Monday, August 21, 2006

എന്റെ ലോകം - the curious incident of the dog in the night-time

URL:http://peringodan.blogspot.com...dent-of-dog-in-night-time.htmlPublished: 8/21/2006 7:18 PM
 Author: പെരിങ്ങോടന്‍

മാര്‍ക്ക് ഹേഡണ്‍‍ ഇംഗ്ലീഷ് ബാലസാഹിത്യകാരനാണു്. അടുത്തനിമിഷത്തില്‍ തന്നെ തിരുത്തിപ്പറയേണ്ടുന്ന ഒരു വസ്തുതകൂടിയാണതു്. അദ്ദേഹം ഒരു ബാലസാഹിത്യകാരന്‍ മാത്രമല്ല, മുതിര്‍ന്നവര്‍ക്കു വേണ്ടിയും മാര്‍ക്ക് എഴുതുന്നുണ്ടു്. 2003 -ലെ Whitbread Book of the Year Award നേടിയ നോവലിന്റെ പേരാണു് ഈ പോസ്റ്റിനാധാരം.

ആദ്യമേ പ്രസ്താവിച്ചതുപോലെ മാര്‍ക്ക് ഒരു ബാലസാഹിത്യകാരനാണു്, ഒപ്പം തന്നെ Autism എന്ന മാനസികവൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുകയും അവരെക്കുറിച്ചു പഠിക്കുകയും ചെയ്യുന്ന ഒരു സംഘടനയില്‍ അംഗവുമാണു് (Autism എന്ന രോഗം സാമൂഹികമായ ഇടപെടലുകളില്‍ രോഗിക്കു വിമുഖത സൃഷ്ടിക്കുന്നു, രോഗി ഏറെക്കുറെ അന്തര്‍മുഖനായിരിക്കും). ഗണിതം ഇഷ്ടപ്പെടുന്ന, ശൂന്യാകാശസഞ്ചാരിയാകുവാന്‍ കൊതിക്കുന്ന, മുന്‍‌ധാരണപ്രകാരമല്ലാതെ മറ്റാരാലും സ്പര്‍ശിക്കപ്പെടുന്നതു് ഇഷ്ടമില്ലാത്ത, ഷെര്‍ലക്ക് ഹോംസിന്റെ ആരാധകനായ... ക്രിസ്റ്റഫറിന്റെ കഥയാണു മാര്‍ക്ക് എഴുതുന്നതു്‍. ക്രിസ്റ്റഫര്‍ Asperger syndrome എന്ന അവസ്ഥയിലുള്ള പതിനഞ്ചു വയസ്സുകാരനായ ഇംഗ്ലീഷ് ബാലനാണു്. അനിയന്ത്രിതമായി ദേഷ്യം വരുമ്പോള്‍, ശാന്തത കൈവരിക്കുവാന്‍‍ ക്രിസ്റ്റഫര്‍ പ്രൈം നമ്പറുകള്‍ എണ്ണിത്തുടങ്ങുകയോ, രണ്ടിന്റെ വര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നു. 7057 വരെയുള്ള പ്രൈം നമ്പറുകള്‍ ഓര്‍ക്കുവാനും, 243 മനസ്സില്‍ ഗണിച്ചെടുക്കാനും, ലോകത്തിലെ സകലരാജ്യങ്ങളുടേയും തലസ്ഥാനങ്ങള്‍ ഓര്‍ക്കുവാനും ക്രിസ്റ്റഫറിനു കഴിയുന്നുണ്ടു്.

ഫസ്റ്റ് പേഴ്സണിലുള്ള ആഖ്യാനത്തിനിടയ്ക്കു ക്രിസ്റ്റഫര്‍ അയാള്‍ ഗണിതത്തേയും ലോജിക്കിനേയും എന്തുകൊണ്ടു് ഇഷ്ടപ്പെടുന്നു എന്നുള്ളതിനു വിശദീകരണമായി പ്രസിദ്ധമായ Monty Hall പ്രശ്നത്തെ കുറിച്ചു പറയുന്നു. അതിനുത്തരം അയാള്‍ക്കിപ്രകാരമാണു്:

92 ശതമാനം ആളുകളും 1 out of 2 probability എന്നു ഈ പ്രശ്നത്തിനുത്തരം പറയുവാ‍ന്‍ കാരണം, ക്രിസ്റ്റഫറിന്റെ വാക്കുകളില്‍ ഇങ്ങിനെയാണു്: Intuition can sometimes get things wrong. And intuition is what people use in life to make decisions. But logic can help you work out the right answer. ക്രിസ്റ്റഫര്‍ ശൂന്യാകാശത്തെ ഇഷ്ടപ്പെടുന്നതാകട്ടെ അതു നല്‍കുന്ന ഏകാന്തതയെ കുറിച്ചുള്ള സങ്കല്പങ്ങളിലൂടെയാണു്. ആരാലും തൊടാതെ ഇരിക്കുവാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള മോഹത്താലാണു്.

ക്രിസ്റ്റഫര്‍ എന്ന autistic ബാലനു മനുഷ്യരുടെ വികാരപ്രകടനങ്ങളെ തിരിച്ചറിയുവാന്‍ കഴിയുന്നുണ്ടു്, അവയുടെ കാര്യകാരണങ്ങളെക്കുറിച്ചും അവബോധമുണ്ടു്, എങ്കിലും അയാളെയതു ബാധിക്കുന്നില്ല. അപ്രതീക്ഷിതമായാണു് ക്രിസ്റ്റഫറിന്റെ അയല്‍‌വാസിയായ മിസ്സിസ്. ഷിയേഴ്സിന്റെ നായ, ഒരു പൂഡില്‍ മരിച്ചുകിടക്കുന്നതു ക്രിസ്റ്റഫറിനു കാണേണ്ടി വന്നതു്. ഈ നായയുടെ മരണത്തെ കുറിച്ചു ഷെര്‍ലക്ക് ഹോംസ് ചെയ്തേയ്ക്കാവുന്നതു പോലെ ഒരു അന്വേഷണം നടത്തുവാനാണു ക്രിസ്റ്റഫര്‍ കരുതുന്നതു്, അയാളുടെ അദ്ധ്യാപികയായ സ്യോബന്‍, എങ്കില്‍ പിന്നെ ഈ അന്വേഷണത്തെ കുറിച്ചൊരു നോവല്‍ തന്നെ എഴുതാമെന്നും ക്രിസ്റ്റഫറിനോടു സൂചിപ്പിക്കുന്നു. മാര്‍ക്കിന്റെ നോവല്‍ ക്രിസ്റ്റഫറിന്റെ അന്വേഷണത്തെക്കുറിച്ചും ക്രിസ്റ്റഫറിന്റെ എഴുത്തിനെക്കുറിച്ചുമാണു്. അതാകട്ടെ ഒരേ സമയം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു വ്യത്യസ്ത കവറുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്റ്റഫര്‍ തമാശകള്‍ പറയുന്നില്ല, അയാള്‍ക്കവ മനസ്സിലാവുകയില്ല. ആരെങ്കിലും അതിശയരൂപേണ മെറ്റഫോറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ തന്നെ ക്രിസ്റ്റഫറിനതു അസംബന്ധമായേ കാണുവാന്‍ കഴിയുന്നുള്ളൂ. He was the apple of her eye, എന്നാരെങ്കിലും പറയുകയാണെങ്കില്‍ ക്രിസ്റ്റഫറിനൊരിക്കലും കണ്ണില്‍ സൂക്ഷിക്കുന്ന ആപ്പിളിനെ അയാളുടെ യുക്തിക്കു പരിചയപ്പെടുത്തി കൊടുക്കുവാനാവില്ല. ക്രിസ്റ്റഫറിനെ സംബന്ധിച്ചിടത്തോളം ലോകം വ്യക്തമായി എഴുതപ്പെട്ട, രൂപങ്ങളാലും സംഹിതകളാവും ചിത്രീകരിക്കപ്പെട്ട ലിവിങ് സ്പേസ് മാത്രമാണു്.

മാര്‍ക്ക് ഈ നോവലില്‍ തമാശകള്‍ പറയുന്നില്ല, hilarious എന്നാരെങ്കിലും ഈ നോവലിനെ വിശേഷിപ്പിക്കുകയാണെങ്കില്‍ അതു് ഉദ്ദേശിക്കുന്നതു കാഴ്ചകളിലെ ബാഹ്യമായ ഹാസ്യത്തെയാണു്; ഒരാള്‍ പഴത്തൊലിയില്‍ തെന്നി വീഴുകയാണെങ്കില്‍ കണ്ടുനില്‍ക്കുവര്‍ ചിരിച്ചേയ്ക്കും, ചിരിപ്പിക്കുവാന്‍ വേണ്ടി കഥാപാത്രം പഴത്തൊലി ചവുട്ടിത്തുടങ്ങുമ്പോഴാണതു ഹാസ്യമാകുന്നതു്. ക്രിസ്റ്റഫര്‍ എന്ന കഥാപാത്രം ഹാസ്യത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതല്ല. മാര്‍ക്കിന്റെ കഥാപാത്രമായ ക്രിസ്റ്റഫര്‍ മനുഷ്യാവസ്ഥയുടെ ദയനീയതയാണു പ്രകടിപ്പിക്കുന്നതു്.

the curious incident of the dog in the night-time എന്ന നോവലില്‍ മാര്‍ക്ക് ഹേഡണ്‍,‍ ക്രിസ്റ്റഫര്‍ എന്ന ബാലന്‍ ഒരു നായയുടെ കൊലപാതകത്തിനെ കുറിച്ചു ‘വളരെ സാഹസികമായി’ തന്നെ അന്വേഷിക്കുന്നതിനെ കുറിച്ചെഴുതുന്നു. ഈയടുത്ത കാലത്തു ഞാന്‍ വായിച്ച ഏറ്റവും നല്ല നോവല്‍.

* മാര്‍ക്ക് ഹേഡണുമായുള്ള അഭിമുഖം, ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ചതു്.

posted by സ്വാര്‍ത്ഥന്‍ at 1:44 PM

1 Comments:

Blogger your said...

earn money - tramadol cool blog :)

4:29 AM  

Post a Comment

<< Home