Monday, April 24, 2006

മണ്ടത്തരങ്ങള്‍ - ഹാര്‍ബര്‍ മാര്‍ക്കറ്റ്

ഹാര്‍ബര്‍ മാര്‍ക്കറ്റ് എന്നു പറഞ്ഞാല്‍ തുറമുഖത്തിനടുത്തുള്ള ഏതോ ഒരു ചന്ത എന്ന് തോന്നും. എന്നാല്‍ ബാംഗ്ലൂരുകാര്‍ക്ക് അതൊരു ഹോട്ടല്‍ ആണ്. ഹോട്ടലുകള്‍ കൊണ്ട് നിറഞ്ഞ ഈ ഉദ്യാനനഗരത്തില്‍ ഈ ഹോട്ടല്‍ വെത്യസ്തമാകുന്നത്, ഇതിന്റെ മുതലാളി, മലയാളികളുടെ ഇഷ്‌ടതാരം ഭരത് മോഹന്‍ലാല്‍ ആണെന്നുള്ളതാണ്.

ദുബായില്‍ സ്വന്തമായി തുറന്ന ഹോട്ടല്‍ വിജയമായതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും ഹോട്ടല്‍ ശ്രുംഖല തുറക്കാന്‍ അദ്ദേഹത്തിന് പ്രേരകമായത്. അതിന്റെ ആദ്യ പടിയായിട്ടാണ് ബാംഗ്ലൂരില്‍ ഹാര്‍ബര്‍ മാര്‍ക്കറ്റ് എന്ന പേരില്‍ ഒരു ഹോട്ടല്‍ ആരംഭിച്ചത്. താമസിയാതെ മറ്റു ഇന്ത്യന്‍ നഗരങ്ങളിലും ഹോട്ടലുകള്‍ തുടങ്ങാന്‍ അദ്ദേഹത്തിന് പരിപാടിയുണ്ട്.

ഇനി കാര്യത്തിലേക്ക് വരാം.

സാധാരണയായി തിന്നും, ഉറങ്ങിയും, ടി.വി. കണ്ടും ചിലവഴിക്കാറുള്ള ഞായറാഴ്ച ഞാനും എന്റെ സഹമുറിയനും ഒരു മാറ്റത്തിനു വേണ്ടി ഈ ഹോട്ടലിലെ ഒരു അത്താഴത്തോടെ ചിലവഴിക്കാന്‍ തീരുമാനിക്കുന്നതാണ് ഈ കഥയുടെ, അല്ലല്ല, ഈ മണ്ടത്തരത്തിന്റെ ഇതിവൃത്തം. തേര്‍ട്ടി സെവെന്‍‌ത് ക്രെസന്റ് എന്ന ബില്‍ഡിങ്ങിന്റെ അകത്താണ് പ്രസ്തുത ഹോട്ടല്‍ എന്ന് മനസ്സിലാക്കി, ലോകത്തുള്ളവരോട് മുഴുവന്‍ വഴി ചോദിച്ച് വളരെ കഷ്ടപെട്ട് ബുദ്ധിമുട്ടി പാടുപെട്ട് ഞങ്ങള്‍ അവിടെ ചെന്നെത്തി. പുറത്ത് നിന്ന് കണ്ടപ്പോഴേ അകത്ത് കേറണമോ എന്ന ശങ്കയിലായി. ഒരു സബ്‌സ്റ്റേഷന്റെ കറണ്ട് മുഴുവന്‍ ഉപയോഗിക്കുന്നതരത്തിലാണ് അവിടെ വെളിച്ചം കൊടുത്തിരിക്കുന്നത്. ഒരു പഞ്ചനക്ഷത്രലക്ഷണം. കയ്യിലാണെങ്കില്‍ അഞ്ഞൂറ് രൂപ മാത്രം രണ്ടാളുടേയും കൂടി.

വെറും ഒരു ഹോട്ടലില്‍ അത്താഴം കഴിക്കുകയല്ല, മലയാളികളുടെ സ്വന്തം ലാലേട്ടന്റെ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ച് ആ മഹാനാ‍യ കലാകാരനോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നതും, സര്‍വ്വോപരി മലയാളം സിനിമാലോകത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്നുള്ളതുമാണ് നമ്മുടെ ലക്ഷ്യം എന്ന് ഒരു നിമിഷം ഞങ്ങള്‍ മനസ്സിലോര്‍ത്തു. മുന്നോട്ടുവച്ച കാല്‍ ഇനി പിന്നോട്ടില്ല തന്നെ. ഇനി ഒന്നും നോക്കാനില്ല. നടക്കെടാ മോനെ ദിനേശാ അകത്തേക്ക് എന്നും പറഞ്ഞ് ഞങ്ങള്‍‍ അകത്ത് കയറി.

അകം ഒന്ന് കാണേണ്ട കാഴ്ച് തന്നെ. ആകെ ഒരു ഇരുപത് ടേബിള്‍ മാത്രമേ ഉള്ളുവെങ്കിലും അത് മനോഹരമായിത്തന്നെ അലങ്കരിച്ചിരിക്കുന്നു. ഒരു കപ്പല്‍ പോലെതന്നെയുണ്ട് ഉള്‍വശം. കപ്പലിലെപ്പോലെയുള്ള ജനലുകളും വാതിലുകളും. ജോലിക്കാര്‍ക്കാണെങ്കില്‍ നാവികരുടെ വേഷവും. ചുമരില്‍ കപ്പലുകളുടെ ചിത്രങ്ങളും ദൂരദര്‍ശിനിയും മറ്റും. അകത്തെ ഭംഗിയില്‍ മതിമറന്ന് നില്‍ക്കുന്നതിന്റെ ഇടയിലാണ് ഉള്ളില്‍ കൂടി ഒരു മിന്നല്‍‌പിണര്‍ വീശിയത്. “അളിയാ, ഇത് പഞ്ചന്‍ തന്നെ”, ഞാന്‍ പറഞ്ഞു. അവന്‍ പറഞ്ഞു, “നീ ഒന്ന് ക്ഷമിക്ക്, നമുക്കു മെനു നോക്കിയിട്ട് തീരുമാനിക്കാം”.

മെനു കൊണ്ടുവന്ന ആളെകണ്ടിട്ട് ഞങ്ങള്‍ ഒന്നും കൂടി ഞെട്ടി. നല്ല പരിചയമുള്ള മുഖം. പല സിനിമകളില്‍ ഈ മുഖം ഞങ്ങള്‍ കണ്ടിരിക്കുന്നു. പേര് ഓര്‍മ്മ കിട്ടുന്നില്ല. പോകുന്നതിനു മുന്നേ ചോദിക്കാം എന്ന് കരുതി.

മെനു നോക്കി. ഒറ്റ നോട്ടത്തില്‍ ഞങ്ങളുടെ സകല നാഡീ ഞരമ്പുകളും തളര്‍ന്നു.

സോഡ - 30 രൂപ
മിനറല്‍ വാട്ടര്‍ - 40 രൂപ
ജ്യൂസ് - 90 രൂപ.

ഈശ്വരാ, ഇതൊന്നും വേണ്ട, വേണ്ടേ വേണ്ട. കഴിക്കാനുള്ളതിന്റെ മെനു തരൂ ചേട്ടാ, എന്ന് ഞങ്ങള്‍. ആദ്യ പേജില്‍ തന്നെ കണ്ടത് ഇത്.

പൊറോട്ട (ഒരെണ്ണം) - 40
അപ്പം (3 എണ്ണം) - 75
തട്ട് ദോശ( 3 എണ്ണം) - 75

ഇതോടെ ബാക്കി ഉണ്ടായിരുന്ന ജീവന്‍ കൂടെപ്പോയി. എന്ത് ചെയ്യണം എന്നറിയാന്‍ വയ്യാത്ത അവസ്ഥ. ഇമവെട്ടാ‍മത്സരം പോലെ ഞാനും അവനും പരസ്പരം നോക്കിയിരുന്നു. ആപത്ബാന്ധവനായ ബിരിയാണിയെ തപ്പിനോക്കിയപ്പോള്‍ അതവിടെങ്ങും കണ്ടുമില്ല. അപ്പൊ മോഹന്‍ലാല്‍ കരുതിക്കൂട്ടിത്തന്നെയാണ്. ഇന്നാ, ഇങ്ങോട്ട് ഒരു കത്തി കയറ്റിക്കോ എന്ന് നെഞ്ച് വിരിച്ച്കാണിച്ച് പറയാന്‍ തോന്നി അന്നേരം.

വേറെ നിവര്‍ത്തി ഒന്നും ഇല്ലാത്തത്കൊണ്ട് അപ്പവും ചിക്കനും ഞാനും, ദോശയും മട്ടനും അവനും ഓര്‍ഡര്‍ ചെയ്ത്, ക്ഷീണം തീര്‍ക്കാനായി ഹോട്ടലിനേയും, ലാലിനേയും, ആ നടനേയും കുറ്റം പറഞ്ഞ് തുടങ്ങി.

മോഹന്‍ലാലിന്റെ അനിയനും, അനുയായിയയും ഒക്കെ അഭിനയിച്ചിട്ടുള്ള ഒരു നടന്റെ ഇന്നത്തെ അവസ്ഥ നോക്കിക്കേ. ഒരു ഹോട്ടലില്‍ വെയിറ്റര്‍ ആയിട്ട് ജീവിക്കേണ്ടി വരിക എന്ന് പറഞ്ഞാല്‍? ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല, പക്ഷെ വെയിറ്റര്‍ ആകാന്‍ പറ്റുമായിരിക്കും. പുതിയ സിനിമ ഒന്നും കിട്ടിയില്ലായിരിക്കും. ജീവിക്കണ്ടേ പാവത്തിന്. നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍. ഇത്ര ഗ്ലാമര്‍ ഉള്ള ഞാന്‍ ഇവിടെ വെയിറ്ററും കാക്ക പോലും രണ്ടാമത്ത് തിരിഞ്ഞ് നോക്കാത്ത ഇവന്മാരൊക്കെ എന്റെ കസ്റ്റമറും എന്നൊക്കെ ആ പാവം വിചാരിക്കുന്നുണ്ടാകും. ചിന്തകള്‍ കാട് കയരുമ്പോഴേക്കും ഓര്‍ഡര്‍ കൊടുത്ത വസ്‌തുവകകള്‍ എത്തി.

അപ്പവും ദോശയും ഒരുപോലെ. അപ്പമേതാ, ദോശയേതാ എന്നറിയണമെങ്കില്‍ റിവേര്‍സ് എഞ്ചിനിയറിങ്ങ് ചെയ്യേണ്ടി വരും. അതു സഹിക്കാം. അവയ്ക്ക് ഉഷ ഉതുപ്പിന്റെ പൊട്ടിന്റെ വലുപ്പം പോലുമില്ലെന്നേ. അതെങ്ങിനെ ഞങ്ങള്‍‍ സഹിക്കും? മോഹന്‍ലാലിനോടുള്ള സ്നേഹത്തിന്റെ പുറത്ത് കുറച്ച് കൂടുതല്‍ വിശപ്പിച്ചിട്ടാ, കേറി വന്നത്. ഇനി ഞാന്‍ എന്റെ വയറിനോട് എന്ത് സമാധാനം പറയും?

ലാലേട്ടന്റെ മാമ്പഴക്കാലമെന്ന സിനിമ പോലെ എന്റെ പ്രതീക്ഷകളും എട്ട് നിലയില്‍ പൊട്ടി. ഇത് കഴിച്ച് കഴിഞ്ഞ് പുറത്ത് പോയി വേറെ ഏതെങ്കിലും ഹോട്ടലില്‍ പോയി വയറ് നിറച്ച് കഴിക്കാമെന്ന് തീരുമാനമെടുത്ത് ആ പ്ലേറ്റ് രണ്ടും ഞങ്ങള്‍ ക്ഷണപ്രഭാചഞ്ചലമാക്കി. വയറില്‍ ബാക്കി ഉണ്ടായിരുന്ന സ്ഥലം വെള്ളമൊഴിച്ച് നിറച്ചു. എണ്ണൂറ് രൂപ ആയ ബില്ല്, ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്താല്‍ ഒത്തുതീര്‍പ്പാക്കി തിരിച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍ നന്ദി പറയാന്‍ നേരത്തേ പറഞ്ഞ നടന്‍ മുന്നില്‍. ലക്ഷങ്ങള്‍ ഒഴുക്കുന്ന പ്രൊഡ്യൂസറെ വരെ പിച്ചചട്ടി എടുപ്പിക്കുന്ന ഇവര്‍ അത്രയും ദ്രോഹം ഞങ്ങളോട് ചെയ്തില്ലല്ലോ എന്ന ആശ്വാസത്തില്‍ ഒരു ചിരി മുഖത്ത് വരുത്തി അദ്ദേഹത്തെ പരിചയപ്പെട്ടു.

അദ്ദേഹം ഇതിന്റെ C.E.O ആണത്രെ. നേരത്തേ ഊഹിച്ച കാര്യങ്ങള്‍ ഒന്നും ചോദിക്കാന്‍ തോന്നാതിരുന്നത് ഭാഗ്യം. ചിലപ്പൊ അകത്ത് പാചകം ചെയ്യുന്നത് ഇത് പോലെ വല്ല നടന്മാരും ആണെങ്കില്‍, ചിലപ്പൊ അവര്‍ വില്ലന്മാര്‍ ആയിരുന്നെങ്കില്‍, അതു റിയാസ് ഖാന്‍ ആയിരുന്നെങ്കില്‍? ... ആയിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ചുമരില്‍ തൂക്കുന്ന വെറും ഒരു ചിത്രം മാത്രം, അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല. ഇനി കാര്യത്തിലേക്ക്. നേരത്തേ പറഞ്ഞ നടന്‍, അദ്ദേഹത്തിന്റെ പേര് അനില്‍ കുമാര്‍ ആനന്ദ്. സൂര്യഗായത്രി എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിച്ച് ജനഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍. അഭിനയിച്ച സിനിമകളുടെ മുഴുവന്‍ പേരുകള്‍ എടുത്ത് പറയുന്നില്ല. അറിയില്ല എന്നതും അതിനൊരു കാരണം മാത്രം.

സംഭവബഹുലമായ ഒരു അത്താഴത്തിന് ശേഷം ഞങ്ങള്‍ വയറ് നിറക്കാന്‍ ബിരിയാണി കിട്ടുന്ന സ്ഥലം നോക്കി ഞങ്ങള്‍ യാത്രയായി വീണ്ടും. വഴി നീളെ ഞങ്ങള്‍ ഉച്ചത്തില്‍ അട്ടഹസിച്ച് കൊണ്ടിരുന്നു. ഏയ്, വട്ടായിട്ടൊന്നുമല്ല. മുന്നാഭായി MBBS എന്ന സിനിമയില്‍ ബൊമ്മന്‍ ഇറാനി ചെയ്ത വേഷം കണ്ടതില്‍പിന്നെ ഞങ്ങള്‍ അങ്ങിനെയാ, ദേഷ്യം വന്നാലും ചിരിച്ചുകൊണ്ടേയിരിക്കും, ചിരി ഈസ് ഡൈറക്റ്റ്ലി പ്രൊപ്പോഷണല്‍ റ്റു ദ ദേഷ്യം എന്ന് ഉവാച. ബൊമ്മന്‍ ഇറാനിക്കും ഹോട്ടലുണ്ടോ ആവോ! എന്തായാലും അങ്ങോട്ട് ഞങ്ങളില്ലേ...

കുറിപ്പ്: ഈ ലേഖനം മോഹന്‍ലാലെന്ന അതുല്യനടനേയോ, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ എന്തെങ്കിലും രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല. തമാശയായി മാത്രം ആദ്യവസാനം പറഞ്ഞത് കാണണമെന്ന് താല്പര്യപ്പെടുന്നു.

posted by സ്വാര്‍ത്ഥന്‍ at 11:14 PM

0 Comments:

Post a Comment

<< Home