Tuesday, August 22, 2006

എന്റെ നാലുകെട്ടും തോണിയും - ഡാ വിന്‍സി കോഡ്

“ഇല്ല. എനിക്കു താല്പര്യമില്ല”

“ഹെന്തു? ഇത്രേം വിദ്യാഭാസം ഉണ്ടായിട്ടും?”

“ഇതില്‍ വിദാഭ്യാസവുമായി എന്തു ബന്ധം? ചേച്ചി ബ്യൂട്ടിഫുള്‍ മൈന്‍ഡ് കണ്ടിട്ടുണ്ടോ?”

“ഇല്ല, അതു എപ്പൊ ഇറങ്ങി?”

“മോണ്‍സ്റ്റര്‍ ബാള്‍, ഷിണ്ഡ്ലേര്‍സ് ലിസ്റ്റ്, ട്രാഫിക്കു - ഇതില്‍ ഏതെങ്കിലും?”

“ഏ, ഇതൊക്കെ ഞാന്‍ കേട്ടിട്ടും പോലുമില്ല.”

“അപ്പൊ അതു തന്നെ. നല്ല റിവ്യൂ അല്ലായിരുന്നു ഡാവിഞ്ചി കോഡിനു, അതോണ്ടു കാണണം എന്നു തോന്നിയില്ല. പിന്നെ ക്രിസ്തുവിനു എന്തൊ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് പറയുന്ന ഒരു സിനിമ കാണാന്‍ എനിക്കു താല്‍പ്പര്യവും ഇല്ല.”

“എന്റെ കൊച്ചേ, ഇതാ‍ണു ഞാന്‍ പറഞ്ഞെ, നീ കാണാണ്ടു എങ്ങിനെ അതു കൊള്ളത്തില്ലായിരിക്കും എന്നു പറയുന്നേ? അതു കണ്ടാല്‍ വിശ്വസം പോവും എന്ന പേടിയാണൊ?”

“അല്ല. എന്റെ അപ്പനേയൊ കുടുംബത്തേയൊ തെറി പറയുന്ന ഒരു സിനിമ കാണെണം എന്നു എനിക്ക് ആഗ്രഹം ഇല്ല. അതുപോലെ തന്നെ ഇതും.”

“അപ്പൊ നിനക്കു പേട്യാണു കൊച്ചെ, നിന്റെ വിശ്വാസം പോവും എന്നു. ഒരു സിനിമാ കാണാണ്ടു എങ്ങിനെ കാണണ്ട എന്നു പറയുന്നെ? അത് മോശം ആണു കേട്ടൊ. നമ്മള്‍ ഒരു കാര്യം അറിഞ്ഞിട്ടേ അഭിപ്രായം പറയാവൂ. മറ്റുള്ളൊരു പറയുന്നതു കേക്കരുതു..”

“ ചേച്ചി കഞ്ചാവു കഴിച്ചിട്ടുണ്ടൊ? ഇല്ല്ലല്ലൊ. പിന്നെ എങ്ങിനെ അതു ചീത്ത കാര്യം എന്നു പറയും. ഒരു കാര്യം കഴിക്കാണ്ടു എങ്ങിനെ അതു ചീത്ത എന്നു പറയും?”

“ അതും ഇതും തമ്മില്‍ വിത്യാസം ഉണ്ടു.”

“ഉണ്ടാവാം, പക്ഷെ നമ്മള്‍ അഭിപ്രായം രൂപികരിക്കുന്നതു മിക്കപ്പോഴും അത് അനുഭവിച്ചവരോ റിവ്യൂവില്‍ നിന്നോ ആണു. എല്ലാം സ്വന്തം ആവണം എന്നില്ല.”

“എന്നാലും..അതില്‍ പറഞ്ഞിരിക്കുന്നതു വെറുതെ അങ്ങു പറയുമൊ?”

“വേണ്ട. എന്തു വേണമെങ്കിലും ആയിക്കോട്ടെ, എനിക്കതില്‍ താല്‍പ്പര്യമില്ല. കര്‍ത്താവല്ല, ആരുടെയും അവിഹിത ബന്ധത്തില്‍ എനിക്കു വലിയ താല്‍പ്പര്യം ഇല്ല”

“നിനക്കു അല്പ വിശ്വസം ആണു..അതുകൊണ്ടാണു.”

“ഞാന്‍ ബൈബിള്‍ മൊത്തം വായിച്ചിട്ടില്ല ചേച്ചി. പക്ഷെ ഞാന്‍ വിശ്വസിക്കുന്ന സ്നേഹിക്കുന്ന ഒരാളെ പറ്റി എന്തു എഴുതിയാലും ,അതു പോയി കണ്ടു ആ സിനിമാക്കാര്‍ക്കു കാശുണ്ടാ‍ക്കി കൊടുക്കാന്‍ എനിക്കു താല്‍പ്പര്യമില്ല. “

“ഓ, പിന്നേ! നിന്റെ കാശ് കൊണ്ടല്ലെ അവരു ജീവിക്കുന്നെ”

“അല്ല! പക്ഷെ പല തുള്ളി പെരുവെള്ളമെന്നല്ലെ? അതുകൊണ്ടാണല്ലൊ അവരു സിനിമാ ടിക്കറ്റ് വെക്കുന്നെ. എന്റെ കാശിനോടു താല്‍പ്പര്യം ഇല്ല്ലെങ്കില്‍ ഫ്രീ ആയിട്ടു കാണിക്കമല്ലൊ. അല്ല ,ചേച്ചിക്കെന്താണു ഇതില്‍ ഇത്രേം താല്‍പ്പര്യം? ഇന്നേ വരെ ഒരു ഇംഗ്ലീഷ് സിനിമായുടെ പേരു ചേച്ചി പറയുന്നതു ഞാന്‍ കേട്ടിട്ടില്ലല്ലൊ.”

“അതു പിന്നെ, ഇപ്പൊ എനിക്കു താല്‍പ്പര്യം വന്നു.”

“എപ്പൊ, കര്‍ത്താവിനു അവിഹിത ബന്ധം ഉള്ള സിനിമാ ആണു എന്നു കേട്ടപ്പോള്‍ മുതല്‍ ?”

“പോ കൊച്ചേ, അതൊന്നുമല്ല...എന്റെ വിശ്വാസം അത്ര ചെറുതൊന്നുമല്ല.”

“പിന്നെ, നമ്മുടെ പള്ളീടെ നടത്തിപ്പിനെ പറ്റി ചെറുതായി ഒരു കുറ്റം പറഞ്ഞാല്‍ പോലും ചീറി വരുന്ന ചേച്ചി എന്താ ഈ സിനിമായില്‍ ഇത്രേം താല്‍പ്പര്യം കാണിക്കുന്നെ?”

“നമ്മുടെ പള്ളിയെ എന്തിനാ നീ ഇതിലോട്ട് ഇടുന്നെ?”

“എന്താ പറഞ്ഞാ‍ല്‍, ഫ്ലോറിഡ്ഡ കാത്തലിക്ക് അസ്സോസ്സിയേഷന്‍ സെക്രട്ടറി ആയതുകൊണ്ടല്ലെ ചേച്ചിക്കു ദേഷ്യം വരുന്നെ? കാരണം ചേച്ചീടെ സമയവും പൈസയും ഇവിടെ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടു..അല്ലെ?”

“പോ കൊച്ചെ,അതൊന്നുമല്ല. നീ ഇങ്ങിനെ കിടന്നു എതിരു പറയുന്നതു വിശ്വാസമില്ലാഞ്ഞിട്ടാണു.”

“പള്ളിയേക്കാളും സഭയേക്കാളും ഒക്കെ വളരെ ഉയരത്തില്‍ ആണു ക്രിസ്തു. അങ്ങിനെ പല വലിയ
ആളുകളെ പറ്റിയും അനാവാശ്യം പറഞ്ഞും ഒരു കോണ്ട്രോവെര്‍സി സൃഷ്ടിച്ചും ആളുകള്‍ കാശ് ഉണ്ടാക്കുന്നുണ്ട് . എന്റെ വിശ്വാസം ഒരു സിനിമാ കൊണ്ടു മാറില്ല. പക്ഷെ ഇങ്ങിനത്തെ ആളുകളെ പ്രോത്സാഹിപ്പിക്കന്‍ എനിക്കു താല്‍പ്പര്യം തീരെ ഇല്ല. ഇവരും മറ്റുള്ളോരെ പറ്റി പരദൂഷണം പറഞ്ഞും ജീവിക്കുന്നോര്‍ തമ്മില്‍ വലിയ വിത്യാസം ഇല്ല. അവരു ബുക്കില്‍ പറയുന്നു..”

“പക്ഷെ, പിന്നെ എല്ലാരും കാണുന്നതു എന്തിനാ?”

“ആരു കണ്ടു?“

“സൂസിയും ഏലിയാമ്മയും കണ്ടു എന്നാ പറയണെ.”

“ഹ! ഹ!അപ്പൊ അങ്ങിനെ വരട്ടെ, ഇപ്പൊ കാഞ്ചീപുരത്തില്‍ സ്റ്റോണ്‍ വര്‍ക്ക് മാത്രമല്ല ഫാഷന്‍,
ഡാവിഞ്ചി കോഡ് കണ്ടു എന്നു പറയുന്നതിലുമാ അല്ലെ?“

“പോ പെണ്ണെ, പക്ഷെ നീ ഇതു അവരോടു പറയരുതു, ഞാന്‍ അവരോടു കണ്ടു എന്നാ പറഞ്ഞേക്കുന്നെ. ഞാന്‍ നിന്നോടായതു കൊണ്ടു മാത്രം..”

“എന്റെ പൊന്നു ചേച്ചി, എനിക്കതു നേരത്തെ അറിയാമായിരുന്നു. സൂസി ചേച്ചി, ഇതേ ചോദ്യം എന്നോട് ഇന്നലെ പോളേട്ടന്റെ വീട്ടില്‍ വെച്ചു ചോദിച്ചതെ ഉള്ളൂ,പേടിക്കണ്ട സൂസി ചേച്ചീം കണ്ടിട്ടില്ല..ചുമ്മാ ഒരു ജാഡക്കു അടിക്കുന്നതാ..’

“നേരൊ,അവളെ ഞാന്‍ കാണട്ടെ.”

“ഹഹഹ...എന്റെ ചേച്ചി, അതൊരു ത്രില്ലര്‍ സിനിമാ ‍‍ആണു. ചേച്ചി രണ്ടു മിനുട്ട് കഴിയുംബൊ ഇറങ്ങി വരും, പിന്നെ എനിക്കു കാണണം എന്നു ഉണ്ടാ‍യിരുന്നു.. പക്ഷെ വളരെ ബോറാണു എന്നു കൂട്ടുകാര്‍ പറഞ്ഞു.”

“അപ്പൊ നിന്റെ അപ്പനെ കുറിച്ചു കുറ്റം പറയുന്നതു എന്നൊക്കെ പറഞ്ഞിട്ടു..”

“അതൊക്കെ ചേച്ചീനെ ചൊടിപ്പിക്കാന്‍ പറയുന്നതല്ലേ?”

“നീ ഇത്രേം പറഞ്ഞതും?”

“പിന്നെ അല്ലാ‍ണ്ടു, ഒരു സിനിമാ അല്ലെങ്കില്‍ പുസ്തകം ഇറങ്ങി എന്നും പറഞ്ഞു തെറിക്കുന്ന മൂക്കൊന്നുമ്മല്ല കത്തോലിക്കാ സഭയും, ക്രിസ്തുവും.”

“അപ്പൊ പിന്നെ അതു കാണരുതു എന്നു എന്തിനാ പള്ളീലു അച്ചന്‍ പ്രസംഗത്തിനിടയില്‍ പറഞ്ഞേ?”

“അതു അങ്ങിനെയാണു നമ്മുടെ സെറ്റ് അപ്പ് മൊത്തം. അതിനെതിരെ പറഞ്ഞില്ലെങ്കില്‍ അതൊരു മൌനാനുവാ‍ദം പോലെ ആവും. ഇത്രേം വലിയ ഒരു സഭയല്ലെ, അപ്പൊ സഭക്കു മിണ്ടാതെ ഇരിക്കാന്‍ പറ്റില്ല. അതുകൊണ്ടാണു..അല്ലാണ്ടു മാര്‍പ്പാപ്പക്ക് ആരൊക്കെ ഏതൊക്കെ സിനിമാ കാണണമെന്നു പറയാന്‍ പറ്റുവൊ?”

“നിനക്കിതൊക്കെ എങ്ങിനെ അറിയാം?”

“ഇന്നലെ വത്തിക്കാനില്‍ നിന്നു കോള്‍ ഉണ്ടായിരുന്നു’

“പോടി, നീ ഭക്ഷണം കഴിച്ചൊ?“

posted by സ്വാര്‍ത്ഥന്‍ at 10:09 AM

0 Comments:

Post a Comment

<< Home