Saturday, September 16, 2006

ഭാഷ്യം - "മലയാലം? ഹേയ്!! ഞങ്ങൾ ഇന്ത്യക്കാരേ അല്ല"

ഡോട്ട്മുണ്ട്, ജര്‍മ്മനി 2001, ജനുവരി മാസം.

താപ നില -10 ഡിഗ്രി. കോട്ടും, തോപ്പിയും, ഗ്ലൌസ്സും എത്ര ധരിച്ചാലും മൂക്കു മറക്കാനവില്ലലോ. മൂക്കിന്റെ അറ്റം തൊട്ടാലും അറിയാന്‍ കഴിയാത്ത് വിധത്തിലുള്ള തണുപ്പ്. എന്റെ ഒരു ക്ലയന്റിനു് എന്നെ കാണണം എന്ന് ശാഠ്യം. അവനറിയുന്നില്ലല്ലോ എനിക്ക് തണുപ്പ് സഹിക്കാന്‍ പറ്റില്ലന്ന്. പോകാതിരിക്കാന്‍ നിവര്‍ത്തിയില്ല. നല്ലവനാണ് അയാള്‍. പലതവണ എനിക്ക് നല്ല റെഫറന്‍സുകള്‍ തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ഷോറൂമിന്റെ ചുവരില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങളെ കുറിച്ച് എന്തോ ചര്‍ച്ച ചെയ്യാനാണ് വിളിക്കുന്നത്.

ട്രാമില്‍ കയറി പുറകിലത്തെ സീറ്റില്‍ ഞാന്‍ ഇരുന്നു. യാത്രക്കാര്‍ കുറവായിരുന്നു. രണ്ടു സീറ്റുകള്‍ക്ക് മുന്നില്‍ കണ്ടാല്‍ മലയാളികള്‍ എന്നു തോന്നിക്കുന്ന ദമ്പതികള്‍. രണ്ടുപേരും സംസാരിക്കുന്നുണ്ട്. ഭാഷ എന്താണെന്ന് എനിക്ക് കേള്‍കാന്‍ കഴിയുന്നില്ല. ഒരുപാട് തമിഴരും, ശ്രീലങ്കകാരും വസിക്കുന്ന സ്ഥലമാണ്. മുന്‍പ് പലപ്പോഴും ഞാന്‍ ഇവരെ കണ്ട് മലയാളികളാണെന്ന് തെറ്റിദ്ധരിച്ച് മലയാളത്തില്‍ സംസാരിച്ചിട്ടുമുണ്ട്. പക്ഷേ അവര്‍ ആരും മലയാളികളല്ലായിരുന്നു. നീണ്ട ഒരു വര്‍ഷത്തിന്റെ ഇടയില്‍ ഡോട്ട്മണ്ടില്‍ ഞാന്‍ അന്നുവരെ മലയാളികളെ കണ്ടുമുട്ടിയിട്ടില്ലായിരുന്നു. ഇവിടെ മലയാളികള്‍ അപൂര്‍വമായിരിക്കാം എന്ന് ഞാനും തീരുമാനിച്ചു. ഗള്‍ഫിലെ മലബാറി ചേട്ടന്മാര്‍ "ചന്ദ്രനില്‍ പോയാലും അവിടെ ഒരു മലബാറി എങ്കിലും കാണും." എന്ന് പറയുന്നത് വെറുതെയാണ് എന്നു ഞാന്‍ സംശയിച്ചു. ഡോട്ട്മണ്ടിലും, അംസ്റ്റര്‍ഡാമിലും, കൊളോനിലും, ഡുസഡോള്‍ഫിലും, മിലാനിലും ഒന്നും ഞാന്‍ മലയാളികളെ തെരുവില്‍വെച്ച് കണ്ടുമുട്ടിയിട്ടില്ല. പക്ഷേ ഇന്ന് അതിന് മാറ്റം സംഭവിച്ചേക്കാം. മുന്നില്‍ ഇരുന്ന് സല്ലപിക്കുന്ന ഈ ദമ്പതികള്‍ മലയാളികള്‍ ആയിരിക്കുമോ? ഒരു മലയാളിയെ കാണാനുള്ള എന്റെ ആഗ്രഹം നിറവേറ്റാനായി, മഹാ തൊട്ടിത്തരമാണെങ്കിലും, ഞാന്‍ എഴുന്നേറ്റ് അവരുടെ സീറ്റിന്റെ പിന്നില്‍ നിശബ്ദനായി ഇരുന്നു. സംസാരം ശ്രദ്ധിച്ചു.

സ്ത്രീ: "എന്നതാ അച്ചായാ പറയുന്നെ. അതിനൊക്കെ എന്ന കാശാ"
പുരുഷന്‍: "എടീ‍, അതോക്കെ അവരു കൊടുത്തോളും..... "

ഞാന്‍ ആഹ്ലാദിച്ചു. ഗള്‍ഫിലെ മലബാറി കാക്കാമാര്‍ക്ക് തെറ്റിയില്ല. ഇവിടയും ഉണ്ട് എന്റെ ദേശക്കാര്‍. മലയാളം സംസാരിക്കുന്ന മലയാളികള്‍!

എന്റെ ട്രാം സ്റ്റോപ്പ് എത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം. എന്തെങ്കിലും കുശലം ചോദിക്കാതെ പോകുന്നതു ശരിയല്ലല്ലൊ. ഞാന്‍ പതുക്കെ എഴുന്നേറ്റു. എന്റെ മുഖം വ്യക്തമാക്കാനായി കഴുത്തില്‍ ചുറ്റിയിരുന്ന എന്റെ സ്കാര്‍ഫും തലയിലെ തൊപ്പിയും അഴിച്ചു കൈയിലാക്കി. എന്നിട്ട് അവരുടെ മുന്നില്‍ ചെന്ന് നിന്നു. അവര്‍ കണ്ണുകള്‍ ഉയര്‍ത്തി എന്നെ ശ്രദ്ധിച്ചു. ഞാന്‍ ഭവ്യതയോടെ ചോദിച്ച്. "Are you Malayalees?" സ്ത്രീ എന്തോ പറയാന്‍ തുടങ്ങുകയായിരുന്നു. അതിനു മുന്‍പ് പുരുഷന്‍ പറഞ്ഞു. "nien, wir kommen nicht aus Indien (അല്ല. ഞങ്ങൾ ഇന്ത്യക്കാര്‍ അല്ല) ഞാന്‍ വീണ്ടും ചോദിച്ചു. "Do you speak Malayalam?"
പൂരുഷന്‍ അല്പം അസ്വാസ്ഥ്യത്തോടെ: "nien" (അല്ല)

എന്റെ അവസ്ഥയ്ക്ക് "ഞെട്ടല്‍" എന്ന വാക്കല്ലാതെ വേറെ വല്ല വാക്കും ഈ കണ്ടിഷനു് ഉണ്ടോ എന്നെനിക്കറിയില്ല. എന്തായലും സാധാരണ വയസ്സായ മന്ത്രിമാരുടെ മരണത്തിന് നീക്കിവെച്ചിരിക്കുന്ന ഞെട്ടലിനു 220v (വോള്‍ട്ട്) അണെങ്കില്‍ എന്റേത് ഒരു സാമാന്യം ഭേദപ്പെട്ട 5kv (കിലൊ വോള്‍ട്ട് ) ഞെട്ടലായിരുന്നിരിക്കണം.

മലയാളി എന്നു ഞാന്‍ കരുതിയിരുന്ന, കുറച്ചുമുന്‍പ് വരെ മലയാളത്തില്‍ സംസാരിച്ച, പിന്നെ ഭാരതീയ വംശത്ത്വം തന്നെ നിഷേധിച്ച ഈ രണ്ടു പേരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖത്ത് ഒരു കള്ള ലക്ഷണമുണ്ടായിരുന്നു. സാധാരണ കുട്ടികള്‍ ഷെല്ഫില്‍ നിന്നും ക്രിസ്റ്റല്‍ താഴെയിട്ട് പെട്ടിച്ച ശേഷമുള്ള നോട്ടം.

സ്റ്റോപ്പ് മിസ്സ് ആയി. ഞാന്‍ വിയര്‍ത്ത് തുടങ്ങി. ജീവിതത്തില്‍ ഇതുപോലെ ഒരു അവസ്ഥ ഞാന്‍ അഭിമുഖീകരിച്ചിട്ടില്ല. "എടാ നെറികെട്ട പുല്ലേ, നീ ഇപ്പൊ പറഞ്ഞത്ത് പിന്നെ എന്തുവായിരുന്നെടേ ?" എന്നു ചോദിച്ചക്കേണ്ട ഞാന്‍ മിണ്ടാതെ ട്രാമിന്റെ വാതിലിന്റെ ഭാഗത്തേക്ക് നടന്നു നീങ്ങി. അടുത്ത ഏതോ സ്റ്റോപ്പില്‍ ഇറങ്ങി.

ട്രാം സ്റ്റോപ്പിലെ ഇരിപ്പടത്തില്‍ ഇരുന്നു. എന്താണ് സംഭവിച്ചത്? ഞാന്‍ നടന്ന സംഭവങ്ങള്‍ എല്ലാം Goal Kick Action Replay പോലെ കണ്ടു നോക്കി. പ്രശ്നങ്ങള്‍ ഒന്നുമില്ല. ഞാന്‍ മോശമായി ഒന്നും പറഞ്ഞില്ല. എന്റെ ബോഡി ലാങ്ക്വേജ് എല്ലാം കൃത്യമായിരുന്നു. സ്ത്രീയുടെ മുഖത്ത് പോലും ഞാന്‍ നോക്കിയില്ല. പിന്നെ എന്ത് സംഭവിച്ചകാണും?

പലരോടും ഈ ചോദ്യം ഞാന്‍ ചോദിച്ചിട്ടൂണ്ട്. പലരും പല ഉത്തരങ്ങള്‍ എനിക്ക് തന്നു. നിങ്ങള്‍ ഇതിന് എന്ത് ഉത്തരം തരും?

posted by സ്വാര്‍ത്ഥന്‍ at 5:46 AM

0 Comments:

Post a Comment

<< Home