Monday, April 17, 2006

varthamaanam - ::വെള്ളിയാഴ്ച ബെംഗളൂരുവില്‍ സംഭവിച്ചത്‌::

ഡോ. രാജ്‌കുമാറിന്റെ മരണത്തെ തുടര്‍ന്ന് രായ്കുരാമാനം ബാംഗളൂരില്‍ നിന്നും പലായനം ചെയ്യുകയാണ്‌ നമ്മള്‍ ഒക്കെ ചെയ്തത്‌. റോഡില്‍ മുഴുവന്‍ കത്തുന്ന ടയറുകളും വാഹനങ്ങളും നിറഞ്ഞിരുന്നു അപ്പോഴേക്കും. നടന്ന് പോകുന്നവര്‍ക്ക്‌ അവിടെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടയിരുന്നില്ല. എന്നാലും ഓടുന്ന വാഹനങ്ങളെ ഒന്നു കന്നഡമക്കള്‍ വെറുതെ വിടുന്നുണ്ടായിരുന്നില്ല. നമ്മുടെ കേരളത്തിലെ ബന്ദ്‌ ഒന്നും ഒന്നുമല്ല. പെട്രോള്‍ പമ്പുകള്‍ അതേ പടി തീയിടുകയാണ്‌ !!.

നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത്‌, ഇവിടെ എല്ലാവരും ബാംഗളൂരില്‍ നടക്കുന്ന സംഭവങ്ങളെ പറ്റി തന്നെ ചര്‍ച്ച ചെയ്യുന്നതാണ്‌. "അവര്‍ക്ക്‌ സിനിമ സ്റ്റാര്‍ വേണം എന്തിനും.. പൂജിക്കാനും കൊണ്ടാടാനും സിനിമാതാരങ്ങള്‍ തന്നെ... " എന്നിങ്ങനെ പോകുന്നു പരിഹാസത്തില്‍ പൊതിഞ്ഞ സംസാരങ്ങള്‍. ആ സംസാരങ്ങളുടെ ഒക്കെ ഉള്ളില്‍ ഒളിഞ്ഞിരുന്ന ധ്വനി എന്നത്‌, നമ്മള്‍ മലയാളികള്‍ സംസ്കാരസമ്പന്നര്‍.. നമുക്ക്‌ സിനിമക്കരെ പൊക്കി കൊണ്ടുനടക്കുന്നതില്‍ ഒന്നും അല്ല ശ്രദ്ധ - അതിലും വലിയ പലതും നമുക്ക്‌ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌.. എന്നൊക്കെയായിരുന്നു എന്ന് തോന്നി.
യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌, രാജ്‌കുമാര്‍ എന്ന വ്യക്തിയോടുള്ള പൂജ എന്നതിനേക്കാള്‍ ഉപരി, കന്നഡ സംസ്കാരത്തിന്റെ ഒരു icon ആയി ആണ്‌ കന്നഡിഗകള്‍ രാജ്‌കുമാറിനെ കാണുന്നത്‌. ഇന്ന് ബാംഗളൂര്‍ നഗരത്തില്‍ സംഭവിക്കുന്ന ഒരു വലിയ അടിയൊഴുക്ക്‌, native kannadiga കള്‍ പാര്‍ശ്വവല്‍ക്കരിക്കുകയും, മറ്റുള്ളവര്‍ മുന്‍കൈ നേടുകയും ചെയ്യുന്നതാണ്‌. പുറത്ത്‌ നിന്ന് വരുന്നവന്‌ ബാംഗളൂര്‍ സ്വന്തം നാടല്ല. പണം ഉണ്ടാക്കനുള്ള ഒരു കാമധേനു മാത്രം. ആരും കന്നഡ ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുകയോ ചെയ്യുന്നില്ല. ആര്‍ക്കും കന്നഡ പഠിക്കാന്‍ ഒരു താല്‍പര്യവും ഇല്ല. ഹിന്ദിക്കാരന്‍ വരുമ്പോള്‍ ഹിന്ദി ദാര്‍ഷ്ഠ്യത്തോടെ ഹിന്ദി സംസാരിക്കുന്നു. മറ്റുള്ളവര്‍ വരുമ്പോള്‍ ഇംഗ്ലീഷ്‌ സംസാരിക്കുന്നു. ഹോളിയും മറ്റും ഉത്സാഹത്തോടെ കൊണ്ടാടുമ്പോള്‍, കന്നഡ ഉത്സവങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കന്നഡ ഭാഷയും സംസ്കാരവും ഇന്ന് വലിയ പ്രതിസന്ധി നേരിട്ട്‌ കൊണ്ടിരിക്കുകയാണ്‌. ചുരുങ്ങിയ പക്ഷം ബാംഗളൂരിലെങ്കിലും. native kannadiga കള്‍ക്ക്‌ ഇന്ന് ജീവിതം വലിയ പ്രശ്നമായിരിക്കുകയാണ്‌. താങ്ങാനാവാത ജീവിത ചെലവുകള്‍. ഒരു വീട്‌ വാടകക്ക്‌ കിട്ടണമെങ്കില്‍, 10,000 രൂപയെങ്കിലും കൊടുക്കണം എന്ന അവസ്ഥ ആണിന്ന്. നഗരം മാലിന്യങ്ങളുടെ കൂമ്പാരമായിരിക്കുന്നു. ആര്‍ക്കും ഒന്നിനും ശ്രദ്ധിക്കാന്‍ താല്‍പര്യമില്ലാത്ത അവസ്ഥ. എല്ലാം പണം നിശ്ചയിക്കുന്നു. ഒരു സിനിമ കാണണമെങ്കില്‍ 100 രൂപ കൊടുക്കണം. ഇങ്ങനെ നോക്കിയാല്‍, സാധാരണക്കാരന്‌ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ട്‌ ആയിരിക്കുന്നു ഉദ്യാന നഗരിക്ക്‌. കന്നഡമക്കള്‍ തങ്ങളുടെ identity കണ്ടെത്തുന്നത്‌ സിനിമാ താരങ്ങളിലൂടെയാണ്‌. അവര്‍ക്ക്‌ മാത്രമേ ഒരു കന്നഡ വികാരം നില നിര്‍ത്താന്‍ സാധിക്കുന്നുള്ളൂ എന്നതാണ്‌ വാസ്തവം. അങ്ങനെയാണ്‌ ഒരു കൊച്ചു പ്രകോപനം ഉണ്ടാവുമ്പോള്‍ അവര്‍ തെരുവിലിറങ്ങുന്നത്‌. നമ്മള്‍ മലയാളി ചുറ്റുപാടും നോക്കി ഉള്ളിലൊരു പരിഹാസ ചിരിയോടെ ഇതിനെ ഒക്കെ പുച്ഛിച്ച്‌ തള്ളിക്കൊണ്ടിരിക്കും. യഥാര്‍ഥത്തില്‍ മലയാള നാട്ടില്‍ അധിനിവേശം - ഭാഷാ അധിനിവേശം - സാംസ്കാരിക അധിനിവേശം അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്‌. ഒരു സംസ്കാരം - ഒരു ഭാഷ എന്നതൊക്കെ ഒരു ജനതക്ക്‌ കിട്ടിയ വരദാനമാണ്‌ - അവയൊക്കെ എന്ത്‌ വില കൊടുത്തും സംരക്ഷിക്കേണ്ടതാണ്‌. നമുക്ക്‌ അതിലൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല എന്നതാണ്‌ വാസ്തവം. അതൊക്കെ മൂടിവെക്കാനും സ്വയം മറക്കനും ആണ്‌ നമ്മള്‍ തമിഴനെയും കന്നഡികനെയും ഒക്കെ പരിഹസിച്ചുകൊണ്ടിരിക്കുന്നത്‌.

posted by സ്വാര്‍ത്ഥന്‍ at 11:17 PM

0 Comments:

Post a Comment

<< Home