ദനേട്ടന്‍ അവനേയും സോറി അവളേയും ജിമ്മടിപ്പിക്കുന്നുണ്ടെന്ന് തോന്നിപ്പോകുമാറ് ഒരുഗ്രന്‍ സാധനം.
പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത് ആ വീട്ടില്‍ എല്ലാത്തിനും മസിലുണ്ട്. പട്ടിക്കും പൂച്ചക്കും തൊട്ട് എന്തിന് തെങ്ങിന് വരെ്!
ജനാര്‍ദ്ദനേട്ടന്‍ ഞങ്ങളുടെ പിതാക്കന്മാരുടെ പേര് ചോദിച്ചു. സീമയുടെ പിതാവും ജനാര്‍ദ്ദനേട്ടനും നാലാം ക്ലാസില്‍ രണ്ടു കൊല്ലവും, അഞ്ചാംക്ലാസില്‍ ഒരു കൊല്ലവും ഒരുമിച്ചു പഠിച്ചിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ അറിയിച്ചു. -നാലാം ക്ലാസില്‍ ഒരു കൊല്ലം പഠിച്ചിട്ടും സംശയങ്ങള്‍ തീര്‍ന്നിരുന്നില്ലാത്തവനാണ് ഇവന്റെ പിതാവെന്ന്, എനിക്കും അവനും പുതിയൊരറിവായിരുന്നു. ഒരു കര്‍ഷകനായ എന്റെ പിതാവും, എന്നെ കോളേജില്‍ പഠിപ്പിച്ചിരുന്ന അവന്റെ പിതാവും തമ്മിലുള്ള വിദ്യാഭാസപരമായ അന്തരം ഇടയ്ക്കിടയ്ക്ക് സൂചിപ്പിച്ച് എന്നെ ഒന്ന് താഴ്ത്താറുള്ള അവന് ജിമ്മേട്ടന്റെ പ്രസ്താവന വലിയ മന:ക്ലേശമുണ്ടാക്കി. എനിക്ക് വളരെ മന:സുഖവും.
എന്തു പറഞ്ഞാലും നിലയ്ക്കാത്ത ചിരി ആയിരുന്നു ജിമ്മേട്ടന്റെ ഒരു വീക്ക്നെസ്സ്. അടുത്ത വീക്ക്നെസ്സ് ചിരിയുടെ അവസാനം നമ്മുടെ തോളിലോ, തലയിലോ ഒരു അടിയും പാസ്സാക്കും. പുള്ളി സന്തോഷത്തില്‍ ചെയ്യുന്നതാണെങ്കിലും പിതാവ് ക്ലാസ്മേറ്റാണെന്നറിഞ്ഞതും ഇടത്തേ തോളില്‍ സീമയ്ക്കൊരു മേഡ് കിട്ടി. 340 കിലോ ഉള്ള മേഡായിരുന്നു അതെന്ന് സീമയുടെ ചുണ്ട് ആ സമയത്ത് ഇസെഡ് ഷേപ്പിലായതില്‍ നിന്ന് എനിക്ക് മനസിലായി. എനിക്ക് വീണ്ടും സന്തോഷമായി.
പക്ഷേ അതധികം നീണ്ടു നിന്നില്ല.
എന്റെ പിതാശ്രീയുടെ പേര് പറഞ്ഞതും അതിനേക്കാള്‍ പരിചയം പുള്ളിക്ക്. ചിരി തുടങ്ങിയതും ഞാന്‍ എയര്‍ പിടിച്ച് നിന്നു. എനിക്ക് വലത്തേ തോളിലാണ് കിട്ടിയത്. വാമനന്‍ ഈ സൈസ് കലക്ക് കലക്കിയിട്ടായിരിക്കും മാവേലി പാതാളത്തിലെത്തിയതെന്ന് എനിക്ക് തോന്നി.
പിന്നീട് ജീവിതത്തിലിന്നേ വരെ കയ്യകലം കീപ്പ് ചെയ്തുകൊണ്ടല്ലാതെ ഞങ്ങള്‍ ജിമ്മേട്ടന്റെ മുമ്പില്‍ നിന്നിട്ടില്ല.
അവിടത്തെ ഫീസ് ഞങ്ങളെ ഹഡാകര്‍ഷിച്ചു.-ഒന്നും വേണ്ട, വന്ന് കളിച്ചു പൊക്കോ. ഞാന്‍ ഇവിടെ ഉള്ള സമയമാണെങ്കില്‍ പറഞ്ഞുതരാം. നിര്‍ബന്ധമാണെങ്കില്‍ മാസം ഒരു പത്തു രൂപ തന്നേക്ക്....-
തുടരും. എന്തായാലും തുടരും. നിങ്ങള്‍ അനുഭവിച്ചോ.
0 Comments:
Post a Comment
<< Home