തുഷാരം - നിശാസഞ്ചാരികള്‍
URL:http://thushaaram.blogspot.com...g-post_114693502110417661.html | Published: 5/6/2006 10:33 PM |
Author: തുഷാരം |
സുധീര്‍ കളരിക്കല്‍
കൂര്‍ക്കം വലി കേട്ടാണ് ഉണര്‍ന്നത്. കുറച്ചു ദിവസമായി ഉറക്കം കിട്ടാറില്ല. രാത്രിയില്‍ ഓരോ ചിന്തകള്‍ മനസ്സിനെ അലട്ടുന്നു. വീടിനെക്കുറിച്ചും ചെയ്‌തു കൂട്ടുന്ന ഓരോ കാര്യങ്ങളെ കുറിച്ചും ചിന്തിച്ചങ്ങിനെ കിടക്കും. മനസ്സ് അങ്ങിനെയാണ്. മറക്കാനാഗ്രഹിക്കുന്നത് വീണ്ടും വീണ്ടും മനസ്സില്‍ തെളിഞ്ഞു വരും. മറക്കരുതെന്ന് മനസ്സില്‍ കരുതി വെച്ചതൊക്കെ ഒരു നിമിഷത്തില്‍ വിസ്‌മൃതമാകും.
മുറിയില്‍ ആര്‍ക്കും ഉറക്കമില്ല. എല്ലാവരും 1 മണി വരെ ഉത്സവത്തിമിര്‍പ്പിലായിരിക്കും. എല്ലാവര്‍ക്കും ഉറക്കത്തെ ഭയമാണ്. മദ്യപാനികളും രാഷ്‌ട്രീയലഹരി തലക്കടിച്ചവരും, എല്ലാ വിഭാഗക്കാരുമുണ്ട്. മുറിയില്‍ ആകെ എട്ടു പേര്‍. ഞാന്‍ കട്ടിലില്‍ കിടന്ന് കണ്ണടക്കും. ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അതായിരിക്കാം തന്റെ പരാജയം. ഒന്നും വെട്ടിപ്പിടിക്കാനറിയാത്ത എല്ലാം വിധിയെന്ന് വിശ്വസിക്കുന്ന വികൃതമായ ഒരു മനസ്സ്.
കൂര്‍ക്കം വലിക്കാരന്‍ എന്തൊക്കെയോ ഉറക്കത്തില്‍ പറയുന്നുണ്ട്. കൂര്‍ക്കം വലി ദ്രുതതാളത്തിലാകുമ്പോള്‍ അയാള്‍ ഒന്നു തിരിഞ്ഞു കിടക്കും. അപ്പോള്‍ അയാളുടെ മുഖം ഞാന്‍ കിടക്കുന്ന കട്ടിലിന് അഭിമുഖമാകും. പിന്നെ, കൂര്‍ക്കം വലിയുടെ പഞ്ചവാദ്യം. കുറച്ചു നേരം കട്ടിലില്‍ എഴുന്നേറ്റിരുന്നു. സമയം നോക്കിയപ്പോല്‍ പുലര്‍ച്ചെ മൂന്നു മണി. ഉറങ്ങിയ മണിക്കൂറുകള്‍ തിട്ടപ്പെടുത്തിയപ്പോള്‍ ഒന്നര മണിക്കൂര്‍. കട്ടിലിന്റെ അരികില്‍ വെച്ചിരുന്ന വെള്ളം എടുത്ത് കുടിച്ചു. പിന്നെ വീണ്ടും കിടന്നു. ഒന്നു മയങ്ങാന്‍ തുടങ്ങവെ പുറത്ത് എന്തോ കടിച്ചു. എഴുന്നേറ്റ് പെന്‍ ടോര്‍ച്ചടിച്ചു നോക്കി. ഒന്നുമില്ല. ബെഡ്ഷീറ്റിലും കമ്പിളിയിലും നോക്കി. കട്ടിലിന്റെ അരികില്‍ തൂക്കിയിട്ടിരുന്ന ബാഗിന്റെ അരികുവശം നോക്കി. ഒന്നുമില്ല. പിന്നെ തലയിണ പൊക്കിയപ്പോള്‍ കുറെ മൂട്ടകള്‍ ഓടിനടക്കുന്നു. ചിലര്‍ ധീരസേവനവും കഴിഞ്ഞ് മയങ്ങി കിടപ്പാണ്. മുറിയിലും ജോലിസ്‌ഥലത്തും മനുഷ്യരുടെ തലവും ശരീരവുമിള്ള ഒരുപാടു മൂട്ടകളെ കാണുന്ന എനിക്ക് ചിരിക്കാനാണ് തോന്നിയത്. മൂട്ടകളും പ്രപഞ്ചജീവികളാണല്ലോ. ദൈവം രക്‍തമാണ് അവയ്‌ക്ക് ഭക്ഷണമായി വിധിച്ചത്.
ഞാന്‍ മുറിയില്‍ കിടക്കുന്ന ഏഴ് പേരെയും നോക്കി. എല്ലാവരും സുഖനിദ്രയിലാണ്. എന്റെ എതിരില്‍ രണ്ടുനില കട്ടിലില്‍ കിടക്കുന്ന ആള്‍ സിദ്ധനാണെന്ന് തോന്നുന്നു. പ്രപഞ്ചവും ശരീരവും ഒന്നും അയാളെ അലട്ടുന്നില്ല. മൂട്ടകള്‍ക്ക് വിശാലമായി നൃത്തമാടാന്‍ തന്റെ ശരീരം നൂല്‍ബന്ധമില്ലാതെ തുറന്നിട്ടിരിക്കുന്നു. ഞാന്‍ മൂട്ടകളോടായി പറഞ്ഞു.
"പ്രപഞ്ചത്തിലെ കുതിരസേവകരായ മൂട്ടകളെ, ബാക്കി ഏഴു പേരും അഗാധമായി ഉറങ്ങുന്നു. ഇന്നല്ല... എന്നും അവര്‍ സുഖമായി ഉറങ്ങുന്നു. കുറച്ച് പേര്‍ക്ക് പോയി അവരുടെ രക്‍തം രുചിക്കാമല്ലോ."
സ്വാര്‍ത്ഥന്‍ എന്ന് സ്വയം വിശേഷിപ്പിച്ചു. തന്റെ ഉറക്കം എന്നോ നഷ്‌ടപ്പെട്ടതാണ്. മൂട്ടക്കും പാറ്റകള്‍ക്കും അതില്‍ ഒട്ടും പങ്കില്ല. നമ്മുടെ വിധി നമ്മെ ഉറക്കുന്നില്ല. അത്ര തന്നെ. ഞാന്‍ ഒന്നു കൂടി പെന്‍ ടോര്‍ച്ചടിച്ചു. ഒരു മൂട്ട എന്നെ നോക്കിത്തന്നെ നില്‍ക്കുന്നതായി തോന്നി. പിന്നെ, അത് വളര്‍ന്ന് എന്നേക്കാള്‍ വലുതായി, പരുഷമായസ്വരത്തില്‍ എന്നോട് പറഞ്ഞു.
"ടോ.. ഈ ഏഴു പേരും ഞങ്ങളുടെ ചിരകാല സുഹൃത്തുക്കളാ..! താന്‍ പുതിയതല്ലെ. തന്നെ ഇവിടെ നിന്ന് ഞങ്ങള്‍ തുരത്തും."
പിന്നെ, വീണ്ടും അത് സ്വരൂപം പ്രാപിച്ചു തലയിണക്കുള്ളില്‍ ഒളിച്ചു.
എന്തു ചെയ്യണമെന്നറിയാതെ കുറച്ച് നേരം ഇരുന്നു.
ഈ മൂട്ടകളെ എന്തു ചെയ്യും. എങ്ങിനെ കൊല്ല്ലാം..?
കൈകള്‍ കൊണ്ട് കൊല്ലാന്‍ മനസ്സു വന്നില്ല.
പിന്നെ, ഇരുളില്‍ തപ്പിത്തടഞ്ഞ് ബാത്ത്‌റൂമിനടുത്തുള്ള കബോര്‍ഡ് തുറന്നു. തലേദിവസം കാലിയാക്കിയ രണ്ടുമൂന്നു മദ്യക്കുപ്പികള്‍ ഇരിപ്പുണ്ട്. എല്ലാ കുപ്പിയും എടുത്തു നോക്കി. ഒരൌണ്‍സ് മദ്യം ഒരു കുപ്പിയില്‍ ബാക്കിയുണ്ട്. അത് കുപ്പിയോടെ എടുത്ത് കട്ടിലിലിരുന്നു. എന്നിട്ട് ഓരോ മൂട്ടകളേയും പെറുക്കി മദ്യത്തിലിട്ടു. പിന്നെ, കുപ്പി കബോര്‍ഡില്‍ തത്‌സ്ഥാനത്ത് വെച്ചു. ബാത്ത്‌റൂമില്‍ പോയി ലൈറ്റ് തെളിച്ചപ്പോള്‍ മുട്ടന്‍ പാറ്റകള്‍ ഓടിനടക്കുന്നു. അവരും ഉത്സത്തിലാണ്.
തിരികെ വന്ന് മൂട്ടകളില്ലെന്ന് ഉറപ്പ് വരുത്തി കിടന്നു. വാച്ചില്‍ നോക്കിയപ്പോള്‍ നാലു മണിയായി. ഇനി ഉറങ്ങാന്‍ സമയമില്ല. നഗ്‌നരൂപി ചെരിഞ്ഞു കിടന്നു. ഒരു നഗ്‌നശില്‍പ്പം മങ്ങിയ വെളിച്ചത്തില്‍ തെളിഞ്ഞു. മൂട്ടകളെ കുറിച്ചോര്‍ത്തപ്പോള്‍ സംശയമായി. തലയിണ പൊക്കിനോക്കി. ഒന്നുമില്ല. വീണ്ടും കണ്ണുകളടച്ചു. ഒന്നു തിരിഞ്ഞു കിടക്കവെ കട്ടില്‍ വല്ലാത്തൊരു ശബ്‌ദത്തില്‍ ഞരങ്ങി.
വീടിന്റെ പഴയവാതില്‍ തുറക്കുമ്പോഴുണ്ടാകാറുള്ള ശബ്‌ദം. ആ വാതില്‍ അടക്കാനും തുറക്കാനും അച്ഛനു മാത്രമേ കഴിയുമയിരുന്നുള്ളൂ. ചേര്‍ത്തടച്ച് വലതുകാലിന്റെ മുട്ടുകൊണ്ട് ഒന്നു ആഞ്ഞമര്‍ത്തിയാല്‍ സാക്ഷയിടാം. മുട്ടുകാലുകൊണ്ടമര്‍ത്തുന്നതും സാക്ഷയിടുന്നതും ഒരേ സമയമാകണം. എന്നാലേ കാര്യം നടക്കൂ. അതാണതിന്റെ കൌശലം. കാലം ചെന്നപ്പോള്‍, അച്ഛന്റെ കാലുകള്‍ക്ക് ശേഷി കുറഞ്ഞതിനാല്‍ ഞാന്‍ പഠിച്ചു. വീടു പൊളിക്കുന്നത് വരെ ഞാനായിരുന്നു സാക്ഷയിട്ടിരുന്നത്. മറവി ഏറെയുള്ളതിനാല്‍ ചിലപ്പോള്‍ ഒരുറക്കം കഴിഞ്ഞായിരിക്കും സാക്ഷയിടുന്നത്. അതല്ലെങ്കില്‍ അച്ഛന്‍ ഓര്‍മ്മപ്പെടുത്തണം.
പോരായ്മകളുണ്ടായിരുന്നെങ്കിലും സുഖമായിരുന്നു ചെറുപ്പകാലം. പൂമുഖത്ത് മലര്‍ന്നു കിടക്കവെ, ഓലപ്പുരയില്‍ മഴ പെയ്യും. മുറ്റത്തുകൂടെ ചാലുകള്‍ തീര്‍ത്ത്, മഴവെള്ളം മുന്‍വശത്തെ കണ്ടത്തിലേക്ക് ഒഴുകും. മഴ എന്നും എനിക്കിഷ്‌ടമായിരുന്നു. വിശാലമായ പൂമുഖവും വിശാലമായ മനസ്സും ഇന്ന് സ്വപ്‌മായി അവശേഷിക്കുന്നു. വേര്‍ത്തിരിവിന്റെ ഓരോ മതില്‍ കൂടപ്പിറപ്പുകള്‍ക്കിടയില്‍ സ്വയമേവ ഉണ്ടാകുന്നു. ഓരോരുത്തര്‍ക്കും ഓരോ ചുറ്റുമതില്‍. വിവാഹശേഷം മതിലിന്റെ ഉറപ്പും ഉയരവും കൂടി.
ചെമ്മണ്‍റോഡിലൂടെ നടക്കവെ മഴപെയ്യും. ചാലുപൊട്ടി മഴവെള്ളം റോഡില്‍ പരന്നോഴുകും. പരലുകള്‍ റോഡിലേക്ക് കയറും. കാലുകൊണ്ട് ഒരു പ്രത്യേകരീതിയില്‍ വെള്ളം തട്ടിയാല്‍ പരലുകള്‍ കരയില്‍ പിടക്കും. അവയെ പിടിച്ച് വീണ്ടും വെള്ളത്തിലിടും.
ഫോണ്‍ ചെയ്യവെ വിദ്യ പറഞ്ഞു. കുട്ടി മഴ പെയ്‌താല്‍ മഴയത്ത് ഇറങ്ങി നടക്കുമത്രെ. കാലത്ത് വിദ്യയുടെ ഒപ്പമെഴുന്നേറ്റ് മഞ്ഞു കൊള്ളും. പറഞ്ഞാല്‍ ഒട്ടും അനുസരണവുമില്ല.
'മഴ കൊള്ളട്ടെ. മനുഷ്യന്‍ പ്രകൃതിയിലാണ് ജനിച്ചത്. ഈ മണ്‍ണോട് ചേരുകയും ചെയ്യും. പ്രകൃതിയില്‍ ഇണങ്ങിച്ചേര്‍ന്ന് അവന്‍ വളരട്ടെ.'
വാച്ചില്‍ നോക്കി. നാലരയായി. എഴുന്നേറ്റ് കട്ടിലിന്റെ ഒരു വശത്ത് തുവര്‍ത്താനിട്ടിരുന്ന തോര്‍ത്തെടുത്ത് ബാത്ത്‌റൂമില്‍ കയറി. കുളി കഴിഞ്ഞ് പുറത്തിറങ്ങവെ ബാത്ത്‌റൂമിന്റെ വാതില്‍ പകുതി തുറന്നിട്ടു. മുറിയില്‍ പകുതി വെളിച്ചം പരന്നു. ചീര്‍പ്പെടുത്ത് മുടിചീകി, വസ്‌ത്രങ്ങള്‍ നന്നായി കുടഞ്ഞു. സമയം അഞ്ചരയായി. വേഗം പുറത്ത് കടന്ന് കാലുകള്‍ നീട്ടിവെച്ച് നടന്നു.
വൈകിയാണ് ജോലി കഴിഞ്ഞ് തിരിച്ചു വന്നത്. ഏഴ് മണിയായിക്കാണും. റൂമില്‍ ഉത്സവത്തിന്റെ പുറപ്പാടാണെന്ന് തോന്നുന്നു. നഗ്നസിദ്ധന്‍ പാന്റും ഷര്‍ട്ടും കൂളിംഗ് ഗ്ലാസുമിട്ട് വടി പോലെ നില്‍ക്കുന്നു. പഞ്ചവാദ്യക്കാരന്‍ അക്ഷമയോടെ മുറിയില്‍ ഉലാത്തുന്നു.
എന്നെ കണ്ടപ്പോള്‍ നഗ്നസിദ്ധന്‍ ചിരിച്ചു.
"ആള് ബൈകിയോ..?" അയാള്‍ കോഴിക്കോടന്‍ ഭാഷയില്‍ ചോദിച്ചു.
"ആ.. കുറച്ച്..!"
ഞാന്‍ കട്ടിലിലിരുന്നു. മൂട്ടകള്‍ മനസ്സിലോടിയെത്തി. തലയിണയെടുത്ത് പൊക്കിനോക്കിയപ്പോള്‍, നാടകത്തിന്റെ അണിയറയില്‍ മേക്കപ്പിനെന്ന പോലെ കുറേ മൂട്ടകള്‍. വമ്പന്മാര്‍. തലയിണ അവിടെ തന്നെ വെച്ചു.
പഞ്ചവാദ്യക്കാരന്‍ ദേഷ്യത്തിലാണ്. അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി കുടവയറും കുലുക്കി നടക്കുന്നു.
ഞാന്‍ ചോദിച്ചു. "എന്താ ഇക്കാ പ്രശ്‌നം..?"
അയാള്‍ എന്നെ നോക്കി. ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകള്‍.
"ഓനിങ്ങ് വരട്ടെ. ഓന്‍ക് നമ്മള് വെച്ചിട്ട്‌ണ്ട്."
എനിക്ക് ഒന്നും മനസ്സിലായില്ല. സ്വതവെ ശാന്തസ്വഭാവക്കാരനായ അയാള്‍ ദേഷ്യപ്പെടുന്നു.
ഞാന്‍ ചോദിച്ചു. "ആര്?"
"ബിശ്വന്‍. മ്മള് എന്നും ഓന്റടുത്ത്ന്നാ വാങ്ങാറ്. ന്ന്ട്ടും ..!"
"എന്ത്.?" ഞാന്‍ ചോദിച്ചു.
"പൈന്റ്" അയാള്‍ പറഞ്ഞു.
"എന്താ.. കാര്യം തെളിയിച്ച് പറ ഇക്കാ.."
പഞ്ചവാദ്യക്കാരന്‍ അവശതയോടെ കട്ടിലിലിരുന്നു. എന്നിട്ട് ഭയാനകമായി എന്നെ നോക്കി.
"മൂട്ട.. വമ്പന്‍ മൂട്ടകള്‍.."
"എവിടെ?" ഞാന്‍ ഒളികണ്ണിട്ട് തലയണക്കു മേല്‍ നോക്കി.
"പൈന്റില്‍." അയാള്‍ പറഞ്ഞു.
ഒരു മിന്നല്‍ പോലെ കഴിഞ്ഞ രാത്രി മനസ്സിലോടിയെത്തി. കുപ്പിക്കുള്ളിലെ മദ്യത്തില്‍ മൂട്ടകളെ പെറുക്കിയിട്ടതും അത് കളയാന്‍ മറന്നുപോയതും.
ഞാന്‍ ഒന്നും മിണ്ടിയില്ല. മറവിയെ ശപിച്ചു.
ബിശ്വന്‍ വന്നു. "എന്താ സര്‍?" അയാള്‍ ചോദിച്ചു.
പഞ്ചവാദ്യക്കാരന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
"ജ്ജ് എന്ത് വിചാരിച്ച്? കാശ് തന്ന് മൊതല് വാങ്ങുമ്പോ..! പ്പോ ജ്ജ് മൂട്ടയെ പിടിച്ചിട്ടു. നാളെ പാമ്പിനെ ഇടില്ലെന്നാര് കണ്ട്.!"
അയാല്‍ ഒന്നുമറിയാതെ വായ പൊളിച്ച് നിന്നു. ഞാന്‍ ഒന്നും മിണ്ടാതെ കട്ടിലിലിരുന്നു.
ബിശ്വന്‍ പറഞ്ഞു. "സര്‍.. സീല്‍ ചെയ്‌ത ബോട്ടില്‍.."
"ജ്ജ് മിണ്ടരുത്.." വഴക്ക് മൂത്ത് വന്നു. കുറെ തെറികളും. ഗള്‍ഫ് രാജ്യത്ത് കേള്‍ക്കാത്ത തെറികള്‍.
പൈന്റു വില്‍പനക്കാരന്‍ വിളറിവെളുത്തു.
ഞാന്‍ പതിയെ തലയിണ പൊക്കി നോക്കി. കുറെയെണ്ണം പല്ലും നഖവും വൃത്തിയാക്കി കുടുംബക്കാരെ കൊന്ന പാതകിയോട് പകരം ചോദിക്കാന്‍ തയ്യാരായി ഒരുങ്ങിയിരിക്കുകയാണ്.
ബിശ്വന്‍ ഇറങ്ങിപ്പോയി. രാത്രിയില്‍ ഉറക്കം വരാതെ ഞാന്‍ കൂര്‍ക്കം വലിയുടെ താളവും, നഗ്‌നരൂപിയുടെ കിടപ്പും, മൂട്ടകളുടെ പടപ്പുറപ്പാടും കണ്ട് കണ്ണും മിഴിച്ച് കിടന്നു.
0 Comments:
Post a Comment
<< Home