Friday, May 05, 2006

ഇതിഹാസം /O^O\ ithihasam - വനരോദനങ്ങള്‍

ചിന്തയില്‍ നിന്നുണര്‍ന്ന്‌, ഞാന്‍ ചുറ്റും നോക്കി. സന്ധ്യ മയങ്ങിത്തുടങ്ങിയല്ലോ! ദിവസം പോണതെത്ര പെട്ടെന്നാ, പകലന്തിയാവുന്നത്‌ അറിയുന്നു കൂടി ഇല്ല. ഞാന്‍ മനസ്സിലോര്‍ത്തു. മഴ പെയ്ത്‌ തോര്‍ന്നു.. റോഡില്‍ മുഴുവന്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്‌.. മെല്ലെ കാലിലേക്കു നോക്കി. കാലില്‍ അപ്പിടി ചെളിവെള്ളം തെറിച്ച പാടുകള്‍.. ആകെ വൃത്തികേടായീലോ.. ഓ, കുനിയാന്‍ വയ്യ.. അതവിടെ തന്നെ കിടക്കട്ടെ.. അല്ലാതെന്താ ചെയ്യാ.. ഇന്ന് ഇത്‌ രണ്ടാമത്തെ മഴയാണ്‌. അടുത്ത മഴക്കു മുന്‍പേ വീട്ടിലെത്താനുള്ള തിടുക്കത്തിലാണ്‌ ബസ്സ്‌ സ്റ്റോപ്പിലെ എല്ലാവരും.. അപ്പുറത്തെ മരച്ചുവട്ടിലിരുന്നു നാട്ടിലെ വയോധിക സംഘം വെടിപറഞ്ഞു പൊട്ടിച്ചിരിക്കുന്നത്‌ കേള്‍ക്കാനുണ്ട്‌.. രാമന്‍ മാഷുടെ ശബ്ദം കവിത ചൊല്ലുന്നത്‌ അവ്യക്തമായി കേള്‍ക്കാം..

"എട്ടാണ്ടെത്തിയ മോരുമെന്റെ ശിവനേ, ചുണ്ണാമ്പു ചോറും,
പുഴുക്കൂട്ടം തത്തിടുമുപ്പിലിട്ടതും,
പച്ചച്ചക്കയില്‍ മോരൊഴിച്ചു വഷളാക്കിത്തീര്‍ത്തൊരാ
കൂട്ടാനുമുണ്ടിന്നെറണാകുളം ഹോട്ടലില്‍!"

മാഷ്‌ ഈണത്തില്‍ ചൊല്ലി നിര്‍ത്തിയപ്പോള്‍ കൂട്ടച്ചിരി മുഴങ്ങി... കൊള്ളാം! നല്ല കവിത.. എന്നും വൈകീട്ട്‌ ഇവരുടെ വെടിവട്ടത്തിന്‌ മൂകസാക്ഷിയായില്ലെങ്കില്‍ ഇപ്പോള്‍ ഉറക്കം വരില്ല എന്നായിരിക്‌ക്‍ണൂ.. അല്ലെങ്കിലും എന്നും അവരുടെ ചര്‍ച്ചകള്‍ കേട്ടാണല്ലോ സൂര്യന്‍ വരെ അസ്തമിക്കുന്നത്‌? വീട്ടിലെ പാവക്കയുടെ വലിപ്പം മുതല്‍ ഇന്‍ഡ്യാ പാകിസ്ഥാന്‍ യുദ്ധം വരെ ഇത്ര ലാഘവത്തോടെ ചര്‍ച്ച ചെയ്യാന്‍ എങ്ങനെ കഴിയുന്നു എന്ന് അദ്ഭുതപ്പെടാറുണ്ട്‌ പലപ്പോഴും.. ബോറടിച്ചിരിക്കുന്ന വൈകുന്നേരങ്ങളില്‍ സമയം കൊല്ലാനാണ്‌ അവരുടെ സംസാരം ശ്രദ്ധിച്ചു തുടങ്ങിയത്‌.. ഇപ്പോ അത്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായിരിക്കുന്നൂ.. കുടിയന്‍ പാച്ചു വൈകുന്നേരമായാല്‍ ഒരു നൂറ്‌ കിട്ടാന്‍ വെപ്രാളപ്പെടുന്ന പോലെ, അതു കേള്‍ക്കാതിരിക്കുന്നാല്‍ വൈകുന്നേരങ്ങളില്‍ ഒരു സഞ്ചാരമാണ്‌.. ഇന്നു കിച്ചമ്മാനെ കണ്ടില്ലല്ലോ? സാധാരണ ഈ നേരത്ത്‌ കാലിയായ ഉന്തുവണ്ടി നിറവണ്ടിപോലെ വലിച്ച്‌ പോവുന്ന കാണാറുള്ളതാണ്‌.. ഇന്ന് ജാനുവമ്മയേം കണ്ടില്ല. അല്ലെങ്കിലെന്റടുത്ത്‌ വന്നിരുന്നു മുറുക്കീട്ടല്ലേ പോവാറുള്ളൂ? എല്ലാരും എവിടെ പോയോ എന്തോ? മഴയായോണ്ട്‌ എവിടെങ്കിലും കേറി നിന്നു കാണും.. ആളുകളും പാട്ടും അരങ്ങും ശബ്ദങ്ങളും ഒഴിഞ്ഞു തുടങ്ങി.. ഓ, അവസാനത്തെ ബസ്സാണല്ലോ.. ഇനി ഈ ഞാനായിട്ട്‌ ഇവിടെ ഇന്നിട്ടെന്തിനാ? എന്ന് ചോദിക്കണമെന്നുണ്ട്‌.. അല്ലെങ്കില്‍ എന്തിനാ വെറുതെ?

ആരാ ആ ഇരുട്ടത്ത്‌? രൂപം പരിചയം തോന്നുന്നില്ലല്ലോ? കുന്നുമ്പറമ്പിലെ ആശ മോളാണോ? അല്ലല്ലോ? പിന്നെ ആരാ ഈ അസമയത്ത്‌? അവസാന ബസ്സും പോയിട്ട്‌ ഒരു മണിക്കൂറെങ്കിലും ആയിക്കാണും.. അടുത്തെത്തിയപ്പോള്‍ എവിടെയോ കണ്ടു മറന്ന മുഖം.. പേടിച്ചരണ്ട മുഖത്തെ ആ കണ്ണുകള്‍ അരണ്ട വെളിച്ചത്തില്‍ ആരേയോ തേടുന്നുണ്ടായിരുന്നു.. എപ്പോള്‍, എവിടെയാണ്‌ ഞാനിവളെ കണ്ടിരിക്കുന്നത്‌? ഓര്‍മ്മ കിട്ടുന്നില്ലല്ലോ? ഓ! ഈ കുട്ടിയല്ലേ ഇന്നലെ വൈകീട്ടത്തെ ബസ്സില്‍ ഒരു ചന്ദനക്കുറിയിട്ട നീല ഷര്‍ട്ടുകാരന്റെ കൂടെ വന്നിറങ്ങിയത്‌? വന്നിറങ്ങി, എന്നെ ഒന്നു നോക്കി അയാളുടെ കൂടെ കലാധരന്റെ ഓട്ടോയില്‍ കേറിപ്പോയതല്ലേ? കലാധരന്‍ 'ഇത്തിരി വൈകും, ലോങ്ങാണേ' എന്നു ചിന്നനോട്‌ വിളിച്ച്‌ പറഞ്ഞ്‌ പോയതല്ലേ? അവള്‍ വിമ്മി വിമ്മി കരയുന്നുണ്ട്‌.. എന്റെ അടുത്തേക്ക്‌ വേച്ച്‌ വേച്ചു നടന്നെത്തുമ്പോള്‍ അവളുടെ തലയിലെ ചതഞ്ഞ മുല്ലപ്പൂക്കള്‍ കരിഞ്ഞുതുടങ്ങിയിരിക്കുന്നു.. ഓരോ കരിയില അനങ്ങുമ്പോളും ഞെട്ടി വിറച്ചിരുന്ന അവള്‍ അപ്പോഴും ആരെയോ തേടുകയാണ്‌.. ഇന്നലെ വന്നിറങ്ങിയപ്പോള്‍ ആ കണ്ണുകളില്‍ ഉണ്ടായിരുന്ന തിളക്കം ഇപ്പോഴില്ല.. അവളുടെ മുഖം, കത്തുന്ന നാളത്തെ ഊതിക്കെടുത്തിയ ഓട്ടുവിളക്കിനെ ഓര്‍മ്മിപ്പിക്കുന്നു.. എന്റെ അടുത്തെത്തിയ അവള്‍ എന്നെ ചാരി നിന്നു കരഞ്ഞു കൊണ്ട്‌ എന്തൊക്കെയോ പറയുന്നുണ്ടല്ലോ? നിന്നെ... ചതി.... സ്നേഹം.. ഒന്നും വ്യക്തമാവുന്നില്ല. അല്ലെങ്കിലും എന്റെ അടുത്തിരുന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നതൊന്നും എനിക്കു മനസ്സിലായിട്ടില്ലല്ലോ, ഒരിക്കലും? അവള്‍ പുലമ്പിക്കൊണ്ട്‌ ആ ഇരുട്ടുള്ള കുറ്റിക്കാട്ടിലേക്കു നീങ്ങി..ഇപ്പോഴും അവളുടെ തേങ്ങലുകള്‍ ഒരു ചാറ്റല്‍ മഴയായി പെയ്തിറങ്ങുന്നതു കേള്‍ക്കാമെനിക്ക്‌. അവള്‍ ഇപ്പോഴും വിറക്കുന്ന ശബ്ദത്തില്‍ ആരോടെന്നില്ലാതെ പരിഭവം പറയുന്നു. കരഞ്ഞു കലങ്ങിയ ആ കണ്ണുകള്‍ ആരെയോ തേടിക്കൊണ്ടിരിക്കുന്നു, ഭയപ്പാടോടെ.. അല്ല. ആളൊഴിഞ്ഞ വീഥിയില്‍ ഇനിയെന്തിനു വഴി വിളക്ക്‌?

ഇനി ഞാനുറങ്ങട്ടെ..

-1997 (വിഷയം: ഇരുളിന്റെ മറവിലെ ഭയവിഹ്വലയായ പെണ്‍കുട്ടി)

posted by സ്വാര്‍ത്ഥന്‍ at 11:15 PM

0 Comments:

Post a Comment

<< Home