Monday, April 17, 2006

എന്റെ ലോകം - ക്രിക്കറ്റ്

http://peringodan.blogspot.com/2006/04/blog-post_18.htmlDate: 4/18/2006 2:23 AM
 Author: പെരിങ്ങോടന്‍
വക്കാരിയെയും വിശാലനെയും പോലെ ഞാനും ഒരു ഒന്നൊന്നര ക്രിക്കറ്റ് കളിക്കാരനായിരുന്നു. എളുപ്പത്തില്‍ പറയുകയാണെങ്കില്‍, ഞാന്‍ ഏതെങ്കിലും കായിക മത്സരത്തെ കുറിച്ചു പറഞ്ഞെന്നിരിക്കട്ടെ, അതിനര്‍ഥം ഞാന്‍ ആ ഗെയിമില്‍ പുലിയാണെന്നാണു്. ഈയിടെ കണ്ണൂസിനോട് എഞ്ചിനീയറിങ് കോളേജിലെ ഹോക്കി ഗ്രൌണ്ടിനെ കുറിച്ചു ചോദിച്ചപ്പോള്‍ നിങ്ങള്‍ കരുതിക്കാണും ഞാന്‍ ഹോക്കിയുടെ ഉസ്താദാണെന്നു്. ഇപ്പോള്‍ ക്രിക്കറ്റിനെ കുറിച്ചാണു പറയുവാന്‍ ഉദ്ദേശിക്കുന്നതു്, ഫൂട്ബാള്‍, ഹോക്കി, ഹാന്‍ഡ്ബാള്‍, കബടി, ഖൊ-ഖൊ, വോളിബാള്‍ എന്നിവയോടു ബന്ധപ്പെടുത്തിയിട്ടുള്ള സ്മരണകള്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നതാകും!

മര്യാദയ്ക്കുള്ളൊരു ക്രിക്കറ്റ് ബാറ്റ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി തൊടുന്നതു തന്നെ നവോദയയില്‍ എത്തിയശേഷമാണു്. യെസ്ഡീഡെ ആ ബാറ്റിനു മുടിഞ്ഞ കനമായിരുന്നു, കൃശഗാത്രനായ എനിക്കു് അതൊന്നു പൊക്കി അടിക്കുവാന്‍ കൂടി ശേഷിയില്ല. എന്നിട്ടും അണ്ടര്‍ 12/13 -ലെ സ്കൂള്‍ ടീമില്‍ ഞാന്‍ സ്ഥാനം പിടിച്ചു. എങ്ങിനെയെന്നല്ലേ? പറയാം, കാരണം നെപ്പോട്ടിസം. കുമ്പിടിക്കാരന്‍ ഒരു സീനിയര്‍, ക്രിക്കറ്റിലെ പുലി, സ്പിന്നര്‍, കൊച്ചുപിള്ളേരുടെ പരിശീലകന്‍, പണ്ടെങ്ങോ പെരിങ്ങോട്ടുള്ള ബന്ധുവീട്ടില്‍ വന്നവന്‍, പെരിങ്ങോടിന്റെ സല്പുത്രനായ എന്നെ നിസംശയം ടീമിലെടുത്തു. അത്യാവശ്യം ലൊട്ടുലൊടുക്കു പരിശീലനങ്ങള്‍ക്കു ശേഷം യെസ്ഡീ ബാറ്റ് താങ്ങുവുന്ന ത്രാണിയെത്തിയ നേരത്തു്, ജില്ലാടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഞങ്ങള്‍ പാലക്കാട്ടെ വിക്റ്റോറിയ കോളേജ് മൈതാനിയില്‍ എത്തിപ്പെട്ടു. കളിയുടെ വിശദാംശങ്ങള്‍ ഓര്‍മ്മയില്ല, നവോദയ ടീമിലെ മികച്ച കളിക്കാരനും ക്യാപ്റ്റനുമായ ജ്യോതിഷ് (ഈയിടെ ഇദ്ദേഹം സ്റ്റേറ്റ് ടീമില്‍ എത്തിയെന്നു കേട്ടിരുന്നു) കളിയൊക്കെ നിര്‍ത്തി അമ്പയറായി ടീമിലെ ചിടുങ്ങുകള്‍ ഓരോന്നായി കൊഴിഞ്ഞുവീഴുമ്പോള്‍ കൈ പൊക്കിക്കാട്ടി ഹോസ്റ്റലിലെത്തട്ടെ കാട്ടിത്തരാം എന്നു ഭീഷണിപ്പെടുത്തുന്ന അവസ്ഥ. ഇതിനിടയിലാണു പാഡും ഗ്ലൌസും “അണ്ടിപ്പാഡും” കെട്ടി സുസ്മേരവദനായി, ഒന്‍പതാമനായി ഞാന്‍ ക്രീസിലെത്തുന്നതു്. ജ്യോതിഷ് എന്ന അമ്പയര്‍ കം ക്യാപ്റ്റന്‍ പറഞ്ഞു, ചേട്ടാ അടിക്കണ്ട, മുട്ടി നിന്നാല്‍ മതി (ലവന്‍ എന്റെ ജൂനിയറായിരുന്നു) ‘ഓ ഒക്കെ ഞാനേറ്റു’ എന്ന ഭാവത്തില്‍ ഞാന്‍ ക്രീസിലെത്തി, മിഡില്‍ സ്റ്റബിനു നേരെ ഒരു വര വരച്ചു ബാറ്റുകുത്തിപ്പിടിച്ചു ഗ്രൌണ്ടൊക്കെയൊന്നു വീക്ഷിച്ചു് അമ്പയര്‍ ക്യാപ്റ്റനോടു നില്പു കറക്റ്റല്ലേ എന്നു ചോദിക്കുന്നു. വിക്റ്റോറിയയില്‍ അന്നു പിച്ചില്‍ മാറ്റാണു് ഉപയോഗിക്കുന്നതു്. ഏതോ ഒരുത്തന്‍ വന്നു ബാളെറിഞ്ഞതും ഞാന്‍ വീശിയതും എന്റെ മിഡില്‍ തെറിച്ചതും ഓര്‍മ്മയുണ്ട് (ഗാലറിയില്‍ നിന്നു ഇംഗ്ലീഷില്‍ ചീത്ത വിളിക്കുന്നതില്‍ സമര്‍ഥനായ അഷറഫ് സാര്‍ തെറി വിളിച്ചത് ഡിഫേര്‍ഡ് ലൈവായി കേട്ടു) പത്താമന്‍ സൈനുല്‍ ആബുദീന്‍ ഇറങ്ങിവന്നു, ബാറ്റ് വാങ്ങി ശറപറേന്ന് കുറെ റണ്‍സുമെടുത്തതോടെ എന്റെ സകലമാനവും കപ്പലേറി. ദുഷ്ടന്‍ ഒരു കമ്പനിക്ക് ഡക്കെങ്കിലും ആവുമായിരുന്നില്ലേ. കൂട്ടരെ എന്റെ ക്രിക്കറ്റ് ഭാവി അതോടെ ഇരുളിലായി എന്നു നിങ്ങള്‍ കരുതിയോ എങ്കില്‍ നിങ്ങള്‍ക്കു തെറ്റി.

കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്ന അവസ്ഥയില്‍ അവധിക്കാലത്തു വീട്ടിലെത്തുന്ന സന്ദര്‍ഭത്തില്‍ എന്റെ അനിയനെക്കൊണ്ടു പന്തെറിയിപ്പിച്ചു സിക്സറും ഫോറും കിണറ്റിലും പന്തടിച്ചിട്ടു വിലസീടുന്ന കാലം. അച്ഛന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ മാരകപ്രഹരശേഷിയുള്ള ബൌളറാവും, പന്തിന്റെ സ്പീഡല്ല അതെറിയുമ്പോഴുള്ള എന്റെ മുഖഭാവമാണു ബാറ്റ്സ്മാനെ വിരട്ടിയിരുന്നതെന്നു ഈയിടെ ഒരു ചരിത്രകാരന്‍ പറഞ്ഞറിഞ്ഞു. അപ്പോഴും വീശല്‍ എന്ന ബാറ്റിങ് തന്ത്രം ഞാന്‍ നിരുപാധികം തുടര്‍ന്നുകൊണ്ടേയിരുന്നു, അങ്ങിനെ സിക്സടിച്ചു ഞാന്‍ മാങ്ങകള്‍ വീഴിച്ചിരുന്ന ഒരു അവധിക്കാലം‍ കഴിഞ്ഞപ്പോള്‍ കര്‍മ്മദോഷം കൊണ്ടു ഞാന്‍ രാജസ്ഥാനിലെത്തി.

സോക്സ്ബാള്‍ എന്ന അത്യപൂര്‍വ്വമായ ക്രിക്കറ്റ് ബാള്‍ ആവിഷ്കരിക്കപ്പെട്ടത് ഈ കാലഘട്ടത്തിലായിരുന്നു. പഴകിയ സോക്സിന്റെ ഉള്ളില്‍ ഒന്നുരണ്ടും കല്ലു പെറുക്കിയിട്ടു ടെമ്പര്‍ കിട്ടുവാനായി വലിച്ചുകെട്ടിയും കൂട്ടിത്തുന്നിയും ഒരു കോഴിമുട്ട ആകൃതിയില്‍ പാകപ്പെടുത്തിയെടുക്കുന്ന സോഫ്റ്റ്‌ബാളിനു രാജസ്ഥാനില്‍ വലിയ പ്രചാരമായിരുന്നു ലഭിച്ചതു്. ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്കിടയിലുള്ള ഗ്രൌണ്ടില്‍ സോജന്‍ ജോസഫ് എന്ന സഹപാഠിയെ ഒരോവറില്‍ ആറു സിക്സ് അടുപ്പിച്ചടിച്ചാണു് ഞാന്‍ പ്രസിദ്ധി നേടിയതു് (സത്യം, അതോര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും കോരിത്തരിക്കുന്നു) സോജന്‍ നിഷേധക്കുറിപ്പിറക്കില്ലെന്നു കരുതട്ടെ, കൂട്ടത്തില്‍ എന്റെ ഓഫ്‌സ്പിന്നിനെ സുഹാസ് എന്നൊരുത്തന്‍ ആറു സിക്സടിച്ചതും പറയണമല്ലോ, അല്ലെങ്കില്‍ ഞാന്‍ പുലിയാണെന്നു നിങ്ങള്‍ കരുതും (പുപ്പുലിയാണെന്നു വിവക്ഷ)

രാജസ്ഥാനിലെ പരിശീലനം കഴിഞ്ഞു തിരികെ മലമ്പുഴ നവോദയയിലെത്തിയ ഞാനും സംഘവും അവിടെയും സോക്സ്ബാള്‍ ഇന്‍‌ട്രൊഡ്യൂസ് ചെയ്യുകയും, ക്രിക്കറ്റിനു വര്‍ദ്ധിച്ച പ്രചാരം വരുത്തുകയുമുണ്ടായി. ഒരു ദിവസം തോര്‍ത്തുമുണ്ടും ചുറ്റി ജൂനിയേഴ്സിനെ പാടത്തേയ്ക്കു സിക്സറടിക്കുന്ന വേളയില്‍ ക്യാമറയും തൂക്കി ആര്‍ട്ട് സാര്‍ - കുരിയക്കോസ് സാര് ആ വഴി വന്നു. സ്കൂളിലെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ കുരിയക്കോസ് സാര്‍ കുറെ സ്നാപ്പെടുത്തു തിരിച്ചുപോയി. ഉഷാറായി കളിച്ചിരുന്ന ഞങ്ങളുടെ തലയില്‍ ബിലേറ്റഡായി വന്നുവീണ ഒരു ഇടിത്തീ പോലെ കുരിയക്കോസ് സാര്‍ കൊടുത്തയച്ച ഫോട്ടോകള്‍ എത്തി, ഒപ്പം ഒരു കുറിപ്പും: -ആം തിയ്യതി പാരന്റ്സ് ഡേയില്‍ -എണ്ണം ഫോട്ടോകള്‍ക്കുള്ള കാശായി -രൂപ എത്തിക്കുക. ഞങ്ങള്‍ ഫോട്ടോ വേണം എന്നു പറഞ്ഞില്ലല്ലോ സാര്‍! ആ മറുപടി ആരും കേട്ടില്ല, ഇതു സാറിന്റെ സ്ഥിരം അടവായിരുന്നുവെന്നു രാജസ്ഥാനില്‍ നിന്നു 2 കൊല്ലത്തെ അജ്ഞാതവാസം കഴിഞ്ഞു് അപ്പോള്‍ ലാന്‍ഡ് ചെയ്ത പാവം ഞങ്ങളറിഞ്ഞില്ല.

ഈ കാലത്തു തന്നെയാണു് ഞാന്‍ ഒരു “മുട്ടല്‍” വിദഗ്ധനായത്. നവോദയയിലെ സുപ്രധാന ഈവന്റാണു് ഇന്റര്‍-ഹൌസ് കോമ്പറ്റീഷനുകള്‍. ഗംഗാ ഹൌസിലെ മുന്‍ നിര ബാറ്റ്സ്മാന്‍മാരെല്ലാം കടപുഴങ്ങി വീണൊരു അവസരത്തില്‍ നിളയ്ക്കെതിരെയാണു് എനിക്കു ആദ്യമായി മുട്ടല്‍ പയറ്റേണ്ടതി വന്നതു്. കാരണമോ? വളരെ സിമ്പിള്‍ ലോജിക്ക്, നിളക്കാര്‍ എന്നെ ഔട്ടാക്കുവാനുള്ള വാശിയില്‍ വാശിയോടെ എറിഞ്ഞു നാലഞ്ചു റണ്‍സ് വൈഡും നോയുമായി ഓവര്‍ വീതം തരുന്നു. അങ്ങിനെ മുട്ടിമൂട്ടി ഗംഗാഹൌസിനെ രണ്ടക്കം എത്തിച്ചപ്പോഴേയ്ക്കും എനിക്കു വീശുവാനുള്ളൊരു പ്രേരണ കടന്നുകൂടി (വിനാശകാലെ വിപരീതബുദ്ധി എന്നല്ലോ!)

ആ കളികള്‍ അധികം നീണ്ടുനിന്നില്ല, പ്ലസ് റ്റൂവിനു എത്തിയതോടെ കളിയും കളിക്കളവും ഉപേക്ഷിക്കുവാന്‍ സ്കൂള്‍ നിയമം അനുശാസിച്ചിരുന്നു.

സെന്റ്.തോമസില്‍ കുറച്ചധികം കുരുത്തംകെട്ട പിള്ളേരുണ്ടു്. ക്രിക്കറ്റ് ബാറ്റും ബാളുമായിട്ട് സമരമുള്ള ദിവസം വലിഞ്ഞുകയറി വരും. സമരം വന്നാല്‍ എനിക്കു സന്തോഷാണു്, സെന്റ്.തോമസിലാണെങ്കില്‍ എന്നും സന്തോഷം ഐ മീന്‍ എന്നും സമരം. മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്നു ബസ്സ് കയറി തെക്കേസ്റ്റാന്‍ഡിലെത്തുന്നു, പിന്നെ സീ.ടി കൊടുത്തു സീറ്റിലിരുന്നു നാടുപിടിക്കുന്ന സുഖിമാനായ എന്നെ ഇക്കൂട്ടരില്‍ ചിലര്‍ ഒരു സമരദിനത്തില്‍ പിടികൂടി. ക്രിക്കറ്റ് സംഘം തോപ്പ് സ്റ്റേഡിയത്തില്‍ ലാന്‍ഡ് ചെയ്തു. ഫീല്‍ഡ് ചെയ്യുവാനും ഓടുവാനുമുള്ള മടിയില്‍ ഞാന്‍ പതുക്കെ കവറില്‍ ചെന്നു വായും പൊളിച്ചു നിന്നു. അവസാനം എന്റെ ടീമിന്റെ ബാറ്റിങ് ഊഴമെത്തി, ഞാന്‍ വാലറ്റക്കാരനായി ബാധ്യതകള്‍ ഇല്ലാത്തവനായി വെറുതെയിരുന്നു. അവസാനം ഗതികേടിനു് എന്റെ ഊഴവും വന്നു. ഓഫ്‌സ്പിന്നറായും ലെഗ്ഗായും ബ്രേക്കായും ഫുള്‍ടോസായും വരുന്ന ബാളൊക്കെ എന്റെ ബാറ്റിലും വിക്കറ്റിലും തൊടാതെ കഴിഞ്ഞുകൂടുന്ന സംരക്ഷിത ഓവര്‍. ഇതിനിടയിലെപ്പോഴോ ടീവിയിലൊക്കെ കാണുന്ന പോലെ ഒരു കാലുമുന്നോട്ടാക്കി ചൂലുകൊണ്ടു അടിച്ചുവാരുന്നതുപോലെ ഞാന്‍ ബാറ്റൊന്നു നീക്കി. അബദ്ധവശാല്‍ അതൊരു ഓഫ്‌സ്പിന്നറിനെ ബൌണ്ടറി കടത്തി. എന്റെ ദൈവമേ, വീണ്ടും വിനാശകാലെ വിപരീത ബുദ്ധി. ക്രിക്കറ്റില്‍ ഒന്നുമല്ലാതിരുന്ന ഞാന്‍ അല്ലയോ റിവേഴ്സ് സ്വീപെല്ലാം ചെയ്ത് തോപ്പ് മൈതാനത്തിന്റെ രോമാഞ്ചമായി മാറിയിരിക്കുന്നതു്. പിന്നെ വന്ന സമരദിനങ്ങളെല്ലാം ക്രിക്കറ്റിനുവേണ്ടി ബലികഴിക്കേണ്ടിവന്നു എന്ന സങ്കടം നിങ്ങളേവരേയും ബോധിപ്പിച്ചു കൊള്ളുന്നു.

പിന്നെയും ഒരുപാടുണ്ട് ക്രിക്കറ്റ് വിശേഷങ്ങള്‍: ഓട്ടം, കാലിന്റെ ഇടയിലൂടെ ബാള്‍ പോകുമ്പോഴുള്ള നാണക്കേട് എന്നിവയോര്‍ത്ത് ഫീല്‍ഡിങ് കവറില്‍ മാത്രം ഒതുക്കിയിരുന്ന കാലഘട്ടം, ബോറടിച്ചു ഉറക്കം തൂങ്ങിയപ്പോഴാണ്‍ തൊട്ടുമുന്നിലൂടെ ഒരു ബാള്‍ മിഡോഫ് നോക്കി പറന്നുപോകുന്നതായി കാണുന്നതു്. വെറുതെയിരിക്കുന്ന കൈയൊന്നു വെറുതെ നീട്ടിനോക്കി (വി.വി.ബു) ബാലന്‍സുതെറ്റി വീണപ്പോഴും, പണ്ടാറടങ്ങാന്‍ കൈയില്‍ ബൌണ്ടറിനോക്കി പോയ ആ ബാളുണ്ടായിരുന്നു. അങ്ങിനെ ഡൈവ് ചെയ്തു ഫീല്‍ഡ് ചെയ്യുന്ന കേമപ്പെട്ട ഫീല്‍ഡറായി എന്റെ നാമം പെരിങ്ങോട്ടെ സ്കൂള്‍ഗ്രൌണ്ടില്‍‍ വാഴ്ത്തപ്പെട്ടു. ഇതുമാത്രമാണു് എന്നെ പ്രതികൂലമായി ബാധിക്കാതിരുന്ന ഒരു ക്രിക്കറ്റ് അനുഭവം, ഫീല്‍ഡിങ് നിര്‍ണ്ണയിക്കുമ്പോള്‍ “ആ അവനല്ലേ, അവന്‍ കവറില്‍ നിക്കട്ടെ, ഡൈവീയും!” ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ പറഞ്ഞുതുടങ്ങി, ഞാന്‍ ഊറിച്ചിരിച്ചു: വോ തന്നെ തന്നെ! (ക്ഷമിക്കണം അന്നൂറിച്ചിരിച്ചിരുന്നത് തെക്കന്‍ ഭാഷയില്‍ ആയിരുന്നില്ല)

ശ്രീലങ്ക ഇന്ത്യയെ തോല്പിക്കുകയും ലോകകപ്പ് നേടുകയും ചെയ്തത് ഞാന്‍ പത്തില്‍ പഠിക്കുമ്പോഴെന്നു തോന്നുന്നു. ആ തോല്‌വിയില്‍ മനംനൊന്ത് ദേശസ്നേഹം കുറച്ചു കണ്ണീരായി ഒഴുക്കിയതോര്‍ക്കുന്നു. സനത് -ഉം കൂട്ടരും എനിക്കു കണ്ണെടുത്തുകാണുവാന്‍ താല്പര്യമില്ലാത്ത വര്‍ഗ്ഗമായി. പിന്നെയെപ്പോഴോ കളിയോടുള്ള കമ്പം, കളി കാണുന്നതിലുള്ള കമ്പം എന്നിവയൊക്കെ ഒഴിഞ്ഞുപോയി. ക്രിക്കറ്റുകളിയുടെ നേരത്തു് എം.ടീവീയില്‍ മലൈക അറോറ ചുവന്ന സോഫയില്‍ നഗ്നമായ തുടകള്‍ ആട്ടിയിരിക്കുന്നത് കാണുവാനായി കൂടുതലിഷ്ടം, അതിനായി അനിയനോടു സ്ഥിരം വഴക്കിടുന്ന കൌമാരക്കാരനായി ഞാന്‍ നിലമെച്ചപ്പെടുത്തി. ജോലിക്കിടെ സ്കോറെന്തായി എന്നറിയുവാന്‍ വരുന്ന സാമി എന്ന ഓഫീസ് ബോയിയെ സ്ഥിരമായി കളിയാക്കുന്ന വഴക്കാളിയാണു് ഞാനിപ്പോള്‍. നാളെ അബുദാബിയില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കുന്നു. 89.1 എഫ്.എമ്മില്‍ ഘൃതികയും, മറ്റനേകം എഫ്.എമ്മിലെ അസംഖ്യം മാരണങ്ങളും ഇതിനെക്കുറിച്ചു പറഞ്ഞു സമയം കൊല്ലും. എന്റെ നോക്കിയയില്‍ കാ‍വാലം ശ്രീകുമാറിന്റെ രാമായണം റിപ് ചെയ്തു കയറ്റിയിടട്ടെ, വല്ലപ്പോഴും കടിച്ചാല്‍ പൊട്ടാത്ത ഒരു വാക്കെഴുതാന്‍ ഉപകരിച്ചേയ്ക്കും ;)

കുറിപ്പ്: ഒട്ടുമിക്ക പ്രയോഗങ്ങള്‍ക്കും കടപ്പാട്, ബ്ലോഗ് ജീവികള്‍ക്കും, മലയാളം തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കും.

posted by സ്വാര്‍ത്ഥന്‍ at 8:33 PM

0 Comments:

Post a Comment

<< Home