Thursday, May 11, 2006

നോട്ടങ്ങള്‍ - ലാല്‍ സലാം ജലീല്‍

URL:http://notangal.blogspot.com/2006/05/blog-post.htmlPublished: 5/11/2006 12:47 PM
 Author: മന്‍ജിത്‌ | Manjith
നോക്കിയിരുന്നു മടുത്തു. കുറ്റിപ്പുറത്ത് ജലീല്‍ ആറായിരം വോട്ടിനു ലീഡുചെയ്യുന്നുണ്ട്. ഞാന്‍ നോക്കിയിരിക്കുകയാ‍ണെന്നു കണ്ടാണോ ആവോ അവിടെ മാത്രം പടക്കം പൊട്ടാനൊരു താമസം. എതിരാളി കുഞ്ഞാലിക്കുട്ടിയായതുകൊണ്ട് എന്തും സംഭവിക്കാമല്ലോ. അതാണീ ആശങ്കക്കാത്തിരിപ്പിനു കാരണം. ഏതായാലും ജലീല്‍ ജയിച്ചു എന്നു ഞാനങ്ങു കരുതുകയാ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഗുണപരമായ മാറ്റവും അവിടെത്തുടങ്ങുന്നു. അരൂരില്‍ ഗൌരിയമ്മ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ ഞാനല്‍ഭുതപ്പെട്ടിരുന്നു. ടി.വി.തോമസിന്റെ ആത്മാവെങ്കിലും അവര്‍ക്കു നല്ലബുദ്ധിതോന്നിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. ഏതായാലും അരൂരിലെ ജനങ്ങള്‍ പ്രബുദ്ധരായി. അവര്‍ക്കിനി വീട്ടിലിരിക്കാം. ഇടക്കിടെ കൃഷ്ണനെ തൊഴാന്‍ പോകാം. കാവ്യ നീതി.

മറ്റൊന്ന് കൊട്ടാരക്കരയിലാണ്. പിള്ളയെ വീട്ടിലിരുത്തിയ കൊട്ടാരക്കാരും അഭിനന്ദനമര്‍ഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്‍ മുന്‍പ് പിള്ളച്ചേട്ടന്‍ ഒരു ഗീര്‍വാണമടിച്ചിരുന്നു. അങ്ങോര്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രമെഴുതാന്‍ പോവാത്രേ. ഏതായാലും ഇനി ഏറെ സമയമുണ്ട്. എഴുതു പിള്ളച്ചേട്ടാ, എഴുത്.

കെ.പി.വിശ്വനാഥന്‍, പി.പി. തങ്കച്ചന്‍, കെ.ഇ.ഇസ്മയില്‍, കുഞ്ഞാലിക്കുട്ടി, ടി.എം ജേക്കബ്, കെ.മുഹമ്മദാലി, ചെര്‍ക്കളം എന്നിങ്ങനെ ഒട്ടേറെ അജീര്‍ണ്ണങ്ങളെ ജനവിധി ചുട്ടെരിച്ചെങ്കിലും ആശങ്കയൊടുങ്ങുന്നില്ല. ഗള്‍ഫില്‍ ഏഷ്യാനെറ്റ് സന്യാസി കെ.പി.മോഹനനൊപ്പം പിരിവു നടത്തി കോടീശ്വരനായ കുവൈറ്റ് ചാണ്ടിയെയും സകലാവല്ലഭനായ അച്ഛനെ വെല്ലുന്ന ശ്രേയാംസ്കുമാറിനെയും ഒക്കെ ഇതേ ജനവിധി വിജയിപ്പിച്ചിട്ടുമുണ്ട്. സി.എഫ്.തോമസിന്റെ നിഷ്ക്രിയ ജനാധിപത്യവും ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതു ശ്രദ്ധിക്കണം. ഹാ പറയാന്‍ മറന്നു ഇവര്‍ക്കൊക്കെ കൂട്ടിന് എസ്.ശര്‍മ്മയുമുണ്ട്. നാടുനന്നാവാന്‍ ഇനിയുമേറെക്കാലം വേണമെന്നു സാരം.

ദാ, ജലീല്‍ ജയിച്ചു അല്ല കുഞ്ഞാലിക്കുട്ടി തോറ്റു. ഇനി ഞാനുറങ്ങട്ടെ. നാളെ എങ്ങനെ ഓഫിസില്‍ പോവും :(

posted by സ്വാര്‍ത്ഥന്‍ at 9:27 AM

0 Comments:

Post a Comment

<< Home