Monday, October 09, 2006

ദുര്‍ഗ്ഗ - മറ്റൊരു ഭോപ്പാല്‍ ദുരന്തം:-D

പ്രതിരോധസേനയില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആവണമെന്ന മോഹം എം സി എ അവസാനവര്‍ഷമായപ്പോള്‍ കലശലായി.ഒട്ടനവധി പേരെ മാതൃകയാക്കിക്കൊണ്ട് , ദേശഭക്തിയില്‍ മതിമറന്ന് ഞാന്‍ അങ്ങനെ സ്വപ്നം കണ്ടു തുടങ്ങി. സേനയില്‍നിന്നും പുറത്തു ചാടാന്‍‍ വെമ്പി നിന്നിരുന്ന ചില ഓഫീസര്‍മാര്‍ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല.
അങ്ങനെ മാതൃഭൂമി തൊഴില്‍ വാര്‍ത്തയില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ ഞാനും അപേക്ഷിച്ചു. ആദ്യം എയര്‍ഫോര്‍സില്‍ ആയിരുന്നു ശ്രമം. പരീക്ഷ പാസായി.ഇന്റര്‍വ്യൂവിനു ചെല്ലാന്‍ അറിയിപ്പു വന്നതനുസരിച്ചു ഞാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. അപ്പോഴതാ ഹെഡ്ക്വാര്‍ട്ടേഴ്സ് പറയുന്നു-മോള് വരണ്ടാ...ഊര്‍ജ്ജതന്ത്രം ബിരുദതലത്തില്‍ പഠിക്കാത്തതിനാല്‍..:( രാത്രിവിളിച്ചുണര്‍ത്തീട്ട് അത്താഴമില്ലാ‍ന്ന്!!
അങ്ങനെ സങ്കടത്തോടെ സി ടീ എസ്സിലെ ജോലി തുടരവേ, ഒരു സുപ്രഭാതത്തില്‍ നേവിയില്‍ നിന്നും കടലാസ് വന്നു-ഇന്റര്‍വ്യൂവിനു ഭോപ്പാലില്‍ ചെല്ലാന്‍ പറഞ്ഞുകൊണ്ട്.:)
എന്റെ ജീവിതത്തിലെ ആദ്യത്തെ എസ് എസ് ബി!:) ആഹ്ലാദഭരിതയായി ഞാന്‍ പ്രഭാതസവാരികളും വ്യായാമമുറകളും കണിശമാക്കി.എയര്‍ഫോര്‍സ് വേണ്ടാന്നു പറഞ്ഞപ്പോഴുണ്ടായ സങ്കടം ഞാന്‍ മറന്നത് ഭക്ഷണത്തിലൂടെയായിരുന്നതിനാല്‍ ഞാനാളാകെ മാറിപ്പോയിരുന്നു!:(
അങ്ങനെ രണ്ടാഴ്ചകൊണ്ട് പൊയ്പ്പോയ ഫിറ്റ്നസ്സ് ഒരു വിധമൊക്കെ തിരിച്ചു പിടിച്ച്, ഞാനുഷാറായി. നാട്ടില്‍ വന്നു പി റ്റി ക്കു വേണ്ടി വെള്ള പാന്റും ഷര്‍ട്ടും തൊപ്പിയും സോക്സും ഷൂസും കാര്‍ഗോസും ബെല്‍റ്റും ഒക്കെ വാങ്ങിക്കൂട്ടി.
ചെന്നൈയിലെത്തി മാനേജരോട് തത്ക്കാലം 3-4 ദിവസത്തെ ലീവ് വാങ്ങി. വേണമെങ്കില്‍ പിന്നെ നീട്ടാമല്ലോ. മോഡ്യൂള്‍ ലീഡര്‍ കിരണ്‍ മോയ് സെന്‍ അയാളുടെ കൂട്ടുകാരുടെ എസ് എസ് ബി അനുഭവങ്ങള്‍ പറഞ്ഞ് എനിക്കു പ്രചോദനം നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ ഒരു വെള്ളിയാഴ്ച രാത്രി അച്ഛന്റെ കൂടെ ഭോപ്പാലിലേയ്ക്ക് പുറപ്പെട്ടു. മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വീട്ടില്‍ ഉപനയനത്തിനു പോകുന്ന ഒരു തമിഴ് ബ്രാഹ്മണകുടുംബമായിരുന്നു ഞങ്ങളുടെ സഹയാത്രികര്‍. വണ്ടി വിട്ടപ്പോള്‍ തുടങ്ങിയ തീറ്റയാണ്, ഇടയ്ക്കിടെ മയക്കം വിട്ടുണരുമ്പോള്‍ ഞാന്‍ കാണുന്നത് ഈയൊരേ കാഴ്ച തന്നെ. ഇരുനിറത്തില്‍ തടിച്ചുകുറുകിയ ആയമ്മയും മെലിഞ്ഞ രണ്ടു വികൃതിപ്പിള്ളേരും ഇക്കാര്യത്തില്‍ ‘അഹമഹമികയാ’ മികച്ചു നിന്നു. പാവം കുടുംബനാഥന്‍ കിട്ടുന്നതൊക്കെ കൊറിച്ചുകൊണ്ട് ഒരു മൂലയ്ക്കിരുന്നു. തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റുകളിലും അവരുടെ വീട്ടുകാര്‍ തന്നെ. ഏതായാലും നേരം പോയിക്കിട്ടി.:-)
ശനിയാഴ്ച രാത്രി ഭോപ്പാലിലെത്തി. മൊബൈലുകളിലെ ചാര്‍ജ്ജ് തീര്‍ന്നിരുന്നതിനാല്‍ ബൂത്തില്‍ നിന്നും അമ്മയെ വിളിച്ചു വിവരം പറഞ്ഞു.
റെയില്‍ വേ സ്റ്റേഷന് മുന്‍പിലുള്ള ഹോട്ടലില്‍ താമസിച്ചു. വെളുപ്പിന് അച്ഛനാണ് വിളിച്ചുണര്‍ത്തിയത്. കുളിയൊക്കെ കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റുകളൊക്കെ എടുത്തുവെച്ചു. പിന്നെ പ്രാതല്‍ കഴിച്ചു. ദോശയായിരുന്നു. അതിനൊക്കെ അവിടെ വന്‍ ഡിമാന്‍ഡ്! ഭക്ഷണസമയത്ത് ചുറ്റും നോക്കിയപ്പോള്‍ ഏതാണ്ട് ആ സ്ഥലത്തേയും അവിടത്തെ ആളുകളേയും ഞാന്‍ പഠിച്ചു. മുസ്ലീങ്ങളാണ് കൂടുതല്‍.’മദ്രാസികളെ’ ക്കണ്ടു (തെക്കേ ഇന്ത്യക്കാര്‍ പൊതുവെ അവിടങ്ങളില്‍ അങ്ങനെയാണ് അറിയപ്പെടുന്നത്) അവരെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവിടെ ഇരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആലുവക്കാരനേയും കുട്ടിയേയും പരിചയപ്പെട്ടു.എസ് എസ് ബി ക്കായിത്തന്നെ വന്നതാണ്.
അച്ഛനും ഞാനും പുറത്തേയ്ക്കിറങ്ങി, കുറച്ചു സാധനങ്ങള്‍ കൂടെ വാങ്ങാനുണ്ട്. പുറത്ത് പൊള്ളുന്ന വെയില്‍..മെയ് ആണു മാസം! ഭോപ്പാല്‍ വറചട്ടി പോലെയിരിക്കുന്ന സമയം! മദ്രാസിലെ വെയിലൊക്കെ ഒരു വെയിലാണോ? :-) ഇലക്ഷന്‍ കാമ്പെയിന്‍ നടക്കുന്നതിനാല്‍ ചെവിക്കും സ്വൈര്യമില്ല. നടന്നു ക്ഷീണിച്ച എനിക്ക് അച്ഛന്‍ മാംഗോ ജ്യൂസ് വാങ്ങിത്തന്നു. ഇത്ര സ്വാദുള്ള ഒന്നു മുന്‍പു കഴിച്ചിട്ടേയില്ല. നമ്മുടെ നാട്ടില്‍ അതുകൊണ്ട് 10 എണ്ണമുണ്ടാക്കും. മലയാളി മലയാളി തന്നെ.:-))
ഉച്ചയൂണു കഴിഞ്ഞു അച്ഛനും ഞാനും റെയില്‍ വേ സ്റ്റേഷനു മുന്നിലെത്തി. അവിടെയാണ് എത്തിച്ചേരാന്‍ പറഞ്ഞിട്ടുള്ളത്. ഒരുപൂരത്തിനുള്ള ജനാവലി! പിള്ളേരെയൊക്കെ ഒന്നു വീക്ഷിച്ചു. സ്ത്രീസഹജമായ അസൂയ മൂലമാവണം ആദ്യം ശ്രദ്ധയില്‍പ്പെട്ടത് ഒരു പഞ്ചാബിസുന്ദരിയാണ്. ജലന്ധര്‍ കാരി. നല്ല വെളുത്ത നിറം.ഷാര്‍പ്പ് ഫീച്ചേഴ്സ് ഒക്കെയായി വളരെ സ്മാര്‍ട്ടാ‍ണ്‍.ഇടയ്ക്കിടെ പനോരമ വലുതാക്കാനെന്നോണം ചുറ്റും സ്കാന്‍ ചെയ്യുന്ന മട്ടില്‍ നോക്കുന്നുമുണ്ട്.വെട്ടുപോത്തിനെപ്പോലെയല്ല, കഴുത്തൊക്കെ പതുക്കെ ചരിച്ച് വലിയ കണ്ണുകള്‍ ചിലപ്പോള്‍ അല്പം ചെറുതാക്കി എന്തോ ശ്രദ്ധിക്കുന്ന പോലെ, അതല്ലെങ്കില്‍ നിസ്സംഗഭാവത്തില്‍..ഈ മിടുക്കിക്ക് കിട്ടാതിരിക്കില്ല എന്നു എന്റെ മനസ്സുപറഞ്ഞു.

അങ്ങനെയിരിക്കേ, ഞങ്ങളെ കൊണ്ടുപോവാനുള്ള ട്രക്ക് വന്നു. ഒരു ആര്‍മി വേഷധാരി വന്നു പറഞ്ഞു. “സിര്‍ഫ് എസ് എസ് ബി കാന്‍ഡിഡേറ്റ്സ് ഇധര്‍ ആയിയേ”..
എടുത്താല്‍ പൊങ്ങാത്ത പെട്ടികളും മറ്റും തൂക്കി ഞങ്ങള്‍ ട്രക്കിനടുത്തെത്തി. ജയലളിതയെപ്പോലിരിക്കുന്ന ഒരു ദില്ലിക്കാരി ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് ആ വണ്ടിക്കു മുകളില്‍ ചാടിക്കയറി ലഗേജ് ഒക്കെ ഞങ്ങളുടെ കയ്യില്‍ നിന്നും വാങ്ങി വച്ചു..ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത സാമര്‍ത്ഥ്യവും ഉണ്ടാക്കിക്കാണിക്കേണ്ടതുകൊണ്ട് മറ്റൊരു കുട്ടിക്കുരങ്ങത്തിയും, ശരീരം അനുവദിക്കുന്നില്ലേങ്കിലും തപ്പിപ്പിടിച്ചു കയറി..ഇതൊക്കെ താഴെ നിന്നു കണ്ട് എന്നിലെ ശരാശരി മലയാളി തികട്ടി വന്ന ചിരിയമര്‍ത്തി. ഇതൊക്കെ അമ്മയോട് ചെന്നു വിസ്തരിക്കാന്‍ എനിക്കു ധൃതിയായി. ഒരു പരദൂഷണത്തിനുള്ള സ്കോപ്പ് ഉണ്ട്.
കല്യാണപ്പെണ്ണ് വീട് വിട്ടുപോവുമ്പോള്‍ അച്ഛനെ നോക്കുന്ന പോലെ ഞാന്‍ തിരിഞ്ഞുനോക്കി..മാതാപിതാക്കള്‍ പ്രതീക്ഷയോടെ കുട്ടികളെ യാത്രയാക്കുന്നു. ഞാനും അച്ഛനോട് ‘ബൈ’ പറഞ്ഞു. ബസിനകത്തു ഏറ്റവും പിന്നിലത്തെ സീറ്റിലാണ് ഇടം കിട്ടിയത്..അടുത്തിരുന്ന ഋഷികേശ് കാരി അപാലി ഒരു മുനികുമാരിയെ ഓര്‍മ്മിപ്പിച്ചു. ക്യാമ്പിലെത്തി.ഡോര്‍മെട്രി ചൂണ്ടിക്കാണിച്ചു തന്നിട്ടു അവിടത്തെ ജോലിക്കാരി പോയി. വലതുവശത്തു അറ്റത്തുള്ള കട്ടിലുകള്‍ തെരഞ്ഞെടുത്തു, ഞാനും എന്റെ മലയാളിസുഹൃത്തും.
അവിടെ ഒരു കാക്കക്കുളിയൊക്കെ പാസാക്കി ഞങ്ങള്‍ ഓഫീസേഴ്സ് മെസ്സില്‍ ചെന്നു അത്താഴത്തിന്. യൂ പി ക്കാരി ഭക്തിയും അപാലിയും നൈനയും ആയിരുന്നു എന്റെ മറ്റു സുഹൃത്തുക്കള്‍. മെസ് ഹാള്‍ വളരെ വിശാലമായിരുന്നു. ഒരു പകുതി ലേഡി ഓഫീസേഴ്സിനായുള്ളതാണ്. ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം വരാന്തയിലിരുന്നു കൊച്ചുവര്‍ത്തമാനമൊക്കെ പറഞ്ഞു ഞങ്ങളെല്ലാം ഉറക്കം പിടിച്ചു.

തിങ്കളാഴ്ച പുലര്‍ന്നു.പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം, പ്രാതലിനു മുന്‍പു എല്ലാവരും വര്‍ത്തമാനം പറഞ്ഞിരിക്കേ, ഭക്തിയെ അടുത്തുപരിചയപ്പെടാന്‍ കഴിഞ്ഞു. നീണ്ടുമെലിഞ്ഞ്, മുടി ബോയ്കട്ട് ചെയ്ത തേജസ്സുള്ള ഒരു ഇരുനിറക്കാരി. ഏറെ നാള്‍ പരിചയമുള്ളപോലെയുള്ള പെരുമാറ്റം. അഞ്ചാമത്തെ എസ് എസ് ബീയാണത്രേ ആ കുട്ടിയുടെ. ആ അര്‍പ്പണമനോഭാവം എന്നെ ആകര്‍ഷിച്ചു.എനിക്കും നല്ല ‍അടുപ്പം തോന്നി. അവര്‍ പ്രാതല്‍ കഴിഞ്ഞ് എത്തുന്നതു വരെ ഞാന്‍ മെസ്സ് ഹാളിനുമുന്നില്‍ നിന്നു(തിങ്കളാഴ്ക്ചയായതിനാല്‍ വ്രതമായിരുന്നു). ഇന്നേദിവസം എന്റെ പേരില്‍ ചോറ്റാനിക്കരയമ്പലത്തില്‍ ഒരു പുഷ്പാഞ്ജലി കഴിക്കാമെന്നു സഹപാഠിയായ ഒരടുത്ത സുഹൃത്ത് ഏറ്റിട്ടുണ്ട്...അതൊക്കെയോര്‍ത്തു അവിടെ നിന്നു, റ്റെന്‍ഷനടിച്ച്!

പിന്നെ ഞങ്ങള്‍ ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെത്തി.
ഒരു ഓഫീസര്‍ ഞങ്ങളെ ബ്രാഞ്ച് അനുസരിച്ച് മാറ്റി നിര്‍ത്തി. ഞാന്‍ ലോജിസ്റ്റിക്സ് ആയിരുന്നു. നേവല്‍ ആര്‍ക്കിട്ടെക്ചര്‍ ബ്രാഞ്ച് കിട്ടാന്‍ ഒരു സുഹൃത്തിന്റെ ഉപദേശമനുസരിച്ചു ഒരു ശ്രമം നടത്തിയെങ്കിലും അവര്‍ അനുവദിച്ചില്ല. പിന്നെ എഴുത്തുപരീക്ഷയും കഥപറച്ചില്‍ മത്സരവും ഒക്കെ നടന്നു. ഇടയ്ക്കെപ്പോഴോ അച്ഛനെ ആ മുള്ളുവേലിക്കപ്പുറം കണ്ടു, മറ്റു മാതാപിതാക്കള്‍ക്കൊപ്പം. വൈകുന്നേരമായി. ആദ്യദിവസത്തിന്റെ ഫലം പ്രഖ്യാപിക്കാന്‍ പോകുന്നു.നെഞ്ചിടിപ്പു കൂടി.:) തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ വായിച്ചു തുടങ്ങി.പേരു കേള്‍ക്കേണ്ട താമസം ഓരോരുത്തരായി വരാന്തയിലേയ്ക്കു കയറി. ഭക്തി, ആ പഞ്ചാബി സുന്ദരി...അങ്ങനെയങ്ങനെ...അവസാനപേരും വായിച്ചതോടെ എന്റെ ആശ നശിച്ചു. ഇക്കാണായ കഷ്ടപ്പാടൊക്കെ സഹിച്ചു ഇവിടെ വന്നിട്ടു...ആകെ നിരാശ തോന്നി. പിന്നെ ഡോര്‍മെട്രിയിലേക്കോടി.എത്രയും പെട്ടെന്നു ടി ഏ /ഡി ഏ വാങ്ങി തിരിച്ചുപോകണം..അല്ലെങ്കിലും എം സീ ഏ യ്ക്കു റാങ്ക് വാങ്ങീത് ലോജിസ്റ്റിക്സില്‍ കേസില്ലാവക്കീലായിരിക്കാനാണോ? കിട്ടാത്ത മുന്തിരി പുളിക്കും..;)
ആരൊക്കെയോ മനസിലിരുന്നു കൊഞ്ഞനം കുത്തിപ്പാടി-”അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്...”..

ഞാന്‍ ബാഗൊക്കെ അടുക്കിവെച്ചു, കുറച്ചു വെള്ളം കുടിക്കാനായി കൂളറിന്റെ അടുത്തെത്തി. അപ്പോള്‍ അതാ വരുന്നു ഓടിക്കിതച്ചു ഒരാള്‍. ഭക്തിയാണു..”കബ് സേ തെരെ സെര്‍ച് മെം ഹൂം മേ..” എന്നും പറഞ്ഞു ഓടിവന്നു കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. അങ്ങനേയും ഒരു സുഹൃദ്ബന്ധം. ഇത്രയും ദൂരെ ഓടി വന്നു എന്നോടു മാത്രംയാത്രപറയാന്‍ ആ കുട്ടിയെ പ്രേരിപ്പിച്ചതെന്താണ്?എന്നില്‍ എന്തു പ്രത്യേകതയാണ് കണ്ടത്?! ഈ ചോദ്യങ്ങള്‍ക്കു ഇന്നും ഉത്തരമില്ല. എന്തായാലും ആ സ്നേഹം എസ് എസ് ബീ പാസ്സാവാത്ത സങ്കടത്തില്‍ നിന്നും അല്പം മോചനം നല്‍കി. വേഗം ഓഫീസില്‍ ചെന്നു യാത്രക്കൂലി വാങ്ങി ബസില്‍ കയറി റെയില്‍ വേ സ്റ്റേഷനിലെത്തി. അച്ഛനും വേറൊരു വണ്ടിയില്‍ ആദ്യമേ അവിടെ തിരിച്ചെത്തിയിരുന്നു. ഹോട്ടലില്‍ കയറി ഒരു കാപ്പിയൊക്കെ കുടിച്ചു ലഗേജൊക്കെ എടുത്ത് തിരിച്ച് സ്റ്റേഷനിലെത്തി. സങ്കടവും ക്ഷീണവും കൊണ്ട് ആകെത്തളര്‍ന്ന എനിക്കു വീണിടം വിഷ്ണുലോകം എന്ന അവസ്ഥയായിരുന്നു..ട്രെയിനില്‍കയറിയപാടേ ഒരു കന്യാസ്ത്രീയുടെ അടുത്തു, അതേ ബര്‍ത്തില്‍ ചാരിക്കിടന്നുറങ്ങി.രാവിലെയാണ് കണ്ണുതുറന്നത്. മുകളിലത്തെ ബര്‍ത്ത് ഒഴിഞ്ഞതിനാല്‍ അവിടെ കയറി കിടന്നുകൊള്ളാന്‍ പറഞ്ഞു അച്ഛന്‍. അങ്ങനെ കുംഭകര്‍ണ്ണസേവ മതിയാവോളം നടത്തി. നിരാശപൂര്‍ണ്ണമായ മടക്കയാത്രയായതിനാല്‍ ഭക്ഷണമൊക്കെ പേരിനു മാത്രമായിരുന്നു. ചൊവ്വാഴ്ച്സ് രാത്രി ചെന്നൈ സെന്റ്രല്‍ സ്റ്റേഷനിലെത്തി. അവിടിരുന്നു നേരം വെളുപ്പിച്ചു. ആദ്യത്തെ 147 ബസില്‍ തന്നെ കയറി തിരുവാണ്മിയൂര്‍ക്ക്..അച്ഛന്‍ മീനമ്പാക്കത്തുള്ള ക്വാര്‍ട്ടേഴ്സിലേയ്ക്കും പോയി.

തിരികെ ഓഫീസിലെത്തീപ്പോള്‍ കിരണ്മോയ് സെന്‍ ആശ്വാസവാക്കുകളുമായി മുന്നില്‍. എസ് എസ് ബിയില്‍ തെരഞ്ഞെടുക്കപ്പെടാതെപോയ മഹാന്മാരുടെ പേരുകള്‍ നിരത്തിത്തുടങ്ങി ആശാന്‍ തന്റെ പതിവു ശൈലിയില്‍-വായില്‍ രസഗുള ഇട്ടതുപോലുള്ള തനതു ബംഗാളി ശൈലിയില്‍! അബ്ദുള്‍ കലാം പോലും കിട്ടാതിരുന്നവരില്‍ പെടുമെന്നു ഞാന്‍ സ്വയം ആശ്വസിച്ചു.:)

രണ്ടാം ദിവസത്തെ പി ടി ക്കായി കരുതിയിരുന്ന വെള്ള പാന്റും ഷര്‍ട്ടും എല്ലാം തിരിച്ചു അതേ കടയില്‍ കൊടുത്ത് അച്ഛന്‍ മൂന്നാലു നല്ല ഷര്‍ട്ടുകള്‍ വാങ്ങി.:) ഷൂസ് പിന്നീടുള്ള മോര്‍ണിംഗ് വാക്കുകളില്‍ എന്റെ സന്തതസഹചാരിയായിരുന്നു. തൊപ്പി ഒരു സ്മാരകം പോലെ അലമാരയിലുണ്ട്.:) ബെല്‍റ്റ് അച്ഛനുമെടുത്തു.
അങ്ങനെ ജീവിതത്തില്‍ സംഭവബഹുലമായ ഒരു നാടകത്തിനുകൂടി തിരശ്ശീല വീണു.

posted by സ്വാര്‍ത്ഥന്‍ at 3:33 AM

0 Comments:

Post a Comment

<< Home