Thursday, November 16, 2006

കല്ലേച്ചി - കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ നിരോധിക്കണം.

പരിസ്ഥിതിക്ക്‌ കോട്ടമുണ്ടാക്കുന്ന പലസാധനങ്ങളും സര്‍ക്കാര്‍ നിരോധിക്കാറുണ്ട്‌. എങ്കില്‍ അങ്ങനെ നിരോധിക്കേണ്ടവയില്‍ ഏറ്റവും ഭീകരരാണ്‌ കോണ്‍ക്രീറ്റു ഭീമന്മാര്‍. കേരളത്തിലെ ജലശോഷണത്തിന്‍ ഏറ്റവും കൂടുതല്‍ കാരണമാവുന്നത്‌ ഈ കോണ്‍ക്രീറ്റ്‌ സൌധങ്ങളാണ്‌. പലരും ബോധപൂര്‍വം തന്നെ ഇങ്ങനെയൊരു വശം കണ്ടില്ലെന്നു നടിക്കുകയും അതിനു പകരം പ്ലാച്ചിമടയിലെ കൊക്കക്കോലയുടെ കിണറുകളും കണ്ണൂരിലെ കമ്മ്യൂണിസ്റ്റു പര്‍ട്ടി വിലാസം അമ്യൂസ്‌മന്റ്‌ പാര്‍ക്കുമാണ്‌ കേരളം മുഴുവനും ജലദൌര്‍ലഭ്യത്തിനു കാരണം എന്നു പറഞ്ഞു തര്‍ക്കിക്കുകയാണ്‌. ഇങ്ങനെ തര്‍ക്കിച്ചാലല്ലേ യതാര്‍ഥ പ്രശ്നം ജനശ്രദ്ധയില്‍ വരാതിരിക്കൂ. കൊക്കൊക്കോലയെ എതിര്‍ക്കുന്നത്‌ സാമ്രാജ്യത്വ വിരുധതയുടെ പേരില്‍ കമ്മ്യൂണിസ്റ്റുകാരാണെങ്കില്‍ പാര്‍ക്കിനെ എതിര്‍ക്കുന്നത്‌ കമ്മ്യൂണിസ്റ്റു വിരുധരുമാണ്‌. രണ്ട്‌ കൂട്ടര്‍ക്കും കേരളത്തിന്റെ ജലനഷ്ടത്തിലല്ല ഉല്‍ക്കണ്ഠ. മറിച്ചു അതെങ്ങനെ തങ്ങളുടെ ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ഒരു ആയുധമാക്കിമാറ്റാമെന്നതിലാണ്‌.
സത്യത്തില്‍ കേരളത്തിലെ നാല്‍പത്തിനാലു നദികളായിരുന്നു നമ്മുടെ രാജ്യത്തിന്റെ ധമനികള്‍. അതോടൊപ്പം ധാരാളം ചെറിയ തോടുകളും അരുവികളും. അവ ശരാശരി ഓരോ 16 കിലോമീറ്ററിനുള്ളിലുള്ള പ്രദേശങ്ങളിലെ ജലാംശം നിലനിര്‍ത്തുന്നു. ജലാശയങ്ങളുടെ അടിത്തട്ട്‌ താഴുമ്പോള്‍ ജലനിരപ്പും താഴും. ഈ പ്രതിഭാസമാണ്‌ കേരളത്തിലെ ജലസ്രോതസ്സുകള്‍ വറ്റാന്‍ കാരണം. അക്കൂട്ടത്തില്‍ കൊക്കക്കോലാ അമ്യൂസ്‌മെന്റുപാര്‍ക്കാതികളുടേയും സംഭാവനകളും, എന്നാല്‍ ഇത്‌ ഏതാനും തുള്ളികളേവരൂ. ജലാശയങ്ങളുടെ അടിത്തട്ടു താഴുന്നത്‌ മണലൂറ്റല്‍ മൂലമാണ്‌. (മറ്റു പാരിസ്ഥിതിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്‌) ഇതാവട്ടെ കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുമാണ്‌. പ്രതിവര്‍ഷം പത്തുലക്ഷം ടണ്‍ മണല്‍ ഇതിനായി ആവശ്യമുണ്ടെന്നാണ്‌ ഒരു കണക്കു സൂചിപ്പിക്കുന്നത്‌. ഇതിനെതിരായി ഒന്ന് ശ്വാസം വിടാന്‍ പോലുമുള്ള വിപ്ലവ വീര്യം ആരിലും അവശേഷിച്ചിട്ടില്ല. വിപ്ലവത്തിനു കുറേ മുദ്രവാക്യങ്ങള്‍ മതി. എന്നാല്‍ ഇങ്ങനെ ഈ പ്രശ്നത്തെ ഇല്ലാതാക്കാനാവില്ല. അതിനു ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്‌.
രണ്ടു മാര്‍ഗങ്ങളാണ്‌ അതിനു നിര്‍ദ്ദേശിക്കാനുള്ളത്‌. ഒന്ന് ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മിക്കുക എന്നതാണ്‌. അത്‌ പ്രാദേശികമായി വികസിപ്പിച്ചെടുത്ത അസംസ്കൃതവസ്ഥുക്കളുപയോഗിച്ചു ചെയ്യാവുന്നതാണ്‌. അതിനു രണ്ട്‌ പ്രമുഖ വ്യക്തികള്‍ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്‌. അവരെ വെറുതെ ഫോണ്‍ ചെയ്തു പറഞ്ഞാല്‍ മതി. ഒന്ന് ലാറി ബേക്കറും, മറ്റൊന്ന് നമ്മുടെ ഹാബിറ്റാറ്റ്‌ ശങ്കറുമാണ്‌
ഇനി അതു പറ്റാത്തവര്‍ക്ക്‌ മറ്റേതെങ്കിലും വസ്തു മണലിനു പകരം ഉപയോഗിക്കാവുന്നതാണ്‌. പകരം വെക്കാനില്ലാതെ വെറും വായ്‌താരി മാത്രമായാല്‍ കാര്യങ്ങള്‍ ചീറ്റിപ്പോകും. അപ്പോള്‍ പകരം കാണേണ്ടതുണ്ട്‌. ഇതിനു നല്ലത്‌ കടല്‍ മണല്‍ സംസ്കരിച്ചുപയോഗിക്കുക എന്നതാണ്‌. (നാല്‍പ്പതിനായിരം കോടി ടണ്‍ മണലിന്റെ നിക്ഷേപം കേരളത്തിലെ തീരക്കടലിലുണ്ടത്രെ. കേരളത്തില്‍ നൂറുവര്‍ഷത്തേക്കുപയോഗിക്കാന്‍ ഇതില്‍ 25 KM? പ്രദേശത്തെ മണല്‍ മതിയാകും) ഇങ്ങനെ ഒരു പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ അതിന്‌ എതിരു (so called obscurantism) നിന്നവരാണ്‌ അന്നത്തെ പ്രതിപക്ഷം. കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക്‌ അത്ര എളുപ്പത്തില്‍ ഇതിനെപറ്റി ചിന്തിക്കാനാവില്ല. ആയിരക്കണക്കായ കെട്ടിടത്തൊഴിലാളികള്‍, മണല്‍വാരല്‍ തൊഴിലാളികള്‍ അങ്ങനെ പോകും പ്രസംഗം. സത്യത്തില്‍ ഇത്‌ മണല്‍ വാരല്‍ മാഫിയകളെ സംരക്ഷിക്കാനാണ്‌. ഇല്ലെങ്കില്‍ ഇക്കാര്യത്തിന്‍ അവര്‍ മുന്നിട്ടിറങ്ങണമായിരുന്നു.
ജലശോഷണത്തിനു മറ്റൊരു കാരണം നമ്മുടെ കകൂസുകളാണ്‌. പണ്ടുപയോഗിച്ചതിനേക്കാള്‍ എത്രയോ മടങ്ങ്‌ വെള്ളം ഇന്നു നാം കക്കൂസുകളില്‍ ഒഴുക്കിക്കളയുന്നു.അതൊക്കെ വെള്ളത്തിന്റേയും അത്‌ ശരിയായി സംരക്ഷിക്കേണ്ടതിന്റേയും പ്രശ്നം. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ നിരോധിക്കണമെന്നു പറയുന്നതിന്‌ വേറെയും കാരണങ്ങളുണ്ട്‌. അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ്‌ അതില്‍ പ്രധാനം. ഇതു നമ്മെ അലട്ടാന്‍ തുടങ്ങുന്നേയുള്ളൂ. 20 വര്‍ഷത്തെ ഗാറണ്ടിയാണ്‌ ഇതിന്‌ എഞ്ചിനീയറന്മാര്‍ നല്‍കുന്നത്‌. നമുക്ക്‌ അതൊരു നൂറുകൊല്ലമാക്കാം. പിന്നീട്‌ ഇവ പൊളിച്ച്‌ കളഞ്ഞേപറ്റൂ. അപ്പോള്‍ മണ്ണില്‍ ലയിക്കാത്ത ഇതിന്റെ അവശിഷ്ടങ്ങള്‍ ഗതികിട്ടാത്ത പ്രേതങ്ങളായി അലഞ്ഞ്‌ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങാത്തതാണല്ലൊ ഈ ഇറക്കുമതി സാങ്കേതികത. അതേ സമയം നമ്മുടെ സങ്കേതികതയോ. മുല്ലപ്പെരിയാര്‍ അണക്കെട്ടു സെഞ്ച്വറി അടിച്ചത്‌ ചുണ്ണാമ്പില്‍ നിന്നാണ്‌. ഈ വിഷയത്തില്‍ ഇസ്സാം ഒമ്രാന്‍ തയ്യാറാക്കിയ പഠനം ശ്രദ്ധേയമാണ്‌. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളിലുണ്ടാവുന്ന അമിത "വിങ്ങല്‍" (ചൂട്‌ മൂലമുള്ള ഒരു അവസ്ഥ) റേഡിയേഷന്‍ മൂലമാണെന്നു അദ്ദേഹം തന്റെ പ്രബന്ധത്തില്‍ പറയുന്നു. ഒരുതരം മൈക്രൊവേവ്‌ ഓവനില്‍ വെച്ച കോഴികളെപ്പോലെയാകുന്നു നാം.
ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഇവ അവയുടെ ആഘാതം പതിന്മടങ്ങാക്കുന്നു. എന്റെ ആദ്യവെക്കേഷന്‍ സമയത്ത്‌ എന്റെ അടുത്ത സീറ്റിലിരുന്നു യാത്ര ചെയ്തിരുന്നത്‌ ഒരു സ്ത്രീയായിരുന്നു. അവര്‍ കുവൈറ്റില്‍ നിന്ന് ബഹറൈന്‍ വഴി ബോംബേക്കു പോകുന്നതിനിടയിലാണ്‌ എന്റെ വലതു വശത്തെ സീറ്റില്‍ വന്നു പെട്ടത്‌. അവര്‍ കരഞ്ഞു കൊണ്ടിരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അറിയാവുന്ന മുറി ഹിന്ദി ഉപയോഗിച്ചു ഞാന്‍ കാര്യം തിരക്കി. ലത്തൂരിലും ഉസ്മാനാബാദിലും ആയടുത്തു നടന്ന ഭൂകമ്പങ്ങളില്‍ ആയമ്മയ്ക്ക്‌ 12 ബന്ധുക്കളാണ്‌ നഷ്ടം വന്നത്‌. അവര്‍ക്ക്‌ സങ്കടം അതല്ല, അവരാണ്‌ പഴയ ഓലക്കുടില്‍ മാറ്റി കോണ്‍ക്രീറ്റുകെട്ടിടം രണ്ടു നിലയില്‍ വേണമെന്നു വാശിപിടിച്ചതും പണമിറക്കിയതും പണിയിച്ചതും. അതിനാല്‍ ഈ മരണത്തിനുള്ള ധാര്‍മികമായ ഉത്തരവാദിത്വം തനിക്കാണല്ലോ എന്നതാണ്‌ അവരെ ഏങ്ങലടിപ്പിക്കുന്നത്‌. അടുത്തൊന്നുമുള്ള സാധാരണ വീടുകള്‍ക്കൊന്നും ഒരു കുലുക്കംകൂടിയുണ്ടായില്ലത്രെ.
പ്രവാസികളുടെ "പ്രാഥമിക പണം" (വ്യക്തി അയാളുടെ കായികാധ്വാനം, ജീവിതം തന്നെ നല്‍കി ഉണ്ടാക്കുന്ന പണം) പുനരുത്‌പാദന മേഖലയില്‍ മുടക്കാതെ ഇത്തരം കെട്ടിടങ്ങളില്‍ മുടക്കിയതു മൂലമുള്ള നഷ്ടം വിലമതിക്കാനാകാത്തതാണ്‌. ഉത്‌പാദനമല്ലാത്ത മേഖലയില്‍ മുടക്കേണ്ട പണം "ദ്വിതീയ പണം" (പ്രഥമിക പണം ആസ്തിയാക്കി അതില്‍ നിന്നു കിട്ടുന്ന വരുമാനം) ആവണമായിരുന്നു. ഇതും ഒരു കാരണമാണ്‌ ഈ കെട്ടിടങ്ങള്‍ നിരോധിക്കണമെന്നു പറയുന്നതിന്‌. അതായത്‌ നമ്മെ ദുര്‍വ്യയത്തിനു പ്രേരിപ്പിക്കുന്നു. ഇക്കാര്യത്തിനു നമ്മുടെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്കും കിട്ടണം രണ്ടടി. കഴിഞ്ഞ ദിവസം എന്റെ ഒരു ബന്ധു എന്നെ വിളിച്ചുപറഞ്ഞു "എന്റെ വീടിനു 15 ലക്ഷമാണ്‌ എസ്റ്റിമേറ്റ്‌. അതില്‍ നിന്നാല്‍ ഭാഗ്യം" (ഇയാളാര്‌ കേരളത്തിലെ ആഭ്യന്തരമന്ത്രിയോ) അതില്‍ നിന്നാല്‍ ഭാഗ്യമെന്നു പറയുന്നുണ്ടെങ്കിലും അതില്‍ നില്‍ക്കരുതേ എന്നാകും മനസ്സില്‍. എങ്കിലല്ലേ പൊങ്ങച്ചം പറയാനാകൂ.
നമ്മില്‍ പലരുടേയും വീടുകള്‍ നമ്മുടെ ആവശ്യങ്ങള്‍ക്കുപരി അയല്‍കാരന്റെ അസൂയയേണ്‌ തൃപ്തിപ്പെടുത്തുന്നത്‌. കുട്ടിക്കാലത്ത്‌ അധ്വാനിച്ചു പഠിച്ച്‌ ഡോക്റ്ററും എഞ്ചിനീയറുമായ അയല്‍ക്കാരനെ "നോക്കേടാ നീ പഠിച്ചുണ്ടാക്കിയതിനേക്കാള്‍ പതിന്മടങ്ങു ഞാന്‍ വിദേശത്തുനിന്നു സമ്പാധിക്കുന്നുണ്ട്‌" എന്ന് അവനെ കാണിക്കലാണ്‌ ഉദ്ദേശം. ഇത്തരുണത്തില്‍ സ്വന്തം മടിശീലയുടെ കനം പോലും നാം നോക്കറില്ല.
കല്ലേച്ചിവാക്യം.
(കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്‌ കുറ്റമാക്കുന്ന കാലം ആദ്യം എന്നെ അറസ്റ്റു ചെയ്യൂ)
ഫലിതം
എനിക്കു സ്വയം ചിരിക്കാന്‍ തമാശകള്‍ എങ്ങനേയെങ്കിലും വീണു കിട്ടാറുണ്ട്‌. നാട്ടില്‍ നിന്ന് ഭാര്യ വിളിച്ചിരുന്നു. അവള്‍ ഒരു പാവം സാധാരണ നാട്ടിന്‍ പുറത്തുകാരി പെണ്ണാണ്‌. അങ്ങനെ അധികം കടന്നു ചിന്തിക്കാനറിയില്ല.
"ഞാനൊരു കന്നൂട്ടിയെ (പശുക്കുട്ടി, കിടാരി) വങ്ങിയിരുന്നു"
"ഉം..."
"അതിനെപ്പം പലതവണയായി കൊണ്ടുപോകേണ്ടി വരുന്നത്‌. എന്താന്നറിയില്ല, എണ പിടിക്കുന്നില്ല. ഇപ്പോഴൊക്കെയാ ഇങ്ങളൂടെല്ലാത്തേന്റെ ദോഷം ഞാനറീന്നത്‌"
[നിന്നെപ്പോലെ നിന്റെ "കന്നൂട്ടി" (not Mammootti) യേയും സ്നേഹിക്കണം എന്നൊരു ക്ലോസ്സ്‌ (Animal husbandry= ഒരു ആനിമലിനു ഭര്‍ത്താവായിരിക്കല്‍) നമ്മുടെ വിവാഹക്കരാറിലില്ലാത്തതിനാല്‍ അഥവാ ഞാനവിടെ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ നിസ്സഹായനാണെന്ന് അറിയിക്കുന്നതില്‍ അതിയായി ഖേദിക്കുന്നു.]

posted by സ്വാര്‍ത്ഥന്‍ at 9:00 AM

1 Comments:

Blogger കേരളഫാർമർ/keralafarmer said...

സിമന്റ്‌ ഇണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ഡൊളാമൈറ്റ്‌ എന്നത്‌ മണ്ണിന്റെ ഫലഭൂയിഷ്ടി വദ്ധിപ്പിക്കുവാനും ഉത്‌പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നതുമാണ്.

4:33 AM  

Post a Comment

<< Home