Monday, November 27, 2006

അതുല്യ :: atulya - കടും പായസം -- സ്വാമിയേ ശരണമയ്യപ്പോ....

ഈ പായസം വളരെ എളുപ്പമാണു. അയപ്പ വ്രത കാലത്ത്‌ കെട്ട്‌ നിറയ്ക്‌ ഇത്‌ നൈവേദ്യം ആക്കിയില്ലെങ്കിലും, കെട്ട്‌ നിറയ്ക്‌ വരുന്നവര്‍ക്ക്‌ ഇത്‌ ഇലയില്‍ പൊതിഞ്ഞ്‌ കൊടുക്കാറുണ്ട്‌ എന്റെ വീട്ടില്‍. കര്‍ക്കിട മാസത്തിലേ എല്ലാ വെള്ളിയാഴ്ചകളിലും ഇത്‌ ഭഗവതിയ്ക്‌ ഇഷ്ടകാര്യ സിദ്ധിയ്കായും പ്രതെയ്യ്കിച്ച്‌ കല്ല്യാണം നടക്കാത്ത കന്യകളെ കൊണ്ട്‌ ഉണ്ടാക്കി നേദിച്ചാല്‍ മംഗല്യം വേഗം ഉണ്ടാവും എന്നും വിശ്വസിച്ച്‌ പോയിരുന്നു. അമ്പലങ്ങളിലെയോ വീട്ടിലെയോ ഭഗവതി സേവ നടത്തുന്ന അവസരങ്ങളിലും ഇത്‌ ഉണ്ടാക്കാറു പതിവാണു. സ്വാദിന്റെ മിടുക്ക്‌ കൊണ്ട്‌, തല്‍ക്കാലം ഇഷ്ടസിദ്ധികളോ മറ്റോ ലിസ്റ്റില്‍ ഇല്ലാത്തത്‌ കൊണ്ട്‌, ഞാനിത്‌ ഇടയ്ക്‌ വെള്ളിയാഴ്ചകളില്‍ ഉണ്ടാക്കും. ശ്രിരാമനവമി ദിവസങ്ങളില്‍ എന്നും ഇത്‌ നേദിയ്കാറുണ്ട്‌. ഇത്‌ സാധാരണ കുളിച്ച ഉടനേയാണു ഉണ്ടാക്കാറു. മാത്രമല്ല, നേദിച്ചിട്ടേ കഴിക്കാവൂ എന്നും ഒരു പറയാറുണ്ട്‌. ബാച്ചികള്‍ക്കും ഉണ്ടാക്കുവാന്‍ എളുപ്പമായത്‌ കൊണ്ടും, സ്വാമി ശരണം ആയത്‌ കൊണ്ടും, ഇന്ന് ഇത്‌ പോസ്റ്റാംന്ന് ഓര്‍മകളില്‍ മുങ്ങി നിവര്‍ന്നപ്പോള്‍ തോന്നി.

നെല്ലുക്കുത്തിയ പച്ചരി - 1/4 കിലോ

ഇതിനിനി നെല്ലു കുത്താന്‍ നില്‍ക്കണ്ട. ഇവിടെ ബ്രോക്കണ്‍ അരിയെന്നും പറഞ്ഞ്‌ പായ്കറ്റില്‍ കിട്ടും, അല്ലെങ്കില്‍ പച്ചരി ഒന്ന് മിക്സിയില്‍ വട്ടം കറക്കുക.

ശര്‍ക്കര - 1 കിലോ.
(മധുരം കൂടുതല്‍ ആവശ്യമുള്ളവര്‍ അല്‍പം കൂടി ഇടുക)

നെയ്യ്‌ - 1/2 കിലോ
എലയ്ക - ഇഷ്ടത്തിനു.
തേങ്ങ കൊത്തി കീറിയത്‌ 1/4 കപ്പ്‌ (ചില ഇടങ്ങളില്‍ കശുവണ്ടി തുണ്ടുകള്‍/കിസ്മിസ്‌ എന്നിവ കണ്ട്‌ വരുന്നു. ഈ വകയൊക്കെ ഇട്ട്‌ കഴിയുമ്പോള്‍ എനിക്ക്‌ ഒരു പലഹാരത്തിന്റെ ലുക്ക്‌ വരും. അത്‌ കൊണ്ട്‌ ഞാന്‍ ഉപയോഗിയ്കാറില്ല.)

അരി ആവശ്യത്തിനു വെള്ളത്തില്‍ പുറത്ത്‌ തന്നെ അടി കട്ടിയുള്ള പാത്രത്തില്‍ വേവിയ്കുക. ചോറു വാര്‍ക്കുന്ന അത്രയും വെള്ളം വേണ്ട. ഇതിലേയ്ക്‌ അടുപ്പത്ത്‌ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ശര്‍ക്കര കലക്കി, കരട്‌ കളഞ്ഞ്‌ ഊറ്റി എടുത്തത്‌ ഒഴിയ്കുക. വെന്ത അരിയും, ശര്‍ക്കരയും നല്ലവണ്ണം തിളച്ച്‌ കഴിഞ്ഞ്‌, ഇത്‌ കുറേശ്ശയായി വറ്റാന്‍ തുടങ്ങും,അപ്പോള്‍ നെയ്യ്‌ കുറേശ്ശെയായി ഒഴിച്ച്‌ ഇളക്കി കൊണ്ടേ ഇരിയ്കുക. എല്ലാം നെയ്യും കൂടി ഒന്നിച്ച്‌ കമഴ്ത്തണ്ട. അരമണിക്കൂര്‍ കഴിയുമ്പോ, പാത്രത്തിന്റെ അരികു വശത്തീന്ന് വിട്ട്‌ വരാന്‍ തുടങ്ങും ഈ മിശ്രിതം. അപ്പോ പാകമായീന്ന് കരുതാം. ഒരുപാട്‌ ദിവസം വെയ്കണ്ടവരോ/അല്ലാ വക്കാരിയ്കോ ഒക്കെ പാഴ്സലായി അയയ്കാന്‍ ഉദ്ദേശിയ്കുന്നവരോ ഒക്കെ അല്‍പം നേരം കൂടി ക്ഷമ കാട്ടി നല്ലവണ്ണം കട്ടി പരുവമാക്കുക.

മറ്റൊരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച്‌ (ദയവായി നോണ്‍ വെജ്ജോ/മുട്ടയോ ഒക്കെ ഉപയോഗിച്ച പാത്രത്തില്‍ ഇതിനുള്ള നെയ്യ്‌ ഒഴിയ്കാതിരിയ്കുക) ഈയ്യിടയായി ഒരു മേല്‍നോട്ടത്തിനു പോയി, ഇത്‌ ഉണ്ടാക്കുമ്പോ അയല്‍പ്പക്കത്ത്‌, എന്റെ കണ്ണ്‍ ഒന്ന് തെറ്റി, തേങ്ങ വറുത്തിടാന്‍ ഇപ്പോ വക്കാരീടെ ഐ.ഐ.റ്റീടെ പഠിത്തം ഒന്നും വേണ്ടാലോ ന്ന് കരുതി, ഞാനൊന്ന് മാറി. നെയ്യപായസത്തിനു നല്ല മീന്‍ വറുത്ത മണം!!, മീന്‍ വറുത്ത അലുമിനിയം ചീനച്ചട്ടീല്ലാണു നെയ്യൊഴിച്ച്‌ ക്രിയ നടത്തീത്‌, സോ പ്ലീസ്‌ അവസാനം കുളമാക്കല്ലേ...) ചീനചട്ടിയിലേയ്ക്‌ കൊത്തി വച്ചിരിയ്കുന്ന തേങ്ങ കൊത്തിടുക. മൂത്ത്‌ നിറം മാറുമ്പോ എടുത്ത്‌ മാറ്റി, ഈ തേങ്ങ വറുത്തത്‌ മാത്രം ഇട്ടാ മതി. ഈ നെയ്യ്‌ കൂടി പായസത്തിലേയ്ക്‌ ഒഴിച്ചാല്‍ നെയ്യ്‌ മൂത്ത്‌ കരിഞ്ഞ മാതിരിയുള്ള മണം വരും. അത്‌ പോലെ നെയ്യ്‌ ഇതിനായി അടുപ്പത്തെയ്ക്‌ വയ്കുമ്പോള്‍ ചെറുതീയില്‍ വയ്കുക, ഇന്നിട്ട്‌ പകുതി മുപ്പാവുമ്പോള്‍ തന്നെ സ്റ്റൗ അണയ്കുക. അല്ലെങ്കില്‍ മിക്കവാറും, തേങ്ങ നേരിയതായി കൊത്തിയതാത്‌ കൊണ്ട്‌ കരിയാന്‍ സാധ്യതയുണ്ട്‌. മിക്കവരും സേമിയ പായസത്തില്‍ കശുവണ്ടി വറുത്തിടുമ്പോള്‍ ഇത്‌ പോലെ ഒരു പ്രശ്നം കാണാറുണ്ട്‌. അത്‌ നെയ്യ്‌ മൂത്ത്‌ പിന്നേയും അടുപ്പത്ത്‌ ഇരിയ്കുന്നത്‌ കൊണ്ടാണു ആ ചൂടില്‍ കരിഞ്ഞു പോകുന്നത്‌.

ഈ തേങ്ങാ കൊത്തും കുടി ഇട്ട ശേഷം എലയ്ക പൊടിച്ചതും ചേര്‍ക്കുക. എലയ്ക പൊടിയ്ക്മ്പോ എലയ്കോടോപ്പം പഞ്ചസാര കൂട്ടി പോടിച്ചാല്‍ അല്‍പം എലയ്ക പൊടിയ്കുമ്പോള്‍ ബൗളില്‍ കിടന്ന് ഒളിച്ചേ കണ്ടേ.... കളി മാറിക്കിട്ടും.

(ദുബായിലെത്തിയ ശേഷം, നെയ്യ്ക്ക്‌ പകരം അല്‍മറായുടെ ഉപ്പില്ലാത്ത വെണ്ണ ചേര്‍ത്തും ഇത്‌ ഉണ്ടാക്കാം. കൂടുതല്‍ സ്വാദ്‌ ബട്ടറിനാണെന്ന് എനിക്ക്‌ തോന്നിയത്‌)

ഉണ്ടാക്കിയ പായസം തത്രപെട്ട്‌ പൂപാത്രത്തിലാക്കി മേശപുറത്ത്‌ വയ്കാനുള്ള ശ്രമം ഉപേക്ഷിയ്കുക, ഇത്‌ വച്ച പാത്രത്തില്‍ തന്നെ ഇരുന്ന് അല്‍പം "പാത്രഭാഗം" വരണം. ഈ വാക്കിന്റെ പൊരുള്‍ എന്താണെന്ന് എനിക്കിനിയും അറിയില്ല്യ. വീട്ടിലൊക്കെ ചൊല്ലി പടിച്ചത്‌ അങ്ങനെതന്നെ ചോദ്യം ചെയ്യാതെ തുടരുന്നു. എന്ത്‌ ഉണ്ടാക്കിയാലും, ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞേ വച്ച പാത്രത്തീന്ന് മാറ്റു, (ഇപ്പാഴത്തെ പോലെ ലൈവ്‌ കുക്കിങ്ങ്ന്നും പറഞ്ഞ്‌ ചുവന്ന ക്യൂട്ടെക്സും കുപ്പി വളയും, അഴിച്ചിട്ട കേശഭാരം ഉണ്ടാക്കുന്ന കൈകള്‍ കൊണ്ട്‌ തന്നെ ഒതുക്കിയും, കുപ്പി പാത്രങ്ങള്‍ നിരത്തിയുമൊക്കെയിട്ട്‌ പ്രദര്‍ശിപ്പിയ്കാന്‍ റ്റി.വി ചാനലില്ലാത്തത്‌ കൊണ്ടാകാം, ആ ഉരുളീന്ന് മാറ്റണ്ട പാത്രഭാഗം വരട്ടെന്ന് പറഞ്ഞ്‌ പറ്റിച്ചത്‌!!) ഏതായാലും ഉരുളിയോടെ തന്നെ പോരട്ടെ അയ്യപ്പന്റെ അടുത്തേയ്ക്‌...

posted by സ്വാര്‍ത്ഥന്‍ at 8:17 AM

0 Comments:

Post a Comment

<< Home