Tuesday, April 25, 2006

വെള്ളാറ്റഞ്ഞൂര്‍ - സ്മാര്‍ട്ട് സിറ്റിക്ക് പിന്നിലെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫും എല്‍ ഡി എഫും ഒരുപോലെ എടുത്തു പ്രയോഗിക്കുന്ന ആയുധമാണ് സ്മാര്‍ട്ട് സിറ്റി. സ്മാര്‍ട്ട് സിറ്റിയെ എതിര്‍ക്കുക വഴി വികസനത്തെ ഇടതുപക്ഷം പുറകോട്ട് വലിക്കുകയാണെന്ന് യു ഡി എഫ് ആരോപിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ മറവില്‍ നടക്കുന്നത് ജനങ്ങളറിയണം എന്ന് എല്‍ ഡി എഫ് ആവശ്യപ്പെടുന്നു. സത്യമെന്ത്? ബാംഗ്ലൂരില്‍ സിസ്റ്റംസ് എഞ്ചിനീയറായി ജോലി നോക്കുന്ന ദീപക്കിന് പറയാനുള്ളതെന്താണെന്ന് നമുക്കു വായിക്കാം.

ബെന്നി : തുടക്കം തൊട്ടേ വിവാദമായ പ്രോജക്റ്റാണ് സ്മാര്‍ട്ട് സിറ്റി‍‍ . ഹൈക്കോടതി അനുമതി നല്‍കിയിട്ടും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍, ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരുമായി കരാറില്‍ ഒപ്പുവെക്കുകയുണ്ടായില്ല. സ്മാര്‍ട്ട് സിറ്റി കൊണ്ടുവരിക വഴി റിയല്‍ എസ്റ്റേറ്റ് ലോബികളെ സഹായിക്കുകയാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ചെയ്തതെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. ഇടതുപക്ഷം വികസനവിരുദ്ധരെന്ന് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരും.

സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പിടാന്‍ വികസനവിരുദ്ധരായ ഇടതുപക്ഷം സമ്മതിച്ചില്ല എന്നും പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത്. സത്യത്തില്‍ ദുബായിലെ ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ക്ക് കൊച്ചിയെ ഇത്ര ഇഷ്ടമാവാന്‍ കാരണമെന്ത്?

ദീപക്ക് : ഉത്തരം വളരെ ലളിതമാണ്. മുഴുവന്‍ ഏഷ്യയും അരിച്ചുപെറുക്കിയാല്‍ സ്മാര്‍ട്ട് സിറ്റി പോലൊരു പ്രോജക്റ്റ് തുടങ്ങാന്‍ കൊച്ചി പോലൊരു ഇടം കണ്ടെത്താന്‍ ആവുകയില്ല. കണക്റ്റിവിറ്റിയില്‍ താരത‌മ്യപ്പെടുത്താവുന്ന 4 ഏഷ്യന്‍ രാജ്യങ്ങളുണ്ട് - ചൈനയും സിങ്കപ്പൂരും ദുബായിയും ഇന്ത്യയും. പല കാരണങ്ങള്‍ കൊണ്ടും ഐടി ഔട്ട്‌സോഴ്സിംഗിന് ചൈന അനുയോജ്യമല്ല. സിങ്കപ്പൂര്‍ ഇപ്പോള്‍ തന്നെ കമ്പനികള്‍ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. അമേരിക്കയോളം ചെലവേറിയതാണ് സിങ്കപ്പൂരിപ്പോള്‍. പിന്നെ ബാക്കിവരുന്നത് ദുബായിയും ഇന്ത്യയുമാണ്.

എവിടെയോ എന്തോ മണക്കുന്നില്ലേ? ദുബായ് ഇന്റര്‍നെറ്റ് സിറ്റി എന്തുകൊണ്ടാണ് കൊച്ചിന്‍ ഐടി ഹബ്ബില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ലേ?

ബെന്നി : എവിടെയോ എന്തോ മണക്കുന്നതായി തോന്നുന്നു. ഒന്നുകൂടി കുഴിച്ചു നോക്കാമോ?

ദീപക്ക് : അതെ, നമുക്ക് ഒന്നുകൂടി കുഴിച്ചുനോക്കാം. സ്മാര്‍ട്ട് സിറ്റി തുടങ്ങാന്‍ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ച നിബന്ധനകളില്‍ പ്രധാനപ്പെട്ടത് എന്തെന്നോ, കൊച്ചിയിലും പരിസരത്തും മറ്റൊരു ഐടി പാര്‍ക്ക് കുറേക്കൊല്ലത്തേക്ക് സ്ഥാപിക്കരുതെന്ന്! സര്‍ക്കാരിന്റെ സഹായമില്ലാത ഐടി പാര്‍ക്ക് തുടങ്ങാന്‍ വേണ്ടത്ര ഭൂമി കേരളത്തില്‍ ഒരു സ്വകാര്യവ്യക്തിക്കും ലഭിക്കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? അപ്പോള്‍ മറ്റൊരു ഐടി സംരംഭത്തിനെയും സര്‍ക്കാര്‍ പിന്തുണക്കരുതെന്നാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ ആവശ്യപ്പെടുന്നത്‌!

തന്ത്രപരമായി വളരെ പ്രാധാന്യമുള്ളൊരു ഐടി ഹബ്, തുച്ഛവിലക്ക് കൈപ്പിടിയിലൊതുക്കാനാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി ശ്രമിച്ചത്. കൊച്ചിയിലെ കണക്റ്റിവിറ്റി കാണിച്ച് കമ്പനികളെ സ്മാര്‍ട്ട് സിറ്റിയിലേക്ക് ലളിതമായി ആകര്‍ഷിക്കാം. ഇതില്‍ പരാജയപ്പെട്ടാലും പ്രശ്നമില്ല. തുച്ഛവിലക്ക് കിട്ടിയ ഭൂമിയില്‍ സര്‍ക്കാര്‍ സഹായത്താല്‍ ഐടി പാര്‍ക്കുണ്ടാക്കി, കമ്പനികള്‍ക്ക് ഭാഗിച്ചുകൊടുക്കാം. സര്‍ക്കാര്‍ ചെലവില്‍ ഭൂമിയും അടിസ്ഥാനസൌകര്യങ്ങളും ലഭിച്ചാല്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കാനാണോ പ്രയാസം?

രണ്ട് ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകളുടെ സാന്നിധ്യം
കൊച്ചിയെ ഏഷ്യന്‍ ഔട്ട്‌സോഴ്സിംഗ് ഭൂപടത്തില്‍ ശ്രദ്ധേയമാക്കുന്നു. സ്മാര്‍ട്ട് സിറ്റിയിലൂടെ കൊച്ചി ഐടി ഹബ്ബിനെ എപ്പോള്‍ വേണമെങ്കിലും ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് ഹൈജാക്ക് ചെയ്യാമെന്നുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൊച്ചിയിലെ വികസനം നിര്‍ത്തിവെച്ച് ദുബായിയെ ഔട്ട്‌സോഴ്സിംഗ് സെന്ററാക്കി മാറ്റാന്‍ വളരെ എളുപ്പമാണ്.

ഇങ്ങിനെ രണ്ടുരീതിയില്‍ നോക്കിയാലും സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പിടുന്നത് കേരളത്തിനെന്നല്ല, ഇന്ത്യക്കും ആത്മഹത്യാപരമാണ്.

ബെന്നി : ഇന്ത്യയില്‍ നെറ്റ് വന്ന കാലത്ത് സര്‍ക്കാര്‍ സ്ഥാപനമായ വി എസ് എന്‍ എല്‍ (ഇപ്പോഴീ സ്ഥാപനം ടാറ്റായുടെ കയ്യിലാണ്) ആണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് (ഐ എസ് പികള്‍) നെറ്റ് വീതിച്ചുകൊടുത്തുകൊണ്ടിരുന്നത്. പിന്നീട് ഗേറ്റ്‌വേകള്‍ക്ക് മേലുള്ള അധികാരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്നെന്ന് കേട്ടു. ഇപ്പോള്‍ ഇന്ത്യയിലുള്ള ഗേറ്റ്‌വേകള്‍ ആരുടെ ഉടമസ്ഥതയിലാണ്? സര്‍ക്കാരിന്റെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ? ഇന്ത്യയില്‍ വേണ്ടത്ര ഇന്റര്‍നെറ്റ് ഗേറ്റ്വേകള്‍ ഇല്ലേ? എത്ര ഗേറ്റ്‌വേകളാണ് ഇന്ത്യയിലുള്ളത്?

ദീപക്ക് : ഇന്ത്യയില്‍ക്കൂടി കടന്നു പോകുന്ന പ്രധാനപ്പെട്ട ഒപ്റ്റിക് ഫൈബര്‍ കേബിളുകള്‍ ഇവയാണ്. കൊച്ചിയിലും മുംബൈയിലും ലാന്‍ഡ് ചെയ്യുന്ന Sea-Me-We-3, മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്ന Fiber-Optic Link Around the Globe (FLAG), കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്ന South Africa - Far East (SAFE), മുംബൈയിലും ചെന്നൈയിലും ലാന്‍ഡ് ചെയ്യുന്ന, സിങ്കപ്പൂരിലേക്ക് പോകുന്ന i2icn, ചെന്നൈയെയും സിങ്കപ്പൂരിനെയും ബന്ധിപ്പിക്കുന്ന Tata Indicom കേബിള്‍ എന്നിവയാണവ.

ഇവയില്‍ i2icn, Tata Indicom എന്നിവ പ്രാധാന്യമുള്ളവയല്ല. കാരണം ഇതുരണ്ടും സിങ്കപ്പൂരുമായാണ് ഇന്ത്യയെ ബന്ധിപ്പിക്കുന്നത്. അതുമല്ലാതെ, ഇവരണ്ടും ഇന്റര്‍ കോണ്ടിനറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗവുമല്ല.


എന്നാല്‍ ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകള്‍ കൊച്ചിയും മുംബൈയും മാത്രമാണ് എന്നത് ശ്രദ്ധിക്കുക. മുംബൈയില്‍ ലാന്‍ഡ് ചെയ്യുന്ന കേബിള്‍ നെറ്റ്‌വര്‍ക്ക് Sea-Me-We-3, FLAG എന്നിവയാണെങ്കില്‍ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നവ Sea-Me-We-3, SAFE എന്നിവയാണ്. കൊച്ചിയില്‍ മാത്രം രണ്ട് ഇന്റര്‍‌നാഷണല്‍ കേബിളുകളാണ് ലാന്‍ഡ് ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകള്‍ എല്ലാം കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. ലോകത്തിലെ ഏറ്റവും ലിബറലായ ഗേറ്റ്‌വേ പോളിസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ബെന്നി : ദുബായിലും ഇന്റര്‍നാഷണല്‍ ഇന്റര്‍നെറ്റ് ഗേറ്റ്‌വേ ഇല്ലേ? അത് ഉപയോഗിച്ചല്ലേ, ദുബായ് ഇന്റര്‍നെറ്റ് സിറ്റി പ്രവര്‍ത്തിക്കുന്നത്?

ദീപക്ക് : Sea-Me-We-3 കേബിള്‍, FLAG കേബിള്‍ എന്നീ ഇന്റര്‍ കോണ്ടിനന്റല്‍ കേബിളുകള്‍ക്ക് ദുബായിയില്‍ ലാന്‍ഡിംഗ് പോയിന്റുകളുണ്ട്. അതായത് രണ്ട് ഇന്റര്‍നാഷണല്‍ ലാന്‍ഡിംഗ് പോയിന്റുകള്‍ ദുബായിയില്‍ ഉണ്ടെന്ന് സാരം. ഇതിന്റെ ബലത്തിലാണ് ദുബായ് ഇന്റര്‍നെറ്റ് സിറ്റി നിന്നു പിഴയ്ക്കുന്നത്.

ഏഷ്യയുടെ കണക്റ്റിവിറ്റി ഭൂപടം ഒന്നു പരിശോധിക്കുക. വെറും മൂന്നിടങ്ങളില്‍ മാത്രമാണ് 2 ഇന്റര്‍ കോണ്ടിനന്റല്‍ കേബിളുകള്‍ ലാന്‍ഡ് ചെയ്യുന്നത്, കൊച്ചിയിലും മുംബൈയിലും ദുബായിയിലും. അപ്പോള്‍ കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ കൊച്ചിയോടും മുംബൈയോടുമാണ് ദുബായ് മത്സരിക്കേണ്ടത്.

ബെന്നി : എന്തേ ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതര്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന് മുംബൈയെ പരിഗണിക്കാതിരുന്നത്?

ദീപക്ക് : ഏറ്റവും കുറവ് ഇന്റര്‍നെറ്റ് ലേറ്റന്‍സിയുള്ള (latency) ഇടങ്ങളാണ് ദുബായിക്കൊപ്പം മുംബൈയും കൊച്ചിയും. ഇതിനുപുറമെ, രണ്ട് വീതം ഇന്റര്‍ കോണ്ടിനെന്റല്‍ ഇന്റര്‍നെറ്റ് കേബിളുകള്‍ ഈ സ്ഥലങ്ങളിലൂടെ കടന്നുപോവുന്നുണ്ട്.

മുംബൈയിലൊരു ഐടി പാര്‍ക്ക് തുടങ്ങുന്നതിനെ പറ്റി ചിന്തിക്കാനേ ആവുകയില്ല. ഐടി പാര്‍ക്കിന് വേണ്ട 300 ഏക്കറോ 500 ഏക്കറോ സ്ഥലം മുംബൈയില്‍ എവിടെയാണ്? സ്ഥലം കിട്ടുന്നുവെങ്കില്‍ തന്നെ അതു വാങ്ങുന്നതിനുള്ള ചെലവ് ഒന്ന് ഓര്‍ത്തുനോക്കൂ.

ബെന്നി : ലേറ്റന്‍സിയെന്നാല്‍ ഡൌണ്‍‌ലോഡിംഗ് വേഗത അല്ലെങ്കില്‍ ബാന്‍ഡ്‌വിഡ്ത്താണോ?

ദീപക്ക് : വിദൂര സെര്‍വറില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് ഒഴുകിയെത്തുന്ന ഡാറ്റയുടെ അളവിനെയാണ് ഡൌണ്‍‌ലോഡ് വേഗത കൊണ്ട് സൂചിപ്പിക്കുന്നത്. ഉറവിടത്തില്‍ നിന്ന് ഉദ്ദിഷ്ട സ്ഥാനത്തെത്താന്‍ ഡാറ്റ സഞ്ചരിക്കുന്ന സമയത്തെയാണ് ലേറ്റന്‍സി കൊണ്ട് സൂചിപ്പിക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് വ്യവസായം, മള്‍ട്ടീമീഡിയ ഔട്ട്‌സോഴ്സിംഗ് തുടങ്ങിയവയ്ക്ക് ബാന്‍ഡ്‌വിഡ്ത്താണ് വേണ്ടത്. ശബ്ദത്തെ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍, ഡാറ്റാ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് ബാന്‍ഡ്‌വിഡ്ത്തിനോടൊപ്പം വളരെക്കുറഞ്ഞ ലേറ്റന്‍സിയും ആവശ്യമാണ്.

ബെന്നി : വിവരസാങ്കേതികവിദ്യാ മേഖലയില്‍ നടക്കുന്ന മാറ്റങ്ങളെപ്പറ്റി ഇടതുപക്ഷകക്ഷികള്‍ അറിവുള്ളവരാണെന്ന് തോന്നിയിട്ടുണ്ടോ? ഐടി ഹബ്ബെന്ന രീതിയില്‍ കൊച്ചിയുടെ പ്രാധാന്യം അവര്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ? സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റൊരു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണെന്നാണ് പല ഇടതുപക്ഷ ചിന്താഗതിക്കാരും ആരോപിക്കുന്നത്.

ദീപക്ക് : പ്രധാന ഇടതുപക്ഷ നേതാക്കള്‍ക്കെല്ലാം വിവരസാങ്കേതിക മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് അസ്സലായറിയാം എന്നാണ് എന്റെ ധാരണ. വേട്ടയാടുന്നവരേക്കാള്‍ ഇരകള്‍ക്കാണല്ലോ കാടിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കുക. വികസനവിരുദ്ധരെന്ന് പറഞ്ഞ് ഇടതുപക്ഷത്തെ വേട്ടയാടുന്നത് സകല വലതുപക്ഷ പാര്‍ട്ടികളും ഒരു പതിവാക്കിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറയുന്നതല്ല വികസനമെന്ന് തെളിയിക്കേണ്ടത് ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ അടിയന്തിര ഉത്തരവാദിത്തങ്ങളിലൊന്നാണ്.

ഐടി ഹബ്ബെന്ന രീതിയില്‍ കൊച്ചിയുടെ തന്ത്രപ്രധാനമായ പ്രാധാന്യത്തെ പറ്റി ഇടതുനേതാക്കള്‍ക്ക് അറിയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. വേണ്ട രീതിയില്‍ ഇത് പ്രൊജക്റ്റ് ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോയിട്ടുണ്ടാവാം.

ബെന്നി : കഴിഞ്ഞ അഞ്ചുവര്‍ഷമായി ഔട്ട്‌സോഴ്സിംഗ് മന്ത്രം ഇന്ത്യയിലെങ്ങും മുഴങ്ങുകയാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ ചെലവുകുറഞ്ഞ വേതനവ്യവസ്ഥകള്‍ അമേരിക്കയിലെയും യൂറോപ്പിലെയും ഭീമന്‍ കമ്പനികളെ ഇവിടേക്കാകര്‍ഷിക്കുന്നു. ചൈനയും ഇന്ത്യയും ഫിലിപ്പീന്‍സുമെല്ലാം ഔട്ട്‌സോഴ്സിംഗ് ബൂമില്‍ ലാഭമുണ്ടാക്കുന്നുണ്ട്. സത്യത്തില്‍ വേണ്ടത്ര കണക്റ്റിവിറ്റി നമുക്കുണ്ടോ? ഒരു എം ബിയുടെ വെബ്പേജ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ 5 തൊട്ട് 10 വരെ മിനിറ്റെടുക്കുന്ന ഒരവസ്ഥ മിക്കയിടത്തും ഉണ്ട്. എന്നാണ് ഇതിനൊരു പരിഹാരം ഉണ്ടാവുക, എപ്പോഴാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്റര്‍നെറ്റിന്റെ ഫലം അനുഭവിച്ചുതുടങ്ങുക?

ദീപക്ക് : ഇന്ത്യയില്‍ വേണ്ടത്ര കണക്റ്റിവിറ്റി ഇന്നുണ്ട്. എന്നാല്‍ വിതരണവും നെറ്റ് വാങ്ങാനുള്ള ശേഷിയും വളരെ പരിതാപകരമായ അവസ്ഥയിലാണ്. രാജ്യത്തെ ധനവിതരണത്തിന് ആപേക്ഷികമായിത്തന്നെയാണ് സാങ്കേതികതയുടെ വിതരണവും ഉണ്ടാവുക. നെറ്റിന്റെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. ചെറിയ നഗരങ്ങളിലും റൂറല്‍ ഏരിയകളിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ (ബി എസ് എന്‍ എല്‍) ശ്രമിക്കുന്നുണ്ട്. പക്ഷേ, വിപണി അടിസ്ഥാനമാക്കിയ എക്കോണമിയാണ് (Market driven Economy) നമ്മുടെ എന്നതിനാല്‍ ഇന്ത്യ മുഴുവന്‍ ബ്രോഡ്‌ബാന്‍ഡ് വരും എന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല.

‘ബിസിനസ്സ്’ ഇന്റര്‍നെറ്റിന് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ എത്ര ഉപയോക്താക്കളുണ്ടാവും? ഉപയോക്താക്കളില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നെറ്റ് എത്തിക്കലല്ല, വിപണിയുടെ പണി. വിപണിക്ക് വിളഞ്ഞ ഫലങ്ങളാണ് വേണ്ടത് വിത്തുകളല്ല.

ബെന്നി : അപ്പോള്‍ ഇന്ത്യയില്‍ വേണ്ടത്ര കണക്റ്റിവിറ്റി ഉണ്ട്! ഈ കണക്റ്റിവിറ്റി ഏറ്റവും പ്രയോജനപ്പെടുക കേരള സമൂഹത്തിനല്ലേ? ജനസാന്ദ്രത വളരെക്കൂടുതലുള്ള കേരളം പോലൊരു സംസ്ഥാനത്തില്‍ ഖര/ദ്രാവക/വാതക മാലിന്യങ്ങള്‍ പുറന്തള്ളുന്ന പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല.

അപ്പോള്‍പ്പിന്നെ വിവരസാങ്കേതികവിദ്യയില്‍ ഊന്നിയ വ്യവസായമല്ലേ കേരളത്തിന് സുരക്ഷിതം? അങ്ങനെ ചിന്തിക്കുമ്പോള്‍ എന്തുവിഷയത്തിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്? സമീപഭാവിയില്‍ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് ചെയ്യാവുന്ന വ്യവസായങ്ങള്‍ ഏതൊക്കെയാവും?

ദീപക്ക് : വിവരസാങ്കേതികവിദ്യയെ പറ്റിയുള്ള പൊതുധാരണ ചിലപ്പോഴൊക്കെ അബദ്ധമാണ്. വിവരസാങ്കേതികവിദ്യയൊരു വ്യവസായമല്ല. ഇതൊരു സഹായ സാങ്കേതികവിദ്യ മാത്രമാണ്. ഒരു വ്യവസ്ഥയെയും ഇതുകൊണ്ട് റീപ്ലേസ് ചെയ്യാനാവില്ല. നിലവിലുള്ള വ്യവസ്ഥകളെ മികവുറ്റതാക്കാനാണ് വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. വിവരസാങ്കേതികവിദ്യ മാത്രം ഉപയോഗിച്ചുകൊണ്ട് ഒന്നും ഉല്‍പ്പാദിപ്പിക്കാനാവില്ല.

പലതരത്തിലുള്ള വ്യവസായങ്ങള്‍, ബിസിനസ്സ്, അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകള്‍, ഭരണം തുടങ്ങിയവയില്‍ വിവരസാങ്കേതികവിദ്യ ഉപയോഗിക്കുക വഴി മെച്ചപ്പെട്ട രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ കഴിയും എന്നുമാത്രം. ഏതുജോലിയിലും തെറ്റുവരാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കി, ജോലി ചെയ്യുന്നവരുടെ ഉല്‍പ്പാദനക്ഷമത കൂട്ടാനാണ് വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ജോലിചെയ്യുന്നവരെ ഇല്ലാതാക്കാന്‍ ഈ സാങ്കേതികവിദ്യ കൊണ്ട് കഴിയില്ല.

ചെയ്യേണ്ടുന്ന ക്രിയകളെ (ടാസ്കുകള്‍‍) യാന്തികമാക്കി, നിലവിലുള്ള വ്യവസ്ഥകളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് എവിടെയും വിവരസാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഉല്‍പ്പാദന മേഖലകളെ അവഗണിച്ച് ഐടിയില്‍ മാത്രം ശ്രദ്ധ ചെലുത്തിയാല്‍ സംസ്ഥാനവും രാജ്യവും ഒരു പുരോഗതിയും നേടുകയില്ല. ഏത് തരത്തിലുള്ള ഉല്‍പ്പാദന മേഖലയാണ് രാജ്യത്തിന് വേണ്ടതെന്നാണ് ആദ്യം ചിന്തിക്കേണ്ടത്. രാജ്യത്തിന് യോജിക്കുന്ന ഉല്‍പ്പാദനമേഖല കണ്ടെത്തിക്കഴിഞ്ഞാലേ, വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കാനാവൂ.

ദീപക്കിന്റെ ഇ-മെയില്‍ : deepvs@gmail.com

posted by സ്വാര്‍ത്ഥന്‍ at 8:29 AM

0 Comments:

Post a Comment

<< Home