Thursday, August 03, 2006

Suryagayatri സൂര്യഗായത്രി - സൂര്യനും ചന്ദ്രനും പിന്നെ ബ്ലോഗും

ചന്ദ്രനില്‍ച്ചെന്നപ്പോളൊരു മലയാളിയുടെ ചായക്കട. സൂര്യനില്‍ച്ചെന്നപ്പോളൊരു മലയാളിയുടെ ചായക്കട. എന്നൊക്കെ എല്ലാവരും കേള്‍ക്കും.

പക്ഷെ ആരും ചിന്തിക്കാത്തൊരു കാര്യമുണ്ട്‌. ചന്ദ്രനും സൂര്യനും എങ്ങനെ ഷിഫ്റ്റ്‌ ഡ്യൂട്ടി ആയി എന്നത്‌. ഒരാള്‍ പോകുമ്പോള്‍ മറ്റേയാള്‍ വരുന്നത്‌ എന്തുകൊണ്ട്‌, ഒരാളുള്ളപ്പോള്‍ മറ്റേയാളെ കാണാത്തതെന്ത് എന്നൊക്കെ. രണ്ടാള്‍ക്കും ഫുള്‍ ഡ്യൂട്ടി കൊടുത്ത്‌ ശമ്പളം കൊടുത്താല്‍ മുടിഞ്ഞുപോകും എന്നുള്ളതുകൊണ്ട്‌ ദൈവം തീരുമാനിച്ചതാണൊന്നോന്നും ആരും ചിന്തിച്ചില്ല. ശാസ്ത്രജ്ഞന്മാരൊക്കെ ചിന്തിച്ചിട്ടുണ്ടാകും.

രാവിലെ സൂര്യന്‍ വന്ന് അലാറം അടിക്കുമ്പോള്‍, ഒരു ദിവസമെങ്കിലും വൈകി വന്നൂടെടോ ശല്യമേ, എന്ന് പ്രാകി എണീറ്റ്‌ ജോലിയും ബ്ലോഗലും ഒക്കെ നടത്തി, വൈകുന്നേരം ചന്ദ്രന്‍ മൂപ്പരു വരുമ്പോള്‍ വീട്ടിലെത്തി ബ്ലോഗലും കമന്റലും ഓണും ഓഫുമായിട്ട്‌ നടന്ന് ഉറങ്ങുന്നതുവരെ പല കാര്യങ്ങളും ചിന്തിക്കുമ്പോള്‍ ഇത്‌ മാത്രം ആര്‍ക്കും ചിന്തിക്കാന്‍ നേരം കിട്ടിയില്ല. എന്തുകൊണ്ടാണ്‌‍ സൂര്യനും ചന്ദ്രനും, ഇമ്രാന്‍ ഹാഷ്മിയും മല്ലികാ ഷെരാവത്തും വരുന്നതുപോലെ ഒട്ടിപ്പിടിച്ച്‌ വരാത്തത്‌ എന്നാരും ചിന്തിച്ചില്ല. പക്ഷെ ഞാന്‍ നിങ്ങളെപ്പോലെ തിരക്കില്‍ അല്ലാത്തതുകൊണ്ട്‌ ചിന്തിച്ചു. രാവിലെ എണീറ്റ്‌ ചേട്ടനു കാപ്പി കൊടുത്ത്‌ ഒരു ദിവസം ആരംഭിക്കുന്നത്‌ മുതല്‍, രാത്രി പാത്രം കഴുകിവെക്കുന്നതുവരെയുള്ള, (രാവിലത്തെ കാപ്പിയുടേതല്ല. എനിക്കത്രേം മടിയില്ല) ദിവസം അവസാനിക്കുന്നതുവരെയുള്ള സമയം ചിന്തിച്ചു. സൂര്യനെ നോക്കി ചിന്തിച്ചു. ഇരുന്ന്, കിടന്ന്, നടന്ന്, ടി. വി കണ്ട്‌, പുസ്തകം വായിച്ച്‌, ബ്ലോഗില്‍ പോസ്റ്റ്‌ വെച്ച്‌, മറ്റു ബ്ലോഗുകള്‍ വായിച്ച്‌, കമന്റ്‌ വെച്ച്‌ ഒക്കെ ചിന്തിച്ചു. സ്വപ്നത്തില്‍ ചന്ദ്രനും സൂര്യനും ഒരുമിച്ച്‌ വന്ന് "ഞങ്ങളെയെങ്കിലും വെറുതേ വിട്ടൂടേ" എന്ന് ചോദിച്ചു. ഷാരൂഖ്‌ഖാനേം, ലാലേട്ടനേം ഞാന്‍ മറന്നു. കഭി അല്‍വിദ നാ കെഹനാ എന്ന പടം വരുന്നു എന്നുള്ളത്‌ മറന്നു. ഓണത്തിനു ലാലേട്ടന്റെ ഏതു പടം വരും എന്നുള്ളത്‌ മറന്നു. കീര്‍ത്തിചക്രയില്‍ നിന്ന് മംമ്തയെ ഒഴിവാക്കി ലക്ഷി ഗോപാലസ്വാമിയെ എടുത്തതിന്റെ കാരണങ്ങളെപ്പറ്റി കൂലംകഷമായി ചിന്തിക്കാന്‍ മറന്നു.

അങ്ങനെ ചിന്തയുടേയും മറവിയുടേയും ഇടയ്ക്ക്‌ യൂറേക്ക വന്നു. കണ്ടുപിടിച്ചു. ഭൂമി ഉരുണ്ടതാണ്‌. ഛെ. അതല്ല കണ്ടുപിടിച്ചത്‌. മുഴുവന്‍ പറയാന്‍ സമ്മതിക്കൂ. ഭൂമി ഉരുണ്ടതാണ്. അതു കറങ്ങും. സൂര്യനും ചന്ദ്രനും വരും എന്നൊക്കെയുള്ളതിനെ എന്റെ കണ്ടുപിടിത്തം തകര്‍ത്തു.

അതായത്‌ സൂര്യനും ചന്ദ്രനും ബ്ലോഗ്‌ തുടങ്ങി. ഞാന്‍ തുടങ്ങിയില്ലേ? പിന്നാര്‍ക്കും തുടങ്ങാം. അങ്ങനെ സൂര്യനും ചന്ദ്രനും ബ്ലോഗ്‌ തുടങ്ങി(നേരത്തെ ഒന്ന് പറഞ്ഞില്ലേന്നോ? അത്‌ വേറേ പാരഗ്രാഫ്‌ ആയിട്ട്‌ കൂട്ടിയാല്‍ മതി). അവരു തുടങ്ങിയാല്‍ കമന്റടിക്കാന്‍ ആരിരിക്കുന്നു എന്നല്ലേ ചോദ്യം. എന്നാല്‍ കേട്ടോളൂ. കമന്റ്‌ വന്നു. നക്ഷത്രങ്ങളായിട്ട്‌. കുറേ കമന്റ്‌ വന്നു. കമന്റങ്ങനെ കുന്നുകൂടി വരാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്രനും സൂര്യനും വഴക്കായി. ഞാനാണു വലുത്‌, എന്റെ ബ്ലോഗാണ് വലുത്‌ എന്ന്. അപ്പോള്‍ ഇതിന്റെയൊക്കെ തലപ്പത്തിരിക്കുന്ന ദൈവത്തിനു നല്ല ദേഷ്യം വന്നു(എനിക്ക്‌ ചിലപ്പോള്‍ വരുന്നതുപോലെ തന്നെ. പക്ഷെ ദൈവത്തിനു ദേഷ്യത്തിന്റെ കൂടെ സങ്കടം വരില്ല). ദേഷ്യം വന്നിട്ട്‌ ദൈവം ഒരു പണി ഒപ്പിച്ചു. ഒരു പാര പണിതു. രണ്ടാള്‍ക്കും ഓഫ്‌ടോപ്പിക്കായിട്ട്‌ ഒരു ശാപം കൊടുത്തു. സൂര്യനോട്‌ പറഞ്ഞു, നിന്റെ ബ്ലോഗില്‍ കുറെ കമന്റുകള്‍ ഉണ്ടാകും. പക്ഷെ ആരും അത്‌ കാണില്ല. നീ വരുന്നതിനെ ആള്‍‍ക്കാര്‍ പകല്‍ ആയി കണക്കാക്കട്ടെ. ചന്ദ്രനോടു പറഞ്ഞു, നിന്റെ ബ്ലോഗിലും കുറേ കമന്റ്‌ കാണും. പക്ഷെ നിന്നെ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേരം ഉണ്ടാവില്ല. ആള്‍ക്കാര്‍ ഉറങ്ങുന്ന സമയം ആവും അത്‌ എന്ന്. രണ്ടാളേയും വേറെ വേറെ സമയത്ത് ഡ്യൂട്ടിക്കിട്ടു.

അങ്ങനെയാണ്‌‍ സൂര്യന്‍ വരുമ്പോള്‍ നക്ഷത്രക്കമന്റുകളെ ആരും കാണാത്തത്‌. ചന്ദ്രന്‍ വരുന്ന സമയത്ത്‌ നക്ഷത്രക്കമന്റുകള്‍ കാണും. പക്ഷെ ആര്‍ക്കും അത്‌ ശ്രദ്ധിക്കാന്‍ ‍ നേരമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായില്ലേ. ( മനസ്സിലായി, മനസ്സിലായി, പക്ഷെ ഇതല്ല എന്നല്ലേ. ഞാന്‍ കേട്ടു മക്കളേ...)


(മുന്‍‌വിധികളില്ലാതെ, ഞാനെഴുതുന്നതെന്തും വായിക്കാന്‍ സന്‍‌മനസ്സ് കാട്ടുന്ന എല്ലാ വായനക്കാര്‍ക്കും വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.)

posted by സ്വാര്‍ത്ഥന്‍ at 2:42 AM

0 Comments:

Post a Comment

<< Home