Thursday, July 20, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - ചേര്‍ന്ന് നില്‍ക്കുമ്പോള്‍!

ചുണ്ടില്‍ നിന്നും വലിച്ചെടുത്ത ഗ്ലാസ്‌, ഇടതുകൈ താഴെ വയ്ക്കുമ്പോള്‍ മാത്തച്ചന്റെ വലതു കൈ വെന്തുലര്‍ന്ന പോത്തിന്റെ പാത്രത്തിലേക്ക്‌ പോയി. അതിന്റെ മസാലയും എരിവും നാവില്‍ പൊട്ടി അലിയുമ്പോള്‍ അയാള്‍ പറഞ്ഞു,
"സ്മോള്‍ അടിക്കുവാണേല്‍ നമ്മുടെ നാടന്‍ പോത്തും കൂട്ടിത്തന്നെ അടിക്കണം അല്ലിയോടാ ജോസേ. അവിടെ കാനഡയില്‍ കിട്ടുന്നപോത്തിനൊന്നും ഇത്രേം ടേസ്റ്റില്ല."
ജോസ്‌ തലയാട്ടി.
ആദ്യപെഗ്ഗും കഴിഞ്ഞു മിണ്ടാതിരിക്കുന്ന പുന്നൂസിനെ നോക്കി മാത്തച്ചന്‍ പറഞ്ഞു
"എന്നതാ അളിയാ ഒരെണ്ണം തെകച്ച്‌ അകത്താവും മുന്‍പു തന്നെ അളിയനങ്ങു കൊഴഞ്ഞോ?"
"ഹൊ, ഇപ്പോ വലിയ അടിയില്ല മാത്തച്ചാ, ഗ്രേസിക്കതത്ര പോരാ, രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ പിന്നെ വാചകമടിയാണെന്നാ അവടെ കമ്പ്ലൈന്റ്‌."
"അളിനയിതും കൂടി അങ്ങുപിടിച്ചെ" ഒരു പെഗ്ഗുകൂടി ഒഴിച്ചുനീട്ടുമ്പോള്‍ മാത്തച്ചന്‍ പറഞ്ഞു.
"എന്നാതാടാ കുഞ്ഞുമോനെ അറച്ചു നില്‍ക്കണെ? നീ ഒരെണ്ണം അങ്ങോട്ട്‌ പൊട്ടിയ്ക്ക്‌."മേശമേല്‍ ചാരി നിന്ന കുഞ്ഞുമോനു മാത്തച്ചന്‍ പ്രചോദനമേകി.
"നിങ്ങളൊരു റൗണ്ട്‌ ആയിട്ട്‌ അങ്ങു കൂടാമെന്നു കരുതി തൊട്ടുനക്കാനെന്തെങ്കിലും എടുക്കാനോ മറ്റൊ ഒരാള്‍ വേണമല്ലൊ!"

"അതിനു അടുക്കളേലോട്ടൊന്നു വിളിച്ചാല്‍ പോരെ?" മാത്തച്ചന്‍ കസേരനീക്കിയിട്ട്‌ പറഞ്ഞു
"നീ ഇങ്ങോട്ടിരിക്കെടാ ഫോര്‍മാലിറ്റിയൊന്നും വേണ്ടാ വല്ലപ്പോഴുമല്ലേടാ ഇങ്ങനൊരു ഒത്തുകൂടല്‍. പോര്‍ക്ക്‌ എന്തായിട്ടുണ്ടാവുമോ ആവോ?" മാത്തച്ചന്‍ ഉച്ഛത്തില്‍ നീട്ടിവിളിച്ചു

"എടീ റോസീയേ, പോര്‍ക്ക്‌ വെന്തോടീ?.. ലേശം ഇങ്ങോട്ടെടുക്കാറായോടിയേ...."

ആ നീട്ടിവിളി ലക്ഷ്യസ്ഥാനമായ അടുക്കളയിലേക്ക്‌ നീങ്ങി. ആ വിളിയുടെ ഒരു ചെറുതുണ്ട്‌ ആ വലിയവീട്ടിനുള്ളില്‍ വഴിതെറ്റി പോയ ഒരു കുട്ടിയെ പോലെ പതുങ്ങി പതുങ്ങി വരാന്തയിലേക്കും വന്നു. അവിടെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന ഔസേപ്പ്‌ ചേട്ടന്റെ ചുളുവുവീണ ചെവിയില്‍ അതു വന്നു തൊട്ടു.

അയാള്‍ ഓര്‍ത്തു.
പണ്ട്‌ ഇതുപോലെ നീട്ടിവിളിച്ചിരുന്നത്‌. ആ വിളികേട്ട്‌ അടുക്കളയില്‍ നിന്നും സ്റ്റീല്‍പാത്രത്തില്‍ ആവിപറക്കുന്ന പോര്‍ക്കുമായി ത്രേസ്യക്കൊച്ച്‌ വേഗത്തില്‍ വന്നിരുന്നത്‌.

ഔസേപ്പ്‌ ചേട്ടന്‍ പുറത്തേക്ക്‌ നോക്കിയിരുന്നു.
അടുക്കളയില്‍ നിന്നും മസാലയുടെ വറവുമണത്തിനൊപ്പം ഗ്രേസിയുടേയും അന്നയുടേയും വര്‍ത്തമാനം ഉയര്‍ന്നു പരന്നു. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്ത സൂസന്നയെക്കുറിച്ചാണത്‌.
"റോസിയേ, നിനക്കറിയാവോടീ, പളപളാന്നിരിക്കണ ആ ഇന്‍ഡിക്കാ കൊടുത്തിട്ട്‌ അവളിപ്പം ആക്സന്റ്‌ വാങ്ങാനുള്ള കാരണമെന്നതാന്നാ? ഇച്ചായന്‍ ഒരെണ്ണം വാങ്ങീലായോ, അതു തന്നെ. അസൂയ. അവളുടെ അങ്ങേരൊരു മണകൊണാഞ്ചന്‍. ഇവളാ അയാള്‍ക്കെട കെട്ടിയോന്‍." ആവി പറക്കുന്ന പോര്‍ക്ക്‌ കഷണങ്ങള്‍ പാത്രത്തിലേക്ക്‌ കോരിയിടുമ്പോള്‍ ഗ്രേസി പറഞ്ഞു.

അതിലൊരു കഷണമെടുത്ത്‌ വായിലിട്ട്‌ അതിന്റെ ചൂടോടെ റോസി അടുത്ത വിഷയത്തിനു തീവച്ചു,
"ചേച്ചിക്കവടെ കഴുത്തിക്കെടക്കണ ലോങ്ങ്‌ ചെയിനിന്റെ കഥയറിയില്ലേ? ഇതു കൊണ്ടേക്കൊടുത്തിട്ടുവാ, എന്നിട്ടു പറയാം. അവിടെ തൊട്ടുനക്കല്‍ മൊടങ്ങണ്ട."

പോര്‍ക്ക്‌ ടേബിളില്‍ വച്ച്‌ ഒഴിഞ്ഞ പാത്രവുമായി ഗ്രേസി വരുമ്പോള്‍, വരാന്തയില്‍ പുറത്തേക്ക്‌ നോക്കിയിരിക്കുന്ന അപ്പച്ചനെ കണ്ട്‌ അങ്ങോട്ട്‌ ചെന്നു.
"അപ്പച്ചനെന്നതാ ഓര്‍ക്കണേ? കഴിക്കാറായി. ആഹാരം എടുക്കട്ടെ?"
ഓര്‍മ്മയില്‍ നിന്നും വിടുവിച്ചെടുത്ത മുഖം ഗ്രേസിയുടെ നേരേ തിരിഞ്ഞു.
"അപ്പച്ചനെന്താ ഓര്‍ത്തിരിക്കണേ?" ഗ്രേസി തുടര്‍ന്നു, "മാത്തച്ചായനോട്‌ ഒരെണ്ണം ഇങ്ങെടുക്കാന്‍ പറയട്ടെ?"
ഔസേപ്പ്‌ ചേട്ടന്‍ കൈ എടുത്ത്‌ വിലക്കി. എന്നിട്ട്‌ പറഞ്ഞു.
"വിശപ്പില്ല. ഞാന്‍ സാധാരണ ഉച്ചയ്ക്കൊന്നും കഴിക്കാറില്ല. ആ പെണ്ണ്‍ വന്ന് രാവിലെ വച്ചിട്ട്‌ പോകുന്ന ആഹാരം അവള്‍ തന്നെയാണ്‌ പിറ്റേന്ന് എടുത്ത്‌ കളയാറ്‌. നിങ്ങളൊക്കെ കഴിച്ചൊളൂ".

ഔസേപ്പ്‌ ചേട്ടന്‍ മുറ്റത്തേക്ക്‌ ഇറങ്ങി നടന്നു. അതിന്റെ ഒരു കോണില്‍ ത്രേസ്യയുടെ കുഴിമാടത്തിനരുകില്‍ ചെന്നു നിന്നു.
അയാള്‍ പറഞ്ഞു 'ത്രേസ്യക്കൊച്ചേ, ഇന്ന് നിന്റെ ഓര്‍മ്മദിനം ആണ്‌. എനിക്കെന്നും അതാണ്‌. നമ്മുടെ മക്കളൊക്കെ വന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിന്നെ ഓര്‍ക്കാന്‍, ഒത്തൊരുമിക്കാന്‍. എനിക്ക്‌ ഒന്ന് നിന്നോട്‌ ചേര്‍ന്നിരിക്കണമെന്നു തോന്നി. അതാ ഞാന്‍ ഇറങ്ങി നടന്നത്‌.'

ഔസേപ്പ്‌ ചേട്ടന്‍ ഒര്‍ല്‍പ്പംകൂടി ചേര്‍ന്നു നിന്നു. ഔസേപ്പു ചേട്ടന്റെ കാലുകള്‍ കുഴിമാടത്തില്‍ പൊതിഞ്ഞിരുന്ന മാര്‍ബിളില്‍ തൊട്ടു.

അതിനകത്തുനിന്നും ത്രേസ്യക്കൊച്ച്‌ വിളിച്ചു ചോദിച്ചു,
"അതേയ്‌ എന്ത്‌ ഓര്‍ത്താ നില്‍ക്കണേ? ഊണുകഴിക്കേണ്ടേ? വരൂ.. "
ഔസേപ്പ്‌ ചേട്ടന്റെ കാലുകള്‍ വീണ്ടും മാര്‍ബിളില്‍ ഉരഞ്ഞു. അദ്ദേഹം തിരിച്ചറിഞ്ഞു, ചേര്‍ന്ന് നില്‍ക്കലിന്റെ സുഖം.

അതിന്റെ തണുപ്പ്‌.

posted by സ്വാര്‍ത്ഥന്‍ at 11:27 AM

0 Comments:

Post a Comment

<< Home