Thursday, September 28, 2006

ശേഷം ചിന്ത്യം - ഫോര്‍മാറ്റ് യുദ്ധം വീണ്ടും

വിപണി പിടിച്ചടക്കാന്‍ രണ്ടോ അതിലധികമോ മീഡിയാ ഫോര്‍മാറ്റുകള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് പൊതുവേ ഫോര്‍മാറ്റ് യുദ്ധം എന്ന് വിളിക്കുന്നത്. ഇന്ന് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഇത്തരമൊരു മത്സരം നടക്കുന്നത് ഹൈ-ഡെഫനിഷന്‍ ഡി. വി. ഡി.-കളുടെ ഫോര്‍മാറ്റിനെച്ചൊല്ലിയാണ്. സോണി കോര്‍പറേഷനും കൂട്ടുകാരും മുന്നോട്ട് വച്ച ബ്ലൂ-റേയ് (Blu-Ray) ഫോര്‍മാറ്റാണോ അതോ റ്റോഷിബയും കൂട്ടാളികളും നിര്‍ദ്ദേശിക്കുന്ന എഛ്. ഡി.-ഡി. വി. ഡി. (HD-DVD) ഫോര്‍മാറ്റാണോ വിജയിയെന്നറിയാന്‍ ഇനിയും മാസങ്ങള്‍—ഒരു പക്ഷേ വര്‍ഷങ്ങള്‍ തന്നെ—കാത്തിരിക്കണം.

വിഡിയോ ഫോര്‍മാറ്റ് യുദ്ധം
അല്പം ചരിത്രം. ഫോര്‍മാറ്റ് യുദ്ധം പുതിയ സംഭവവികാസമൊന്നുമല്ല. 1970-കളിലും 1980-കളുടെ ആദ്യത്തിലും വിഡിയോ റ്റേപ്പുകളുടെ ഫോര്‍മാറ്റ് എന്തായിരിക്കണം എന്ന പേരില്‍ നടന്ന ശക്തമായ മത്സരത്തെയാണ് വിഡിയോ ഫോര്‍മാറ്റ് യുദ്ധം എന്ന് വിളിക്കുന്നത്. സോണി കോര്‍പറേഷന്‍ മുന്നോട്ട് വച്ച ബീറ്റാമാക്സ് എന്ന ഫോര്‍മാറ്റും JVC കണ്ടുപിടിച്ച VHS (വിഡിയോ ഹോം സിസ്റ്റം)-ഉം തമ്മിലായിരുന്നു വിഡിയോ ഫോര്‍മാറ്റ് യുദ്ധം അരങ്ങേറിയത്. രണ്ടു ഫോര്‍മാറ്റിനും അതാതിന്‍റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടായിരുന്നു.

ഒരു സിനിമ ഒരു റ്റേപ്പില്‍ റെക്കോഡ് ചെയ്തെടുക്കുക എന്നത് അക്കാലത്ത് വലിയ കാര്യമായിരുന്നു. ബീറ്റാമാക്സിന്‍റെ ആദ്യ പതിപ്പിന് ഒരു മണിക്കൂറായിരുന്നു റെക്കോഡിംഗ് സമയം. VHS-ന് രണ്ടു മണിക്കൂറും. VHS-നോട് പിടിച്ചു നില്‍ക്കാന്‍ സോണി ബീറ്റാമാക്സിന്‍റെ രണ്ടാം പതിപ്പ് രണ്ടു മണിക്കൂര്‍ റെക്കോഡിംഗ് സമയമാക്കി വര്‍ധിപ്പിച്ചു. റെക്കോഡിംഗ് നിലവാരം കുറച്ചാണ് സോണി ഇത് സാധ്യമാക്കിയത്. 1980 ആയപ്പോഴേയ്ക്കും ബീറ്റാമാക്സില്‍ മൂന്നു മണിക്കൂര്‍ പതിനഞ്ച് മിനിട്ടു വരെ റെക്കോഡ് ചെയ്യാമെന്നായി. VHS-ല്‍ മൂന്നു മണിക്കൂറും. എണ്‍പതുകളുടെ മധ്യത്തോടെ എട്ടുമണിക്കൂര്‍ റെക്കോഡ് ചെയ്യാവുന്ന VHS റ്റേപ്പുകള്‍ ലഭ്യമായിത്തുടങ്ങി.

എണ്‍പതുകളുടെ ആദ്യം തുടക്കത്തില്‍ വിഡിയോ റ്റേപ്പുകളും പ്ലെയറും വാടകയ്ക്കു കൊടുക്കുന്നവര്‍ VHS മെഷീനുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ഇതിന്‍റെ പ്രധാന കാരണം VHS മെഷീനുകളുടെ വിലക്കുറവായിരുന്നു. ബീറ്റാമാക്സിന്‍റെ വില കൂടുതലായതിനാല്‍ അത് വരേണ്യ വര്‍ഗത്തിന്‍റെ മെഷീനെന്ന ‘ചീത്തപ്പേര്’ നേടിയെടുത്തു.

ഈ മത്സരത്തിനിടയിലേയ്ക്കാണ്, ഫിലിപ്സും ഗ്രണ്‍‍ഡിഗും ചേര്‍ന്ന് നിര്‍മിച്ച വിഡിയോ 2000 എന്ന ഫോര്‍മാറ്റ് യൂറൊപ്യന്‍ വിപണി തേടിയെത്തിയത്. മറ്റു രണ്ട് രീതികളെ വച്ചു നോക്കുമ്പോള്‍ മെച്ചപ്പെട്ട റ്റെക്നോളജി ആയിരുന്നിട്ടുകൂടി വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ വിഡിയോ 2000-ന് കഴിഞ്ഞില്ല.

1986 ആയതോടെ ഫോര്‍മാറ്റ് യുദ്ധത്തിന്‍റെ അവസാനമായി. സോണിയുടെ മാര്‍ക്കറ്റിംഗ് വിഡ്ഡിത്തവും (പ്രധാനമായും ബീറ്റാമാക്സ് റ്റെക്നോളജി ലൈസന്‍സ് ചെയ്യാതിരുന്നത്) VHS-ന്‍റെ വിലക്കുറവും VHS-നെ വിഡിയോ ഫോര്‍മാറ്റ് യുദ്ധത്തില്‍ വിജയികളാക്കി. ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും ബീറ്റാമാക്സിനെ പരാജയത്തിന്‍റെ പര്യായമായാണ് ഇന്നത്തെ ലോകം കാണുന്നത്.

പുതിയ യുദ്ധം
വിഡിയോ ഫോര്‍മാറ്റ് യുദ്ധം പോലെ ചരിത്രം രേഖപ്പെടുത്തിയേക്കാവുന്ന മറ്റൊരു ഫോര്‍മാറ്റ് യുദ്ധത്തിന് ബ്ലൂ-റേയും HD-DVD-യും തയ്യാറെടുക്കുന്നു. ഇതിന്‍റെ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഒന്നുരണ്ട് കാര്യങ്ങള്‍ പറയുന്നത് പിന്നീടുള്ള വിവരണം മനസ്സിലാക്കാന്‍ സഹായകമാക്കും.

എന്താണ് ഹൈ-ഡെഫനിഷന്‍?
സാധാരണയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊളുന്ന എന്തിനെയും ഹൈ-ഡെഫനിഷന്‍ എന്ന നിര്‍വചനത്തില്‍ പെടുത്താമല്ലോ. വിഡിയോ സിഗ്നലുകളിലും ഓഡിയോ സിഗ്നലുകളിലും വിശദാംശങ്ങള്‍ കൂടുന്നതോടുകൂടി പടത്തിന്‍റെയും ശബ്ദത്തിന്‍റെയും നേര്‍ത്ത വ്യതിയാനങ്ങള്‍ കൂടി വളരെ വ്യക്തമായി അനുവാചകരിലേയ്ക്കും ആസ്വാദകരിലേയ്ക്കും എത്തിക്കാമെന്നായി. വിശദാംശങ്ങള്‍ കൂടുക എന്നാല്‍ കൂടുതല്‍ ഡാറ്റ ഉണ്ടാവുക എന്നര്‍ഥം. ഇങ്ങനെ കൂടുതലായുണ്ടാവുന്ന ഡാറ്റ മെച്ചപ്പെട്ട ചിത്രമായോ ശബ്ദമായോ മാറ്റുവാന്‍ ഇന്നത്തെ ഉപകരണങ്ങള്‍ക്ക് കഴിവുണ്ട്.

ഹൈ-ഡെഫനിഷന്‍ എന്നത് വ്യക്തമാവണമെങ്കില്‍ എന്താണ് സാധാരണ ഡെഫനിഷന്‍ എന്നു മനസ്സിലാക്കണം. അതിന് ആദ്യമായി വിഡിയോ സിഗ്നലുകള്‍ എങ്ങനെയാണ് ഡിസ്പ്ലേ ഉപകരണങ്ങള്‍ (റ്റി. വി. മുതലായവ) കൈകാര്യം ചെയ്യുന്നതെന്ന് നോക്കാം.

ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗും പ്രോഗ്രസ്സീവ് സ്കാനിംഗും
CRT മോണിറ്ററുകളും റ്റി. വി. കളിലും ഉപയോഗിക്കാനായി 1920-കളില്‍ കണ്ടുപിടിച്ച റ്റെക്നോളജി ആണ് ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ്. NTSC വിഡിയോ ഡിസ്പ്ലേകള്‍ ഒരു സെക്കന്‍റില്‍ 30 ഫ്രെയിം കാണിക്കുന്നു (29.97 ആണ് കൃത്യമായ നമ്പര്‍). ഒരു ഫ്രെയിമില്‍ നിന്നും തൊട്ടടുത്ത ഫ്രെയിമിലേയ്ക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന വിറയല്‍ (ഫ്ലിക്കര്‍) മാറ്റാനുള്ള മരുന്നായാണ് ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ് രംഗത്തെത്തിയത്. സാധാരണ നാം കാണുന്ന NTSC വിഡിയോ സിഗ്നലില്‍ ഓരോ ഫ്രെയിമിലും (ഉദാഹരണം: റ്റി. വി. സിഗ്നല്‍) 525 തിരശ്ചീന വരികളാണുള്ളത് (horizontal lines). ഇതില്‍ 480 എണ്ണമാണ് വിഡിയോ ഡിസ്പ്ലേകളില്‍ കാണാന്‍ കഴിയുക. ഈ 480 വരികളില്‍ 1, 3, 5 തുടങ്ങി 479 വരെയുള്ള വരികളെ ഒറ്റ ഫീല്‍ഡുകള്‍ എന്നും 2, 4, 6, തുടങ്ങി 480 വരെയുള്ള വരികളെ ഇരട്ട ഫീല്‍ഡുകള്‍ എന്നും തിരിക്കുന്നു. ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗില്‍ ഓരോ ഫ്രെയിമിലേയും ഒറ്റ ഫീല്‍ഡുകളെയും ഇരട്ട ഫീല്‍ഡുകളെയും മാറിമാറിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ചുരുക്കത്തില്‍ 1/30 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിം കാണിക്കുന്നതിനു പകരം 1/60 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിമിന്‍റെ ഇരട്ട ഫീല്‍ഡുകളെയും അടുത്ത 1/60 സെക്കന്‍റു കൊണ്ട് അടുത്ത ഫീല്‍ഡിന്‍റെ ഒറ്റ ഫീല്‍ഡുകളെയും കാണിക്കുന്നു. ഇതിനെ 480i എന്നാണ് സാധാരണയായി പറയാറ്.

ഇന്‍റര്‍ലേയ്സ്ഡ് സ്കാനിംഗ് മൂലം, ബാന്‍ഡ്‍വിഡ്ത് കുറവായിരിക്കുമ്പോള്‍ തന്നെ ഫ്ലിക്കര്‍ കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ പിന്നീട് ബാന്‍ഡ്‍വിഡ്ത് ഒരു പ്രശ്നമല്ലാതായപ്പോള്‍ ഫ്രെയിമിനെ ഒറ്റ/ഇരട്ട ഫീല്‍ഡുകള്‍ ആക്കേണ്ട ആവശ്യകത ഇല്ലാതായി. അങ്ങനെയാണ് DVD-കള്‍ പ്രോഗ്രസീവ് സ്കാനിംഗ് ഉപയോഗിച്ചു തുടങ്ങിയത്. 1/30 സെക്കന്‍റു കൊണ്ട് ഒരു ഫ്രെയിം മുഴുവനായി കാണിക്കുന്ന ഇതിനെ 480p എന്ന് വിളിക്കുന്നു. 480p-യെ എന്‍ഹാന്‍സ്ഡ് ഡെഫനിഷന്‍ (ED) എന്ന് ചിലര്‍ വിളിക്കാറുണ്ട്.

ഹൈ-ഡെഫനിഷന്‍ വിഡിയോ സിഗ്നലുകളില്‍ 480 തിരശ്ചീന വരികള്‍ക്കു പകരം കൂടുതല്‍ ഡാറ്റ ഉള്‍ക്കൊള്ളാനായി 720 തിരശ്ചീന വരികള്‍ ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഹൈ-ഡെഫനിഷന്‍ റ്റി. വി. കളില്‍ 720p ആയി സ്റ്റാന്‍ഡേഡ്. ഹൈ-ഡെഫനിഷന്‍ ഡി. വി. ഡി. കളില്‍ 1080p വരെ (അതായത് 1080 തിരശ്ചീന വരികള്‍ കാണിക്കത്തക്ക വിഡിയോ ഡാറ്റ) സപ്പോര്‍ട്ട് ചെയ്യുന്നു. 720i-യും 1080i-യും ഹൈ-ഡെഫനിഷന്‍ ആയി കണക്കാക്കാം.

ഒരു കാര്യം കൂടി: CRT അല്ലാത്ത ഡിസ്പ്ലേ യൂണിറ്റുകളില്‍ (LCD, പ്ലാസ്മ, DLP) ഇന്‍റര്‍ലേയ്സ്ഡ് സിഗ്നലുകള്‍ കാണിക്കാന്‍ സാധാരണ രീതിയില്‍ പറ്റുകയില്ല. അതിനു വേണ്ടി ഈ ഉപകരണങ്ങളില്‍ ഒരു ഡി-ഇന്‍റര്‍ലേയ്സിംഗ് പ്രോഗ്രാം ഉപയോഗിക്കുന്നുണ്ട്.

ഇനി അറിയേണ്ടത്, ഇങ്ങനെ അധികമായുള്ള ഡാറ്റയെ അധികച്ചെലവില്ലാതെ എങ്ങനെ സൌകര്യപൂര്‍വ്വം സൂക്ഷിക്കുകയോ സം‍പ്രേഷണം ചെയ്യുകയോ ചെയ്യാം എന്നാണ്.

എന്‍‍കോഡിംഗ്, ഡീകോഡിംഗ്, കോഡെക്
ഓഡിയോയും വീഡിയോയും ഇലക്റ്റ്റോണിക് ഡാറ്റയാക്കി സൂക്ഷിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ഡിജിറ്റല്‍ ക്യാമറയില്‍ നിന്ന് ലഭ്യമാകുന്ന ചിത്രവും മൈക്രോഫോണില്‍ നിന്ന് വരുന്ന ശബ്ദവും അതേ പടി സൂക്ഷിച്ചു വയ്ക്കാം. ഇതിനെ റോ (raw) ഫോര്‍മാറ്റ് അല്ലെങ്കില്‍ അണ്‍‍കം‍പ്രസ്ഡ് ഫോര്‍മാറ്റ് എന്നു പറയും. വിവരങ്ങള്‍ ഒട്ടും നഷ്ടപ്പെടുത്താതെ ഇങ്ങനെ സൂക്ഷിക്കുന്ന ഫയലുകള്‍ക്ക് പക്ഷേ വലിപ്പം കൂടും. നിലവാരത്തില്‍ കാര്യമായ വ്യതിയാനം വരുത്താതെ തന്നെ, വലിപ്പം കുറയ്ക്കുകയും അതുവഴി ശേഖരണ/സം‍പ്രേഷണ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള മാര്‍ഗമായാണ് എന്‍‍കോഡിംഗും ഡീകോഡിംഗും രംഗത്തെത്തുന്നത്. റോ ഫോര്‍മാറ്റിലുള്ള വിഡിയോ/ഓഡിയോ ഫയലുകളെയോ ലൈവ് സ്റ്റ്റീമുകളെയോ സോഫ്റ്റ്വേറിന്‍റെയോ ഹാര്‍ഡ്‍വേറിന്‍റെയോ സഹായത്തോടെ വലിപ്പം കുറയ്ക്കുന്നതിനെയാണ് സാധാരണ എന്‍‍കോഡിംഗ് എന്ന് വിളിക്കുന്നത്. ഇങ്ങനെ എന്‍‍കോഡ് ചെയ്യപ്പെട്ട ഫയലുകളെയോ സ്റ്റ്റീമുകളെയോ പൂര്‍വ്വ സ്ഥിതിയിലാക്കി കാണാനോ കേള്‍ക്കാനോ അനുയോജ്യമാക്കുന്ന രീതിയാണ് ഡീകോഡിംഗ്. എന്‍‍കോഡിംഗും ഡീകോഡിംഗും ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രൊഗ്രാമുകളോ ഉപകരണങ്ങളോ ആണ് കോഡെകുകള്‍.

ബ്ലൂ-റേയ്, HD-DVD പോരിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്തില്‍.

posted by സ്വാര്‍ത്ഥന്‍ at 5:46 AM

0 Comments:

Post a Comment

<< Home