Sunday, August 06, 2006

Suryagayatri സൂര്യഗായത്രി - അവിശ്വാസം

ചിതയില്‍ ആണ് ഞാന്‍.

അവിശ്വാസത്തിന്റെ വഴുവഴുപ്പുള്ള ചിതയില്‍.

ചന്ദനം പുകയാത്ത, സംശയം പുകയുന്ന ചിതയില്‍.

തിരിച്ച്കയറണമെന്നുണ്ട്.

ആവില്ല.

ചുറ്റും നിന്ന് എന്റെ മനസ്സിലെ ചെകുത്താന്മാര്‍ എന്നെ ചിതയിലേക്ക് തള്ളുകയാണ്.

എനിയ്ക്ക് ഈ ഗര്‍ത്തത്തില്‍ നിന്ന് മുകളിലെത്തണം.

സൌഹൃദത്തിന്റെ സ്വര്‍ഗവാതില്‍ക്കല്‍ നിന്ന്,

തലയടിച്ച് കരയണം.

കണ്ണീരിലിലയിച്ച് ആ വാതില്‍ തുറപ്പിയ്ക്കണം.

എന്നേയ്ക്കുമായി അവിടെ ഒടുങ്ങണം.

അതെന്റെ കുടീരമാവട്ടെ.

പക്ഷെ ചിതയില്‍ ആണ് ഞാന്‍.

സംശയത്തിന്റെ ഭൂതങ്ങള്‍ വസിക്കുന്ന മനസ്സിലെ ചിതയില്‍.

വെറുപ്പിന്റെ ദുസ്സഹമായ ഗന്ധം എന്റെ ഹൃദയത്തിന്റെ ഉളളറയില്‍ ഓടിനടക്കുന്നു.

എന്റെ സ്നേഹക്കൂടാരം അവിശ്വാസത്തിന്റെ കൊടുങ്കാറ്റില്‍ ആടിയുലയുന്നു.

എനിയ്ക്ക് കരകയറണം.

ഒരിക്കല്‍ക്കൂടെ സൌഹൃദത്തിന്റെ മലഞ്ചെരുവില്‍ക്കൂടെ മഞ്ഞിന്റെ തണുപ്പില്‍ നടക്കണം.


അവിശ്വാ‍സമെന്ന കാലന്‍ ചിരിച്ച് കൊണ്ടാണോ വന്നത്?

എനിക്ക് നിഷേധിക്കാന്‍ ആവാത്ത വിധം എന്നെ വരിഞ്ഞുമുറുക്കിപ്പോകുമ്പോള്‍

എന്റെ പ്രജ്ഞ നശിച്ചിരുന്നോ?

അറിയില്ല.

എനിക്ക് മോക്ഷം വേണം.

സൌഹൃദത്തിന്റെ നീലക്കുറിഞ്ഞിമലകളിലൂടെ നടക്കണം.

അതില്‍ അലിഞ്ഞ് ഞാന്‍ തീരുമ്പോള്‍ എന്നും പൂക്കുന്ന നീലക്കുറിഞ്ഞിയായി ജനിക്കണം.

ചിതയില്‍ ആണ് ഞാന്‍.


posted by സ്വാര്‍ത്ഥന്‍ at 5:09 AM

0 Comments:

Post a Comment

<< Home