Monday, August 21, 2006

നെല്ലിക്ക Nellikka - വടക്കുംനാഥന്‍

അടുത്തകാലത്തു കണ്ട മിക്ക മലയാളം പടങ്ങളെക്കാളും നല്ലത്‌ എന്നു പറഞ്ഞാല്‍ അതൊരു പ്രശംസായി ആരും വിചാരിക്കുകയില്ലല്ലോ. ഇതു കാണണമെന്നു ശുപാര്‍ശ ചെയ്തവരിലുള്ള മതിപ്പുമൂലവും ഗിരീഷ്‌ പുത്തഞ്ചേരിയുടെ തിരക്കഥ എന്നു കേട്ടതുകൊണ്ടും പ്രതീക്ഷ കുറച്ചു കൂടിപ്പോയി എന്നതാണ്‌ എനിക്കു പറ്റിയ അബദ്ധം.

കേള്‍ക്കാന്‍ സുഖമുള്ള ഒരു പേരിട്ടതായിരിക്കും. അല്ലാതെ പടവുമായുള്ള ബന്ധം പിടികിട്ടിയില്ല.

കഥപറയാന്‍ ഫ്ലാഷ്‌ബാക്കുപയോഗിക്കുന്നതൊക്കെ നല്ലതു തന്നെ. പക്ഷേ, ഫ്ലാഷ്‌ബാക്ക്‌ നായകന്റേതാവുമ്പോള്‍, അതില്‍ വരുമായിരുന്ന പല സംഭവങ്ങളും പരിണാമഗുപ്തിയ്ക്കു വേണ്ടി വിട്ടുകളഞ്ഞതു നന്നായില്ല. ഇതിനകത്തു നായിക അറിയുന്ന സംഭവങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളൂ എന്നതുകൊണ്ട്‌ നായികയുടെ ഫ്ലാഷ്‌ബാക്കാക്കുന്നതായിരുന്നു ഭേദം.

നായകനെ സംസ്കൃതസര്‍വ്വകലാശാലയിലെ വേദാന്തം പ്രൊഫസറാക്കിയത്‌ പുതുമയ്ക്കുവേണ്ടിയായിരിക്കും. അതോ കഥയുടെ ഋഷികേശ്‌ പശ്ചാത്തലവുമൊക്കെച്ചേര്‍ന്ന്‌ കാഴ്ചക്കാരെ ഒന്നു കുഴക്കിക്കളയാം എന്നുവെച്ചിട്ടോ?

കരണത്തടി (രണ്ടെണ്ണം പ്രേക്ഷകരുടെ മുന്‍പില്‍ വെച്ച്‌) കിട്ടും തോറും നായകനോടുള്ള ആരാധന വര്‍ധിക്കുകയും നായകനും വില്ലനും തമ്മില്‍ അടിനടക്കുമ്പോള്‍ അതിന്റെ ഫലപ്രഖ്യാപനമുണ്ടാവാന്‍ കാത്ത്‌ കാറിലിരിക്കുകയും ചെയ്യുന്ന ഒരു 'പൂച്ചക്കുട്ടന്‍' ആയി പദ്മപ്രിയയെ സങ്കല്‍പിക്കാന്‍ വിഷമമുണ്ട്‌. നയന്‍താരയോ മറ്റോ ആയിരുന്നു ഭേദം.

തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ആദ്യസംരംഭമാണല്ലോ (അല്ലേ?). ഭാവിയില്‍ കുറെക്കൂടി നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കാം.

posted by സ്വാര്‍ത്ഥന്‍ at 10:32 AM

0 Comments:

Post a Comment

<< Home