Wednesday, December 27, 2006

Suryagayatri സൂര്യഗായത്രി - അമ്പിളിയമ്മാവന്‍

“വരല്ലേ വരല്ലേ, എന്റെ പുറകേ വന്ന് വെറുതേ ശല്യം ചെയ്യല്ലേന്ന് പലതവണ പറഞ്ഞു. എന്റെ ക്ഷമ പരീക്ഷിക്കല്ലേ. ഇനി കേട്ടില്ലാന്നു വെച്ചാല്‍, ഞാന്‍ എന്തെങ്കിലും ചെയ്യും.”

കള്ളുകുടിയന്‍ ആടിയാടി പറഞ്ഞു. കൈയ്യില്‍ കിട്ടിയതൊക്കെ എടുത്ത് വലിച്ചെറിഞ്ഞു.

“എന്റെ പൊന്നേ, ചതിക്കല്ലേ. അവളെയൊന്ന് ആരും കാണാതെ കിട്ടാന്‍ നോക്കിയിരിക്കുകയാണേ. നിനക്കതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. അതിനു പ്രണയം വേണം. പിന്നാലെ വന്ന് കാട്ടിക്കൊടുക്കല്ലേ. ഒന്നു മാറി നില്‍ക്കൂ.”

കാമുകിയെ കാണാന്‍ പുറപ്പെട്ട കാമുകന്‍ പരിഹാസത്തോടെ പറഞ്ഞു.


“താനെന്തിനാടോ, ചിരിച്ചുംകൊണ്ട് നില്‍ക്കുന്നത്? ഇത് ശരിയാവില്ല. എന്റെ ജോലിയ്ക്ക് ഒരു തടസ്സമാവും ഇത്. ഒന്ന് പോയി വിശ്രമിക്ക്. ഞാന്‍ പോയിട്ട് വന്നാല്‍ മതി. എന്റെ ജീവന്റെ പ്രശ്നമാണ്.”

മോഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ച കള്ളന്‍ ദേഷ്യത്തോടെ പറഞ്ഞു.

അമ്പിളിയമ്മാവന് വിഷമമായി. എന്താ എല്ലാവരും ഇങ്ങനെ? പിന്നെയും, നില്‍ക്കാതെ യാത്ര തുടര്‍ന്നു.

“വേഗം വാ. എത്രനേരമായി അമ്മു നോക്കിയിരിക്കുന്നു. അമ്മുവിന്, മാമുണ്ണാന്‍ സമയം വൈകി. ഇന്നു കണ്ടില്ലെങ്കില്‍ അമ്മു ഒന്നും കഴിക്കുകയും ഇല്ല.”

അമ്മുവിന്റെ അമ്മ പറഞ്ഞു. അമ്മു സന്തോഷത്തില്‍ കൈവീശി, കുഞ്ഞുസ്വരത്തില്‍ എന്തൊക്കെയോ പറയുന്നു.

അമ്പിളി അമ്മാവന് സന്തോഷമായി. ആരൊക്കെ തള്ളിപ്പറഞ്ഞാലും, തന്നെ, കാത്തുനില്‍ക്കുന്നവരും കൂട്ടത്തില്‍ ഉണ്ടല്ലോ. അമ്മുവിനേയും എടുത്ത്, അമ്മുവിന്റെ അമ്മ പാട്ടും പാടി ഭക്ഷണം കൊടുക്കുന്നതും കേട്ട് അമ്പിളി അമ്മാവന്‍ പുഞ്ചിരിച്ചു നിന്നു.

അമ്പിളി അമ്മാവന്‍ തിരിച്ചുപോകുന്നതിനുമുമ്പ് കുറച്ച് കാഴ്ചകളും കണ്ടു.

കുടിയന്‍, ആടിപ്പാടി വീണു കിടക്കുന്നു.

കാമുകനെ കാമുകിയുടെ വീട്ടിലെ നായ ഓടിച്ചിട്ട് കടിക്കുന്നു.

കള്ളനെ, രാത്രികാവലിനിറങ്ങിയ പോലീസ് പിടിച്ചിട്ട് ഇടിക്കുന്നു.

അമ്പിളിഅമ്മാവന് അമ്മുവിനെ ഒന്നുകൂടെ കാണണമെന്ന് തോന്നി. വീടിന്റെ ജനലില്‍ക്കൂടെ നോക്കിയപ്പോള്‍, അമ്മു നിഷ്കളങ്കതയോടെ പുഞ്ചിരി തൂകി ശാന്തമായി ഉറങ്ങുന്നു.

അമ്പിളിയമ്മാവന്‍ പിന്നേയും യാത്രയായി.

നമുക്ക് നന്മയുണ്ടെങ്കില്‍, ആ നന്മ കണ്ടെത്തുവാന്‍ ആരെങ്കിലും ഉണ്ടാകും.

നന്മ നിറഞ്ഞ, കാരുണ്യം നിറഞ്ഞ ആ ദൈവപുത്രന്റെ വിശ്വാസത്തില്‍,

എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍.

posted by സ്വാര്‍ത്ഥന്‍ at 8:51 AM

0 Comments:

Post a Comment

<< Home