Wednesday, August 09, 2006

Gurukulam | ഗുരുകുലം - സൂര്യനും മൂങ്ങകളും

URL:http://malayalam.usvishakh.net/blog/archives/181Published: 8/10/2006 3:26 AM
 Author: ഉമേഷ് | Umesh

സുഭാഷിതത്തില്‍ സാധാരണയായി പ്രാചീനകവികളുടെ ശ്ലോകങ്ങളായിരുന്നു. ഇതാ ആദ്യമായി ഒരു സമകാലീനകവയിത്രിയുടെ ശ്ലോകം. വാഗ്‌ജ്യോതി എന്ന ബ്ലോഗ് എഴുതുന്ന ജ്യോതിര്‍മയിയുടേതാണു് ഈ ശ്ലോകം.

സമത്വദര്‍ശീ തു ദിവാകരോ ഹി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേऽപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

അര്‍ത്ഥം:

ദിവാകരഃ ഹി സമത്വദര്‍ശീ തു : സൂര്യന്‍ എല്ലാവരെയും ഒന്നുപോലെ കാണുന്നുവെങ്കിലും
ഉലൂകാഃ “തഥാ ന ഭാതി” ഇതി വദന്തി : മൂങ്ങകള്‍ “അങ്ങനെ കാണപ്പെടുന്നില്ല” എന്നു പറയുന്നു
തഥാ : അതു പോലെ
ഗുരൂണാം സമാനപാഠേ അപി : ഗുരുക്കന്മാര്‍ ഒരേപോലെ പഠിപ്പിച്ചാലും
മീലിതലോചനാനാം വിഭേദതാ : കണ്ണടച്ചിരുട്ടാക്കുന്നവര്‍ക്കു പക്ഷഭേദം (തോന്നും).

“സാര്‍ പഠിപ്പിച്ചതു മനസ്സിലാകുന്നില്ല, ചിലരെ മാത്രം നന്നായി പഠിപ്പിക്കുന്നു” എന്നു പരാതി പറയുന്ന കുട്ടികളെപ്പറ്റി ഒരു അദ്ധ്യാപികയുടെ പരിദേവനം.



ഉപേന്ദ്രവജ്രയിലുള്ള ഈ ശ്ലോകത്തിന്റെ പരിഭാഷകള്‍:

  1. രാജേഷ് വര്‍മ്മ (ശിഖരിണി):

    നിരപ്പായ്പ്പാരെല്ലാം കതിരു ചൊരിയും ഭാസ്ക്കരനിലും
    തരക്കേടായ്‌ കാണുന്നസമതയുലൂകങ്ങളതുപോല്‍
    ഒരേപോല്‍ പാഠം ചൊന്നരുളിടുകിലും വേര്‍തിരിവുതാന്‍
    ഗുരുക്കള്‍ക്കോരുന്നൂ മിഴികളിറുകെപ്പൂട്ടിയ ജനം

  2. പയ്യന്‍സ് (അനുഷ്ടുപ്പ്):
    സമരൂപത്തിലേവര്‍ക്കും
    ഏകുന്നൂ ഗുരു വിദ്യകള്‍
    പ്രകാശമെങ്ങുമേ സൂര്യന്‍
    ഒരു പോലേകിടും വിധം

    കാര്യം ഗ്രഹിക്കാത്ത മൂഢര്‍
    പഴിക്കും പക്ഷപാതിത
    പകല്‍ കാണാത്ത കൂമന്മാര്‍
    സൂര്യനേയെന്ന പോലവേ

  3. ബാബു (കേക):
    വിണ്ണില്‍നിന്നെല്ലാടവും വെണ്മതൂകിടുംസൂര്യന്‍
    കണ്ണടച്ചുറങ്ങുന്ന കൂമനെങ്ങനെകാണും
    അറിവിന്‍ മുന്‍പില്‍ മിഴിപൂട്ടിടും ശിഷ്യരയ്യോ
    ഗുരുവില്‍ പക്ഷഭേദമാരോപിക്കുന്നു നിത്യം…

കൂടുതല്‍ വിവരത്തിനു കവയിത്രിയുടെ തന്നെ ഈ പോസ്റ്റു കാണുക.

posted by സ്വാര്‍ത്ഥന്‍ at 3:47 PM

0 Comments:

Post a Comment

<< Home