Sunday, November 19, 2006

കൊടകര പുരാണം - കീരി ബാബു

URL:http://kodakarapuranams.blogsp...g-post_116391904742593691.htmlPublished: 11/19/2006 12:16 PM
 Author: വിശാല മനസ്കന്‍
കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന ഒരു കന്നിമാസത്തിലായിരുന്നു കുട്ടപ്പേട്ടന്റെ വീട്ടിലെ ജൂലി ബാബുവേട്ടനെ ഓടിച്ചിട്ട്‌ കടിച്ചത്‌.

മുന്ന് കളരിക്കാശാന്‍ ശ്രീ. കളരി ശിവരാമേട്ടന്റെ വഴിയമ്പലത്തുള്ള ഷെഡില്‍, ഓള്‍ കേരള റെജിസ്റ്റ്രേഡ്‌ കളരി പരമ്പര ദൈവങ്ങളുടെ മുന്‍പില്‍ നിവര്‍ന്ന് തൊഴുതും പുറം കഴക്കുമ്പോള്‍ തൊഴുതു നിവര്‍ന്നും ചാടി വെട്ടിയും പതിനെട്ടോളം പരമ്പരാഗത പൈറേറ്റഡ്‌ അടവുകളും അതിന്റെ കൂടെ ശിവരാമേട്ടന്‍ വികസിപ്പിച്ചെടുത്ത കോമ്പ്ലിമെറ്ററി അടവുകളും ചേര്‍ന്ന് മൊത്തം പത്തുമുപ്പത്താറെണ്ണം സ്വായത്തമാക്കിയ ഒന്നാന്തരം അഭ്യാസി. കരാട്ടേയില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ (കരിമ്പന്‍ അടിച്ച്‌ വൈറ്റ്‌ ബെല്‍റ്റ്‌, ബ്ലാക്കായി മാറിയതാണെന്ന് ആരോപണമുണ്ട്‌), ഫിറ്റ്‌ ബോഡി, കരിവീട്ടിപോലെ ഉറച്ച കൈ കാലുകള്‍, എന്നീവയൊക്കെയുള്ള ബാബുവേട്ടനെ എങ്ങിനെ ഒരു സാധാ പട്ടി ഇങ്ങിനെ കടിച്ചുപറിച്ചെന്ന് സംഭവമറിഞ്ഞ്‌ കൊടകരക്കാര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കടിയെന്ന് പറഞ്ഞാല്‍ വെറും കടിയാണോ? ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍. കൊടുത്ത പട്ടിക്കും കൊണ്ട ബാബുവേട്ടനും കണ്ട നാട്ടുകാര്‍ക്കും ഒരേ പോലെ സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കടികള്‍.

സൈക്കോ ഫൈഫ്‌ വാച്ചുകെട്ടിയ പോലെ ഒരു കടി കൈ തണ്ടയില്‍. കണ്ടന്‍ കത്രികയില്‍ പെട്ട പോലെ വലതു കാല്‍പാദത്തിലൊന്ന്. പിന്നെ ടിയാന്റെ ശരീരത്തിലാകെക്കൂടെ മസിലില്ലാത്ത മാര്‍ദ്ദവമുള്ള മാംസമുള്ള ചന്തികളിലൊന്നില്‍ ഫാസ്റ്റ്‌ ക്ലാസ്‌ കടി വേറെയും. സുഖവഴി പെരുവഴി!

സംഭവ ദിവസം രാവിലെ ബാബുവേട്ടന്‌ പതിവുപോലെ ജോഗിങ്ങിനിറങ്ങിയതായിരുന്നു.

'വാര്‍ക്കപ്പണിക്ക്‌ പോകുന്ന നിനക്ക്‌ പുലര്‍ച്ചെ എഴുന്നേറ്റ്‌ ഓടിയിട്ട്‌ വേണോ ഡാ ദേഹമനങ്ങാന്‍?'

എന്ന പലരുടെയും ഉപദേശം ബാബുച്ചേട്ടനെ മടിയനാക്കിയില്ല. ജോലിയും എക്സസൈസും രണ്ടാണെന്നും അതുരണ്ടും കൂട്ടിക്കുഴക്കുവാന്‍ ഒരിക്കലും പാടില്ലെന്നും ബാബുവേട്ടന്‍ വിശ്വസിച്ചു, പ്രചരിപ്പിച്ചു.

സ്വതവേ, ടൌണില്‍ നിന്ന് തെക്കോട്ട്‌ ചാലക്കുടി സൈഡിലേക്ക്‌ ഓടിയിരുന്ന ഇദ്ദേഹം അന്നൊരു ദിവസം ഒരു ചേയ്ഞ്ചിന്‌ വേണ്ടിയായിരുന്നത്രേ വടക്കോട്ട്‌ തൃശ്ശൂര്‍ സൈഡിലേക്ക്‌ ഓടിയത്‌. പക്ഷെ, ഇത്രമാത്രം ചേയ്ഞ്ച്‌ വരുമെന്ന് ആള്‍ സ്വപനത്തില്‍ കൂടി വിചാരിച്ചില്ല.

കുട്ടപ്പേട്ടന്റെ ജൂലി വയലന്റായി ബാബുവേട്ടനെ പീഡിപ്പിക്കാനിടയാക്കിയ സാഹചര്യം വ്യക്തമായി ആര്‍ക്കുമറിയില്ല.

ജൂലി സ്വതവേ സമാധാന പ്രിയയാണ്‌. കൊടകര ചന്തയില്‍ നിന്നും, യൂണിയന്‍ കാരനായ കുട്ടപ്പേട്ടന്‍ എടുത്ത്‌ കൊണ്ടുവന്ന് ‘വെട്ടിക്കൂട്ട് കൊടുത്ത് ‘ ഓമനിച്ചു വളര്‍ത്തുന്ന ഓര്‍ഫന്‍ ആണ്‌ ജൂലി.

അനാധത്വവും ഇല്ലയ്മയും അറിഞ്ഞ്‌ വളര്‍ന്നവള്‍. സനാഥത്വത്തിന്റെ വിലയറിയുന്നവള്‍. ചന്തയിലെ കച്ചറയില്‍ നിന്നും ബുഫെ (ക:ട്‌-കുമാര്‍) കഴിച്ച്‌ ജീവിക്കുമ്പോള്‍ തനിക്ക്‌ ഹോമിലി മെസ്സ്‌ ഫുഡ്‌ കിട്ടുമെന്നോ തന്റെ കഴുത്തില്‍ ഒരു പട്ടി ബെല്‍റ്റ്‌ വീഴുമെന്നോ സ്വപനം കാണാതെ നടന്നിട്ടും അത്തരം സൌഭാഗ്യങ്ങള്‍ പ്രാര്‍ഥനകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ലഭിച്ചതെന്ന് വിശ്വസിക്കുന്നവള്‍.

വാലില്ലാത്തതുകൊണ്ട്‌, പിറകീന്ന് നോക്കിയാല്‍ ഡോബര്‍ വുമണ്‍ ഇനമാണോ എന്ന് സംശയം തോന്നുമെങ്കിലും ജൂലി നല്ല നേരും നെറിവും മാനവും ഉള്ള ഒന്താന്തരം നാടത്തിയാണ്‌.

വാലന്റൈന്‍സ്‌ ഡേക്ക്‌ പൂവുമായി കാത്ത്‌ നില്‍ക്കാമെന്ന് പറഞ്ഞ്‌ വഞ്ചിതയായതിന്റെ ഗൌര്‍വ്വോ രോഷമോ ആണോ അതോ ബാബുവേട്ടന്റെ സമയദോഷത്തിന്‌ നിമിത്തമായതോ എന്തോ പ്രത്യേകിച്ച്‌ പ്രകോപനമൊന്നും ഉണ്ടാക്കാതെ റോഡ്‌ സൈഡിലൂടെ ഓടിയ ബാബുവേട്ടനെ ജൂലി കടന്നാക്രമിക്കുകയായിരുന്നു ത്രേ.

ബാബുവേട്ടന്റെ മൊഴി പ്രകാരം. ബാബുവേട്ടന്റെ എതിര്‍ ദിശയില്‍ ഓടിവരികയായിരുന്ന ജൂലിയെകണ്ടപ്പോള്‍ 'കടിക്കാനുള്ള വരവാണെന്ന് മനസ്സിലാക്കി' അദ്ദേഹം കരാട്ടേയിലെ പെലെയായ ബ്രൂസിലിയെയും മറഡോണയായ ജാക്കിച്ചാനെയും മനസ്സില്‍ ധ്യാനിച്ച്‌ ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ സധൈര്യം ഗഢാംബൂച്ചിയില്‍ നിന്നു.

അടുത്തു വന്ന ജൂലിയെ 'ഹാ ഹൂ' എന്ന് ശബ്ദമുണ്ടാക്കി, കൈ കൊണ്ട്‌ വെട്ടിയപ്പോള്‍ കയ്യിലും; കാല്‌ കൊണ്ട്‌ തൊഴിച്ചപ്പോള്‍ കാലിലും കടിച്ചപ്പോള്‍ ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച് തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ' എന്ന് പറഞ്ഞ്‌ ചന്തിയിലും കടിച്ചത്രേ!!!

3000 മീറ്റര്‍ ഓടുന്ന ഓട്ടക്കാരനെ പോലെ വീട്ടില്‍ നിന്ന് ആയമ്പോലെ ഓടിപോയ ബാബുവേട്ടന്‍ 100 മീറ്ററോടുന്നവരെ പോലെയായിരുന്നു വീട്ടിലേക്ക്‌ തിരിച്ചോടിയത്‌.

ഹവ്വെവര്‍, റിയര്‍ മിററിന്റെ ആകൃതിയിലുള്ള തിരുനെറ്റിയില്‍ സദാ ഗോപിക്കുറിയും അതിന്‌ നടുവിലായി ഒരു ചുവന്ന പൊട്ടും തൊട്ട്‌, ഫോറിന്‍ പുള്ളിമുണ്ടും ചുറ്റി, മൂലോട്‌ കമഴ്ത്തി വച്ചപോലെ കൂരച്ച നെഞ്ചില്‍ ബോണ്ട തിന്നാല്‍ പോട്ടിപ്പോകുന്നത്ര നാര്‌ കനത്തിലുള്ള സ്വര്‍ണ്ണമാല കാണും വിധം ഷര്‍ട്ടിന്റെ മുന്ന് ബട്ടന്‍സുകള്‍ തുറന്നിട്ട്‌ കൊടകര‍ ടൌണില്‍ സദാ കാണപ്പെടുന്ന കീരി ബാബുവേട്ടന്‍ പിന്നീട്‌ നാളിതുവരെ ജോഗിങ്ങിന്‌ പോയിട്ടില്ല.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 12:16 AM

0 Comments:

Post a Comment

<< Home