Saturday, May 06, 2006

തുഷാരം - ആമുഖം

URL:http://thushaaram.blogspot.com...g-post_114693532064042687.htmlPublished: 5/6/2006 10:38 PM
 Author: തുഷാരം
ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, എഴുതപ്പെടുന്നതും, വില്‍ക്കപ്പെടുന്നതും, വായിക്കപ്പെടുന്നതും ചിലപ്പോള്‍ വായനയുടെ ഭാവഭേദങ്ങളെക്കുറിച്ചും വായനയുടെ മരണത്തെക്കുറിച്ചുമായിരിക്കും. വിറ്റഴിക്കപ്പെടുന്ന പുസ്‌തകങ്ങളുടെ എണ്ണം വായനയുടെ പ്രതീകമായി അംഗീകരിക്കുന്നുവെങ്കില്‍, ഇവിടെ വായനയ്‌ക്ക്‌ അന്ത്യം കുറിക്കപ്പെട്ടിട്ടില്ല. അവയ്‌ക്കൊരു അന്ത്യം ഇനി സംഭവിക്കാനുമില്ല. കാരണം, പുസ്‌തകവില്‍പനയുടെ റെക്കോര്‍ഡ്‌ ഓരോ മാസവും മാറിമാറി വരുന്നത്‌ നമുക്ക്‌ മുന്നില്‍ ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു.

എന്നിട്ടും, വായന മരിക്കുന്നു എന്ന് എഴുത്തുകാരന്‍ ശബ്‌ദിക്കുന്നു. വായനയുടെ മരണത്തെ ചൊല്ലി അക്ഷരസ്‌നേഹികള്‍ വിലപിക്കുന്നു. ഇന്നത്തെ യുവത്വം വായനയില്‍ നിന്നും ഒളിച്ചോടുന്നു എന്ന് പരിഭവം പറയുന്നു. സത്യത്തിലേക്കുള്ള വെളിച്ചം വീശുന്നതും, അറിവ്‌ ആര്‍ജ്ജിക്കുന്നതിനും വായന അത്യന്താപേക്ഷികമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു

.തൂലികയെ ഭയന്നിരുന്ന ഭരണകൂടങ്ങളും, ഭരണാധികാരികളും ഒരു ചരിത്രസത്യമാണ്‌. ഒരു തൂലികത്തുമ്പ്‌ കൊണ്ട്‌, യുവതയെ നയിച്ച ഗാഥകള്‍, ചരിത്രത്താളുകള്‍ക്കിടയില്‍ മയങ്ങുന്നുണ്ട്‌. ഇന്നും എഴുത്തിനെ ആരും വധിച്ചിട്ടില്ല. അക്ഷരങ്ങളുടെ ജീവവായു എവിടെയും മുടക്കപ്പെട്ടിട്ടില്ല. പക്ഷെ, എവിടെയൊക്കെയോ വായന ജീവനോടെ കുഴിച്ചുമൂടപ്പെട്ടു എന്നത്‌ നിഗൂഡമായി അവശേഷിക്കുന്നു.

ഒരു കാലത്ത്‌, അക്ഷരങ്ങളുമായി സംവദിക്കുന്നതിന്‌ വേണ്ടി മാത്രം ഒരു പ്രത്യേക സമയം മലയാളി മാറ്റി വെച്ചിരുന്നു. പരന്ന വായന അവന്റെ മനസ്സില്‍ ചിന്തകള്‍ക്ക്‌ വഴി തെളിച്ചു. സ്വജനപക്ഷപാതവും, അന്ധമായ വര്‍ഗ്ഗസ്‌നേഹവും, വിശാലമായ അവന്റെ മനസ്സില്‍ സ്‌ഥാനം കണ്ടില്ല. കാലക്രമേണ, അവനറിയാതെ വായന മനസ്സില്‍ നിന്നും അകന്നു. അച്ചടിമാധ്യമങ്ങളില്‍ നിന്നും ശ്രവ്യ-ദൃശ്യ മാധ്യമങ്ങളിലേക്കുള്ള അവന്റെ പരിണാമത്തിന്‌ വേഗത വര്‍ദ്ധിച്ചു.

വായനയില്‍ നിന്നും, ശ്രവത്തില്‍ നിന്നും അവന്‍ ഒരേ ജ്ഞാനം നേടി. പക്ഷെ, വായനയില്‍ നിന്നും അവന്‌ ലഭിച്ച സംവാദത്തിനുള്ള അവസരം, മറ്റു മാധ്യമങ്ങളില്‍ അവനു നഷ്‌ടപ്പെട്ടത്‌ അവന്‍ അറിഞ്ഞില്ല. അക്ഷരങ്ങളോട്‌ സംവദിക്കാന്‍ അവന്‌ സാധിക്കാതെ വന്നു. മനസ്സാക്ഷിയോട്‌ സംവദിക്കാന്‍ അവന്‍ മറന്നു. ഒട്ടേറെ അറിവ്‌ നേടിയ മലയാളി, ഒരു തിരിച്ചറിവ്‌ നേടുന്നതില്‍ പരാജയപ്പെട്ടു. ജ്ഞാനത്തില്‍ നിന്നും വിജ്ഞാനത്തിലേക്കുള്ള അന്തരം വര്‍ദ്ധിച്ചു വന്നു. തളര്‍ന്ന വിചാരങ്ങള്‍ക്ക്‌ മേല്‍ വികാരങ്ങള്‍ കുടി കെട്ടി. വായനയെ കാലത്തിന്റെ വഴിയോരങ്ങളില്‍ ജീവനോടെ കുഴിച്ചു മൂടാന്‍ തുടങ്ങി.

വായനയെന്ന പ്രതിഭാസത്തെ ഭയക്കുകയും, ക്രമേണ അതിനോട്‌ ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന ഒരു രാഷ്‌ട്രീയം ഇവിടെ വളര്‍ന്നു വന്നു. ഗ്രന്ഥശാലകള്‍ ഗ്രാന്റുകള്‍ കാംക്ഷിച്ചു കൊണ്ടുള്ള വ്യവസായമായി മാറി. പ്രസ്‌ഥാനങ്ങള്‍ വിരളമായി. സംഘടനകള്‍ കൂണു പോലെ വളര്‍ന്നു. അവ വെറും സംഘങ്ങള്‍ മാത്രമായി പതിച്ചു. സംഘടനയെന്തെന്നറിയാത്ത, സംഘടനാലക്ഷ്യബോധമില്ലാത്ത, താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുസ്‌തങ്ങള്‍ പോലും വായിച്ചിട്ടില്ലാത്ത, അക്ഷരങ്ങളുമായി മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്ന ഒരു കൂട്ടം മനുഷ്യരുടെ സംഘം. ചലനാത്മകതയില്ലാത്ത, ആത്മാവ്‌ നഷ്‌ടപ്പെട്ട ജഡങ്ങള്‍. പ്രസംഗകാസറ്റുകളില്‍ നിന്നും സംഘടനയെ പഠിച്ച, സമ്മേളനങ്ങളില്‍ വികാരപരവശരാകുന്ന, മന്ദീഭവിച്ച മസ്‌തിഷ്‌കങ്ങളുടെ ഒരു കൂട്ടം. പ്രതികരണശേഷി നഷ്‌ടപ്പെട്ട അത്തരമൊരു സംഘത്തെ നേതാക്കള്‍ ഇഷ്‌ടപ്പെട്ടു.

എവിടെയാണ്‌ മലായാളിക്ക്‌ വായന നഷ്‌ടമാകാന്‍ തുടങ്ങിയത്‌..??

വിചിന്തനങ്ങള്‍ അന്യമാകാന്‍ തുടങ്ങിയ ഇടവേള എവിടെയായിരുന്നു...!!??

posted by സ്വാര്‍ത്ഥന്‍ at 1:26 PM

0 Comments:

Post a Comment

<< Home