Monday, August 21, 2006

Suryagayatri സൂര്യഗായത്രി - വിശ്വസ്തന്‍

ശേഖരന്റെ കണ്ണില്‍ നിറയെ വര്‍ണങ്ങളായിരുന്നു.

മനസ്സില്‍, നിരാശയുടെ, ദൈന്യതയുടെ, കറുപ്പും.

കട തുറന്ന് വൃത്തിയാക്കി, അലമാരകളിലെ പൊടി തട്ടുമ്പോള്‍ ചുറ്റും നിറഞ്ഞുനില്‍ക്കുന്ന വസ്ത്രങ്ങളിലെ വര്‍ണം മനസ്സിലേക്ക്‌ കൊണ്ടുവരാന്‍ അയാള്‍ ആശിച്ചു. എവിടെയോ ഒരു തടസ്സം. ദാരിദ്ര്യത്തിന്റെ ആവാം.

ഇന്ന് മുതലാളിയുടെ പുതിയ കടയുടെ ഉത്ഘാടനമാണ്‌‍. പഴയ കടയുടെ അതേ കോമ്പ്ലക്സില്‍ത്തന്നെ. എന്നാലും പഴയ കടയും പതിവ്‌പോലെ തുറന്നു. തുറക്കാനും, അടയ്ക്കാനും, വൃത്തിയാക്കാനും ഒക്കെ ചുമതല കുറേ വര്‍ഷങ്ങളായിട്ട്‌ ശേഖരനെ ഏല്‍പ്പിച്ചിരിക്കുകയാണ്‌‍ മുതലാളി.

വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ച വേതനത്തോടൊപ്പം തന്നെ വയസ്സും, പ്രാരാബ്‌ധവും വര്‍ദ്ധിച്ചു എന്നത്‌ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒന്നിലും ഒതുങ്ങാത്ത ചെലവുകള്‍ക്കിടയില്‍പ്പെട്ട്‌ എങ്ങനെയോ ജീവിതം മുന്നോട്ട്‌ പോകുന്നു. പേപ്പറില്‍ കടക്കെണിയിലും, ദാരിദ്ര്യത്തിലും പെട്ട്‌ ആത്മഹത്യ ചെയ്യുന്ന ആള്‍ക്കാരുടെ ചിത്രവും വിവരണവും കാണുമ്പോള്‍ ശേഖരന്റെ മുഖത്തെ നിസ്സഹായതയുടെ ചുളിവ്‌ ഒന്നുകൂടെ വര്‍ദ്ധിക്കും. നന്നായി പഠിക്കുന്ന മക്കള്‍. അതൊന്നു മാത്രമാണ്‌‍ തന്റെ വല്യ സമ്പാദ്യം എന്ന് ശേഖരന്‍ എല്ലാവരോടും അഭിമാനത്തോടെ തന്നെ പറയും.

"ശേഖരേട്ടന്‍ പുതിയ കടയിലേക്കില്ലേ?" കടയില്‍ ജോലിയുള്ള പെണ്‍കുട്ടികളില്‍ ആരോ ആണ്‌‍.

"കുറച്ച്‌ കഴിഞ്ഞ്‌ വരാം. ഇവിടെ തുറന്നിട്ട്‌ പോകാന്‍ പറ്റില്ലല്ലോ."

"ഞങ്ങളൊക്കെ പോവ്വാണ്‌‍. മന്ത്രി ഉത്ഘാടനത്തിനു വരാന്‍ സമയം ആയിട്ടുണ്ടാവും."

ശേഖരന്‍ ഒന്നും മിണ്ടിയില്ല. അയാളുടെ മകള്‍, രാവിലെ വിഷമത്തോടെ പറഞ്ഞത്‌ മാത്രമേ ഓര്‍മ്മയുള്ളൂ.

"അച്ഛന്‍ ഒരു ദിവസത്തേക്കെങ്കിലും എനിക്കൊരു സാരി കൊണ്ടുവരണം. അടുത്ത വ്യാഴാഴ്ച എല്ലാവരും കോളേജില്‍ സാരി ഉടുത്തുചെല്ലേണ്ട ദിവസമാണ്‌‍. അമ്മയുടെ സാരി ഒന്നും കൊള്ളില്ല. അച്ഛന്‍ സാരീഷോറൂമില്‍ ജോലി ചെയ്യുമ്പോള്‍ ഞാനെങ്ങിനെയാ കൂട്ടുകാരികളോട്‌ ചോദിക്കുന്നത്‌?"

‘ഒരു ദിവസം പോയില്ലെങ്കില്‍ ഒന്നുമില്ല’ എന്നാണ് അയാള്‍ക്ക്‌ പറയാന്‍ തോന്നിയത്‌. പക്ഷെ അവള്‍ പറഞ്ഞതിലും കാര്യമുണ്ട്‌. എത്രയോ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു അവിടെ. പുതിയ കടയുടെ ഉത്ഘാടനത്തിനു എല്ലാവര്‍ക്കും ഡ്രസ്സ്‌ തരുമെന്നും, തനിക്കുള്ള ഡ്രസ്സിനു പകരം ഒരു സാരി എടുത്തുകൊള്ളാമെന്നും പറയാമെന്ന് കരുതിയതാണ്. പക്ഷെ ഒന്നും ഉണ്ടായില്ല. ഓണത്തിനോ മറ്റോ ബോണസ്‌ തരുമെന്ന് പറഞ്ഞെന്നറിഞ്ഞു.

ആരോ വന്നതും ഓര്‍മ്മയില്‍ നിന്നുണര്‍ന്നു. അവര്‍ക്ക്‌ വേണ്ടതൊക്കെ എടുത്തുകൊടുത്ത്‌ ബില്ലും കൊടുത്ത്‌ പറഞ്ഞയച്ചു. ആരുമില്ലെങ്കില്‍ ഒക്കെ തന്റെ ചുമതലയാണ്‌‍. എല്ലാവരും ഊണിനു പോകുന്ന സമയവും, മുതലാളി ഇല്ലാത്ത ദിവസവും, മുതലാളി വിശ്വസിച്ച്‌ ഏല്‍പ്പിച്ചിരിക്കുന്ന ജോലികള്‍.

കാണിക്കാന്‍ വാരിയിട്ട വസ്ത്രങ്ങള്‍ മടക്കിയെടുക്കുമ്പോഴാണ്‌‍ ഒരു മിന്നല്‍ പോലെ വീണ്ടും മകളുടെ ചിന്ത വന്നത്‌. ഒരു സാരി കൈയിലെടുത്തപ്പോള്‍ അവള്‍ക്ക്‌ ഇത്‌ കൊണ്ടുക്കൊടുത്താലോന്നു അയാള്‍ക്ക്‌ തോന്നി. പിറ്റേ ദിവസം തിരികെ‌ വെക്കുകയും ചെയ്യാം. അച്ഛന്റെ വാത്സല്യവും ജോലിക്കാരന്റെ വിശ്വസ്തതയും തമ്മില്‍ ഒരു വടം വലി നടന്നു. അവസാനം വാത്സല്യം ജയിച്ചു. ആ സാരിയെടുത്ത്‌ അയാള്‍ ഷര്‍ട്ടിനുള്ളില്‍ മടക്കി ഒളിപ്പിച്ചു.

അടുത്ത നിമിഷം തന്നെ അയാളെ വിളിക്കാന്‍ കൂടെ ജോലി ചെയ്യുന്നൊരാള്‍ വന്നു.

"മന്ത്രി വന്നു ശേഖരേട്ടാ. ഷട്ടര്‍ ഇട്ടിട്ട്‌ അങ്ങോട്ട്‌ വരാന്‍ മുതലാളി പറഞ്ഞു."

മനസ്സിലെ പരിഭ്രമം മറച്ച്‌ അയാള്‍ വേഗം കടയുടെ ഷട്ടര്‍ ഇട്ട്‌ ചെന്നു. മന്ത്രി ഉത്ഘാടനത്തിനു ശേഷം കടയൊക്കെ നോക്കി കാണുകയാണ്‌‍. കൂടെ ഒന്നോ രണ്ടോ പേരുണ്ട്‌. മുകളിലെ നിലയില്‍ എത്തിയിട്ടുണ്ട്‌. നാട്ടുകാര്‍ മുഴുവന്‍ അക്ഷമരായി കടയ്ക്ക്‌ പുറത്ത്‌ നില്‍പ്പുണ്ട്‌.

"മുതലാളിയുടെ അടുത്തേക്ക്‌ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌."

മുകളിലേക്കുള്ള ഓരോ പടി കയറുന്നതിനനുസരിച്ച്‌ അയാളുടെ വേവലാതിയും ഏറി വന്നു. മുതലാളിയുടെ മുന്നില്‍ ചെന്നപ്പോള്‍ അയാളുടെ തല ഉയര്‍ന്നതേയില്ല.

"ഇതാണു ഞാന്‍ പറഞ്ഞിരുന്ന ശേഖരേട്ടന്‍." മുതലാളി മന്ത്രിയോട്‌ പറയുന്നു. ചുറ്റുമുള്ള വര്‍ണങ്ങളില്‍ അയാള്‍ക്ക്‌ കറുപ്പ്‌ മാത്രമേ ദര്‍ശിക്കാനായുള്ളൂ. സ്വരങ്ങള്‍ എവിടെ‌ നിന്നോ വന്ന് എവിടേക്കോ പോകുമ്പോള്‍ അയാളുടെ കര്‍ണങ്ങളില്‍ അല്‍പം വിശ്രമിച്ചത്‌ പോലെ. വേറൊന്നും അയാള്‍ക്ക്‌ അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. ചെയ്ത തെറ്റ്‌ മനസ്സിലിരുന്ന് പരിഹസിക്കുന്നതുപോലെ.

മുതലാളിയുടെ കൈയില്‍ ആരോ ഒരു വലിയ പൊതി കൊടുത്തത്‌ നിഴല്‍ പോലെ കാണുന്നുണ്ടായിരുന്നു. മുതലാളി മന്ത്രിയുടെ കൈയില്‍ കൊടുത്തു. മന്ത്രി പുഞ്ചിരിയോടെ ശേഖരന്റെ നേരെ നീട്ടി. ശിക്ഷിക്കാന്‍ ആരോ തുനിയുന്നതുപോലെയാണ് അയാള്‍ക്ക്‌ തോന്നിയത്‌.

"വാങ്ങിക്കോ ശേഖരേട്ടാ, നിങ്ങള്‍ക്കുള്ളതാണ്. ഞങ്ങളുടെ സന്തോഷത്തിന്റെ ഒരു ചെറിയ പങ്ക്‌." മുതലാളിയും വളരെ സന്തോഷത്തിലാണ്‌‍.

കൈനീട്ടി, പൊതി വാങ്ങി. അതു തന്ന്, അവര്‍ വീണ്ടും മുന്നോട്ട്‌ നീങ്ങിയപ്പോള്‍ ശേഖരന്‍ തിരിഞ്ഞു നടന്നു. പടികളിറങ്ങി നടന്നപ്പോഴും കൈയിലിരിക്കുന്ന പൊതിയുടെ ഭാരത്തേക്കാള്‍ ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച സാരിയുടെ ഭാരമാണ്‌‍ അയാള്‍ക്ക്‌ അനുഭവപ്പെട്ടത്‌. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് കടയുടെ ഷട്ടര്‍ ഉയര്‍ത്തി കടയിലെ ഒരു ഭാഗത്തെത്തി പൊതിക്കെട്ട്‌ ആകാംക്ഷയോടെ തുറന്നപ്പോള്‍ അയാള്‍ ശരിക്കും ഞെട്ടി. തനിക്കും കുടുംബത്തിനും വസ്ത്രങ്ങള്‍.

ഷര്‍ട്ടിനുള്ളില്‍ നിന്ന് സാരി വലിച്ചെടുത്ത്‌ ചുളിവ്‌ മാറ്റി മടക്കി അലമാരയില്‍ വെച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ലജ്ജയുടെ കറുപ്പും സന്തോഷത്തിന്റെ ഒരുപാട്‌ വര്‍ണങ്ങളും ഒരുപോലെ നിറഞ്ഞു നിന്നിരുന്നു.

posted by സ്വാര്‍ത്ഥന്‍ at 10:32 AM

0 Comments:

Post a Comment

<< Home