Saturday, September 16, 2006

ചിത്രങ്ങള്‍ - അരിനിരോധനം

ചോറു തിന്നു ശീലിച്ച മലയാളി ലോകത്തിലെവിടെ എത്തിപ്പറ്റിയാലും, രസിച്ചു വല്ലതും കഴിക്കണമെങ്കില്‍ നന്നായി വെന്ത ചോറു് തന്നെ വേണം തീന്‍ പാത്രത്തില്‍.

പ്രവാസത്തിന്റെ ആദ്യ നാളുകളില്‍, ബസ്മതി അരിയായിരുന്നു ആശ്രയം -- ഒരു കപ്പ് അരി, അതിനിരട്ടി വെള്ളവും ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ട് മൈക്രോവേവിലേക്ക് ഒരു 28 മിനിറ്റ് വെച്ചു കഴിയുമ്പോള്‍ ചോറ്‌‌ റെഡി. അരി വാര്‍ക്കാനും നില്‍ക്കേണ്ട, ഒന്നും വേണ്ട.

ഇന്ത്യന്‍ കടകളില്‍ പ്രധാനമായും ബസുമതി അരി ഇന്ത്യയില്‍ നിന്നും, പിന്നെ പാക്കിസ്ഥാനില്‍ നിന്നും ഉള്ളവയാണ് വില്പനയ്ക്കുള്ളത്. അരി വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു, “പ്രൊഡ്യൂസ് ഓഫ് ഇന്ത്യ”എന്ന ലേബലുണ്ടോ എന്നുറപ്പു് വരുത്താന്‍.

അങ്ങിനെ തൈരും ചോറും അച്ചാറുമായി സുഭിക്ഷതയുടെ ഏകാന്ത ദിനങ്ങളിലൊന്നില്‍ കേട്ടു, ബസുമതി അരി തുടര്‍ച്ചയായി കഴിക്കുന്നത് നല്ലതല്ല, ഷുഗറു കൂടുതലാണത്രേ.

ആ കേട്ടറിവിനു ശേഷം കുറെ നാളുകള്‍, വിവിധ തരം അരികളുടേതായിരുന്നു. പൊടിയരിയുടെ വലിപ്പമുള്ള അരി മുതല്‍, നാട്ടിലെ കുത്തരി വരെ ഉപയോഗിച്ചു നോക്കി. (കുറേ ഉത്തരേന്ത്യന്‍ കൂട്ടുകാരെ, നാടന്‍ കുത്തരി വെച്ചുള്ള ചോറൂട്ടിക്കാന്‍ ഒരിക്കല്‍ ഒന്ന് ശ്രമിച്ചു നോക്കിയതോര്‍മ്മ വരുന്നു. മലയാളിക്കടയിലെ അരി, മണിക്കൂറുകള്‍ പുഴുങ്ങിയിട്ടും റബര്‍ പോലെ തന്നെ. ഒടുവില്‍ എല്ലാവരും അന്ന്, ചൈനീസ് ഫ്രൈഡ് റൈസ്സടിച്ചും, എന്നെ ചീത്ത പറഞ്ഞും നിര്‍വാണം കൈക്കൊണ്ടു. ഞാനാകട്ടെ ഈ കാലമാടന്മാരെ കുത്തരിച്ചോറൂട്ടിക്കാന്‍ തോന്നിയ നിമിഷത്തെയും ശപിച്ചു സമാധാനപ്പെട്ടു.)

ഒടുവില്‍, ഒരു മലയാളി പറഞ്ഞു തന്നതാണ്, അങ്കിള്‍ ബെന്‍സ് അരി. നാട്ടിലെ (ആന്ധ്രാ/തമിഴ്നാട്ടിലെ) വെളുത്ത അരി പോലെ തന്നെയുള്ള സാധനമാണത്രെ.

വാങ്ങിച്ചു കൊണ്ടു പോയി വെച്ചു നോക്കി, കുഴപ്പമില്ല എന്നു ബോദ്ധ്യവുമായി.

അതിനു ശേഷം ഇന്നേവരെ, അങ്കിള്‍ ബെന്‍സ് റൈസാണ് പ്രിയം. അതു മടുക്കുമ്പോള്‍, ബസ്മതി. ബസ്മതി മടുക്കുമ്പോള്‍ തിരിച്ചും.

വീണ്ടും സുഭിക്ഷതയുടേ കുറേ നാളുകള്‍...

ഇന്നിതാ, ദീപികയില്‍ വായിച്ചു, അങ്കിള്‍ ബെന്‍സ് അരി, സ്വിറ്റ്സര്‍ലാണ്ട് നിരോധിച്ചുവത്രെ. LL601 എന്നൊരു രാസവസ്തു ഉള്ളതിനാലാണ്, ഈ നിരോധനം.

ബേയര്‍ ക്രോപ്‌സയന്‍സ് എന്ന കമ്പനിയുണ്ടാക്കിയ ജനതിക അരിയാണ്, LLRice 601. ലിബര്‍ട്ടി ലിങ്ക് 601 എന്ന ജനതിക പ്രോട്ടീന്‍ അടങ്ങിയതിനാലാണ് LL601 എന്ന് ചെല്ലപ്പേരു്.

ഈ പ്രോട്ടീന്‍ ഉണ്ടാക്കിയത് എന്തിനാണെന്നോ? ബേയറിന്റെ തന്നെ ലിബര്‍ട്ടി എന്ന കളനാശിനിയെ ചെറുക്കാന്‍ വേണ്ടിയാണ്, ഈ പ്രോട്ടീന്‍ ഉണ്ടാക്കിയത്. അങ്ങിനെയാകുമ്പോള്‍, കളനാശിനി പ്രയോഗിക്കുമ്പോള്‍ കള മാത്രം നശിച്ചാല്‍ മതിയല്ലോ, നെല്‍ച്ചെടികള്‍ നിലനില്‍ക്കുകയും ചെയ്യും. ഇല്ലം ചുടുമ്പോള്‍, എലികള്‍ മാത്രം ചത്തിരുന്നെങ്കില്‍ എത്ര നന്നായേനെ...

ബേയര്‍, 2001-ല് കളനാശിനിയെ വെല്ലുന്ന‍ LL601 അരി നിര്‍ത്തിയെങ്കിലും, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, അമേരിക്കയില്‍ വിളയുന്ന സാദാ അരിയില്‍ മേല്പറഞ്ഞ രാസവസ്തു അപകടകരമായ തോതില്‍ കണ്ടെത്തിയെന്ന് USDA ആഗസ്ത് 18-ന് സ്ഥിരീകരിച്ചു.

കീടനാശിനിക്കാരനുണ്ടാക്കിയ ജനതിക വിത്ത് കാരണം, ജപ്പാനും ചില യൂറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ അരി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കയാണ്.

നമ്മളുരുട്ടിയടിക്കുന്ന “ബെന്‍ അമ്മാവന്”‍ അരിയേയും അവര് നിരോധിച്ചിരിക്കുന്നു.

ഇതോടേ, അരി വിറ്റഴിക്കാനാവാത്ത അമേരിക്കന്‍ കര്‍ഷകര്‍ ഈ വിത്തുണ്ടാക്കിയ കീടനാശിനിക്കമ്പനികള്‍ക്കെതിരെ കേസും വക്കാലത്തും തുടങ്ങിക്കഴിഞ്ഞു എന്നാണറിഞ്ഞത്.

വീണ്ടും ബസ്മതിയുടെ കാലമുദിക്കുന്നു. (പുതിയ അറിവുകള്‍ ഉണ്ടാവുന്നതു വരെ...)

വാ‍ല്‍ക്കഷണം: ഒരു വീടൊക്കെ മേടിച്ചിട്ട് വേണം, ചട്ടിയില്‍ കുറേ നെല്ലു കൃഷി ചെയ്യാന്‍. :^)



ദീപിക വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട്:


posted by സ്വാര്‍ത്ഥന്‍ at 12:27 AM

0 Comments:

Post a Comment

<< Home