Friday, September 15, 2006

എന്റെ നാലുകെട്ടും തോണിയും - അവര്‍

അവര്‍ അവനെ നോക്കി ചിരിക്കുകയാണ്. കൈ ചൂണ്ടി അടക്കം പറഞ്ഞു ചിരിക്കുകയാണ്.

ഞാന്‍ എന്തു ചെയ്തു? അവന്‍ കൈ രണ്ടും കൊണ്ട് മുഖത്തെ മറച്ച് വിലപിക്കുന്നു.

നീ ഒന്നും ചെയ്യുന്നില്ല. ഞങ്ങള്‍ എത്ര ഉപായങ്ങള്‍ പറഞ്ഞ് തന്നിരിക്കുന്നു. എത്ര മാര്‍ഗ്ഗങ്ങള്‍ വരച്ചു കാട്ടിയിരിക്കുന്നു. നീ എന്നിട്ടും അതെല്ലാം അവഗണിക്കുന്നു. നിന്റെ അഹങ്കാരം ഞങ്ങളുടെ അടുത്തൊ? നീ സ്വയം ചിന്തിക്കുന്നുവോ? നിന്റെ ലോകം നിന്നെക്കൊണ്ട് നീ നിറക്കുന്നുവൊ? ഞങ്ങളെ നീ ശ്രദ്ധിക്കുന്നില്ല.

പക്ഷെ ചങ്ങാതിമാരേ, ഞാന്‍ എന്നൊന്നില്ലെ? എന്റെ സ്വാതന്ത്ര്യം എന്നൊന്നില്ലെ?

അതു ഞങ്ങളുടെ പ്രശ്നമല്ല. നിന്നില്‍ കുറ്റബോധം നിറക്കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. നിന്നെ അപഹര്‍ഷതാബോധമുള്ളവനാക്കണം. നിന്റെ സമനില തെറ്റിക്കണം. നീ ഞങ്ങളുടെ അടിമയായിരിക്കണം. പക്ഷെ, ഞങ്ങള്‍ പറയുന്നത് പോലെ നടന്നാല്‍ അതിനും ഞങ്ങള്‍ ഒരിക്കല്‍ നിന്നെ പഴി പറയും. നീ ഒരു വിഡ്ഡിയെന്ന് ഞങ്ങള്‍ പ്രഘോഷിക്കും. അവര്‍ അതും പറഞ്ഞു പൊട്ടി ചിരിച്ചു.

പക്ഷെ എന്റെ ജീവിതത്തിന് വഴി മുട്ടുമ്പോള്‍ ആരെങ്കിലും എന്നെ...

നോക്കൂ നീ പിന്നേയും നിന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. നിന്റെ ഹൃദയം പാറക്കല്ല് പോലെ കഠിനം. നിന്നെ ഞങ്ങള്‍ വിധിക്കും. ഞങ്ങള്‍ക്ക് അതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. ദൈവഭക്തിയെ ഞങ്ങള്‍ കൂട്ടു പിടിക്കും. നിന്റെ മനസ്സില്‍ ഞങ്ങള്‍ വിശ്വാസങ്ങള്‍ കുടിയിരുത്തും. നിന്റെ എല്ലാ താഴ്ചകള്‍ക്കും ഞങ്ങള്‍ നിന്നെ വിധിക്കും. നിന്റെ ജീവിതം വെച്ച് ഞങ്ങള്‍ പാവക്കൂത്ത് നടത്തും. ഞങ്ങളെ അനുസരിക്കുന്നതാണ് നിനക്ക് നല്ലത്. ഞങ്ങളുടെ സ്വത്താണ് നീ. ഞങ്ങളുടെ തീരുമാനങ്ങള്‍ എത്ര ബുദ്ധിഹീനമാണെങ്കിലും അത് നീ തെരഞ്ഞെടുത്തേ മതിയാവൂ.

ഞാന്‍ നിങ്ങളെ ധിക്കരിച്ചാലൊ?

അവന്റെ ചോദ്യം കേട്ടുള്ള അവരുടെ കൂട്ട ചിരി മരണമണി പോലെ തോന്നിച്ചു. നിറുത്താതെയുള്ള ദേഹമാകെ പിടിച്ചു കുലുക്കുന്ന ചിരി. നിനക്ക് ഞങ്ങളെ ധിക്കരിക്കാന്‍ പറ്റുമൊ? ഞങ്ങളുടെ നിയമങ്ങളെ നിനക്ക് മറികടക്കാന്‍ പറ്റുമൊ? നീ എന്തു വിഡ്ഡിത്തമാണിപ്പോള്‍ പറഞ്ഞത്?

നിന്നെ ഞങ്ങള്‍ പിച്ചിചീന്തും. നിന്റെ മുഖത്തേക്ക് ഞങ്ങള്‍ കാറിതുപ്പും. നിന്റെ മേല്‍ കല്ലുകള്‍ വന്നു പതിക്കും. ഒരു നികൃഷ്ട ജീവിയപ്പോലെ നീ അലയും. നിന്റെ മിനുത്ത തൊലിയിലെ നേര്‍ത്ത രോമങ്ങളില്‍ പൊടിമണല്‍ കൂട്ടുകൂടും. നിന്റെ കണ്ണുകള്‍ ഗുഹകളിലേക്ക് ചേക്കേറും. നിന്റെ മുഖം വഴുവഴുത്ത പാറക്കല്ലിനെപ്പോല്‍ തോന്നിക്കും. നീ നശിക്കും. സര്‍വ്വതും നിനക്ക് നഷ്ടപ്പെടും.

അതു കേട്ടതും അവന്‍ വല്ലാതെ ഭയന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. ചെവി രണ്ടും പൊത്തി അവന്‍ തല അങ്ങോട്ടുമിങ്ങോട്ടും ശക്തമായി തെറിപ്പിച്ച് അവന്‍ നിലവിളിച്ചു. അവ്യക്തമായ ശ്ബദം പുറപ്പെടുവിച്ചുവെന്ന് പറയുന്നതാവും ശരി. അവന്റെ നിലവിളി തൊണ്ട വിട്ട് പുറത്തേക്ക് വന്നില്ല്ല.

പക്ഷെ, നിങ്ങളുടെ വഴികള്‍ എല്ലാം ശരിയല്ലല്ലൊ, നിങ്ങളില്‍ പലരും തെറ്റുകള്‍ ചെയ്യുന്നില്ലെ? കണ്ണുകള്‍ തുടച്ച് അവന്‍ മുഖമുയര്‍ത്തി പതിയെ ഉരുവിട്ടു.

അവര്‍ കൂട്ടമായി നിലത്ത് നിന്ന് പതിയെ ഉയര്‍ന്നു. അവരുടെ കണ്ണുകള്‍ അവന്റെ മേല്‍ പതിഞ്ഞു. ക്രൌര്യവും വെറുപ്പും അവരുടെ ഒരേപോലെയിരിക്കുന്ന ആയിരം മുഖങ്ങളില്‍ മിന്നിമറഞ്ഞു. നീ ഞങ്ങളെ ചോദ്യം ചെയ്യുന്നുവോ? നീ ഞങ്ങളുടെ മേല്‍ കുറ്റം ആരോപിക്കുന്നുവൊ? നിന്നില്‍ നിന്ന് വളരെ ഉയരത്തിലാണ് ഞങ്ങള്‍.

ഹേ വിഡ്ഡീ, നിനക്ക് മുഖമുയര്‍ത്താതെ ഞങ്ങളെ കാണാന്‍ സാധിക്കുന്നുവൊ? നിന്റെ കണ്ണുകളിലെ അന്ധകാരമാണ് നിന്നെക്കൊണ്ടത് ചോദിപ്പിച്ചത്. നിന്റെ ജല്പ്നങ്ങള്‍ വിഭ്രാന്തിയുടേതു തന്നെ. നിന്നെ സ്വതന്ത്രമായി വിട്ടത് ഞങ്ങളുടെ തെറ്റ്. ഇത്രയധികം സംസാരിക്കാന്‍ സമ്മതിച്ചതു തന്നെ കൊടിയ ആപത്ത്. തെറ്റുകള്‍ തിരുത്തപ്പെടേണ്ടവയാണ്.

അവനരുകിലേക്ക് പതുക്കെ അവര്‍ നീങ്ങി, അവനെ അവര്‍ ആവരണം ചെയ്തു. അവന്റെ ദീനരോദനം പതിയെ അലിഞ്ഞില്ലാതെയായി. തലച്ചോര്‍ അവനില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. കയ്യുകളും കാലുകളും അദൃശ്യമായ വള്ളികള്‍ കൊണ്ടവര്‍ മുറുക്കെ കെട്ടി. അവരുടെ ഉടുപ്പുകള്‍ അവനെ അണിയിച്ചു. കണ്ണുകള്‍ അവര്‍ ചൂഴ്ന്നെടുത്തു. നാക്ക് അവര്‍ പിഴുത് നിലത്തിട്ട് ചവിട്ടിയരച്ചു. അവരുടെ മുഖം അവനു നല്‍‍കി. ചെവിയില്‍ പതിയെ എന്തൊക്കേയൊ മന്ത്രിച്ചു. അവനെ തീരെ തിരിച്ചറിയാന്‍ പറ്റതെയായി.

പിന്നീട്, മറ്റൊരുവനെ തേടി അവര്‍ യാത്രയായി.

posted by സ്വാര്‍ത്ഥന്‍ at 2:34 PM

0 Comments:

Post a Comment

<< Home