Wednesday, May 03, 2006

കൂട് - ഇവിടെ കുഞ്ഞുങ്ങള്‍ ഇങ്ങനെ

അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനു നെയ്യുംകൂട്ടി ചോറുരുളകളാക്കി, കഥ പറഞ്ഞും, പാട്ടു പാടിയും, കാക്ക വന്നുരുള കൊത്തി പോയേ, എന്നുമൊക്കെ പറഞ്ഞു വായില്‍ വച്ചൂട്ടുന്ന അമ്മ. ഒക്കത്തിരിക്കുന്ന കുഞ്ഞ്‌ ചിലപ്പോള്‍ മൂന്നു വയസ്സുകാരനാവാം, ചിലപ്പോള്‍ അല്‍പം കൂടി മുതിര്‍ന്ന നഴ്‍സറിക്കാരിയാവാം. അപൂര്‍വം ചിലപ്പോള്‍ അമ്മയെക്കാള്‍ നീളമുള്ളതുകൊണ്ടു കുഞ്ഞിന്റെ കാലുകള്‍ നിലത്തൂടെ ഇഴയുന്നുണ്ടാവാം. നമ്മുടെ നാട്ടില്‍ വളരെ സാധാരണമായ ഒരു കാഴ്ചയാണിത്‌.

ഇവിടെ വന്നപ്പോളോ ? ആറുമാസക്കാരി പാലുകുപ്പി തനിയെ കയ്യില്‍പ്പിടിച്ചു പാലു വലിച്ചു കുടിക്കുന്നു. പത്തുമാസക്കാരന്‍ സ്വന്തം കയ്യില്‍ സ്പൂണ്‍ പിടിച്ചു ഭക്ഷണം കോരി വായില്‍വച്ചു കഴിക്കുന്നു. നമ്മുടെ കുട്ടികളെ നമ്മള്‍ രണ്ടാം വയസ്സിലും മടിയിലിരുത്തി കുപ്പിയില്‍ നിന്നും പാലു കൊടുക്കുന്നു! കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയിലുള്ള ഈ വ്യത്യാസങ്ങള്‍ പലപ്പോളുമെന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌.

നമ്മുടെ കുട്ടികളേക്കാള്‍ ഇവിടുത്തെ കുട്ടികള്‍ക്കു പ്രത്യേകമായി എന്തെങ്കിലും കഴിവുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടോ, നമ്മുടെ കുട്ടികളെക്കാള്‍ പെട്ടെന്ന്‌ ഈ കുട്ടികള്‍ പക്വതയിലെത്തുന്നതു കൊണ്ടോ അല്ല ഇത്‌. ജനിച്ചു വീഴുമ്പോള്‍ മുതല്‍ ഈ കുഞ്ഞുങ്ങള്‍ അങ്ങിനെ പരിശീലിപ്പിക്കപ്പെടുന്നതുകൊണ്ടാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നിലനില്‍പ്പിനു വേണ്ടി ഈ കുട്ടികള്‍ക്കിങ്ങനെയൊക്കെ ആകാതെ തരമില്ല എന്നും വ്യാഖ്യാനിക്കാവുന്നതാണ്‌.

ബ്രസ്റ്റ്‌ഫീഡ്‌ ചെയ്യുന്ന അമ്മമാരുടെയെണ്ണം 10 ശതമാനം മാത്രമേ ഉണ്ടാവൂ ഇവിടെ. ഇനി അഥവാ ചെയ്താലും ഒരാറുമാസം വരെ മാത്രം. പല്ലു വന്ന കുഞ്ഞിനെ എങ്ങനെ മുലയൂട്ടും എന്നല്‍ഭുതത്തോടെ എന്നോട്‌ ചോദിച്ചത്‌ എന്റെ കുഞ്ഞിന്റെ പീഡിയാറ്റ്രീഷന്‍ തന്നെയായിരുന്നു. ഫോര്‍മുല എന്ന പേരിലറിയപ്പേടുന്ന കൃത്രിമപ്പാല്‍ മാത്രം കുടിച്ചാണീ കുഞ്ഞുങ്ങള്‍ ആദ്യത്തെ 3 മാസം ജീവിക്കുന്നത്‌. അമ്മയുടെ മുലപ്പാലിന്റെ അതേ മണമുള്ള ഫോര്‍മുല പൊടി രൂപത്തിലും, നേരേ കുപ്പിയിലൊഴിച്ചു കുടിക്കാന്‍ പറ്റിയ ‘റെഡി റ്റു യൂസ്‌’ രൂപത്തിലും, പിന്നെ കുഞ്ഞിനു ഗ്യാസിന്റെ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാനുള്ളത്‌, കുഞ്ഞു തികട്ടാതിരിക്കാനുള്ളത്‌, പശുവിന്‍പാല്‍ അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്കുള്ളത്‌..ഇങ്ങനെ പലപല ഭാവങ്ങളിലും ലഭ്യമാണ്‌. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്നു എന്നവകാശപ്പെടുമ്പോള്‍ തന്നെ മുലയൂട്ടുന്നതാണു കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ നല്ലതെന്നും അവര്‍ ഓര്‍മിപ്പിക്കാറുണ്ട്‌.

മുലയൂട്ടല്‍ അത്ര വ്യാപകമല്ലാത്തതു കൊണ്ടാവണം ‘പാസിഫയര്‍’ ന്റെ ഉപയോഗം ഇവര്‍ക്കിടയില്‍ ഉണ്ടായത്‌. ജനിച്ചുകഴിഞ്ഞാല്‍ കുറച്ച്‌ ആഴ്ചകളിലേക്കു sucking reflux എല്ലാ കുട്ടികള്‍ക്കും തന്നെയുണ്ടെന്നാണു വൈദ്യശാസ്ത്രം പറയുന്നത്‌. നമ്മുടെ കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ആ സുരക്ഷിതത്വം കണ്ടെത്തുമ്പോള്‍ അമേരിക്കന്‍ കുട്ടികള്‍ റബ്ബറിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നിപ്പിളില്‍ ഇതു കണ്ടെത്തുന്നു എന്ന വ്യത്യാസം മാത്രം. ചെറുപ്പം മുതല്‍ ഈ പാസിഫയര്‍ ഇങ്ങനെ വായില്‍ തിരുകി (നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ വിരല്‍ കുടിക്കുന്നതിനു പകരം എന്നും പറയാം) ശീലിക്കുന്നതു കൊണ്ടു ഒന്നരയോ രണ്ടോ വയസ്സു വരെ പാസിഫയര്‍ ശരീരത്തിന്റെ ഭാഗമാണോ എന്നു സംശയിച്ചു പോകുന്ന പോലെ, ഇരുപത്തിനാലു മണിക്കൂറും ഇതു വായില്‍ തിരുകി, യാതോരു വിധ ചൈതന്യവും ഇല്ലാത്ത, ചടഞ്ഞുകൂടിയിരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഒരു വല്ലായ്ക തോന്നാറുണ്ടെനിക്ക്‌.

3-4 മാസമാകുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്കു പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമൊക്കെ അരച്ചു കൊടുക്കാന്‍ തുടങ്ങുന്നു. (ആരും അരച്ചും വേവിച്ചുമൊന്നും കഷ്ടപ്പെടുന്നില്ല, എല്ലാം വേവിച്ചരച്ചതു കുപ്പിയിലാക്കി മേടിക്കാന്‍ കിട്ടും).നാട്ടിലേതു പോലെ കുഞ്ഞുങ്ങളെ നോക്കാന്‍ മുത്തശ്ശിമാരോ വീട്ടിലെ മറ്റു മുതിര്‍ന്ന അംഗങ്ങളോ ഇവിടെയില്ലല്ലോ. മാതാപിതാക്കള്‍ 2 പേരും ജോലിക്കാരാണെങ്കില്‍ 6 ആഴ്ചത്തെ മറ്റേ‍ണിറ്റി ലീവിനു ശേഷം കുഞ്ഞിനെ ഡേകെയറിലോ മറ്റോ ഏല്‍പ്പിച്ച്‌ അമ്മ ജോലിക്കു പോകാന്‍ നിര്‍ബന്ധിതയാവുന്നു. കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കുന്ന വരെ ആര്‍ക്കെങ്കിലും ഒരാള്‍ക്കു, (ആ ഒരാള്‍ ആരെന്നുള്ളതു ആര്‍ക്കാണോ വരുമാനം കൂടുതല്‍, വരുമാനം കൂടുതല്‍ ഉള്ള ആ ജോലി നല്ല ഒരു കരിയര്‍ ആണോ, അതോ വെറും പേ ച്ചെക്കു മാത്രമാണോ, തുടങ്ങി പല കാര്യങ്ങളേയും ആശ്രയിച്ചിരിക്കും) ജോലി വേണ്ടെന്നു തീരുമാനിക്കുന്ന ആളുകളും ഇല്ലാതില്ല, സാമ്പത്തിക ശേഷി അനുവദിക്കുമെങ്കില്‍.

ഏകദേശം ഒന്‍പതു പത്തു മാസമാകുന്നതോടുകൂടി കുഞ്ഞുങ്ങള്‍ തനിയേ സ്പൂണ്‍ ഉപയോഗിച്ചു ഭക്ഷണം കോരി കഴിക്കാന്‍ പഠിക്കുന്നു. എന്റെ ഒരു വയസ്സുകാരിയെ ഡേക്കെയറിലാക്കാന്‍ നേരം, എന്റെ കുഞ്ഞിനു ഭക്ഷണം കോരി വായില്‍ വച്ചു കൊടുക്കുന്ന ഡേകയറിലേ വിടുള്ളൂ എന്ന വാശിയില്‍ ഞാന്‍ ഒരുപാടന്വേഷിച്ചു.

‘ഒരു വയസ്സുകാരിക്കു കോരിക്കൊടുക്കുകേ’? ഞാന്‍ വിളിച്ച എല്ലാ ഡേകെയറിലേം മദാമ്മമാര്‍ അല്‍ഭുതം കൊണ്ടു വാ പൊളിച്ചു.

‘പക്ഷേ എന്റെ കുട്ടിയെ ഞാന്‍ തനിയെ കഴിക്കാന്‍ പഠിപ്പിച്ചിട്ടില്ല. ഷീ ഈസ്‌ നോട്ട്‌ ട്രെയിന്‍ഡ്‌ ഫോര്‍ ഫീഡിംഗ്‌ ഹെര്‍സെല്ഫ്‌'’. ഞാന്‍ കരഞ്ഞു പറഞ്ഞു നോക്കി.

‘അവള്‍ തനിയെ പഠിച്ചുകൊള്ളും! ഇല്ലെങ്കില്‍ ഞങ്ങള്‍ അവളെ ട്രെയിന്‍ ചെയ്യും’.

എന്റെ കുഞ്ഞു പകലു മുഴുവനും പട്ടിണിയാകുമല്ലോ ഈശ്വരാ.. എന്നാകുലപ്പെട്ടിരുന്ന ഞങ്ങളെ അല്‍ഭുതപ്പെടുത്തിക്കൊണ്ടു ആദ്യത്തെ ആഴ്ച തന്നെ അവള്‍ സ്പൂണ്‍കൊണ്ടു തനിയെ ഭക്ഷണം കോരിക്കഴിക്കാന്‍ തുടങ്ങി. ഇന്ത്യക്കാരുടെ കുഞ്ഞോ അതോ അമേരിക്കന്‍ കുഞ്ഞോ എന്നതല്ല, മറിച്ച്‌, നമ്മള്‍ കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കുന്നു എന്നതിലാണു കാര്യം എന്നെനിക്കിതോടെ വ്യക്തമായി.

കുഞ്ഞുങ്ങളെ ഉറക്കുന്ന രീതിയിലാണു മറ്റൊരു പ്രധാന വ്യത്യാസം ഞാന്‍ കണ്ടത്‌. മൂന്നു വയസ്സു വരെ അല്ലെങ്കില്‍ രണ്ടു വയസ്സു വരെയെങ്കിലും, അമ്മ കൂടെക്കിടന്നു കൊട്ടിയോ, തൊട്ടിലിലാട്ടിയോ, തോളത്തിട്ടു കൊട്ടിയോ, കഥ പറഞ്ഞോ, പാലു കുടിപ്പിച്ചോ ഒക്കെയാണു നമ്മള്‍ കുട്ടികളെ ഉറക്കാറ്‌. പക്ഷേ ഇവിടെ ആറു മാസക്കാരി വെറുതെ കൊണ്ടു പൊയി തൊട്ടിലില്‍ കിടത്തിയാല്‍ തനിയേ ഉറങ്ങുന്നതു കണ്ടു ഞാന്‍ അന്തം വിട്ടു വായും പൊളിച്ചിരുന്നിട്ടുണ്ട്‌. അതും വൈകിട്ടുറക്കിയാല്‍, രാത്രിയിലെങ്ങും ഇടക്കൊന്നു പോലും ഉണര്‍ന്നു കരയാതെ തുടര്‍ച്ചയായി രാവിലെ വരെ. നമ്മളോ, ഇടക്കെത്രയോ വട്ടം കുഞ്ഞുങ്ങള്‍ ഉണരുന്നു, കരയുന്നു, കൂടെ അമ്മയും ചിലപ്പോള്‍ അച്ഛനും ഉണരുന്നു. പിന്നെ പാലു കൊടുത്തോ ആട്ടിയോ കൊട്ടിയോ പാട്ടു പാടിയോ ഒക്കെ എങ്ങിനെയോ ഉറക്കുന്നു. രാവിലെ ഉണരുമ്പോള്‍ അമ്മക്കും കുഞ്ഞിനും രാത്രി നന്നായുറങ്ങാത്തതിന്റെ ക്ഷീണം ബാക്കി.

അതിന്റെയൊന്നും യാതൊരു വിധ ആവശ്യവുമില്ലെന്നാ ഇവരു പറയുന്നത്‌. നാലു മുതല്‍ അഞ്ചു മാസത്തോടു കൂടി, അതായതു ഫോര്‍മുലയോ മുലപ്പാലോ മാത്രം എന്ന അവസ്ഥയില്‍ നിന്നു സോളിഡ്‌ ഫൂഡ്‌ കൂടി കഴിച്ചു തുടങ്ങുന്നതോടെ കുഞ്ഞിനു രാത്രി മുഴുവന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ടുണര്‍ന്നു പാലു കുടിച്ചു വിശപ്പു തീര്‍ക്കേണ്ട ആവശ്യം തീരെ ഇല്ലാതാകുന്നു. ആ സമയത്തു കുഞ്ഞിനെ നമ്മള്‍ തനിയെ ഉറങ്ങാനും കൂടി പഠിപ്പിച്ചാല്‍ പിന്നീടങ്ങോട്ടു രാത്രി ഉണര്‍ന്നു കരയാതെ ആ കുഞ്ഞു തനിയെ ഉറങ്ങിക്കൊള്ളും. ആദ്യം ഇതു വായിച്ചപ്പോള്‍ ഞാനും ചിരിച്ചു തള്ളി. പക്ഷേ പിന്നീടു നേരില്‍ കണ്ടപ്പോള്‍ വിശ്വസിക്കാതിരിക്കാനായില്ല.അമ്മയും അച്ഛനും സുഖമായി കട്ടിലില്‍ കിടന്നുറങ്ങുന്നു. കുഞ്ഞതേ മുറിയിലോ മറ്റൊരു മുറിയിലോ, ക്രിബ്‌ എന്നറിയപ്പെടുന്ന തൊട്ടിലില്‍ രാത്രി മുഴുവനും സുഖമായുറങ്ങുന്നു. കുഞ്ഞുങ്ങളെ അമ്മയുടെ കൂടെ കട്ടിലില്‍ തന്നെ കിടത്തിയുറക്കുന്ന രീതി ഇവിടെ തീരെ ഇല്ല. കുഞ്ഞുണ്ടാവുന്ന ദിവസം മുതല്‍ തന്നെ, കുഞ്ഞു തൊട്ടിലില്‍ ഉറങ്ങി പരിശീലിക്കുന്നു. സഹശയന രീതി, സിഡ്സ്‌ (sudden infant death syndrome) മൂലം കുഞ്ഞുങ്ങള്‍ മരിക്കാനോ, ഉറക്കത്തില്‍ അമ്മ അറിയാതെ കുഞ്ഞിനു മേലേ കയ്യോ കാലോ മറ്റോ എടുത്തു വച്ചു കുഞ്ഞിനു ശ്വാസതടസ്സം നേരിടാന്‍ സാധ്യത ഉള്ളതുകൊണ്ടും ഡോക്ടര്‍മാര്‍ തീരെ പ്രോല്‍സാഹിപ്പിക്കുന്നില്ല.

കൂട്ടത്തില്‍ പറയട്ടെ, ഇവിടെ നമ്മുടെ നാട്ടിലെ പൊലെ തുണി കൊണ്ടു കെട്ടിയുണ്ടാക്കുന്ന ആട്ടുന്ന തൊട്ടില്‍ ഇല്ല. ഇവിടെ തൊട്ടില്‍ എന്നു പറയുന്നതു നമ്മുടെ കട്ടിലിന്റെ ഒക്കെ അത്ര തന്നെ വീതിയുള്ള, ഏകദേശം അതിന്റെ ഒരു പകുതിയില്‍ കൂടുതല്‍ നീളമുള്ള, കുഞ്ഞു വീണു പോകാതെ 4 വശത്തും കമ്പുകള്‍ വച്ചു കെട്ടിയ ഒന്നാണ്‌. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി ഉറക്കുന്നോ, അതോ നമ്മുടെ പരമ്പരാഗത ശൈലിയില്‍ കൂടെ കിടത്തി ഉറക്കുന്നോ എന്ന കാര്യത്തില്‍ എനിക്കത്ര തിട്ടമില്ല. “മലയാളികള്‍ വല്യ ജാടക്ക്‌ അമേരിക്കന്‍ രീതിയിലൊക്കെ വളര്‍ത്താമെന്നു വ്യാമോഹിച്ച്‌ ക്രിബ്‌ മേടിക്കും. പക്ഷേ, അമ്മയും കുഞ്ഞും കൂടി കട്ടിലില്‍ കിടന്നുറങ്ങും, ക്രിബ്‌ തുണികളൊക്കെ മടക്കിയൊതുക്കി വക്കാന്‍ പെട്ടി പോലെ ഉപയോഗിക്കും!” . ഒരു വയസ്സു പ്രായമുള്ള മകളുള്ള ഒരു സുഹൃത്തു പറഞ്ഞതാണിത്‌.

ഇവിടെ വന്നപ്പോള്‍ കണ്ട മറ്റൊരു അല്‍ഭുതമാണു ഇന്‍ഫന്റ്‌ കാര്‍സീറ്റ്‌. ഇതുവരെ പറഞ്ഞതൊക്കെ ഇവിടുത്തെ സമൂഹത്തിലെ നല്ല രീതികള്‍ എന്നുള്ള നിലയില്‍ ആളുകള്‍ ചെയ്യുന്നതാണെങ്കില്‍, കാര്‍സീറ്റാകട്ടെ, നിയമപ്രകാരം നിര്‍ബന്ധമായ ഒന്നാണ്‌. കുഞ്ഞുങ്ങള്‍ ജനിച്ച്‌ ആശുപത്രിയില്‍ നിന്നു പോരുമ്പോള്‍തന്നെ കാര്‍ സീറ്റ്‌ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ മാത്രമേ കൊടുത്തു വിടാന്‍ പാടുള്ളൂ എന്നമേരിക്കയിലെ മിക്കവാറും സംസ്ഥാനങ്ങളിലും നിയമമുണ്ട്‌. ജനിക്കുമ്പോള്‍ മുതല്‍ ഒരു വയസ്സാകുന്നതു വരെ ഇന്‍ഫന്റ്‌ കാര്‍ സീറ്റിലാണു കുഞ്ഞുങ്ങള്‍ ഇരിക്കേണ്ടത്‌. ഈ കാര്‍ സീറ്റാവട്ടെ കാറിന്റെ പുറകിലത്തെ സീറ്റില്‍ പുറകോട്ടു തിരിച്ചാണു വക്കേണ്ടതും. ഒരു വയസ്സും, ഇരുപതു പൌണ്ട്‌ തൂക്കവുമായി കഴിഞ്ഞാല്‍ കുഞ്ഞിനു ഇന്‍ഫന്റ്‌ കാര്‍ സീറ്റില്‍ നിന്നും റ്റോഡ്‌ലര്‍ കാര്‍ സീറ്റിലേക്കു പ്രമോഷന്‍ കിട്ടുന്നു. 40 പൌണ്ട്‌ തൂക്കം വക്കുന്നതു വരെ കുഞ്ഞുങ്ങള്‍ കാര്‍സീറ്റില്‍ തന്നെയിരിക്കണം. 60 മുതല്‍ നൂറ്റിയന്‍പതോ അതിനു മുകളിലോ കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പായുന്ന കാറുകളില്‍, കാറില്‍ തന്നെയുള്ള സീറ്റ്‌ബെല്‍റ്റ്‌ കുഞ്ഞുങ്ങളെ സീറ്റുമായി ചേര്‍ത്തു ബന്ധിപ്പിക്കാന്‍ ഉപകരിക്കില്ല എന്നതുകൊണ്ടാണു, കുഞ്ഞുങ്ങളുടെ സുരക്ഷയെക്കരുതി ഇങ്ങനെയൊരു നിയമം.

ആദ്യമൊക്കെ ഇതെന്തൊരേര്‍പ്പാടെന്നു ചിന്തിച്ചെങ്കിലും പിന്നീടിതിന്റെ പലമാതിരി ഗുണങ്ങളും സൌകര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ ചിന്ത മാറി. (കുഞ്ഞിനേയും മടിയില്‍ വച്ചു പുറകിലിരുന്നതിനു 2 പ്രാവശ്യം പോലീസ്‌ പിടിക്കേണ്ടി വന്നു, ഈ ബോധോദയം ഉണ്ടാവാന്‍) രാവിലെ കുഞ്ഞിനെ ഡേകെയറിലാക്കാനും, വൈകിട്ടു തിരിച്ചു കൊണ്ടു വരാനുമൊന്നും 2 പേര്‍ക്കും കൂടി ഒരുമിച്ചു പോകാന്‍ പറ്റിയെന്നു വരില്ല. അപ്പോള്‍ കാര്‍സീറ്റില്ലാരുന്നെങ്കില്‍ എങ്ങനെ കുഞ്ഞിനെയും കയ്യില്‍ പിടിച്ച്‌ ഒറ്റക്കു ഡ്രൈവ്‌ ചെയ്യാന്‍ സാധിക്കും ? പൊടിക്കുഞ്ഞിനെ സീറ്റില്‍ ഒറ്റക്കിരുത്താനാവില്ലല്ലോ. ഇതാവുമ്പോള്‍ കുഞ്ഞിനെ കാര്‍ സീറ്റിലിരുത്തി ബെല്‍റ്റിട്ടു കഴിഞ്ഞാല്‍ പിന്നെ ഒന്നും പേടിക്കാതെ അമ്മക്കോ അച്ഛനോ ഒറ്റക്കു ഡ്രൈവ്‌ ചെയ്തെവിടെ വേണമെങ്കിലും, ഷോപ്പിങ്ങിനോ ജോലിക്കോ ഒക്കെ സുരക്ഷിതമായി പോകാം. കുഞ്ഞുങ്ങള്‍ക്കും അമ്മയുടെയോ അച്ഛന്റെയോ മടിയിലിരുന്ന് ഓരോ പ്രാവശ്യവും ബ്രേക്ക്‌ ചവിട്ടുമ്പോള്‍ മുന്നോട്ടാഞ്ഞു പോകുന്നതിന്റെ അസ്വസ്ഥതകള്‍ ഇല്ലാതെ കാഴ്ചകളൊക്കെ കണ്ടു മടുക്കുമ്പോള്‍ സുഖമായിരുന്നുറങ്ങുകയും ചെയ്യാം.

ഇനിയുമുണ്ടേറെ വ്യത്യാസങ്ങള്‍, നമ്മുടെ രീതിയും സായിപ്പിന്റെ രീതിയും തമ്മില്‍. സായിപ്പ്‌ അപ്പി ഇട്ടിട്ടു കുണ്ടി കഴുകില്ല എന്നുള്ളതാണല്ലോ നമ്മുടെയൊക്കെ മനസ്സിലേക്കോടിയെത്തുന്ന ആദ്യത്തെ വ്യത്യാസം. ഇക്കാര്യത്തില്‍ ഇവിടെയുള്ള മലയാളികള്‍ എന്താണാവോ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്‌ ? സായിപ്പിന്റെ രീതിയോ, അതോ നമ്മുടെ രീതിയോ ? അറിയില്ല. എന്റെ മകളെ പരിശീലിപ്പിക്കാന്‍ സമയമാകുന്നേയുള്ളൂ. സ്കൂളില്‍ പോകുമ്പോളും പഠിപ്പിക്കുന്ന രീതിയിലുമൊക്കെ ഉള്ള വ്യത്യാസങ്ങള്‍, മുതിര്‍ന്ന കുട്ടികളുള്ള ഉമേഷ്ജിയോ, നിളേടച്ഛനോ ഒക്കെ പറയട്ടെ.

വാല്‍ക്കഷണം:അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മൂന്നു മക്കളുള്ള മലയാളി ദമ്പതികള്‍ മക്കളോടൊപ്പം നാട്ടിലെത്തി. തിരിച്ചു പോകാന്‍ നേരം പെട്ടികള്‍ പലതും കാലി. കാരണം 2 പെട്ടി നിറയെ മൂവര്‍സംഖത്തിനു കാര്യം സാധിച്ച ശേഷം തുടക്കാന്‍ വേണ്ട റ്റോയ്‌ലറ്റ്‌ പേപ്പറാരുന്നു:)

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 11:35 AM

0 Comments:

Post a Comment

<< Home