Thursday, August 10, 2006

Suryagayatri സൂര്യഗായത്രി - കാന്തം

URL:http://suryagayatri.blogspot.com/2006/08/blog-post_10.htmlPublished: 8/10/2006 12:55 PM
 Author: സു | Su
ചേട്ടനും ഞാനും കൂടെ പുറപ്പെട്ടിറങ്ങി. ചേട്ടന് ഡി.വി.ഡി. പ്ലേയര്‍ ഒന്ന് വാങ്ങിയേ തീരൂ. ഇവിടെ അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞിട്ടൊന്നും കേട്ടില്ല. പിന്നെ, എന്റെ ചെവിയ്ക്ക്‌ കുറച്ച്‌ സൌര്യം കിട്ടുമല്ലോന്ന് കരുതി സമ്മതിച്ചു. കടയിലെത്തി. ഉത്സവസീസണ്‍ ആയതുകൊണ്ട്‌ എല്ലാ കടയിലും തിരക്ക്‌. കുടുംബസമേതം ഷോപ്പിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. ഞാന്‍ ആ ബഹളങ്ങളിലൊന്നും പെടാതെ ഒരു മൂലയ്ക്ക്‌ മാറി നിന്നു. അവിടുത്തെ ബഹളങ്ങള്‍ ആസ്വദിച്ചു. അങ്ങനെ നില്‍ക്കുമ്പോഴാണ് ഒരു കുഞ്ഞുകുട്ടി എന്റെ അടുത്ത്‌ വന്ന് പറ്റിക്കൂടിയത്‌. അല്ലെങ്കിലും കുട്ടികളൊക്കെ എന്നെ കണ്ടാല്‍ ഒരു സ്നേഹം കാട്ടും. വല്യവരുടെ ദുഷ്ടമനസ്സ്‌ അവര്‍ക്കില്ലല്ലോ. അതിനെ നോക്കി പുഞ്ചിരിച്ചു. അതും എന്നെ നോക്കി ഒന്ന് ചമ്മിച്ചിരിച്ചു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ അടുത്തത്‌ ഒന്ന് വന്നു. അതും എന്നെ പറ്റിക്കൂടി. അങ്ങനെ കുറേ കുഞ്ഞുങ്ങള്‍ എന്റെ ചുറ്റും, ചക്കപ്പഴം വെച്ചിടത്ത്‌ ഈച്ച വരുന്നതുപോലെ പറ്റിക്കൂടി നിന്നു. അവരുടെ അച്ഛനമ്മമാര്‍ കൂട്ടിക്കൊണ്ടുപോയാലും പിന്നേം നിലവിളിച്ച്‌ എന്റെ അടുത്തെത്തും. എനിക്കൊരു കാന്തത്തിന്റെ അവസ്ഥ. എനിക്കാകെക്കൂടെ പന്തികേട്‌ തോന്നി. പിന്നെ ആശ്വസിച്ചു. കുട്ടികള്‍ കാണുന്ന കാര്‍ട്ടൂണില്‍ ഏതെങ്കിലും ഒരു കഥാപാത്രത്തോട്‌ എനിക്ക്‌ സാമ്യം ഉണ്ടാകും എന്ന്. അങ്ങനെ അവരെല്ലാം കൂടെ എന്റെ അരികെ നിന്ന് ചുറ്റിത്തിരിയാന്‍ തുടങ്ങി. ഏതെങ്കിലും രണ്ടെണ്ണത്തിനെ ഒക്കത്തെടുക്കാമെന്നു വെച്ചാല്‍ മറ്റുള്ളവരുടെ മാതാപിതാക്കള്‍ എന്റെ തലയില്‍ കയറുമോന്നൊരു ശങ്ക. ചേട്ടന്‍ നോക്കുമ്പോഴുണ്ട്‌ പെണ്‍പോലീസുകാരുടെ ഇടയില്‍പ്പെട്ട പൂവാലനെപ്പോലെ ഞാന്‍ നിന്നു പരുങ്ങുന്നു. എന്തെങ്കിലും ചെയ്യാനും വയ്യ ചെയ്യാതിരിക്കാനും വയ്യ എന്ന മട്ടില്‍. കുറച്ച്‌ കഴിഞ്ഞപ്പോള്‍ എല്ലാവരും കുട്ടികളെ ശ്രദ്ധിക്കാതെ എനിക്ക്‌ ആയപ്പണി തന്നത്‌ പോലെ അവരവരുടെ ഷോപ്പിങ്ങില്‍ മുഴുകി. കുട്ടികള്‍, അങ്ങനെ മൂക്ക്‌ തുടച്ചും, കൈ കടിച്ചും, എന്റെ ഡ്രസ്സ്‌ പിടിച്ച്‌ പറിച്ചും ഒക്കെ നിന്നു. അവസാനം, ചേട്ടന്‍, ഒരു തീരുമാനത്തിലെത്തിയിട്ട്‌ ‘പോകാം’ എന്ന് പറഞ്ഞു. വേറെ ഏതോ കടയില്‍ നോക്കണമത്രേ. ഞാന്‍ കുട്ടികളെയൊക്കെ വിട്ട്‌ ചേട്ടന്റെ പിന്നാലെ നീങ്ങി. അപ്പോള്‍ എന്തോ ഒരു അസ്വസ്ഥത എനിക്കും തോന്നി. ഞാന്‍ നിന്നിടത്തേക്ക്‌ തന്നെ വന്നു. ആശ്വാസം. അപ്പോഴാണു മുഴുവന്‍ സംഭവത്തിന്റെ ചുരുക്കഴിഞ്ഞത്‌. ഞാന്‍ നിന്നിടത്ത്‌ ഒരു എയര്‍ കൂളര്‍ ഉണ്ടായിരുന്നു. കുട്ടികള്‍ തിരക്കില്‍ നിന്നിട്ട്‌ ചൂടുകൊണ്ട്‌ പൊറുതിമുട്ടി രക്ഷപ്പെട്ടു ഇതിന്റെ മുന്നില്‍ നിന്ന് സുഖിക്കുകയാണ്‌. ഞാന്‍ എല്ലാ കുഞ്ഞുമുഖത്തേക്കും നോക്കിയപ്പോള്‍ എല്ലാവരും കൂളായിട്ട്‌ പുഞ്ചിരിച്ചു നില്‍ക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 1:09 AM

0 Comments:

Post a Comment

<< Home