Friday, August 04, 2006

അശ്വമേധം - പ്രോജക്റ്റ് കോഡ് പി 230

ലക്ഷ്മി: ഇന്നെങ്ങോട്ടാ?

അനില്‍: ജെഫ്രീസ് പബ്

നീന: പറ്റില്ലാ… ഞങ്ങളും ഉള്ളപ്പോ പബ്ബില്‍ പോകാന്‍ പറ്റില്ലാ. നമുക്ക് ബോളിംഗിനു ഹീരനന്ദാനിയില്‍ പോകാം

അരവിന്ദ്: അമ്മക്കുട്ടികള്‍ രണ്ടാളും നേരെ വീട്ടില്‍ പോ. ഞങ്ങടെ ഒരു നല്ല വെള്ളിയാഴ്ച വെയ്സ്സ്റ്റാക്കല്ലേ..

ലക്ഷ്മി: നീ പോടാ, രൂപാലീ ഒന്നു പറയൂ പ്ലീസ്, ബോളിംഗിനു പോകാമെന്ന്. വല്ലപൊഴും ഒരു വെള്ളിയാഴ്ചയാ ഞങ്ങള്‍ക്ക് വരാന്‍ തന്നെ കിട്ടുന്നത്.

രൂപാലി: ഗയ്‌സ്, എത്ര തവണ പറഞ്ഞിട്ടുണ്ട് വാവകളുള്ളപ്പോ ബോളിംഗ് മതി, പബ് വെണ്ടാന്ന്? ഹഹഹഹ്… ഇന്നു ബോളിംഗ് തന്നെ.

അരവിന്ദ്: ഓ ശരി. പ്രോജക്ട് ലീഡ് പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ… ഉത്തരവ് മാം..

അനില്‍: ഓക്കെ ദെന്‍. എല്ലാരും പെട്ടെന്ന് പണി തീര്‍ത്തെ. അഞ്ചരയ്ക്ക് ഇറങ്ങണം.

രൂപാലി: വെള്ളിയാഴ്ച വൈകിട്ടായാല്‍ ഗ്രൂപ് ലീഡിനു പണിയുടെ ആധി കേറും.

സംഭാഷണത്തില്‍ പങ്കുചേരാതെയിരുന്ന് പണിയെടുക്കുകയായിരുന്ന എന്നെ ചൂണ്ടിയായിരുന്നു രൂപ്‌സിന്റെ അവസാനത്തെ കൊട്ട്. ലക്ഷ്മിയും നീനയും കൂടെയുള്ളപ്പോഴൊക്കെ ഞങ്ങള്‍ വെള്ളിയാഴ്ച പാര്‍ട്ടികള്‍ നടത്താന്‍ ഹീരനന്ദാനി ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. പബ്ബില്‍ വരാന്‍ രണ്ടിനും അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മമാരോട് കളവു പറയുന്നതൊഴിവാക്കാനായി അവരതു വേണ്ടെന്നു വെച്ചിരുന്നു. അവരില്ലാത്ത വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ ബാക്കി ‘മുതിര്‍ന്നവര്‍’ ജെഫ്രീസിലായിരുന്നു പോയിരുന്നത്. വെള്ളിയാഴ്ചകള്‍ ആഘോഷിയ്ക്കുക എന്നത് ഞങ്ങളുടെ പ്രോജക്ട് ഗ്രൂപ്പിന് മുടക്കാനാവാത്ത ഒരു ചിട്ടയായി മാറിയിരുന്നു. ഒന്നെങ്കില്‍ ഏതെങ്കിലും പബ്ബ് അല്ലെങ്കില്‍ ഹീരാ നന്ദാനിയില്‍ ബോളിംഗും പിന്നെ മിക്കവാറും പിസ്സാഹട്ടില്‍ അത്താഴവും.

ഞാന്‍: ഒരു സ്‌ട്രൈക്ക് കാണണമെങ്കില്‍ എല്ലാവരും നോക്കിക്കോ

അരവിന്ദ്: പതിവു പോലെ അതും ഗട്ടര്‍.

രൂപ്‌സ്: നീ ഈ ഡയലോഗ് പറയുമ്പോഴൊക്കെ നമ്മുടെ ടീമിന്റെ പോയന്റ് കുറയും. ഒന്ന് വായ അടച്ചു വെച്ച് കളിയ്ക്കാമോ?

ഓരോ സ്‌ട്രൈക്കും കഴിയുമ്പോള്‍ നീന ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടുന്നത് കൌതുകകരമായ കാഴ്ചയാണ്. അവളെനിയ്ക്കു വേണ്ടി ആര്‍ത്തു വിളിക്കുന്നതിന്റെ സന്തോഷത്തിനു വേണ്ടിയാണ് കുറെ ഞായറാഴ്ചകളിലെ നട്ടുച്ചകളും പിന്നെ അത്യാവശ്യം നല്ല സംഖ്യകളും ബലി കഴിച്ച് ബോളിംഗ് പ്രാക്ടീസ് നടത്തി പിന്നുകളെല്ലാം എറിഞ്ഞിടാന്‍ പടിച്ചത്. അന്ന് പിരിഞ്ഞപ്പോള്‍ ആരോ സൂചിപ്പിച്ചിരുന്നു എല്ലാവരും കൂടി ഞായറാഴ്ച നീനയുടെ വീട്ടില്‍ അവളുടെ ജന്മദിനം ആഘോഷിക്കാന്‍ പോകുന്നതിനെപ്പറ്റി. ഞായറാഴ്ച വെറുതെ കളയാന്‍ താല്‍പ്പര്യമില്ലായിരുന്നെങ്കിലും നീനയുടെ സന്തോഷത്തിനായി സമ്മതിച്ചു.

ഞായറാഴ്ച രാവിലെ മൊബൈലിന്റെ ശബ്ദം കേട്ടാണുണര്‍ന്നത്. അഡ്രസ്സ് ബുക്കിലില്ലാത്ത നമ്പര്‍. “ഹെല്ലോ, ഇതു ഞാനാണ് വിശ്വജിത്ത്.” വിഷു എന്ന എല്ലാവരും വിളിയ്ക്കുന്ന ഞങ്ങളുടെ അടുത്ത പ്രോജക്റ്റിലുള്ള, എപ്പോഴും ചിരിക്കുന്ന പയ്യന്‍. ഇവനെന്തിന് ഞായറാഴ്ച രാവിലെ തന്നെ എന്നെ വിളിക്കണം എന്നാലോചിച്ചു കൊണ്ട് ‘ഹെല്ലോ‘ പറഞ്ഞു. അവന്‍ വലിയ സന്തോഷത്തില്‍ തുടര്‍ന്നു “നീ വരുന്നില്ലേ നീനയുടെ വീട്ടില്‍? ഞാന്‍ ഇപ്പൊള്‍ത്തന്നെ കാറുമായി എത്താം, നീ റെഡിയായിരിയ്ക്ക്”. ഉറക്കം വിട്ടുമാറാത്തതിനാല്‍ ‘ഏതു നീ‍ന?‘ എന്നാണ് ചോദിയ്ക്കാന്‍ തോന്നിയത്. എന്നാലും അവന്‍ ഞങ്ങളുടെ പ്രോജെക്ടിലെ നീനയുടെ കാര്യത്തില്‍ ഇത്ര താല്‍പ്പര്യത്തോടെ കാറൊക്കെ എടുത്ത് എത്തുന്നതിനാല്‍ പെട്ടെന്നു തന്നെ വരാം എന്നും പറഞ്ഞ് ഫോണ്‍ വെച്ചു. കുളിയ്ക്കുമ്പോഴും ആലോചിച്ചത് ജന്മദിനത്തിനൊക്കെ വീട്ടിലെത്താന്‍ മാത്രം അവര്‍ തമ്മിലെന്തു പരിചയം എന്നായിരുന്നു. ശരിയാണ് അവര്‍ ഒരു ഗ്രൂപ്പായി ഇടയ്ക്കിടയ്ക്ക് സംസാരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

ഒരു മണിക്കൂറോളം എടുത്ത് അവളുടെ വീടിനടുത്തെത്തിയപ്പൊഴാണ് അവന്‍ സമ്മാനം വാങ്ങുന്ന കാര്യം ഓര്‍മ്മിപ്പിച്ചത്. ഒരോ ബുക്കെ പൂവ് വാങ്ങാം എന്ന ആശയം പറഞ്ഞതും അവന്‍ തന്നെ. ഒരു പൂക്കടയുടെ മുമ്പില്‍ വണ്ടി നിന്നു. പൂക്കള്‍ തിരഞ്ഞു കൊണ്ടിരുന്നതിനിടയിലാണ് വിശ്വജിത്ത് പൂക്കളുടെ നിറങ്ങളുടെ പിന്നിലെ കഥകള്‍ പറഞ്ഞത്. വെള്ള സൌഹൃദത്തെക്കുറിയ്ക്കുന്നത്രെ, ചുവപ്പ് റോസുകള്‍ പരിശുദ്ധ പ്രണയത്തിന്റെ പ്രഖ്യാപനവും. എന്നാല്‍ അവള്‍ക്ക് ഒരു കുല ചുവപ്പ് റോസ് തന്നെ കൊടുത്തുകളയാം എന്നു പറഞ്ഞ് ഞാന്‍ അതു തന്നെ തിരഞ്ഞെടുത്തു. അവന്‍ വെള്ള റോസുകളും. അവളുടെ വീട്ടിലെത്തി സമ്മാനം കൊടുക്കാന്‍ നേരത്താണ് ഞങ്ങളുടെ പൂക്കള്‍ മാറിപ്പോയ കാര്യം ഞാന്‍ ശ്രദ്ധിച്ചത് - കാറിന്റെ പുറകിലെ സീറ്റില്‍ നിന്നെടുത്തപ്പോള്‍‍ മാറിയതാവാം. അവന്‍ കൊടുത്തതായിരുന്നു ചുവപ്പുപൂക്കള്‍.

ലക്ഷ്മിയും അനുവും അരവിന്ദും ഉണ്ടായിരുന്നു നീനയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക്. വീട്ടില്‍ ഭക്ഷണം കഴിഞ്ഞ് അടുത്ത പരിപാടി ലോണാവ്‍ല ഡ്രൈവ് ആയി തീരുമാനിയ്ക്കപ്പെട്ടു. വിഷുവിന്റെ ഐക്കണില്‍ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍. വളവുകള്‍ വീശിയെടുത്ത്, കയറ്റങ്ങള്‍ ഇരച്ചു കയറി ഞങ്ങള്‍ ലോണാവ്‌ലയില്‍ പെട്ടെന്നെത്തി. ഹെവന്‍സ് ഡെക്ക് എന്ന വ്യൂപോയന്റില്‍ സമയം കളയാനായിരുന്നു എല്ലാവരുടെയും തീരുമാനം. പതിവു കളിയാക്കലുകളും അന്താക്ഷരിയുമൊക്കെയായി സമയം നീങ്ങി. എങ്ങനെയോ വര്‍ത്തമാനം പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രീതികളില്‍ എത്തി. നീനയായിരുന്നു ആ വിഷയം എടുത്തിട്ടത്.

വിഷു: ഇവിടുത്തെ ആസ്ഥാന കാമുകനായ നീ തന്നെ കാണിയ്ക്ക് എങ്ങനെയാണെന്ന്.

ഞാന്‍: ഞാനോ? ഞാന്‍ പാവം. എന്നെ വിട്.

നീന: കമോണ്‍ മാന്‍. ഒന്നു കാ‍ണിയ്ക്കൂ നിന്റെ സ്‌റ്റൈല്‍.

അരവിന്ദ്: ഈ മല്ലുവിന് എന്തു സ്‌റ്റൈല്‍ … ഹഹഹ… ഒരു വലിയ പൂവും വെച്ച് “ഞാ നീ പ്രേമിക്കണു”

ഞാന്‍: ഡാ ഡാ ഡാ, ഞങ്ങള്‍ മല്ലുസ് ആണ് മോസ്റ്റ് റൊമാന്റിക്ക്. നിങ്ങള്‍ ഗാട്ടുകാര്‍ക്ക് എന്തറിയാം.

ലക്ഷ്മി: എന്നാ നീ ഒന്നു ചെയ്തു കാണിയ്ക്കൂ.

എങ്ങെനെ പ്രണയാഭ്യര്‍ത്ഥന നടത്തും എന്നു കാണിയ്ക്കാന്‍ ഞാന്‍ തയ്യാറായി. നീന ചിരിച്ചു കൊണ്ട് എണീറ്റു നിന്നു. നിലത്തു നിന്നും പറിച്ച ഒരു പുല്‍ക്കൊടിയുമായി ഞാന്‍ മുട്ടില്‍ നിന്ന് “പ്രാണപ്രിയേ “ എന്നൊക്കെ വിളിച്ച് തുടങ്ങിയപ്പോഴേയ്ക്കും നീന മുഖം പൊത്തിച്ചിരിയ്ക്കാന്‍ തുടങ്ങിയിരുന്നു. “ഇതു പരമബോറ്, ഞാന്‍ കാണിച്ചു തരാം” എന്നു പറഞ്ഞ് വിഷു എണീക്കുന്നത് ഞാന്‍ കണ്ടു. അവന്‍ വിരലില്‍ കിടന്ന മോതിരം ഊരി നിലത്തു മുട്ടുകുത്തി നീനയുടെ കൈ ചുമ്പിയ്ക്കുന്നതും ആ മോതിരം ഇടുന്നതുമാണ് പിന്നെ ഞങ്ങള്‍ കണ്ടത്.

അത്ര പരിചയമൊന്നുമില്ലാത്ത അവന്റെ ആ നീക്കം നീനയെ മൂഡ് ഓഫ് ആക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവള്‍ എല്ലാം ഒരു സ്പോര്‍ട്ട്സ്‌മാന്‍ സ്പിരിറ്റിലെടുത്ത് ചിരിച്ചു നിന്നത് എന്നെ തെല്ലൊന്നമ്പരപ്പിച്ചു. ആ മോതിരം അവള്‍ ഊരിയില്ലെന്നതും ഞാന്‍ ശ്രദ്ധിച്ചു.

എല്ലാവരും കൂടി അടുത്ത വ്യൂ പോയിന്റിലേയ്ക്ക് നടക്കുന്നതിനിടയിലാണ് ലക്ഷ്മി അപ്പൊഴും നീനയുടെ കൈയില്‍ കിടന്ന മോതിരം ശ്രദ്ധിച്ചത്. “ഇതു കൊള്ളാമല്ലോ, ഇത് ലേഡീസ് റിങ്ങ് ആണല്ലോ, അതും സ്റ്റോണുള്ളത്, ഇതെന്തിനാ താന്‍ ഇടുന്നെ” എന്നു ലക്ഷ്മി വിഷുവിനോട് ചോദിക്കുന്നതു കേട്ട് ഞാന്‍ തിരിഞ്ഞപ്പോള്‍ കണ്ടത് വിഷു പെട്ടെന്ന് കാല് മടിഞ്ഞ് വെറും നിലത്തേയ്ക്ക് വീഴുന്നതാണ്. ആ ചോദ്യം എല്ലാവരും മറന്നു. അവിടെ കാലു മടിയാന്‍ കുഴിയോ കുറ്റിയോ ഒന്നും ഞാന്‍ കണ്ടുമില്ല. അവന്‍ കുറച്ചു നേരത്തേയ്ക്ക് വേച്ചു വേച്ചു നടക്കുന്നുണ്ടായിരുന്നു.

ലോണാവ്‌ല ചിക്കികളും ഫഡ്‌ജുകളും ഒക്കെയായി ഒരു സായാഹ്നം കൂടി. പൊട്ടിച്ചിരികളും പാട്ടുകളും പിന്നെയുമൊരുപാട്. സൂര്യന്‍ പടിയിറങ്ങിക്കഴിഞ്ഞാണ് ഞങ്ങള്‍ തിരിച്ചു പോന്നത്. പ്രോജക്ട് പി 230-ഇലെ ഞങ്ങളുടെ ദിനരാത്രങ്ങള്‍ സന്തോഷഭരിതങ്ങളായിരുന്നു. മിക്കവരും ചെറുപ്പക്കാര്‍, അവിവാഹിതര്‍. ജീവിതം ആസ്വദിച്ച ദിവസങ്ങള്‍. പക്ഷെ സന്തോഷം ശാശ്വതമല്ലെന്നാണല്ലോ. പെട്ടെന്നു തന്നെ ജോലി മാറേണ്ടി വന്നു. എത്തിപ്പെട്ടത് ബാംഗളൂരില്‍ മറ്റൊരു കമ്പനിയില്‍.
പണിയില്‍ മുങ്ങിയ ദിവസങ്ങള്‍. ഉറക്കം പോലും ഓഫീസില്‍ തന്നെ. ബോംബെയിലെ നല്ല നാളുകള്‍ ഓര്‍മ്മ മാത്രമായി.

അങ്ങനെയിരിയ്ക്കെ ഒരിയ്ക്കല്‍ നാട്ടില്‍ പോകാന്‍ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തിരക്കു പിടിച്ച ബുക്കിംഗ് സെന്ററില്‍ നില്‍ക്കുമ്പോള്‍ മൊബൈലില്‍ ഒരു കോള്‍. ഒരു ബോംബെ നമ്പര്‍.

ഞാന്‍: ഹെല്ലോ, ആരാണിത്
നീന: ഡാ, ഇതു ഞാനാ നീന മന്ദാനി. ഓര്‍മ്മയുണ്ടൊ നമ്മളെ ഒക്കെ?
ഞാന്‍: ഹായ്… കൊറെ നാളായല്ലോ…. ഇതൊരു സര്‍പ്രൈസ് ആയി.
നീന: ഹ്മ്മ്… അറിയാം.. ഹിഹിഹിഹി… പിന്നെ എന്തൊക്കെ വിശേഷം? സുഖം തന്നെ?
ഞാന്‍: ആഹ്… സുഖം എന്നു പറയാം. ജീവിച്ചു പോകുന്നു. നിനക്കോ?
നീന: എനിക്കു പരമ സുഖമല്ലെ… ഹിഹിഹിഹി … പിന്നെ ഞാന്‍ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്. നിനക്ക് ഊഹിയ്ക്കാമോ?
ഞാന്‍: ഹ്മ്മ്മ്മ്… നീ കമ്പനി ചാടുന്നോ?
നീന: ബുദ്ദു. നിനക്കീ കമ്പനിയുടെ കാര്യമേ പ്രധാനമായുള്ളൂ?. ഇതതൊന്നുമല്ല. എന്റെ കല്ല്യാണം ഉറപ്പിച്ചു.
ഞാന്‍: വൌ. അഭിനന്ദങ്ങള്‍. ഇതു ശരിയ്ക്കും സര്‍പ്രൈസ് ആയി കേട്ടോ. ആട്ടെ, ആരാ ആ ഭാഗ്യഹീനന്‍?
നീന: അവിടെയല്ലേ തമാശ.. നിനക്കറിയാവുന്ന ഒരാളാ.. ഹിഹിഹിഹി.. ആരാന്നു പറ
ഞാന്‍: ങെ? എനിക്കറിയാമോ?
നീന: ങൂം.. നിനക്കറിയാവുന്ന ആളാണ്..ഹിഹിഹിഹി…
ഞാന്‍: ങേ…കൊള്ളാല്ലോ… അരവിന്ദ് ആണോ?
നീന: പോടാ അരവിന്ദ് ഒന്നുമല്ല. ഒരു ചാന്‍സ് കൂടി തരാം… ഒരു ക്ലൂ തരാം… നമ്മുടെ പ്രോജെക്‌ട് അല്ലായിരുന്നു.
ഞാന്‍: നമ്മുടെ പ്രോജെക്‌ട് അല്ലെങ്കില്‍ പിന്നെ…. ഹ്മ്മ്മ്മ്… വേറേ ആര്‍?.... ഓഹ്ഹ്ഹ്…. യെസ്… എന്തായിരുന്നു…. വിശ്വജിത്ത്…വിഷു? വിഷുവാണോ?
നീന: ഹിഹിഹിഹി.. റെറ്റ് … ബുള്‍സ് ഐ.
ഞാന്‍: കൊച്ചു കള്ളീ, കണഗ്രാറ്റ്സ്… നീ ഒരു വാക്കു പറഞ്ഞില്ലല്ലോ…
നീന: പറഞ്ഞില്ലെന്നോ? നിങ്ങളുടെ ഒക്കെ മുന്നില വെച്ചല്ലേ അവന്‍ എന്നെ പ്രൊപ്പോസ് തന്നെ ചെയ്തത്? ഹിഹിഹിഹി…
ഞാന്‍: ഹ്മ്ം …ശരിയാണ്… ഞാന്‍ ഓര്‍മ്മിയ്ക്കുന്നു… ഞാന്‍ എല്ലാം ഓര്‍മ്മിയ്ക്കുന്നു. ഇതെപ്പോ തുടങ്ങി? നിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിയ്ക്കും മുമ്പ്?
നീന: അല്ലല്ല… അന്നു ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നെയെപ്പോഴോ…ഹിഹി.

ബുക്കിങ്ങ് സെന്ററിലെ ബഹളത്തില്‍ നിന്നിറങ്ങി ഞാന്‍ സംഭാഷണത്തില്‍ മുഴകി വളരെ ദൂരം നടന്നു കഴിഞ്ഞിരുന്നു. പിന്നെയുള്ള കുറെ മണിക്കൂറുകള്‍ ഞാന്‍ പണ്ടൊരു ഡമ്മിയായ ചമ്മല്‍ എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി തങ്ങിനിന്നിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 7:36 PM

1 Comments:

Anonymous Anonymous said...

super

5:05 AM  

Post a Comment

<< Home