Thursday, September 28, 2006

അതുല്യ :: atulya - സുമിത്രയുടേ വ്യാകുലതകള്‍

പാവം സുമിത്ര, മുകുന്ദേട്ടനുമായി കല്ല്യാണം നിശ്ചയിച്ചിരിയ്കുന്ന അവള്‍ ആശയക്കുഴപ്പത്തിന്റെ നടു-കടലിലാണു..

മുകുന്ദേട്ടന്‍ നയം വ്യക്തമാക്കി,
നീ ബ്ലോഗുമായി മുമ്പോട്ട്‌ പോകാന്‍ പറ്റില്ല,
നീ എഴുതേണ്ടത്‌ എനിക്ക്‌ വേണ്ടി, വേണമെങ്കില്‍ വാരികകള്‍ക്ക്‌ അയച്ചോ. പക്ഷേ ഈ പലവിധം ആളുകളുമായിട്ടുള്ള കിളികൊഞ്ചലുകളും, തര്‍ക്കുത്തരങ്ങളും, പൊട്ടാത്ത രസച്ചരടുകളും വേണ്ട.ഇനിയും എഴുതൂ,അത്യുഗ്രന്‍ ശൈലി സുമീ എന്നൊക്കെ ഞാനാവണം പറയേണ്ടത്‌, അല്ലാതെ ഈ 2 മിനിറ്റ്‌ ഇടവെട്ട്‌ നിന്നോട്‌ സല്ലപിയ്കുന്ന ബ്ലോഗ്ഗേഴ്സ്‌ ആവരുത്‌. രാത്രി പോലും നീ ഇരുന്ന് മാങ്കൂട്ടത്തിന്റെ പോസ്റ്റില്‍ കമന്റിട്ടില്ലേ? ആ സമയം ഒരു എഴുത്ത്‌ എനിക്ക്‌ നീ എഴുതാമായിരുന്നില്ലേ?

നീ പാചകം ചെയ്യുന്നത്‌ എനിക്കു വേണ്ടിയാവണം,
ബ്ലോഗിലെ കൂട്ടുകാര്‍ക്ക്‌ കമന്റിട്ട്‌ രസിയ്കാനാവരുത്‌,

അവര്‍ക്ക്‌ നീ ഒരു ആരാധനാപാത്രമാകരുത്‌, നിന്നെ രണ്ട്‌ നാള്‍ കാണാതാവുമ്പോ, തിരിച്ചുവരു, ഒരു രസോമില്ലാ, പിണങ്ങിയോ സുമീ.. എന്നുള്ള ഒരു സങ്കടമുണര്‍ത്തലുകളുമുണ്ടാവരുത്‌.

നിന്നെ ഞാനും ചാറ്റില്‍ കാണാറുള്ളതല്ലേ? നീ എന്നോട്‌ എത്ര കുറച്ചാണു മിണ്ടുന്നത്‌? അതേ സമയം, എത്ര കമന്റുകളാണു നീ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്ക്‌ വേണ്ടി പോസ്റ്റ്‌ ചെയ്യുന്നത്‌? അവരുടേ മക്കളുടെ അസുഖത്തിനു വേണ്ടി പോലും നീ എന്തിനു നേര്‍ച്ച നേരുന്നു? നിനക്കിനി ബന്ധു ഞാനും എന്റെ ബന്ധുക്കളും വീട്ടുകാരുമല്ലേ?

ഒരുപാട്‌ ബാച്ചിലേഴ്സ്‌ പിള്ളേരുമായി നിന്റെ ചങ്ങാത്തവും കിളികൊഞ്ചലും എല്ലാരും അറിയുന്നില്ലേ? എത്ര പേരുടേ എഴുത്താണു നിന്റെ മെയില്‍ ബോക്സില്‍ നിറയുന്നത്‌? വൈകുന്നേരത്തേ നമ്മുടെ കൂടിക്കാഴ്ചകളില്‍ കൂടി നിന്റെ ഫോണില്‍ അവരുടെ സന്ദേശങ്ങളും, അന്വേക്ഷണങ്ങളും എന്ത്‌ കൊണ്ട്‌ വരുന്നു?

നീ പറയുന്ന നെറ്റ്‌ സൗഹൃദമെങ്കില്‍ എന്ത്‌ കൊണ്ട്‌ അത്‌ സായാഹ്നങ്ങളിലേയ്കും കൂടിക്കാഴ്ചകളിലേയ്കും എത്തി നില്‍ക്കുന്നു? അവര്‍ നിനക്ക്‌ പിരിയാനാവാത്ത ബന്ധം പോലയല്ലേ നീ അവരോട്‌ മിണ്ടുന്നത്‌? കല്ല്യാണത്തിനു വിളിയ്കാന്‍ മാത്രം എന്ത്‌ ബന്ധമാണു നിനക്കവരൊട്‌?

നിനക്ക്‌ എഴുതണമെന്ന് അത്രയ്ക്‌ നിര്‍ബ്ബന്ധമുണ്ടെങ്കില്‍ തുടര്‍ന്നോളു. പക്ഷെ കമന്റ്‌ ഓപ്ഷന്‍ വേണ്ട. അവളുടെ മുകുന്ദേട്ടന്‍ തുടര്‍ന്നുകോണ്ടേ ഇരുന്നു.

അവള്‍ ഓര്‍ത്തു.. ഈശ്വരാ എന്തൊരു പരീക്ഷണം... എനിക്ക്‌ ജീവനു തുല്യമല്ലേ മുകുന്ദേട്ടന്‍? എത്ര കൊല്ലമായി നെഞ്ചിലേറ്റി നടക്കുന്നു. എന്നിട്ടും ഈ ഒരു സൗഹൃദത്തേ എന്തു കൊണ്ട്‌ ഇത്രയും പഠിച്ച ഇദ്ദേഹം മനസ്സില്ലാക്കുന്നില്ലാ?

ഞങ്ങളുടെ ഭാവി ഐശ്വര്യപൂര്‍ണമാവുമോ? എനിക്ക്‌ എന്റെ ബ്ലോഗും പ്രിയ സുഹൃത്തുക്കളേയും നഷ്ടപെടുമോ? ഞനെന്താണു വേണ്ടത്‌? വിവാഹ ജീവിതത്തിലേയ്ക്‌ കാലൂന്നിയിരുയ്കുന്ന എന്റെ ഈ നീറിപുകയുന്ന മനസ്സ്‌ ഒന്ന് തണുപ്പിയ്കാന്‍ ദയവായി ഇതിലൂടെ ഒരു മറുപടി തരൂ ഡോക്ടര്‍...

posted by സ്വാര്‍ത്ഥന്‍ at 1:09 AM

0 Comments:

Post a Comment

<< Home