Saturday, May 06, 2006

തുഷാരം - വിചിന്തനങ്ങള്‍

വിചിന്തനങ്ങള്‍

പ്രദീപ്‌. എം. മേനോന്‍
ദോഹ-ഖത്തര്‍


വേരുണങ്ങിയ വൃക്ഷശിഖരത്തിലെന്റെ
തപ്ത ഹൃദയമാം കിളിക്കൂട്‌.
തിന്മകള്‍ വെയില്‍ പോക്കുന്നിടങ്ങളില്‍
ചാവേറുകള്‍ പോലെയെന്‍ വിചിന്തനങ്ങള്‍.
നിഷേധത്തിന്റെ ഇരുളറകളില്‍
ക്ഷോഭത്തിന്റെ കനലുമായെന്റെയൊരു കണ്ണ്.

വിധി ദുര്‍ഘടങ്ങളില്‍ ഒരു തോള്‍ കരുത്തിനായ്‌
ഉലകളില്‍ നട്ടെല്ല് തീര്‍ത്തൊരീ ഊന്ന്.
ഊഷരകാലത്തിന്റെ ചുണ്ടിലിറ്റിച്ചു മോക്ഷമേകാന്‍
കവിള്‍തടം ഊര്‍ന്നൊലിക്കുമെന്‍ കണ്ണുനീര്‍.
വിശപ്പിന്‍ വിളര്‍ച്ചയില്‍ അന്നദാനത്തിന്നായ്‌
എന്റെ ദാരിദ്രചിഹ്നമാം നാഭിചുരുള്‍.

ഗുരു സ്വാര്‍ത്ഥേഛക്കൊരു കാണിക്കയായെന്റെ
അഭ്യസ്ഥമുദ്രയാം പെരുവിരല്‍.
കെയിലാസശെയിലത്തില്‍ ഉറഞ്ഞുതുള്ളുവാനെന്റെ
ക്രോധ വചസ്സുകള്‍ തന്‍ ശക്തി താണ്ഡവം.
ശ്വേത സ്വോതസ്സിന്റെ തുളവീണ ചാലുകളില്‍
പാരുഷ്യത്തിന്‍ നാവുകള്‍ തന്‍ ഊറ്റിവലി.

ഒരു വിളറിച്ചരി, ഒരു വിണ്ടനാവിലെ ഒറ്റവാക്ക്‌
ഇത്തിരിവെട്ടത്തിലെ ഒറ്റക്കൊരാടിതിമിര്‍ക്കല്‍.
അധിനിവേശങ്ങള്‍ തന്‍ ക്രൂരദംഷ്ട്രങ്ങള്‍ക്കു-
പരിചയായെന്റെ ശുഷ്കാന്ത നഗ്നത.
പാശ്ചാത്യ ചുഴലികള്‍ക്കു മുന്‍പിലൊരു-
വന്മതിലായെന്റെ നെഞ്ചിലുയിര്‍ക്കും ചങ്കൂറ്റം.

അറിയാതെരുവിലൊരു നിമിഷാര്‍ദ്രസന്ധിയില്‍
ഇനിയെങ്കിലും ചുമ്മാതൊരമറികരച്ചില്‍
പേരില്ലാതൊടുങ്ങുമൊരു കബന്ധമാകും മുമ്പ്‌
വാക്കറ്റ നാവിനായെന്റെ പ്രാവാക്കുകള്‍.
അശനിപാതങ്ങള്‍ക്കു ആണ്ടുശ്രാദ്ധത്തിനായ്‌
മുറ്റത്തു നാക്കിലയിലൊരു പിണ്ഡദാനം.
മോക്ഷമേഘങ്ങള്‍ തന്‍ മിന്നല്‍പിണരുകളില്‍
പാശസ്പര്‍ശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌.
ക്രൂശിത സത്യത്തിന്റെ നിണമൊലിച്ചിറങ്ങലില്‍
അഗ്നി പ്രഘോഷത്തിന്‍ തൃദീയാ പക്കം.
വേരറ്റവര്‍ക്കൊരു തായ്‌വേരിറക്കത്തിനായ്‌
ത്രസിക്കും ധമനികള്‍ തന്‍ ആഴ്ന്നിറക്കം.

കാഴ്ചകള്‍ വീണുടഞ്ഞവര്‍ക്കായെന്റെ-
വേനല്‍ കനക്കുമൊരു സൂര്യനേത്രം.
തിരുശേഷിപ്പുകള്‍ക്കു മോക്ഷത്തിനായി-
പാപനാശങ്ങളില്‍ ഒരു മുങ്ങിക്കുളി.
ശിഷ്ടകാലത്തിന്നു ശാന്തിയേകീടുവാന്‍
പുനര്‍ജനിയിലൂടെ ഒരു ഊഴ്ന്നിറക്കം.

posted by സ്വാര്‍ത്ഥന്‍ at 1:26 PM

0 Comments:

Post a Comment

<< Home