Wednesday, January 17, 2007

ശേഷം ചിന്ത്യം - പേരിടാനും പണം

URL:http://chintyam.blogspot.com/2007/01/blog-post.htmlPublished: 1/12/2007 6:54 AM
 Author: സന്തോഷ്
What's in a name? that which we call a rose
By any other name would smell as sweet.


ഒരു പേരിലെന്തിരിക്കുന്നു? ഷേക്സ്പിയര്‍ ചോദിച്ച ചോദ്യം തന്നെ.

ഭാവി മുഴുവന്‍ പേരിലാണിരിക്കുന്നതെന്ന് കൈപ്പള്ളിയും ഉമേഷും ആവര്‍ത്തിച്ചു പറഞ്ഞിട്ടും ബോധ്യമാവാത്തവരുണ്ടോ? നിങ്ങളെ രക്ഷിക്കാന്‍ എനിക്കാവില്ല മക്കളേ, മടങ്ങിപ്പോ...

അതുശരി, അപ്പോള്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചല്ലേ? നാലാള് പറഞ്ഞാലേ വിശ്വസിക്കുകയുള്ളൂ എന്ന വാശി നല്ലതിനു തന്നെ. എന്നാലിതാ നാലാമനായി ഞാന്‍ അവതരിക്കുന്നു.

കുട്ടികളുടെ പേരിനെക്കുറിച്ചല്ല ഞാന്‍ പറയാന്‍ പോകുന്നത്. ചില ചില്ലറ ചരക്കുകളുടെ അഥവാ പ്രോഡക്റ്റുകളുടെയും കമ്പനികളുടെയും പേരിനെക്കുറിച്ചാണ്. (ചില സംസ്കാരങ്ങളില്‍ ചരക്ക്, പ്രോഡക്റ്റ് എന്നിവ ഭാരമേറിയ നാനാര്‍ഥങ്ങള്‍ വഹിക്കുന്ന വാക്കുകളാണ്. തുടര്‍ന്ന് വായിക്കുന്നതിനുമുമ്പ് മലയാള സംസ്കാരത്തിന്‍റെ മുഖം‍മൂടി എടുത്തണിയാന്‍ അപേക്ഷ.)

നമുക്ക് ഒരു ചോദ്യോത്തര പരിപാടിയോടെ തുടങ്ങാം. എന്തുചെയ്യാന്‍, അത് റ്റി. വി. കണ്ടുകണ്ട് ചോദ്യോത്തര മഴ ഒരു വീക്നെസ് ആയിപ്പോയി. ഞാന്‍ ചില വാക്കുകള്‍ പറയും. നിങ്ങളുടെ മനസ്സിലേയ്ക്ക് ആദ്യം കടന്നുവരുന്നത് എന്താണെന്ന് പറയണം.

കണ്ണന്‍ ദേവന്‍
അനിക്സ്പ്രേ
പുളിമൂട്ടില്‍
റീഗല്‍
ഇദയം
സെയ്ന്‍റ് ജോര്‍ജ്

(വാക്കുകള്‍ സ്പോണ്‍സര്‍ ചെയ്തത്: ഗുരുകുലം പാഠശാല, പോര്‍ട്ട്ലാന്‍ഡ്, അമേരിക്ക. നിങ്ങളുടെ കുട്ടികളെ ഉത്തരവാദിത്തത്തോടെ ‘കൈകാര്യം’ ചെയ്യുന്ന, നൂറു ശതമാനം വിജയം ഉറപ്പുതരുന്ന, അമേരിക്കയിലെ ഏക സ്ഥാപനം. അരാഷ്ടീയതയുടെ കൂത്തരങ്ങാണ് ഈ വിദ്യാലയം എന്ന വാദം പ്രിന്‍സിപ്പല്‍ നിഷേധിച്ചിട്ടുണ്ട്.)

ചുരുക്കത്തില്‍, ഈ പേരുകള്‍ റേഡിയോ/റ്റി. വി. പരസ്യങ്ങള്‍ വഴി നമ്മുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു എന്നു മനസ്സിലായില്ലേ?

കാര്യങ്ങളുടെ കിടപ്പ് ഇന്നത്തെയത്ര വഷളാവുന്നതിനു മുമ്പ് സ്വന്തം കമ്പനികള്‍ക്കും ഉല്പന്നങ്ങള്‍ക്കും പേരിട്ടവര്‍ ഭാഗ്യവാന്മാര്‍. ഹോണ്ട, റ്റൊയോറ്റ, ഹണിവെല്‍, ഡെല്‍ എന്നിവര്‍ അധികം ആലോചിക്കാതെ സ്ഥാപകരുടെ പേരുതന്നെ കമ്പനികള്‍ക്കു നല്‍കുകയായിരുന്നു. സന്തോഷ് ഹെയര്‍ ഓയില്‍ ഈ വിഭാഗത്തില്‍ വരുമെന്ന് തോന്നുന്നു. AVT-തേയില ഉടമയുടെ പേരിന്‍റെ ചുരുക്കപ്പേരാണെന്നാണ് അറിവ്.

അഡോബി (Adobe) എന്നത് ആ കമ്പനിയുടെ സ്ഥാപകരുടെ വീടിന്‍റെ പിന്നാമ്പുറത്തുകൂടി ഒഴുകിയിരുന്ന ഒരു ചെറു തോടിന്‍റെ പേരാണ്. ആമസോണ്‍ എന്താണെന്നും എവിടെയാണെന്നും നമുക്കെല്ലാമറിയാം. നോകിയ എന്നത് ഫിന്‍ലാന്‍ഡിലെ ഒരു ചെറിയ പട്ടണമാണ്. പെരിയാര്‍ പുട്ടുപൊടിയും മലബാര്‍ ഗോള്‍ഡും കൊല്ലം സുപ്രീം ഗോള്‍ഡ് കവറിംഗും ഈ ഗണത്തില്‍ പെടുത്താവുന്നവ തന്നെ.

ചില ഏഷ്യന്‍ കമ്പനികളാവട്ടെ, പേരിടുന്നതില്‍ മറ്റൊരു മാനദണ്ഡം സ്വീകരിച്ചു. Daewoo എന്നാല്‍ കൊറിയന്‍ ഭാഷയില്‍ ‘മഹത്തായ പ്രപഞ്ചം’ എന്നാണര്‍ഥം (കൊറിയയില്‍ നിന്നുള്ള ബ്ലോഗര്‍മാരുടെ തല്ലു കിട്ടുമോ എന്തോ!). ഹിറ്റാചി, ‘സൂര്യോദയം’ എന്നര്‍ഥമുള്ള ഒരു പുരാതന സ്ഥലമത്രേ. സാംസങ് എന്ന വാക്കിന് മൂന്ന് നക്ഷത്രങ്ങള്‍ എന്നാണര്‍ഥം. (ദേ, വീണ്ടും കൊറിയന്‍!)

വളരെ ‘കാര്യമാത്ര പ്രസക്തരായവരും’ ഇക്കൂട്ടത്തിലുണ്ട്, നമ്മുടെ SBT, SBI എന്നിവരെപ്പോലെ. BMW എന്നാല്‍ Bayerische Motoren Werke എന്നതിന്‍റെ ചുരുക്കപ്പേര് മാത്രം. അര്‍ഥവും അതു തന്നെ: Bavarian Motor Factories. മറ്റൊരു വമ്പനാണ് AT&T: American Telephone and Telegraph.

ധനലക്ഷ്മി ബാങ്കിന് ആ പേര് ചേരുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ വിജയത്തിന്‍റെ ദേവതയാണ് നൈക്കി (Nike). വിജയികള്‍ അണിയുന്നത് (അണിയേണ്ടത്) എന്ന നിലയ്ക്ക് നൈക്കി എന്ന പേരും യോജിച്ചതു തന്നെ. പുറത്തുനിന്നു നോക്കിയാല്‍ ചെറിയ കടയാണെങ്കിലും അതിവിശാലമായ ഷോറൂമായ അയ്യപ്പാസിന് പണം വാരുന്ന ദേവനുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മാരുതിയ്ക്കും അദിതിയ്ക്കും ആ പേരുകള്‍ കിട്ടിയത് എവിടെ നിന്നാണെന്ന് വ്യക്തമാണല്ലോ.

ഇനിയും ചിലരുണ്ട്. പേരുണ്ടാക്കുന്നതില്‍ ഭാവന കലര്‍ത്തിയവര്‍. ഒന്നിനു ശേഷം 100 പൂജ്യം വരുന്ന സംഖ്യയ്ക്ക് ഗൂഗോള്‍ എന്നാണ് പേര്. അനന്തമായ വിവരം അടുക്കിയവതരിപ്പിക്കാനുള്ള ശ്രമവുമായിത്തുടങ്ങിയ കമ്പനിയായ ഗൂഗിളിന് മനഃപൂര്‍വം തെറ്റായുച്ചരിച്ചുണ്ടാക്കിയ പേര് തീര്‍ച്ചയായും യോജിക്കും. (സിബൂ, തല്ലല്ലേ!)

ഭാവനയില്‍ ഒരു പടി കൂടി കടന്നവരാണ് CD/DVD-കള്‍ എഴുതാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയര്‍ ആയ നീറോ. Nero burning Rome എന്ന വാചകത്തെ അവര്‍ ഇങ്ങനെയാണ് ‘മാറ്റി’യെഴുതിയത്: Nero Burning ROM.

എന്നാലിന്നോ? പരസ്യവാചകങ്ങളോളമോ അതിനേക്കാളുമോ പ്രധാനമാണ് പരസ്യം ചെയ്യപ്പെടുന്ന സാധനത്തിന്‍റെ പേര് എന്നായിരിക്കുന്നു.

കുട്ടികളുണ്ടായിട്ടുള്ളവര്‍ക്കറിയാം, കുഞ്ഞിന്‍റെ പേര് തീരുമാനിക്കാന്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന പെടാപ്പാട്. പത്തുനൂറ് പേരുകളില്‍ നിന്ന് ചുരുക്കിച്ചുരുക്കി രണ്ടോ നാലോ പേരിലെത്തിക്കാനുള്ള പാട്, പിന്നെ അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാനുള്ള പാട്... അവസാനം ഭാര്യയ്ക്കും ഭര്‍ത്താവിനും ഇഷ്ടപ്പെട്ട പേര് തീരുമാനിച്ചു കഴിയുമ്പോള്‍ അമ്മയും അമ്മായിയമ്മയും ഒരേ സ്വരത്തില്‍ ‘അയ്യേ!’ എന്നു പറയുന്നത് കേള്‍ക്കേണ്ടി വരുന്നത് ഒന്നാലോചിച്ചു നോക്കൂ. (ആറ്റുനോറ്റുണ്ടായ ഓപറേറ്റിംഗ് സിസ്റ്റത്തിന് പേരിട്ടത് വിസ്ത എന്നാണ് എന്ന് ആദ്യമായി കേട്ടപ്പോള്‍ തോന്നിയ പോലൊരു ഫീലിംഗ്.)

പേരിടാന്‍ വന്‍‍തുക വാങ്ങുന്ന സ്ഥാപനങ്ങള്‍ നിലവിലുണ്ട്. മൈക്രോസോഫ്റ്റ് ഈയിടെ പുറത്തിറക്കിയ പോര്‍ട്ടബിള്‍ മീഡിയ പ്ലെയറിന് സൂണ്‍ (Zune) എന്ന പേര് കണ്ടെത്തിയത് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് എന്ന സ്ഥാപനമാണ്. ഒരു പേര് നിര്‍ദ്ദേശിക്കുന്നതിന് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് വാങ്ങുന്ന കുറഞ്ഞ തുക 150,000 ഡോളര്‍ ആണത്രേ. നൂറോളം ഭാഷകള്‍ പരിശോധിച്ച് ‘വലിയ പ്രശ്നമില്ലാത്ത’ സൂണ്‍ എന്ന പേര് നിര്‍ദ്ദേശിക്കാന്‍ ഭീമമായ തുകയാവണം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഈടാക്കിയിട്ടുള്ളത്.

ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ചില്ലറക്കാരല്ല. പെന്‍റിയം, ബ്ലാക്ബെറി തുടങ്ങി ഇന്ന് പരസ്യ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പല ബ്രാന്‍ഡ് പേരുകളുടേയും സ്രഷ്ടാക്കളാണവര്‍. സൂണ്‍ എന്ന പേര് കണ്ടെത്താന്‍ മുപ്പത്തൊമ്പത് രാജ്യങ്ങളിലുള്ള അറുപതോളം ഭാഷാശാസ്ത്രജ്ഞരുടെ സഹായം ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് ഉപയോഗപ്പെടുത്തി. ഏഴില്‍ താഴെമാത്രം ഇംഗ്ലീഷ് അക്ഷരങ്ങളുള്ള മൂവയിരത്തി അഞ്ഞൂറ് വാക്കുകള്‍ അവര്‍ പരിഗണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്.

സൂണ്‍ എന്ന പേരിനു പിന്നിലെ മനഃശാസ്ത്രം ചോദിച്ചവരോട് ലെക്സിക്കന്‍ ബ്രാന്‍ഡിംഗ് സ്ഥാപകന്‍ ഡേവിഡ് പ്ലാസെക് പറഞ്ഞതിങ്ങനെ:

ഇംഗ്ലീഷ് ഭാഷയിലെ ജീവസ്സുറ്റതും ഓജസ്സുള്ളതുമായ ശബ്ദമാണ് Z (അമേരിക്കക്കാര്‍ Z-നെ ‘സ്സീ’ എന്നാണ് ഉച്ചരിക്കുന്നത് zebra-യിലെ ze ഉച്ചരിക്കുന്നതു പോലെ). K, C, G എന്നിവയ്ക്കുള്ളതുപോലുള്ള വിശ്വാസ്യതയുടെ മാസ്മരിക പ്രഭാവം Z-യ്ക്കുമുണ്ട്.

...

The buzz of the sound "z" makes it one of the most energetic in the language. Lexicon's studies of sound symbolism, conducted with hundreds of people in a variety of languages, have shown that word-initial "z" scores very high for communicating attributes like "lively," "daring," and "fast."

The letter z's current popularity in respellings like "boyz" and "antz" lends a youthful irreverence. Even though it isn't obviously derived from any real word, Zune could pass for a casual abbreviation, in the same way that 'zza stood in for pizza with some people 10 years or so ago.

അനതിവിദൂര ഭാവിയില്‍ നമ്മുടെ നാടും ഈ കച്ചവട തന്ത്രം നടപ്പിലാക്കിക്കൂടായ്കയില്ല. പുതിയ സം‍രംഭങ്ങളുമായി രംഗത്തേയ്ക്ക് വരുന്നവരാണ് ഇനി “ശക്തവും പ്രഭാപൂരവും ജീവസ്സുറ്റതും” ആയ പേരിന് പണമിറക്കേണ്ടി വരുന്നത്. കുട്ടികളുടെ പേരിടാനും ഇത്രത്തോളമോ ഇതിലുമധികമോ ശ്രദ്ധവയ്ക്കുന്ന (പണമിറക്കുന്ന) ഒരു കാലം വന്നേക്കും. നല്ല പേരുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള വാസനയുണ്ടോ? അവസരങ്ങള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നു കിടക്കുന്നു!

posted by സ്വാര്‍ത്ഥന്‍ at 12:32 PM

0 Comments:

Post a Comment

<< Home