ചിത്രങ്ങള്‍ - കൊഴിഞ്ഞ പൂവ്
URL:http://chithrangal.blogspot.com/2006/08/blog-post.html | Published: 8/5/2006 11:29 AM |
Author: evuraan |
ജീവിതചക്രം ഉരുളുകയാണ്, മുന്നോട്ട്.
ഒരുപാട് നൊന്ത്, ഒരു പൂവ് കൂടിയിതാ അതിനിടയില്‍ കൊഴിഞ്ഞില്ലാതാകുന്നു, അതിന്റെ ഉണങ്ങിയ ദളങ്ങളിതാ മണ്ണോട് ചേരുന്നു.
എനിക്കേറ്റം പ്രിയമുള്ളൊരു പൂവ്.
കറിക്കരിഞ്ഞ പാടുകളുള്ള ആ വിരലുകളുടെ സ്പര്‍ശം ഞാനിപ്പോഴും തേടുന്നു. ചമരിപ്പിക്കുന്നതിനിടയില്‍, ആ പാടുകളുടെ പരുക്കന്‍ സ്പര്‍ശം ഞാനിപ്പോഴും അറിയുന്നു.
കാച്ചിയ എണ്ണയുടെയും, അലക്കിയ ചട്ടയുടെയും സുഖമുള്ള ഗന്ധം ഞാനിപ്പോഴും മണക്കുന്നു. ദോശയും, കടുക് വറുത്തരച്ച ചമ്മന്തിയും ഞാനിന്നും കൊതിക്കുന്നു.
കല്പിച്ചു തന്ന മുദ്ര മോതിരം, ഞാനിന്നും ധരിക്കുന്നു.
എന്റെ കണ്ണ് അടയും വരെയും, ഇതെല്ലാം എന്റെ മാത്രം സ്വന്തം.
പ്രവാസിയുടെ ഗതികേടിനെ ഞാനറിയുന്നു. ഭൌതികമായ ദൂരത്തെ ഞാനിതാ ശപിക്കുന്നു, മുട്ടലോടെ വിതുമ്പലൊതുക്കുന്നു.
എല്ലാവര്‍ക്കുമൊപ്പം, ഒരു പിടി ചെമ്മണ്ണ് വാരിയിടാനോ, തന്നിട്ടുള്ള ആയിരം ഉമ്മകള്‍ക്ക് പകരം ആ നെറ്റിയില്‍ അവസാനമായി ഒന്ന് ഉമ്മവെയ്ക്കാനോ, എനിക്കുമേലുള്ള കെട്ടുകള്‍ അഴിയുന്നില്ല.
ഇനിയും ഒരു ജന്മമുണ്ടെങ്കില്‍, അമ്മച്ചിയുടെ കൊച്ചുമകനായ് പിറക്കാന്‍ എനിക്ക് ഭാഗ്യമുണ്ടാകട്ടെ.
പ്രാര്‍ത്ഥനയോടേ, വേദനയോടേ, പ്രണാമം.
അന്ത്യവിധിയുടെ നാളില്‍, അവന്റെ മഹത്വമുദിക്കുമ്പോള്‍, ഇവള്‍ വലംഭാഗത്ത് നില്‍ക്കട്ടെ.
സ്നേഹത്തിന് ഞാന്‍ വിളിച്ച പേരുകളിലൊന്ന് അമ്മച്ചി എന്നായിരുന്നു.
0 Comments:
Post a Comment
<< Home