Tuesday, August 22, 2006

എന്റെ നാലുകെട്ടും തോണിയും - മകന്‍

അവന്‍ വന്നത് ഞാനോര്‍ക്കുന്നു.

അവന്റെ ചുവന്ന കുഞ്ഞി കൈകള്‍ എന്റെ വിരല്‍ത്തുമ്പിനെ മുറുക്കെപ്പിടിക്കുന്നത്. കുളിപ്പിക്കുമ്പോള്‍ അവന്‍ കണ്ണടച്ച് ഉറങ്ങുന്നത്, കുളി കഴിഞ്ഞ് നനവൊപ്പുമ്പോള്‍ വാവിട്ടവന്‍ നില വിളിക്കുന്നത്. അതു കണ്ടെല്ലാവരും ചിരിക്കുന്നത്. അവന്റെ വലിയ കണ്ണുകളില്‍ മഷി പടര്‍ത്തുന്നത്.

അവിടവിടെയായി വട്ടത്തില്‍ നനഞ്ഞ കിടക്കവിരികളില്‍ കിടന്നുറങ്ങുവാന്‍ അവന്‍ എന്നെ ശീലിപ്പിച്ചത്. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് എന്റെ ഹൃദയം കവര്‍ന്നത്. എന്റെ മുഖത്തോടു ചേര്‍ന്ന് അവന്‍ ഉറങ്ങുന്നത് . അമ്മിഞ്ഞപ്പാലിന്റെ മണം എന്റെ ഉടുപ്പുകള്‍ക്കും വന്നത്.

അവനു വേണ്ടി കുഞ്ഞിപ്പാട്ടുകള്‍ പഠിക്കുന്നത്. അതു പാടി പാടി എന്റെ കൈകളില്‍ അവന്‍ ഉറങ്ങുന്നതും നോക്കി കണ്ണിമക്കാതെ ഇരിക്കുന്നത്, കിടക്ക തൊടുമ്പോള്‍ ഞെട്ടി ഉണര്‍ന്ന് അവന്‍ കരയുന്നത്. പിന്നീട്, എന്റെ കൈകളില്‍ അവനേയും താങ്ങി ഞാന്‍ ഉറങ്ങാന്‍ പഠിച്ചത്. എന്റെ ദിനരാത്രങ്ങള്‍ അവനെ വലം വെച്ചത്.

ഞാനൊപ്പം കരയുന്നത് കണ്ട് എന്നെ നോക്കി അവന്‍ കരയാന്‍ മറന്നത് . ചോറും പരിപ്പും നെയ്യും പീച്ചി പീച്ചി അവന് കൊടുത്തത്. എന്റെ പുസ്തകങ്ങള്‍ അവന്‍ വലിച്ചു കീറുന്നത്. അതു കണ്ട് ഒരു ചെറു ചിരിയോടെ മാത്രം ഇരുന്നത്. അവന് വേണ്ടി രാജാവിനേയും കാട്ടിലെ പുലിയേയും ഞാന്‍ ഓര്‍ത്ത് വെച്ചത്‌. അച്ഛന്റെ പോലെ അവന് മീശ വരച്ചു കൊടുത്തത്. അച്ഛന്റെ കുപ്പായം ഇട്ടു കൊടുത്തത്.

അവനെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നത്. ചുമരുകള്‍ മൊത്തം അവന്‍ അതു എഴുതി വെക്കുന്നത്. അവന്റെ കൂടെ മണ്ണപ്പം ചുടുന്നത് . കുരിശു വരക്കുമ്പോള്‍ എന്നെ അവന്‍ ചിരിപ്പിക്കുന്നത്‌. സ്തുതി കൊടുക്കാന്‍ അവനെ പഠിപ്പിച്ചത്. മുഖം നിറയെ അവനെ ഞാന്‍ ഉമ്മ വെച്ചത്. പുഴുക്കളേയും പ്രാണികളെയും എനിക്കു കാട്ടിത്തരാന്‍ കൊണ്ടു വന്നെന്നെ പേടിപ്പിക്കുന്നത്.

സ്കൂളിലേക്ക് അവനെ കൊണ്ട് പോവുന്നത്. സിസ്റ്റര്‍ റോസിന്റെ പിറന്നാളിന് ഞാന്‍ ചൊല്ലിക്കൊടുത്ത പാട്ട് അവന്‍ പാടിയത്. എല്ലാവരും കൈയ്യടിച്ച് അഭിനന്ദിച്ചപ്പോള്‍ എന്നെ നോക്കി അവന്‍ നാണത്തോടെ ചിരിച്ചത്. അവന്റെ കുറുമ്പുകള്‍ക്കു കുഞ്ഞടികള്‍ അവന്റെ തുടയില്‍ കൊടുക്കുന്നത്. കരയുമ്പോള്‍ പഞ്ചസാര ഭരണി എടുത്ത് കൊടുക്കുന്നത്.

പേരമരത്തില്‍ നിന്ന് വീണ അവനെ കണ്ട് ഞാന്‍ മോഹാത്സ്യപ്പെട്ടത്. വലത്തെ കാലിലും കയ്യിലും പകുതി ഭാഗം വെളുത്ത പ്ലാസ്റ്ററും ഇട്ട് ചിരിച്ചു കൊണ്ടിരുന്ന അവനെ നോക്കി ഞാന്‍ വിതുമ്പിയത്. പിന്നേയും അവന് ചോറുരുളകള്‍ കൊടുത്തത്. അവന്റെ കോളേജില്‍ ചെന്നത്. അവന്റെ കൂട്ടുകാര്‍‍ക്കൊക്കെ എന്നെ അവന്‍ പരിചയപ്പെടുത്തി കൊടുത്തത്. അവന്റെ ഒരൊ ജയവും ഞാന്‍ ആഘോഷിച്ചത്. അവന്റെ തോല്‍വികള്‍ക്കെല്ലാം ഞാന്‍ ദൈവത്തെ പഴിച്ചത്.

എന്റെ പിറന്നാളുകള്‍ ഞാന്‍ മറന്നത്, അവന്റെ മാത്രം ഓര്‍ത്തുവെക്കു‍ന്നത്. അവന്റെ പുത്തന്‍ ബൈക്കില്‍ അവന്റെ കൂടെ ഞാന്‍ ആദ്യം കയറണം എന്നവന്‍ വാശി പിടിച്ചത്. അവന്റെ ആദ്യത്തെ ശമ്പളത്തില്‍ നിന്നെനിക്ക് പച്ചയില്‍ നീലപ്പൂക്കളുള്ള സാരി മേടിച്ച് തന്നത്. എന്റെ ഇഷ്ട നിറം എങ്ങിനെ അറിയാം എന്ന് ഞാന്‍ അല്‍ഭുതപ്പെട്ടത്. അതു ഉടുക്കാതെ ഉടയാതെ ഞാന്‍ കാത്തു സൂക്ഷിക്കുന്നത്.

അവന്റെ കത്തുകള്‍ ഒരായിരം തവണ വായിക്കുന്നത്. ഫോണില്‍ അവന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ മനസ്സ് നിറയുന്നത്. എന്റെ പാത്രത്തില്‍ നിന്ന് ഒരു വറുത്ത മീനിന്റെ കഷണം അവന്‍ കട്ടെടുക്കുന്നത്. അവന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ചെവി പൊത്തുന്നത്. അവന്റെ
നിര്‍ത്താതെയുള്ള ചിരിയില്‍ അവനെ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നത്.

എഴുതിയാല്‍ തീരാത്ത സ്നേഹനുറുങ്ങുകള്‍ ഞാന്‍ അവനെക്കുറിച്ചു എഴുതാന്‍ ശ്രമിക്കുന്നത്. എന്റെ അനുജനായി അവന്‍ പിറന്നത്. എനിക്കൊരു മകനെ അമ്മ കൊണ്ടു വന്നത് ഞാന്‍ ഓര്‍ക്കുന്നു.

posted by സ്വാര്‍ത്ഥന്‍ at 10:09 AM

0 Comments:

Post a Comment

<< Home