Gurukulam | ഗുരുകുലം - സംന്യാസി, സന്ന്യാസി, സന്യാസി…
URL:http://malayalam.usvishakh.net/blog/archives/117 | Published: 5/12/2006 6:31 AM |
Author: ഉമേഷ് | Umesh |
ദുര്‍ഗ്ഗയുടെ എന്ന പോസ്റ്റില്‍ കമന്റെഴുതുമ്പോള്‍ പ്രാപ്ര ഇങ്ങനെ ചോദിച്ചു:
ഉമേഷ്‌ജീ, ഒരു പുസ്തകത്തില്‍ സംന്യാസി എന്ന് ഉപയോഗിച്ച് കണ്ടപ്പോള്‍ ഒരു സംശയം, നമ്മളില്‍ പലരും ഉപയോഗിക്കുന്ന സന്യാസി എന്ന വാക്ക് തെറ്റാണോ എന്ന്. മാഷാണെങ്കില്‍ ഇതു രണ്ടും അല്ലാത്ത സന്ന്യാസി എന്നാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇതു മൂന്നും ശരിയായ പ്രയോഗം ആണോ?
സംസ്കൃതത്തില്‍ ‘സം’ എന്ന്‍ തുടങ്ങുന്ന വേറെയും പല വാക്കുകളും ഉള്ളത് കൊണ്ട് ആ പ്രയോഗം തെറ്റല്ലെന്നൊരു തോന്നല്‍.
അതിന്റെ ഉത്തരം ഇവിടെ എഴുതിയേക്കാം:
സം, ന്യസ് എന്നീ പദങ്ങളില്‍ നിന്നുണ്ടായതുകൊണ്ടു് സംന്യാസി എന്നാണു വാക്കു്.
വര്‍ഗ്ഗാക്ഷരങ്ങളുടെ (ക മുതല്‍ മ വരെയുള്ളവ) മുന്നില്‍ അനുസ്വാരം വന്നാല്‍ ആ വര്‍ഗ്ഗത്തിലെ അനുനാസികമായാണു് ഉച്ചരിക്കുക. ഉദാഹരണത്തിനു്, ഗംഗ = ഗങ്ഗ, സംജാതം = സഞ്ജാതം, സംതതം = സന്തതം, അംബിക = അമ്‌ബിക എന്നിങ്ങനെ. ബാക്കിയുള്ളവയുടെ മുന്നില്‍ മലയാളികള്‍ (സംസ്കൃതത്തിലും - സംസ്കൃതവാര്‍ത്ത ശ്രദ്ധിക്കുക) ‘മ’യും ഉത്തരേന്ത്യക്കാര്‍ ‘ന’യും ഉച്ചരിക്കുന്നു. ഉദാഹരണത്തിനു്, സംസാരം = സമ്‌സാരം (മലയാളി), സന്‍സാര്‍ (ഹിന്ദിക്കാരന്‍).
അപ്പോള്‍ സംന്യാസി = സന്ന്യാസി എന്നു മനസ്സിലായല്ലോ. രണ്ടും ശരിയാണു്.
പിന്നെ, സന്യാസി എന്നെഴുതിയാലും നാം ഉച്ചരിക്കുന്നതു് സന്ന്യാസി എന്നാണല്ലോ. (കൂട്ടക്ഷരത്തിന്റെ ആദ്യത്തെ വ്യഞ്ജനം മിക്കവാറും ഇരട്ടിക്കും.) അതുകൊണ്ടു് സന്യാസി എന്നു പോരേ എന്ന വാദവുമുണ്ടു്. ഈ വാദത്തിന്റെ അങ്ങേയറ്റമാണു് ‘ദേശാഭിമാനി’യില്‍ കാണുന്ന വാര്‍ത, പാര്‍ടി തുടങ്ങിയ വാക്കുകള്‍.
സാധാരണയായി, കൂട്ടക്ഷരങ്ങളുള്ളിടത്തു് ഉച്ചാരണം കൊണ്ടു മാത്രമല്ല, ഘടന കൊണ്ടും ദ്വിത്വമുണ്ടെങ്കില്‍ ഇരട്ടിച്ചു തന്നെ എഴുതാറുണ്ടു്. അങ്ങനെ സന്ന്യാസി, തത്ത്വം, മഹത്ത്വം തുടങ്ങിയവ ഇരട്ടിച്ചെഴുതുന്നു. (കവിത്വത്തിനും ദ്വിത്വത്തിനും ഇതു വേണ്ട.)
പിന്നെ, സന്യാസി, തത്വം, മഹത്വം എന്നിങ്ങനെ ധാരാളം എഴുതിക്കാണാറുണ്ടു്. അച്ചു ലാഭിക്കാന്‍ അച്ചടിക്കാര്‍ നടപ്പാക്കിയ വഴി. സിബുവിന്റെയും രാജേഷിന്റെയും acceptance theory അനുസരിച്ചു് അവയും ശരിയാണു്. പക്ഷേ മറ്റവയാണു ശരിയെന്നു പറയാനാണു് എനിക്കിഷ്ടം.
0 Comments:
Post a Comment
<< Home