Thursday, September 14, 2006

അശ്വമേധം - രണ്ടാഴ്‌ച

“അത്യാവശ്യമായി പൂനെയ്ക്ക് പറക്കണം. ഒരു പ്രോജക്‌ടിനു തീ പിടിച്ചിരിക്കുന്നു. നിങ്ങള്‍ മൂന്നാളും ചെല്ലുക. രണ്ടാഴ്ച കഴിഞ്ഞാല്‍ ഡെലിവറി ആണ്. അതിനു മുന്നെ തീര്‍ക്കുക. തിരിച്ചു പോരുക.“ മാനേജര്‍ ജെയിന്‍ സാറിന്റെ നിര്‍ദ്ദേശങ്ങള്‍ പതിവു പൊലെ കാര്യമാത്രപ്രസക്തങ്ങളായിരുന്നു. ഡേറ്റാബേസ് വിദഗ്ദന്‍ വിനോദും ഡോട്ട്നെറ്റ് വിദഗ്ദന്‍ സിദ്ധാര്‍ത്ഥനും ബാംഗ്ലൂരെ ചില അത്യാവശ്യപണികള്‍ തീര്‍ക്കാനുള്ളതിനാല്‍ അവരുടെ യാത്ര പിന്നത്തെ തിങ്കളാഴ്ച വൈകിട്ടത്തേക്ക് ഉറപ്പിച്ചു. ‘ഡിപ്ലോയ്മെന്റ് വിദഗ്ദനായ’ എനിക്ക് വെള്ളിയാഴ്ച വൈകിട്ടു തന്നെ പറക്കേണ്ടി വന്നു. ആഴ്ചയവസാനങ്ങളിലും പണിയെടുക്കേണ്ടി വരുമെന്ന് പോരുമ്പോഴേ അറിയാമായിരുന്നു. വൈകിട്ട് 8 മണിക്ക് പൂനെ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ മുരളി സാറിന്റെ മിസ്സ്ഡ് കോള്‍സ് മൊബൈലില്‍ കണ്ട് വിളിച്ചപ്പോഴാണ്‍ സാര്‍ അപ്പോള്‍ തന്നെ കമ്പനിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. മുരളിസാര്‍ ആണ് ജെയിന്‍ സാര്‍ വഴി ഞങ്ങളെ അവിടെ ക്രാഷ് ലാന്‍ഡ് ചെയ്യിപ്പിച്ചതെന്നറിയാമായിരുന്നു. വെള്ളിയാഴ്ച വൈകിട്ടു തന്നെ കമ്പനിയിലെത്താന്‍ മാത്രം കുഴപ്പത്തിലാണ് കാര്യങ്ങള്‍ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.

എയര്‍പ്പോര്‍ട്ടിലെത്തിയ കമ്പനി പിക്ക്-അപ്പ് ടാക്സിയില്‍ ഹോട്ടലിലെത്തി, ചെക്കിന്‍ ചെയ്തു, ബാഗ് വെച്ചു, നേരെ കമ്പനിയിലേക്ക്. അക്കൊണ്ട് മാനേജര്‍ മുരളിസാര്‍ തോളില്‍ കൈ ഇട്ടു കൊണ്ട് കൂട്ടിക്കൊണ്ടു പോയി പരിചയപ്പെടുത്തിയതിനാല്‍ മാനേജര്‍മാര്‍ക്കൊക്കെ ഒരു പ്രത്യേക സ്നേഹം. പറഞ്ഞ സമയത്ത് തീര്‍ക്കാന്‍ കഴിയാത്ത പ്രോജക്ട്. യൂറോപ്പിലെ വമ്പന്‍ കമ്പനിയുടെ ആദ്യ പ്രോജക്ട്. ഇതു സമയത്ത് തീര്‍ക്കേണ്ടത് കമ്പനിയുടെ അഭിമാനപ്രശ്നം. പതിവു സമയത്തുണ്ടായിരുന്ന 25 പേര്‍ക്കും 2 മാനേജര്‍മാര്‍ക്കും പുറമേ പതിനഞ്ചോളം പുതിയ ആള്‍ക്കാരും രണ്ട് പുതിയ മാനേജര്‍മാരും. 1200-ഓളം ബഗ്ഗുകള്‍. പ്രോജക്ടിന്റെ അവസ്ഥയെപ്പറ്റി ഒരു ഏകദേശരൂപം ഉടനെ കിട്ടി. ആര്‍ക്കിട്ടെക്ചര്‍ എന്നെ പഠിപ്പിക്കാനായി അപ്പൊഴത്തെ ആര്‍ക്കിട്ടെക്ടിന്റെ കൂടെ അര മണിക്കൂര്‍ ചര്‍ച്ച.

മാനേജര്‍മാരെ ഒന്ന് ഞെട്ടിക്കാന്‍ വേണ്ടിയാണ് ഉള്ളതില്‍ തരക്കേടില്ലെന്നു തോന്നിയ ഒരു മോഡ്യൂള്‍ തിരഞ്ഞു പിടിച്ച് ബഗ് ഫിക്സ് ചെയ്യാനിരുന്നത്. എല്ലാ ബഗ്ഗുകളും പിന്നെ ഡേറ്റാബേസ് ടേബിളുകളും ഒക്കെ ഒന്ന് ഓടിച്ചു നോക്കി. ഭാഗ്യത്തിന് നോക്കിയത് കിട്ടി, ഇവിടെയും കോമണ്‍ പാറ്റേണ്‍ ഉള്ള കുറെ എണ്ണം കിട്ടി. എല്ലാത്തിനും കാരണമാണെന്നു തോന്നിയ ചെറിയ ചില കാര്യങ്ങള്‍ വിശദമായ ഒന്നു പഠിച്ചിട്ടു മാറ്റി. ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എണീക്കുമ്പോള്‍ ആ മോഡ്യൂളിലെ ബഗ്ഗുകളുടെ എണ്ണം 80-ല്‍ നിന്ന് ഒരു 30 കുറഞ്ഞിരുന്നു. മുരളി സാര്‍ എന്നെ അറിയുന്നത് വെറുതെയല്ലെന്ന് പിടികിട്ടിയെന്ന് മാനേജര്‍മാരുടെ തെളിഞ്ഞ മുഖങ്ങള്‍ കണ്ടപ്പോള്‍ മനസിലായി.

മണി 11 ആയിരുന്നു. ടീമിലെല്ലാവര്‍ക്കും തിരിച്ചു പോകാനുള്ള ടാക്സികള്‍ ഏര്‍പ്പാടു ചെയ്തു കൊണ്ടിരുന്ന പ്രസന്നവദനയായ ടീംമേറ്റിനെ അപ്പോഴാണ് ശ്രദ്ധിച്ചത്. രാ‍ത്രി 11 മണിയായിരുന്നിട്ടും അവളുടെ ചുണ്ടുകളില്‍ ഒരു മനോഹര പുഞ്ചിരി തത്തിക്കളിച്ചിരുന്നു. എല്ലാവര്‍ക്കും ടാക്സികള്‍ ഏര്‍പ്പെടുത്തി ചാടിച്ചാടി നടന്ന അവള്‍ അവസാനം എന്റെ അടുത്തെത്തി “താങ്കള്‍ക്ക് എവിടെ പോകണം?”. ഹോട്ടല്‍ പൂനം ഇന്റര്‍നാഷണല്‍ എന്ന് പറഞ്ഞപ്പോള്‍ “എന്നാല്‍ നമ്മള്‍ രണ്ടും ഒരേ ടാക്സിയില്‍ ആണ് പോകുന്നത്. എന്റെ കൂടെ വന്നാല്‍ മതി” എന്നു പറഞ്ഞ് ചിരിച്ച് അവള്‍ വീണ്ടും ലിസ്റ്റില്‍ വെട്ടാനും തിരുത്താനും തുടങ്ങി.

എന്റെ ഹോട്ടലിനടുത്തായിരുന്നു അവളുടെ ഹോസ്റ്റല്‍. ആ വഴിയില്‍ വേറെ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ മാത്രമായിരുന്നു ടാക്സിയില്‍. പണ്ടു മുതലേ പരിചയമുണ്ടെന്നു തോന്നിക്കുന്ന രീതിയില്‍ അവള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ മൂന്നുമാസങ്ങളായി പ്രോജക്ടിനു വേണ്ടി രാപകലില്ലാതെ പണിയെടുക്കുന്നതില്‍ തുടങ്ങി, അവളുടെ കൂട്ടുകാരുടെ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാമായി സംസാരം നീണ്ടു. പിറ്റേന്ന് രാവിലെ ഓഫീസിലെത്താനുള്ള ടാക്സിയിലും അവളോടൊപ്പം. രണ്ടു ദിവസത്തെ ഒന്നിച്ചുള്ള യാത്രകള്‍ക്കവസാനം ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. അവളുടെ പണികള്‍ അല്‍പ്പം ഒന്ന് ഒതുങ്ങിയിരുന്നതിനാല്‍ ഞായറാഴ്ച അവള്‍ വരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. പതിവു ഞായറാഴ്ചകള്‍ പോലെ തന്നെ ഞാന്‍ ഉണര്‍ന്നപ്പോള്‍ വളരെ വൈകിയിരുന്നു. ടാക്സി കാത്തു നിന്നിട്ട് പോയിക്കാ‍ണും എന്നുറപ്പ്. അവളെ വിളിച്ചു. ഞാന്‍ ഡ്രൈവ് ചെയ്യാമെന്നുണ്ടെങ്കില്‍ അവളുടെ ഹോണ്ട ആക്ടിവയുമായി ഉടനെ എത്താം എന്നവള്‍ ഏറ്റു. പാവം എനിക്കായി ഒരു ദിവസം കൂടി കമ്പനിയില്‍ വരാന്‍ പോലും തയ്യാറായി.

അവളെ പേടിപ്പിക്കണ്ട എന്നു കരുതി 40-ഇലാണ് പൊയ്ക്കൊണ്ടിരുന്നത്. പുറകിലിരുന്നു കൊണ്ട് അവള്‍ ഓഡോമീറ്ററിന്റെ വലത് അറ്റം ചൂണ്ടി പറഞ്ഞു “ആ വലിയ നമ്പറുകളൊന്നും അവിടെ വെറുതെ പെയിന്റ് ചെയ്ത് വെച്ചിരിക്കുന്നതല്ല.” സിറ്റിയ്ക്ക് വെളിയിലെത്തിയപ്പോള്‍ അവള്‍ ഒരു ടേണ്‍ എടുക്കാന്‍ പറഞ്ഞു. ഒരു കാര്യം കാണിക്കാനുണ്ടെന്നു പറഞ്ഞ് എനിക്ക് കുറെ വഴികളില്‍ കൂടി ഒക്കെ വളഞ്ഞു തിരിഞ്ഞ് പോകാന്‍ നിര്‍ദ്ദേശങ്ങള്‍ തന്നു. എത്തി നിന്നത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സിനു മുന്നിലായിരുന്നു. ഗാര്‍ഡിന്‍ സലാം പറഞ്ഞ് അവള്‍ ഇറങ്ങി നടന്നു. പണി നടന്നു കൊണ്ടിരുന്ന ഗോവണികളിലൂടെ മുകളില്‍ കയറി രണ്ടാം നിലയില്‍ ഒരു ഇരട്ടമുറി വീട്ടിലാണ് ഞങ്ങള്‍ എത്തിയത്. ഉള്ളില്‍ കയറിക്കഴിഞ്ഞ് അവള്‍ കൈ രണ്ടും വിരിച്ച് “എന്റെ വീട്. ഞാന്‍ പണം അടച്ചു കൊണ്ടിരിക്കുന്ന എന്റെ വീട്” എന്ന് പറഞ്ഞപ്പോള്‍, ആ മുഖത്തെ തുടിക്കുന്ന സന്തോഷവും ആത്മവിശ്വാസവും കണ്ടപ്പോള്‍ ഞാന്‍ ചെയ്തത് എന്റെ പാന്റിന്റെ ഇടതുപോക്കറ്റില്‍ കിടന്ന ‘നോക്കിയ 6600‘-ല്‍ തിരുപ്പിടിക്കുക എന്നതായിരുന്നു. ഇത്ര നാളത്തെ ‘അദ്ധ്വാനങ്ങള്‍ക്കും’ ശേഷം എനിക്ക് ആകെയുള്ള സംമ്പാദ്യം അതും പിന്നെ ഒരു യമഹ എന്റൈസറും മാത്രമാണല്ലോ.

വൈകിട്ട് തിരിച്ച് അവളുടെ ആക്ടിവയില്‍ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഒരു ആഴ്ചയവസാനം പ്രത്യേകിച്ചൊന്നും ചെയ്യാതെ കടന്നു പോയതിനെപ്പറ്റി ഞങ്ങള്‍ സംസാരിച്ചത്. അത്താഴം ഒന്നിച്ചാക്കാന്‍ തീരുമാനിച്ചു. ‘രൂപാലീസ്’ എന്ന ബംഗാളി സ്പെഷ്യാലിറ്റിയില്‍ ഞങ്ങള്‍ ഒന്നിച്ച് ആദ്യ അത്താഴം. അവള്‍ക്കിഷ്ടപ്പെട്ട കടല്‍ വിഭവങ്ങളുമായി ഒരു വിരുന്ന്.

എത്തിച്ചേരാനുണ്ടായിരുന്ന വിനോദും സിദ്ധാര്‍ത്ഥനും തിങ്കളാഴ്ച എത്തി. പ്രോജക്ടില്‍ ബഗ്ഗുകളുടെ എണ്ണം പതുക്കെ കുറഞ്ഞു കൊണ്ടിരുന്നു. എന്നാലും പുതിയ പുതിയ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. തീ പിടിച്ച ദിവസങ്ങള്‍. രാവിലെ കമ്പനിയില്‍ കയറിയാല്‍ വൈകിട്ട് വളരെ വൈകുന്നതു വരെ ഒന്നും അറിയാത്ത രീതിയില്‍ ജോലി. സ്വന്തം പണികളൊക്കെ സമയത്ത് തീര്‍ത്തുകൊണ്ടിരുന്ന അവള്‍ക്ക് പുതിയ പണികള്‍ കിട്ടിക്കൊണ്ടിരുന്നു. ബാക്കി മടിയന്മാരുടെ പണി ഏറ്റെടുത്ത് ചെയ്യുന്നതിന്റെ വ്യര്‍ത്ഥതയെപ്പറ്റി ഞാന്‍ അവളെ ഉപദേശിച്ചുകൊണ്ടുമിരുന്നു.

ചൊവ്വാഴ്ച മടങ്ങും വഴിയാണ് അവള്‍ പിസ്സ കഴിക്കുന്നതിനെപ്പറ്റി പറഞ്ഞതും ഞങ്ങള്‍ രണ്ടും നേരെ പിസ്സാ ഹട്ടില്‍ ഇറങ്ങിയതും. പതിനാലോ പതിനാറോ മണിക്കൂറിലെ ജോലിയുടെ ക്ഷീണം ഒരു അത്താഴം കൊണ്ട് തീരും എന്ന് എനിക്ക് മനസിലായിത്തുടങ്ങിയതപ്പോഴാണ്. പുതിയതായി തുടങ്ങിയ യോക്കോസ് എന്ന സിസ്സ്‌ലര്‍ ജോയന്റ് വെള്ളിയാഴ്ചയ്ക്കായി ഉറപ്പിച്ചു. ഭക്ഷണ സാധനം ഓരോന്നും പറയുന്നതിനു മുമ്പെ അത് തന്റെ ഭാരത്തില്‍ വരുത്താന്‍ പോകുന്ന വര്‍ദ്ധനവിനെപ്പറ്റി മനസില്‍ കണക്കുക്കൂട്ടുന്നതിന് ഞാന്‍ അവളെ കണക്കിനു കളിയാക്കിക്കൊണ്ടിരുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ബഗ്ഗുകളുടെ എണ്ണം നിയന്ത്രണവിധേയമായിരുന്നു. എങ്കിലും പുതിയവ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരുന്നു. പിന്നത്തെ ബുധനാഴ്ച പ്രോജക്ടില്‍ ഒരാളുടെ ജന്മദിനമായിരുന്നു. ഒരു സിനിമ കണ്ട് ആഘോഷിക്കാനാണ് എല്ലാവരും കൂടി തീരുമാനിച്ചത്. വൈകിട്ട് എല്ലാവരും കൂടി മാനേജര്‍മാര്‍ക്ക് സംശയം ഒന്നും ഇല്ലാതെ പുറത്തിറങ്ങാന്‍ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ തന്നെ വേണ്ടി വന്നു. അവസാന നിമിഷം അവള്‍ക്ക് എന്തോ പണി തീര്‍ക്കാനുണ്ടായിരുന്നു. ഒരു സീബിസിയുടെ താക്കോല്‍ എന്നെ ഏല്‍പ്പിച്ച് ബാക്കിയുള്ളവര്‍ പല വണ്ടികളായി തിയറ്ററിലേക്ക് തിരിച്ചു. അവള്‍ക്ക് ഇറങ്ങാറായപ്പോഴേക്കും സിനിമയ്ക്ക് 15 മിനിട്ട്, പോകാനുള്ളത് 15 കിലോമീറ്റര്‍, പിന്നെ വൈകിട്ടത്തെ ട്രാഫിക്കും. സീബിസി സൈഡ് റോഡുകളില്‍ കൂടിയും നടപ്പാതകളില്‍ കൂടിയും പറന്നു. “നീ‍ എന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണോ?”, “കുഴി, കുഴി, കുഴി…”, “ആ ട്രക്ക് നമ്മളെ കൊല്ലും”, “വളവ് ഒന്നു തിരിക്കുമോ?” അവള്‍ ആദ്യാവസാനം എനിക്ക് നിര്‍ദ്ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു. പടം തുടങ്ങുന്നതിന് മൂന്നു മിനിട്ട് മുന്‍പെ തിയറ്ററില്‍ എത്തിയപ്പോള്‍ അവള്‍ ആദ്യം ചെയ്തത് ചാടി ഇറങ്ങിയിട്ട് കൈ രണ്ടും കൂട്ടിപ്പിടിച്ച് പ്രാര്‍ത്ഥിയ്ക്കുക എന്നതായിരുന്നു. പോപ്പ്കോണും ബിപാഷ ബാസുവുമായി വീണ്ടും സന്തോഷപ്രദമായ ഒരു സായാഹ്നം.

എനിക്ക് തിരിച്ചു പോരാനുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നത് പിറ്റെ ശനിയാഴ്ച വൈകിട്ടത്തെക്ക് ആയിരുന്നു. മാനേജര്‍മാര്‍ ഒരു ആഴ്ച കൂടി നില്‍ക്കാന്‍ നിര്‍ബന്ധിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ ആ ഫ്ലൈറ്റ് ഒന്ന് ക്യാന്‍സല്‍ ചെയ്താല്‍ പിന്നെ അവര്‍ പറയുന്നതു വരെ അവിടെ നില്‍ക്കേണ്ടി വരും എന്നറിയാവുന്നതിനാല്‍ ഞാന്‍ അതിന്‍ തയ്യാറായിരുന്നില്ല. “നിനക്ക് ഒരു ആഴ്ച കൂടി നിന്നു കൂടെ” എന്ന് അവള്‍ ചോദിച്ചത് കേട്ടില്ല എന്നു നടിക്കേണ്ടി വന്നു.

ദിവസങ്ങള്‍ പെട്ടെന്നു നീങ്ങി. തിരിച്ചു പോരേണ്ട ശനിയാഴ്ചയും എനിക്ക് കമ്പനിയില്‍ എത്തേണ്ടി വന്നു. ആറു മണിയ്ക്കായിരുന്നു ഫ്ലൈറ്റ്. മൂന്നുമണിയ്ക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ എന്റെ കൂടെ ഇറങ്ങാമെന്ന് അവള്‍ പറഞ്ഞിരുന്നു. പുറത്തേക്കുള്ള വഴിയില്‍ അവളെ തിരിച്ച് വിളിച്ച് മാനേജര്‍ അവള്‍ക്ക് ‘അത്യാവശ്യമായി തീര്‍ക്കാനുള്ള’ എന്തോ ഒരു പണി നല്‍കാന്‍ ശ്രമിച്ചു. പിന്നെ അവിടെ നടന്നത് ഒരു നാടകം. എവിടെ പോകുന്നു എന്ന മാനേജറുടെ ചോദ്യം കേട്ട് എന്ത് പറയണം എന്നാലോചിച്ച് നിന്ന അവളെ കണ്ട് ഞാന്‍ ഇടയ്ക്ക് കയറിപ്പറഞ്ഞു. “സാര്‍, എന്റെ ഒരു പല്ലിന്റെ ഫില്ലിങ്ങ് ഇളകി, മാനസി അവളുടെ ഡെന്റിസ്റ്റിന്റടുത്ത് എനിക്കായി ഒരു അപ്പോയിന്റ്മെന്റ് ഉറപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് അവള്‍ കൂടെ വന്നേ പറ്റൂ. ഫ്ലൈറ്റിന്റെ സമയത്തിനു മുമ്പ് എനിക്ക് അവിടെ എത്തിയേ പറ്റൂ”. മാനേജര്‍ക്ക് ഞാന്‍ പറഞ്ഞതെന്താണെന്ന് മനസിലാക്കാന്‍ സമയം കൊടുക്കുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ രണ്ടാളും ലിഫ്റ്റില്‍ കയറിയിരുന്നു.

ഡൈന്റിസ്റ്റ് അപ്പോയിന്റ്മെന്റിനെപ്പറ്റി പറഞ്ഞ് വഴി നീളെ ചിരിച്ചു കൊണ്ട് അവള്‍ എന്നെ എന്റെ ഹോട്ടലില്‍ എത്തിച്ചു. എയര്‍പ്പോര്‍ട്ടില്‍ എത്താന്‍ സമയമുണ്ടോ എന്നുറപ്പില്ലായിരുന്നെങ്കിലും എനിക്കായി മാനേജറുടെ അപ്രീതി വരെ ഗൌരവമായി എടുക്കാതിരുന്ന അവളെ ഞാന്‍ അവസാനമായി ഒരു കോഫിയ്ക്ക് ക്ഷണിച്ചു. കോഫി ഡേ-യിലെ കോള്‍ഡ് കോഫിയ്ക്കും ചോക്കളേറ്റ് റ്റെമ്പ്റ്റേഷനും അപ്പുറവും ഇപ്പുറവുമായി അധികം സംസാരിക്കാതെ കുറെ നേരം. ഒടുവില്‍ “അല്‍വിദനാ കഹനാ” മൂളിക്കൊണ്ടാണ് പിരിഞ്ഞത്.

ഞാന്‍ തിരിച്ച് ബാംഗ്ലൂര്‍ എത്തി മൂന്ന് ദിവസം കഴിഞ്ഞാണ് സിദ്ധാര്‍ത്ഥന്‍ എത്തിയത്. “നിനക്ക് പൂനെ ടീമിലൊരാള്‍ ഒരു സമ്മാനം തന്നയച്ചിരുന്നു” എന്നു പറഞ്ഞ് സിദ്ധാര്‍ത്ഥന്‍ ഒരു പൊതി കൈമാറി. ഒരു കമ്പിയില്‍ ഊഞ്ഞാലാടുന്ന മൂന്നു ചിരിക്കുന്ന മുഖങ്ങളുള്ള ഒരു രൂപം, അതില്‍ ഇങ്ങനെ എഴുതിയിരുന്നു “കീപ്പ് സ്പ്രെഡിംഗ് സ്മൈല്‍സ്”...

***

ഒരു വര്‍ഷം മുമ്പത്തെ ആ ഹ്രസ്വകാലഘട്ടം ഇന്നും സുഖമുള്ള ഓര്‍മ്മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോള്‍ ലണ്ടനിലുള്ള അവള്‍ക്ക് ജന്മദിനാശംസകള്‍ പറഞ്ഞു കഴിഞ്ഞ് പിന്നെയും വളരെ നേരം കൊച്ചു വര്‍ത്തമാനം പറഞ്ഞിട്ട് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ആ ചിരിക്കുന്ന മുഖങ്ങളെ ഒരിക്കല്‍ കൂടി ഊഞ്ഞാലാട്ടി.

posted by സ്വാര്‍ത്ഥന്‍ at 10:50 PM

0 Comments:

Post a Comment

<< Home