Thursday, May 11, 2006

Suryagayatri സൂര്യഗായത്രി - സഖാവും നിങ്ങളും പിന്നെ ഞാനും

അങ്ങനെ തെരഞ്ഞെടുപ്പ്‌ ഉത്സവത്തിന്റെ ആറാട്ട്‌ ആയി. ഭൂരിപക്ഷം കിട്ടിയ ഭരണപക്ഷത്തിന്റെ തലവന്‍ ആദ്യമായി കൂടിക്കാഴ്ച അനുവദിച്ചത്‌ മലയാളം ബൂലോകത്തിനാണ്. ബ്ലോഗ്‌വാസികളെല്ലാം ഭയങ്കരതിരക്കില്‍ ആയതുകാരണം എല്ലാവരും കൂടെ ഒരു ജോലിയും ഇല്ലാതിരിക്കുന്ന സു വിനെ പറഞ്ഞയച്ചു. കണ്ണൂരില്‍ നിന്നായതുകാരണം ഒരുപാട്‌ ചെക്കിങ്ങുകള്‍ക്ക്‌ ശേഷമാണു കൂടിക്കാഴ്ച അനുവദിച്ചത്‌.

കൂടിക്കാഴ്ചയിലെ പ്രസക്തഭാഗങ്ങള്‍.

സു: നമസ്കാരം.

സഖാവ്‌ : ലാല്‍സലാം. കുട്ടി മറ്റേ പക്ഷത്തിന്റെ ആള്‍ ആണല്ലേ.

സു: അല്ലല്ലോ. എനിക്ക്‌ പക്ഷമില്ല. താങ്കള്‍ക്ക്‌ അങ്ങനെ തോന്നാന്‍ കാരണം?

സഖാവ്‌ : നമസ്കാരം എന്ന് പറഞ്ഞതുകൊണ്ട്‌ തോന്നിയതാണ്. മറ്റേ നേതാവ്‌ എല്ലാ ഒന്നാം തീയ്യതിയും ദൈവത്തിനോട്‌ പറയുന്നതും ഇതാണല്ലോ. പിന്നെ പാര്‍ട്ടി ഇല്ലെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നോ. കണ്ണൂരില്‍ സീറ്റ്‌ തരാം.

സു : അപ്പോ എങ്ങനെ വന്നാലും ജയിക്കും എന്ന ഉറപ്പുള്ള മണ്ഡലം അതേ ഉള്ളൂ അല്ലേ. കണ്ണൂരില്‍ മുഴുവന്‍ കള്ളവോട്ട്‌ ആണെന്നാണല്ലോ ആരോപണം. അതില്‍ എന്തെങ്കിലും കഴമ്പുണ്ടോ?

സഖാവ്‌ : അതൊക്കെ ജയിക്കാത്തതിന്റെ കുശുമ്പ്‌ കൊണ്ട്‌ പറഞ്ഞുണ്ടാക്കുന്നതല്ലേ.

സു: ഇനി ഭരണകാര്യങ്ങളിലേക്ക്‌ കടക്കാം. പരിചയസമ്പന്നരായ പലരും മറുപക്ഷത്തായിപ്പോയല്ലോ.

സഖാവ്‌ : പരിചയം ഉണ്ടാവാന്‍ അല്ലേ 5 കൊല്ലം ഭരിക്കുന്നത്‌. ഒക്കെ ഒരു തരം പരീക്ഷണങ്ങള്‍ അല്ലേ.

സു : കേരളജനതയ്ക്ക്‌ പ്രിയങ്കരനായ മുന്‍ ട്രാന്‍‌സ്പോര്‍ട്ട്‌ മന്ത്രി പ്രതിപക്ഷത്തിരിക്കില്ലേ ഇനി.

സഖാവ്‌ : എന്തു ചെയ്യാന്‍. ഞങ്ങളുടെ പാര്‍ട്ടിയില്‍ ആയിരുന്നെങ്കില്‍ മന്ത്രിയും ആയേനേ. പിന്നെ അദ്ദേഹത്തിന്റെ സ്ഥിരം മേഖലയില്‍ ഒരു അവാര്‍ഡും കൊടുത്തേനെ.

സു : മന്ത്രിമാരെ തീരുമാനിച്ചാല്‍ ഉടനെ വിദേശത്തേക്ക്‌ പോകും എന്ന് പറഞ്ഞുകേട്ടല്ലോ. തൊഴിലാളികളുടെ നയങ്ങള്‍ നേരിട്ട്‌ പഠിക്കാന്‍ പോകുന്നതാണോ.

സഖാവ്‌ : ദുബായിലേക്കല്ലേ പോകുന്നത്‌. സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തിനു പോകുന്നതല്ലേ.

സു : ങേ. അപ്പോ നിങ്ങള്‍ക്ക്‌ അതിനോട്‌ എതിര്‍പ്പില്ലേ.

സഖാവ്‌ : അതിനോട്‌ എന്തെതിര്‍പ്പ്‌. അവരുടെ ഭരണകാലത്ത്‌ നടപ്പിലായാല്‍ ക്രെഡിറ്റ്‌ മുഴുവന്‍ അവര്‍ക്ക്‌ പോവില്ലേ. അതുകൊണ്ട്‌ എതിര്‍പ്പ്‌ നടിച്ച്‌ വൈകിച്ചു. ഇനി തീരുമാനം എടുക്കാന്‍ താമസം ഉണ്ടാവില്ല.

സു : കേരളത്തിലെ സ്ത്രീകള്‍ക്ക്‌ അങ്ങയോട്‌ ആരാധന ഉണ്ട്‌. സ്ത്രീകള്‍ക്ക്‌ എതിരെയുള്ള അക്രമങ്ങള്‍ക്ക്‌ എതിരെ അങ്ങ്‌ ശക്തമായി പ്രതികരിക്കാറുണ്ടല്ലോ. പെണ്‍വാണിഭങ്ങള്‍ക്കെതിരെ എന്ത്‌ നിലപാട്‌ എടുക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്‌.

സഖാവ്‌ : ആദ്യമായിട്ട്‌ പറയാന്‍ ഉള്ളത്‌ ഞങ്ങളുടെ പ്രിയങ്കരനായ സഖാവ്‌ പറഞ്ഞത്‌ തന്നെയാണ്. പെണ്ണുള്ളിടത്തേ... മുഴുവന്‍ പറയുന്നില്ല. കേറിയ ഉടനെ വിവാദങ്ങള്‍ക്ക്‌ ഉദ്ദേശമില്ല. ആവുന്നതുപോലെയൊക്കെ ചെയ്യാം.

സു : പട്ടിണി കൊണ്ട്‌ മരിക്കുന്നു എന്ന വാര്‍ത്തയ്ക്കരികില്‍ തന്നെ മുഖ്യന്‍ പുട്ടടിക്കുന്ന ഫോട്ടോ പത്രങ്ങളില്‍ വന്നത്‌ ഉചിതമായ ഒന്നല്ലല്ലോ. ഇതിനേപ്പറ്റി എന്തു പറയുന്നു?

സഖാവ്‌ : ഞങ്ങള്‍ പുട്ടടിക്കുന്നത്‌ കഴിവതും ഞങ്ങളുടെ പാര്‍ട്ടി പത്രങ്ങളില്‍ മാത്രം ഒതുക്കും. പട്ടിണിക്കാരെ സഹായിക്കാന്‍ കഴിയുന്നതും ശ്രമിക്കും.

സു : മദ്യനിരോധനം എന്ന് പറയുന്നതല്ലാതെ അങ്ങനെയൊന്ന് സംഭവിക്കുന്നില്ലല്ലോ. സര്‍ക്കാരിന്റെ കടകളില്‍ ആഘോഷക്കാലങ്ങളില്‍ ഭയങ്കര ക്യൂ ആണല്ലോ.

സഖാവ്‌ : തിരക്കൊഴിവാക്കാന്‍ ഇനി എല്ലാ കടകളിലും മുന്‍കൂര്‍ ബുക്കിംഗ്‌ അനുവദിക്കും. ഒരു സമ്പൂര്‍ണനിരോധനം തല്‍ക്കാലം നടക്കുമെന്ന് തോന്നുന്നില്ല. ആഘോഷങ്ങള്‍ക്ക്‌ അല്‍പം മറ്റവന്‍ ഉള്ളില്‍ ചെല്ലണ്ടേ.

സു : പ്രവാസികളുടെ കാര്യത്തില്‍ എന്ത്‌ തീരുമാനം ആണ് എടുക്കുക.

സഖാവ്‌ : പ്രവാസികള്‍ മുഴുവന്‍ മറ്റേ പാര്‍ട്ടിയുടെ ആള്‍ക്കാരാവും. ഞങ്ങളുടെ ആള്‍ക്കാര്‍ മുഴുവന്‍ ഇവിടെയുണ്ട്‌. അതുകൊണ്ടല്ലേ ഞങ്ങള്‍ തന്നെ ജയിച്ചത്‌.

സു : എന്നിട്ട്‌ യു.എ. ഇ യിലെ സംഘടനകളൊന്നും തെളിയിക്കുന്നത്‌ അങ്ങനെ അല്ലല്ലോ.

സഖാവ്‌ :(ഒന്ന് ചൂഴ്ന്നുനോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. വല്ലതും പറഞ്ഞ്‌ വല്ല അവാര്‍ഡും കിട്ടുന്നത്‌ ഇല്ലാതാക്കേണ്ടല്ലോ എന്ന് വിചാരിച്ചുകാണും)

സു : ബ്ലോഗുകളെപ്പറ്റി എന്താണ് അഭിപ്രായം.

സഖാവ്‌ : നല്ല കാര്യം . ഞങ്ങളുടെ പാര്‍ട്ടി ബ്ലോഗ്‌ തുടങ്ങും.

സു : പ്രതികരിക്കാന്‍ മറ്റ് ബ്ലോഗുടമകളേയും അജ്ഞാതന്മാരേയും അനുവദിക്കുമോ?

സഖാവ്‌ : പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടെ പാര്‍ട്ടി അംഗത്വം ഉള്ളവര്‍ക്കു മാത്രമേ ഉള്ളൂ.

സു : അവസാനമായി ഒരു ചോദ്യം . പുതിയ സര്‍ക്കാരിന്റെ നയം എന്താണ്?

സഖാവ്‌ : നയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ പഴയ സര്‍ക്കാരിനോട്‌ വളരെ യോജിപ്പാണുള്ളത്‌. അവരുടെ നയം തന്നെ.

സു : എന്താണത്‌?

സഖാവ്‌ : ഒക്കെ വരുന്നിടത്തുവെച്ച്‌ കാണാം എന്നതു തന്നെ.

സു : അപ്പോള്‍ ലാല്‍സലാം.

സഖാവ്‌: ലാല്‍ സലാം.

സു വിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. “ വാഴ്വേ മായം, ഇന്ത വാഴ്വേ മായം”

posted by സ്വാര്‍ത്ഥന്‍ at 11:20 PM

0 Comments:

Post a Comment

<< Home