Monday, April 17, 2006

കലേഷിന്റെ ലോകം :: Kalesh's World - മുദീറും സി.ഐ.ഡിയും

അബുദാബിയില്‍ തുണിക്കട നടത്തുന്ന നാസര്‍ രാജനണ്ണന്റെ കൈയ്യില്‍ നിന്ന് ഒരു വിസിറ്റ് വിസ എടുക്കാന്‍ വേണ്ടി മേടിച്ച 2000 ദിറഹംസ് തിരികെ കൊടുക്കാമെന്ന് പറഞ്ഞ് പറ്റിക്കാന്‍ തുടങ്ങിയിട്ട് മാസം പതിനൊന്ന് കഴിഞ്ഞു. വിസ എടുക്കല്‍ ഒട്ട് നടന്നതുമില്ല. ആ കാശ് നാസര്‍ മറിക്കുകയും ചെയ്തു.


രാജനണ്ണന്‍ നാട്ടില്‍ പോകാറായി. കാശിനാണേല്‍ നൂറുകൂട്ടം ആവശ്യങ്ങള്‍! പല തവണ “അണ്ണന്‍ വാ, കാശ് തരാം” എന്ന നാസറിന്റെ വാക്കും വിശ്വസിച്ച് രാജയണ്ണന്‍ ഉം അല്‍ കുവൈനില്‍ നിന്ന് വണ്ടിപിടിച്ച് നാസറിന്റെ കടയില്‍ പോയി. ചെല്ലുമ്പഴൊക്കെ നാസര്‍ മുങ്ങും. വീണ്ടും നാസര്‍ രാജനണ്ണനെ വിളിച്ച് സോപ്പിട്ട് മയക്കും. നാസറിന്റെ പഞ്ചാ‍രവാ‍ക്കുകള്‍ കേട്ട് രാജയണ്ണന്‍ വീണ്ടും വണ്ടി പിടിച്ച് അബുദാബിക്ക് പോകും. കാശ് വാങ്ങാന്‍ വേണ്ടി അബുദാബി യാത്രകള്‍ ചെയ്ത് ചെയ്ത് കുറേ വണ്ടി കാശ് പോയത് മിച്ചമെന്നല്ലാതെ രാജയണ്ണന് യാതൊരു പ്രയോജനവുമില്ലായിരുന്നു. മാസം 800 ദിറഹം ശമ്പളം മേടിക്കുന്ന രാജയണ്ണന്‍ പ്രശ്നപരിഹാരാര്‍ത്ഥം സാക്ഷാല്‍ മുദീറിനെ സമീപിക്കാന്‍ തീരുമാനിച്ചു.

കള്ളും ഇറച്ചിയും കൊണ്ട് ചാത്തനെ പ്രസാദിപ്പിക്കുന്നതുപോളെ J&Bയുടെ ലിറ്റര്‍ ബോട്ടിലും ലുലു സെന്ററില്‍ നിന്ന് ക്ലീന്‍ ചെയ്ത് മേടിച്ച ഒന്നര കിലോ ആവോലിയും കൊണ്ട് രാജയണ്ണന്‍ മുദീറിനെ കാണാന്‍ ചെന്നു. കാണിക്ക സമര്‍പ്പിച്ച ശേഷം മുദീറിനോട് കാര്യം അവതരിപ്പിച്ചു. ടോണിക്ക് വാട്ടറും സോഡയും സമം സമം ഒഴിച്ച് 2 J&B വലുത് വിട്ട ശേഷം മുദീറൊന്ന് ഇരുത്തി മൂളി.

മുദീറ് പറഞ്ഞു: “രാജാ, തരികിടയെ തരികിട കൊണ്ട് നേരിടണം.ശരി, അടുത്ത അവധി ദിവസം നീ അബുദാബിക്ക് പോകാന്‍ റെഡിയായിക്കോ.”

അടുത്ത അവധി ദിവസം ഒരു റെന്റ്-എ-കാര്‍ എടുത്ത് മുദീറും രാജയണ്ണനും കൂടെ നേരെ അബുദാബിക്ക് വച്ചുവിട്ടു. മുദീറിന്റെ അനന്തിരവന്‍ സന്തോഷ് അബുദാബിയില്‍ ഒരു അറബി വീട്ടിലെ ഡ്രൈവറാണ്. അവര് നേരെ സന്തോഷ് താമസിക്കുന്നിടത്ത് ചെന്നു. അവര് എത്തിയ ഉടന്‍ തന്നെ സന്തോഷ് ഒരു കന്തൂറ (യു.ഏ.ഈയിലെ സ്വദേശികളിടുന്ന ളോഹ പോലെയുള്ള വേഷം) എടുത്തിട്ടു. തലയില്‍ ഇവിടുത്തെ സ്വദേശികള്‍ ചിലപ്പഴൊക്കെ കെട്ടുന്നതുപോലെത്തെ അറബിക്കെട്ടും കെട്ടി, സന്തോഷിന്റെ അറബാബിന്റെ പല വണ്ടികളിലൊരെണ്ണം (ഒരു പുതുപുത്തന്‍ ടൊയോട്ട ലാന്റ് ക്രൂസര്‍) എടുത്തോണ്ട് അവരെല്ലാരും കൂടി നാസറിന്റെ കടയിലേക്ക് തിരിച്ചു.

സന്തോഷിനോട് ഈ പ്രശ്നങ്ങളൊക്കെ മുദീര്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. മുദീറിന്റെ പ്ലാന്‍ ഇങ്ങനെയായിരുന്നു. സന്തോഷിനെ ഒരു മഫ്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനായി പരിചയപ്പെടുത്തുന്നു. സന്തോഷിന് ഡയലോഗുകളൊന്നുമില്ല. ഇടയ്ക്ക് സന്തോഷിന് പോലീസ് സ്റ്റേഷനില്‍ നിന്ന് ക്യാപ്റ്റന്റെ ഫോണ്‍ വരും. അപ്പോള്‍ പറയേണ്ട ഡയലോഗുകള്‍ “അസ്സലാമലേക്കം“, “അലേക്കംസലാം“, “നാം/സേന്‍ ക്യാപ്റ്റന്‍” (അതെ/ശരി, ക്യാപ്റ്റന്‍), എന്നും പിന്നെ “ല” (അല്ല/ഇല്ല ) എന്നിവ മാത്രം. റൂമിലുള്ള പട്ടരോട് ഇടയ്ക്കിടയ്ക്ക് സന്തോഷിന്റെ മൊബൈലിലേക്ക് ഫോണ്‍ ചെയ്യാനും ഏര്‍പ്പെടുത്തി.


നേരെ കടയുടെ മുന്നില്‍ വണ്ടി പാ‍ര്‍ക്ക് ചെയ്തു. ആദ്യം അറബി വേഷത്തിലുള്ള സന്തോഷ് ഇറങ്ങി. പുറകേ ഞങ്ങളും. സന്തോഷ് കടയ്ക്കുള്ളില്‍ കയറിയപ്പം കടയിലുണ്ടായിരുന്നവര്‍ സലാം വച്ചു. “അലൈക്കം സലാം” എന്ന് ഗൌരവത്തില്‍ സലാം മടക്കിക്കൊണ്ട് സന്തോഷ് ഒരു കസേരയില്‍ മസിലൊക്കെ പിടിച്ചങ്ങ് ഇരുന്നു.

രാജയണ്ണന്‍ കൌണ്ടറിലിരിക്കുന്നവനോട് “നാസറെവിടെ അബൂ?” എന്ന് ചോദിച്ചു. മുന്‍പ് പല തവണ ഇവിടെ വന്നിട്ടുള്ളതുകൊണ്ട് കൌണ്ടറിലിരിക്കുന്ന അബുവിന് രാജനണ്ണനെ നല്ല പരിചയമുണ്ട്.

“ഓര് ഇബ്ടെയില്ല.”
“എന്നാലവനെ മൊബൈലില്‍ വിളിക്ക്“ രാജയണ്ണന്‍ പറഞ്ഞു.
“മൂപ്പര് മൊബൈല്‍ ഇബടെ വച്ചിട്ട് പോയിക്കണ്”
“എവിടെ പോയി ആ കഴുവേറി?” രാജയണ്ണന് ദേഷ്യം വന്നു.
“എബടയ്ക്കാന്ന് അറീല. ഏതോ ചങ്ങായീന്റെകൂടെയാ പുറത്തെക്ക് പോയത്”
“അണ്ണാ, ഇതവന്റെ സ്ഥിരം അടവാണ്. ഞാനെപ്പം വന്നാലും അവനിവിടെ കാണില്ല.” രാജയണ്ണന്‍ മുദീറിനോട് പറഞ്ഞു.

മുദീറ് അബുവിനോട് ഇത്തിരി ഗൌരവത്തില്‍ പറഞ്ഞു, “നോക്ക്, എനിക്ക് എല്ലാ പ്രശ്നങ്ങളും അറിയാം. ഞങ്ങളിന്ന് രാജന് കിട്ടാനുള്ള കാശും കൊണ്ടേ പോകൂ. ദാ ഈ വന്നിരിക്കുന്ന അറബി പയ്യന്‍ രാജന്റെ അറബാ‍ബിന്റെ മോനാ‍ണ്. ആള്‍ സി.ഐ.ഡി ആണ്, നാസറിനെ വേഗം വിളി, അല്ലേല്‍ ഇവന്‍ ഇടപെടും, പിന്നെ കാര്യങ്ങള്‍ നമ്മള്‍ വിചാ‍രിച്ചിടത്ത് നില്‍ക്കില്ല“.

മുദീറ് സംസാരിച്ചു തീര്‍ന്നതും സന്തോഷിന്റെ മൊബൈല്‍ റിങ്ങ് ചെയ്തതും ഒരുമിച്ചിരുന്നു. സന്തോഷ് ഫോണെടുത്ത് “നാം ക്യാപ്റ്റന്‍.... സേന്‍ ക്യാപ്റ്റന്‍.... നാം ക്യാപ്റ്റന്‍....“ എന്ന് ഗൌരവത്തില്‍ കാച്ചാന്‍ തുടങ്ങി. അബു ആകെ അന്തംവിട്ട് നില്‍ക്കുകയാണ്. മുദീറ് അതുകണ്ട് അവനോട് പറഞ്ഞു - “ദാ, പുള്ളി ഏതോ വല്യ ആളുമായി സംസാരിക്കുകയാണ്. പുള്ളിയെ ഈ കേസില് ഇടപെടുത്തല്ലേ ‍.പുള്ളി ഇടപെട്ടാല്‍ പിന്നെ നാസര്‍ കിടന്ന് ഓടുമേ..... നാസറിനെ വേഗം വിളി.“

അബു ഇതൊക്കെ കണ്ട് പേടിച്ച് പുറത്തിറങ്ങി മൊബൈലില്‍ വേഗം തന്നെ നാസറിനെ വിളിച്ചു പറഞ്ഞു: “നാസറേ, ഇബടെ ആകെ പ്രശ്നാണ്, ഈയ്യ് ബേഗം കടയ്ക്ക് വാ, ദാ ഇബടെ ഒരു സി.ഐ.ഡീനേം കൊണ്ട് ഈയ്യ് കാശ് കൊടുക്കാനുള്ള രാജനും കൂട്ടുകാരനുമൊക്കെ വന്നിക്കണ്. ബേഗം ബാ...”

എന്നിട്ട് പുള്ളി വേഗം അകത്ത് വന്ന് മുദീറിനോട് പറഞ്ഞു: “ഇങ്ങള്‍ പ്രശ്നാക്കല്ലേ, നാസര്‍ ഇപ്പത്തും”.

വീണ്ടും സന്തോഷിന്റെ മൊബൈല്‍ ചിലച്ചു. പട്ടരാണ്! സന്തോഷ് ഫോണെടുത്ത് “നാം ക്യാപ്റ്റന്‍.... സേന്‍ ക്യാപ്റ്റന്‍.... നാം ക്യാപ്റ്റന്‍....ലാ... ശുക്രാന്‍...” എന്നൊക്കെ വച്ച് കാ‍ച്ചുകയാണ്. സന്തോഷിന്റെ ഫോണ്‍ വിളി തീര്‍ന്നതും നാസര്‍ എവിടുന്നോ പാഞ്ഞ് എത്തി.

വന്നപാടെ നാസര്‍ ഒന്നുമറിയാത്ത ഭാവത്തില്‍, “ ഇതാര്! രാജയണ്ണനോ?! ഇതെപ്പം എത്തി? നിങ്ങള്‍ക്കാ കാശ് വേണ്ടേ? ഇതാ...” എന്നും പറഞ്ഞ് പോക്കറ്റീന്ന് അഞ്ഞൂറിന്റെ നാലു നോട്ടെടുത്ത് കൊടുത്തു. എന്നിട്ട് “ഇതാരാ രാജണ്ണാ കൂടെ? എന്താ ഒരറബീം കൂടെയുണ്ടല്ലാ , കൂട്ടുകാരാ? അബൂ, നീ ഇവര്‍ക്ക് ചായ കൊടുത്തോ?”

posted by സ്വാര്‍ത്ഥന്‍ at 5:11 PM

0 Comments:

Post a Comment

<< Home