Friday, September 29, 2006

Suryagayatri സൂര്യഗായത്രി - അവള്‍ നനഞ്ഞ മഴ

ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ആകാശവും ഭൂമിയും മഴയ്ക്ക്‌ വേണ്ടി പിടിവലി ആയിരുന്നു. കാര്‍മേഘങ്ങള്‍ തനിക്ക്‌ സ്വന്തമെന്ന് ആകാശവും, മഴ തന്റെ സ്വാന്ത്വനമെന്ന് ഭൂമിയും സ്ഥാപിക്കുന്ന സമയത്താണ്‌, അവള്‍ ജോലി കഴിഞ്ഞ്‌ ബസ്‌സ്റ്റോപ്പിലെത്തിയത്‌. അവിടെ ഓരോ ആളും മനസ്സിലെ തിരക്ക്‌ മുഖത്ത്‌ അണിഞ്ഞ്‌ നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ക്ക്‌ മൌനം കൂട്ടുണ്ടായിരുന്നു. മനസ്സിലെ സ്വപ്നങ്ങളോട്‌ മാത്രം സല്ലപിക്കാനേ അവള്‍ ഇഷ്ടപ്പെട്ടുള്ളൂ.

"... ലേക്കുള്ള ബസ്‌ പോയോ?" എന്നും ഓടിപ്പിടച്ച്‌ വരുന്ന , സമയത്തിന്റെ വില അറിയുന്ന, ഉദ്യോഗസ്ഥ വന്ന് അവളുടെ മൌനം മോഷ്ടിച്ചു.

"കണ്ടില്ല. ഞാനിപ്പോള്‍ എത്തിയതേയുള്ളൂ."

പെയ്തുതുടങ്ങി. മനസ്സിലേക്ക്‌ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നത്‌ പോലെ. ഭൂമിയെ കുളിര്‍പ്പിച്ച്‌, പരിഭവം മാറ്റി കാര്‍മേഘം കുസൃതിക്കാരനായി. ഭൂമി കിലുകിലെച്ചിരിക്കാന്‍ തുടങ്ങി. കൂടെ മഴയും. ചിരി അവളുടെ ദേഹത്തേക്ക്‌ എത്തിനോക്കിയപ്പോള്‍ അവള്‍ ബസ്‌ഷെല്‍ട്ടറിലേക്ക്‌ ഒന്നുകൂടെ ഒതുങ്ങി നിന്നു. മഴയുടേയും ഭൂമിയുടേയും കണ്ടുമുട്ടല്‍ അറിഞ്ഞപോലെ, സ്വകാര്യതയിലേക്ക്‌ എത്തിനോക്കാന്‍ മടിക്കുന്ന മട്ടില്‍, ബസ്‌ഷെല്‍ട്ടര്‍ മിക്കവാറും ശൂന്യം. അവള്‍ ഒരു സൈഡില്‍ ചാരി ഇരിക്കുമ്പോഴാണ്‌ ഉദ്യോഗസ്ഥയ്ക്കുള്ള ബസ്‌ വന്നത്‌.

അപരിചിതരും, പരിചിതരും ഒഴിഞ്ഞ്‌ ഒറ്റയ്ക്ക്‌ ആയപ്പോള്‍, അവള്‍ പതുക്കെ തന്റെ ലോകത്തേക്ക്‌ തിരിച്ച്‌ വന്നു‌. ‘ജീവിതവും ഇത്‌പോലെ. മരണമെന്ന ബസ്‌ വരുന്നു. കയറിക്കയറിപ്പോകുന്നു. ചോദിച്ച്‌ കയറാന്‍ പറ്റില്ല. അത്ര മാത്രം.' അവള്‍ ഓര്‍ത്തു.

മഴയുടെ താളത്തില്‍ ഹൃദയവും മിടിച്ചുകൊണ്ടിരുന്നു. മഴയോടൊപ്പം നൃത്തത്തിനായി ഇറങ്ങി അവള്‍. മഴ അവളുടെ ശരീരത്തില്‍, അപരിചിതത്വത്തോടെ തൊട്ടു. പിന്നെ ഒരുമിച്ച്‌ നൃത്തം ചെയ്തു. സ്വപ്നങ്ങളും മൌനവും മാഞ്ഞ്‌ പോയിരുന്നു. മഴയോട്‌ സല്ലപിച്ച്‌ സല്ലപിച്ച്‌, മനസ്സും ശരീരവും ഒരുപോലെ തളര്‍ന്നു. മഴയ്ക്കും അവള്‍ക്കും ഇടയിലെ സൌഹൃദം സഹിക്കാത്ത മട്ടില്‍ ഒരു കാറ്റ്‌ വീശി. ‘മതി. എന്റെ കൂടെ വാ’ എന്ന ആജ്ഞയില്‍ കാറ്റ്‌ മഴയുടെ കൈകവര്‍ന്നു. കാറ്റിനെ ചെറുക്കാന്‍ നോക്കിയ അവളെ തലോടിക്കൊണ്ട് ഒരു വാഹനം പോയി.

മഴയോട്‌ യാത്ര പറയാന്‍ അവള്‍ക്കായില്ല. മഴയോടൊപ്പം, ഈ ലോകവും, അവള്‍ക്ക്‌ പുറംതിരിഞ്ഞ്‌ നടന്ന് കഴിഞ്ഞിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 12:35 AM

0 Comments:

Post a Comment

<< Home