എന്റെ ലോകം - ആന്റി-ക്ലൈമാക്സ്
URL:http://peringodan.wordpress.co...95%e0%b5%8d%e0%b4%b8%e0%b5%8d/ | Published: 9/27/2006 8:17 PM |
Author: പെരിങ്ങോടന്‍ |
അവിടേയ്ക്കു പോകുന്ന വഴികളില്‍ അവസാനത്തെ ഇടവഴിയുടെ തുടക്കമാണതു്. ഒരു വഴി തുടങ്ങുമ്പോള്‍ മറ്റൊന്നു പിരിഞ്ഞുപോകുന്നു, ഇവിടെ പിരിഞ്ഞുപോകുന്ന ഒരു വഴി കുറേകൂടി വലിയ പാതകളിലേയ്ക്കാണു അകന്നു പോകുന്നതു്. ആ വഴിയെ പോകുമ്പോള്‍ അനേകായിരം ഇടവഴികളിലേയ്ക്കു നടന്നുകയറുവാന്‍ അവസരം ലഭിക്കും. പക്ഷെ അവര്‍ ‘അവിടം’ എന്നൊരൊറ്റയിടത്തേയ്ക്കു പോകുന്ന വഴിയ്ക്കഭിമുഖമായി നിന്നു. ആ വഴിക്കു് ഉപവഴികളില്ല, അതു പാറക്കെട്ടുകള്‍ക്കും പുഴയ്ക്കും ഇക്കരെയുള്ള ഒരു കാഞ്ഞിരത്തിന്റെ ചുവട്ടില്‍ അവസാനിക്കുന്നു.
ഒരാള്‍ കൂടി സംഘത്തില്‍ വന്നുചേരാനുണ്ടു്. അവര്‍ അയാള്‍ക്കായി കാത്തുനിന്നു, ഒട്ടും വിരസതയില്ലാതെ. വളവിനപ്പുറം മോട്ടോര്‍സൈക്കിളിന്റെ ഇരമ്പം അവരെ ഉത്സുകരാക്കി. ആഗതന്‍ പ്രതീക്ഷിച്ചിരുന്ന വ്യക്തി തന്നെ, സംഘത്തിലെ അവസാനത്തെയാള്‍. അവന്‍ മുടി നീട്ടി വളര്‍ത്തിയിരുന്നു. മോട്ടോര്‍സൈക്കിളിനു പുറകിലെ ബാഗെടുത്തു് അയാള്‍ തന്നെ കാത്തിരിക്കുന്ന സംഘാംഗങ്ങളുടെ അടുത്തേയ്ക്കു നടന്നു. ‘എന്തോ മുടക്കം, പഴയത്ര തണുപ്പുള്ള സാധനം കിട്ടിയില്ല.’
‘സാരമില്ല കയറൂ,’ അലസമായി വസ്ത്രം ധരിച്ചയാള്‍ പറഞ്ഞു. അവരുടെ മോട്ടോര്‍സൈക്കിളുകള്‍ അവിടേയ്ക്കുള്ള വഴിയേ തിരിച്ചു. പാറക്കെട്ടുകള്‍ക്കും പുഴയ്ക്കും ഇക്കരെയുള്ള കാഞ്ഞിരച്ചുവട്ടിലേയ്ക്കു്. അവിടേയ്ക്കു് അവരിതാദ്യമായല്ല യാത്രചെയ്യുന്നതു്.
കാഞ്ഞിരച്ചുവടും പിന്നിട്ടു്, പാറക്കെട്ടിന്റെ അടുത്തേയ്ക്കു കടന്നുചെല്ലാവുന്നിടത്തോളം അവര്‍ ബൈക്കോടിച്ചു. പണ്ടു വന്നപ്പോള്‍ അവര്‍ക്കു ചെന്നെത്താന്‍ കഴിഞ്ഞിരുന്നത്ര തന്നെ, വഴികള്‍ ഒട്ടും മാറിയിട്ടില്ല. പാറക്കെട്ടിനു് എതിര്‍വശത്തായി ഒരു കാവുണ്ടു്, പ്രാദേശികമായി കോവിലെന്നു പറയപ്പെടുന്നു. അവരാദ്യം നടന്നതു് അവിടേയ്ക്കാണു്. കൂട്ടത്തില്‍ ഒരാള്‍, കറുത്ത ഫ്രെയിമുള്ള കണ്ണട ധരിച്ചവന്‍, കോവിലിന്റെ മുമ്പില്‍ ചെന്നു കണ്ണടച്ചുനിന്നു. അവനു പ്രാര്‍ത്ഥിക്കണമെന്നു്. കഴിഞ്ഞ തവണയും പ്രാര്‍ത്ഥിച്ചതു് അവന്‍ മാത്രമായിരുന്നു. കൂട്ടത്തില്‍ പലര്‍ക്കും അവന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടോയെന്നു തീര്‍ച്ചയില്ല, അവന്‍ കണ്ണടച്ചു നില്‍ക്കുന്നു, അതവന്റെ സ്വര്‍ഗ്ഗം, അവനു കണ്ണടച്ചുനില്‍ക്കുവാന്‍ കഴിയുന്നുവല്ലോ!
അവര്‍ തിരികെ നടന്നതു ബൈക്കുകളുടെ സമീപത്തേയ്ക്കും, പിന്നീടു പാറക്കെട്ടുകളിലേയ്ക്കുമായിരുന്നു. ഒന്നുരണ്ടിടങ്ങളില്‍ പേരറിയാത്ത ഏതോ ജാതിയിലുള്ള പുല്‍ച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കപ്പുറം ആ പ്രദേശത്തെ കൃഷിയിടങ്ങളെ ബന്ധിപ്പിക്കുന്ന ചെറിയ കനാല്‍, അതിനപ്പുറം ഉണങ്ങിയ വാഴപ്പോളകള്‍ കൊണ്ടു കുലമറച്ചുകെട്ടിയ വാഴത്തോട്ടങ്ങള്‍. കഴിഞ്ഞ യാത്രയും ഇതേ സീസണിലായിരുന്നു. അവര്‍ പുഴയ്ക്കപ്പുറം വെയില്‍ കാഞ്ഞു പതം വന്ന പാറക്കെട്ടുകളിലിരുന്നു. പുഴ പിന്നെയും അകലെയാണു്, അതൊഴുകുന്നതിന്റെ ആരവം, അതിന്റെ സാന്നിദ്ധ്യമറിയിക്കുന്നെന്നുമാത്രം.
നീണ്ട മുടിക്കാരന്‍, അയാള്‍ കൂടെ കരുതിയിരുന്ന ബാഗ് തുറന്നു് കിങ്ഫിഷറിന്റെ നാലു കുപ്പികള്‍ പുറത്തെടുത്തു. അവരിലൊരാള്‍, സിഗററ്റുകള്‍ പുകയ്ക്കുന്നവന്‍, ഓപ്പണറുപയോഗിച്ചു ബിയര്‍ കുപ്പികള്‍ തുറന്നു. അപ്പോഴും അയാളുടെ ചുണ്ടില്‍ സിഗറെറ്റെരിയുന്നുണ്ടായിരുന്നു.
‘ചിയേഴ്സ്,’ വീര്‍ത്ത പള്ളയുള്ള കിങ്ഫിഷര്‍ കുപ്പികള്‍ തമ്മില്‍ ചുംബിച്ചു.
ആ പുഴയ്ക്കപ്പുറം കാട്ടില്‍ പണ്ടു നായാട്ടിനിറങ്ങുന്നവര്‍ വന്യമൃഗങ്ങളെ ചതിയില്‍ പിടിക്കുവാന്‍ അവയ്ക്കു താല്പര്യമുള്ള ഇരകളെ ഏറുമാടങ്ങള്‍ക്കു ചുവട്ടില്‍ കെട്ടിയിട്ടു വേട്ടത്തോക്കുമായ് പതിയിരിക്കുമായിരുന്നു. ഒരു വേട്ടക്കാരന്‍ മറ്റൊരു വേട്ടക്കാരനു് ഇരയാവുന്ന വന്യത. ഒളിവില്‍ നിന്നും പുറത്തേയ്ക്കു നീളുന്ന വേട്ടത്തോക്കുകളുടെ ഓര്‍മ്മ, അവര്‍ നാല്‍വറും അവസാനത്തെ ബിയര്‍ക്കുപ്പികള്‍ പാറമടകളിലേയ്ക്കു വലിച്ചെറിഞ്ഞു. അവ പൊട്ടിച്ചിതറിയപ്പോള്‍ നിശബ്ദരായിരുന്നു. തിരിച്ചെടുക്കാനാവാത്ത വിധം തകര്‍ന്നു പോകുന്ന വസ്തുക്കളാണു കുപ്പികള്‍.
കറുത്ത ഫ്രെയിമുള്ള കണ്ണട ധരിച്ചവന്റെ ഇടത്തേ കൈത്തണ്ടയില്‍ ഒരു മുറിപ്പാടുണ്ടു്. അവര്‍ കുപ്പിച്ചില്ലുകള്‍ എറിഞ്ഞുടച്ച പാറമടകള്‍ ഗോപ്യമായൊരിടമാണു്. വേനലിന്റെ പഴുപ്പും മഴയുടെ നനവും പകരാത്തൊരിടം. കഴിഞ്ഞ തവണ ഏറ്റവും അവസാനം കുപ്പിയെറിഞ്ഞുടച്ചതു് കണ്ണട ധരിച്ചവനായിരുന്നു. ചിതറിയുടഞ്ഞ ചീളുകള്‍ പാറമടയ്ക്കുള്ളിലേയ്ക്കു വീഴുമെന്നു അവരാരും കരുതിയതല്ല. അതിനുള്ളിലെ ഇരുട്ടില്‍ തിരിച്ചറിയാവാനാത്ത വിധം ചിതറിത്തെറിച്ച പലതുമുണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയുള്‍പ്പെടെ. അന്നു് അവനു നാലാമന്റെ ഊഴമായിരുന്നു. അവനപ്പോള്‍ കണ്ണട ധരിച്ചിരുന്നില്ല. കാലുതെന്നി വീണപ്പോള്‍ നിലത്താദ്യം സ്പര്‍ശിച്ച ഇടംകൈയില്‍ തറച്ചതു്, അവന്‍ അല്ലെങ്കില്‍ മറ്റാരോ എറിഞ്ഞുടച്ച കുപ്പിയുടെ ചില്ലുകളില്‍. രക്തം പൊടിഞ്ഞപ്പോള്‍ ലഹരി മറന്നു്, അവര്‍ ആ താവളം ഉപേക്ഷിച്ചു തിരികെ ബൈക്കുകളുടെ അടുത്തേയ്ക്കു നടന്നു. അവര്‍ ഉടച്ചു കളഞ്ഞ കുപ്പിവളകള്‍ മൂര്‍ച്ചയില്ലാത്ത വളപ്പൊട്ടുകളായി നിറം നഷ്ടപ്പെട്ടു പാറമടയ്ക്കുള്ളില്‍ കിടന്നിരുന്നു. അതിനുള്ളിലെ ഇരുട്ടിനു രുധിരത്തിന്റേയും രേതസ്സിന്റേയും സമ്മിശ്രഗന്ധമായിരുന്നു.
ലഹരി വറ്റിയ, തണുപ്പില്ലാത്ത ബിയറിന്റെ കയ്പുചവച്ചിറക്കി അവര്‍ പുഴയ്ക്കഭിമുഖമായിരുന്നു. അവര്‍ പ്രതീക്ഷിച്ച ക്ലൈമാക്സൊരുക്കുവാന്‍ ഹൃദയം നുറുങ്ങിയ ഒരു പിതാവോ, ഇടനെഞ്ചിനാഴത്തോളം വ്രണിതനായ ഒരു സഹോദരനോ, ക്രുദ്ധരായ നാട്ടുകാരോ വന്നതില്ല. ഇരകള്‍ വേട്ടക്കാരെ കാത്തിരുന്നു. പിന്നെ കാത്തിരുപ്പു ദുസ്സഹമായപ്പോള്‍ തകര്‍ന്നുടഞ്ഞ ചില്ലുകഷ്ണങ്ങള്‍ വായിലിട്ടു് നാല്‍വരും മൃതിയെ സ്വയം പുണര്‍ന്നു. അതാവട്ടെ ആന്റി-ക്ലൈമാക്സ്.
0 Comments:
Post a Comment
<< Home