Gurukulam | ഗുരുകുലം - വിചിത്രമായ വധം
URL:http://malayalam.usvishakh.net/blog/archives/154 | Published: 7/21/2006 1:29 PM |
Author: ഉമേഷ് | Umesh |
ഏഷണിക്കാരെപ്പറ്റി:
അഹോ ഖലഭുജംഗസ്യ
വിചിത്രോऽയം വധക്രമഃ
കര്‍ണ്ണേ ലഗതി ചൈകസ്യ
പ്രാണൈരന്യോ വിയുജ്യതേ
അര്‍ത്ഥം:
അഹോ! | : | ഭയങ്കരം തന്നെ |
ഖല-ഭുജംഗസ്യ | : | ഏഷണിക്കാരന്‍ എന്ന പാമ്പിന്റെ |
അയം വധക്രമഃ വിചിത്രഃ | : | ഈ വിചിത്രമായ കൊലയുടെ രീതി! |
ഏകസ്യ കര്‍ണ്ണേ ലഗതി ച | : | ഒരുത്തന്റെ ചെവിയില്‍ കടിക്കും, |
അന്യഃ പ്രാണൈഃ വിയുജ്യതേ | : | വേറൊരുത്തന്‍ പ്രാണന്‍ വെടിയും |
ഒരാളോടു് മറ്റൊരാളെപ്പറ്റി ഏഷണി പറഞ്ഞു കുത്തിത്തിരിപ്പു നടത്തിയാല്‍ പ്രശ്നം ആ “മറ്റൊരാള്‍ക്കു്” ആണല്ലോ. ദേവന്റെ പാരയെ പാരുങ്കളേ, വക്കാരിയുടെ സ്നേഹപ്പാര എന്നിവയും വായിക്കുക. അവന്‍ താന്‍ ഇവന്‍!
ഖലന്‍ (ഖലഃ) എന്ന വാക്കിനു മലയാളത്തില്‍ ദുഷ്ടന്‍ എന്നാണു സാധാരണ ഉദ്ദേശിക്കുന്നതെങ്കിലും (“ധീരന്‍” എന്നാണു തന്റെ അച്ഛന്‍ വിചാരിച്ചിരുന്നതെന്നു് ഈ. വി. കൃഷ്ണപിള്ള പറഞ്ഞിട്ടുണ്ടു്. “നമ്മുടെ വീട്ടില്‍ നല്ല ഖലന്മാര്‍ ഉണ്ടാകണം” എന്നോ മറ്റോ അങ്ങേര്‍ പറഞ്ഞിട്ടുണ്ടത്രേ!) ഏഷണിക്കാരന്‍ എന്ന അര്‍ത്ഥമാണു സംസ്കൃതത്തില്‍. (ഇയാളെപ്പറ്റി “കീടഃ കശ്ചന വൃശ്ചികഃ” എന്നൊരു ശ്ലോകമുണ്ടു് അന്യാപദേശശതകത്തില്‍. അതു് സുഭാഷിതത്തില്‍ അടുത്ത ശ്ലോകം.)
ഇതിനു ഞാന്‍ രണ്ടു പരിഭാഷകള്‍ കേട്ടിട്ടുണ്ടു് (രാജേഷ് വര്‍മ്മയ്ക്കു നമുക്കൊരു ഡേ ഓഫ് കൊടുക്കാം )
- ഏ. ആര്‍. രാജരാജവര്‍മ്മ:
ഏഷണിക്കാരനാം പാമ്പിന്‍
വിഷം വിഷമമെത്രയും
കടിക്കുമൊരുവന്‍ കാതില്‍
മുടിയും മറ്റൊരാളുടന്ഏ. ആര്‍. ഭാഷാഭൂഷണത്തില്‍ വിഷമം എന്ന അലങ്കാരത്തിന്റെ ഉദാഹരണമായി കൊടുത്ത ഒരു പദ്യം. ഇതിന്റെ തര്‍ജ്ജമയാണെന്നു തോന്നുന്നു.
- മഹാകവി ഉള്ളൂര്‍:
ഖലന്റെ രസനപ്പാമ്പു
കാട്ടും ചേഷ്ടിതനദ്ഭുതം!
അന്യന്റെ കര്‍ണ്ണം ദംശിക്കു-
മന്യന്‍ പ്രാണവിഹീനനാംഉള്ളൂര് സംസ്കൃതത്തില്‍ നിന്നും മറ്റും ഒരുപാടു സൂക്തികള്‍ തര്‍ജ്ജമ ചെയ്തും സ്വന്തം കൃതികള്‍ കൂട്ടിച്ചേര്‍ത്തും അനുഷ്ടുപ്പ് വൃത്തത്തില്‍ ഒരു കൃതി എഴുതിയിട്ടുണ്ടു്. “കൊണ്ടുപോകില്ല ചോരന്മാര്‍…” തുടങ്ങിയവയും അതിലാണു്. “മണിമാല” എന്നാണെന്നു തോന്നുന്നു പേരു്. ഉള്ളൂര്‍ക്കൃതികള്‍ കൈവശമുള്ളവര്‍ ദയവായി പരിശോധിക്കുക. ആ പുസ്തകത്തിലെയാണു് ഇതു്.
ഇതു തീര്‍ച്ചയായും പ്രസ്തുതശ്ലോകത്തിന്റെ തര്‍ജ്ജമ തന്നെ.
0 Comments:
Post a Comment
<< Home