::സാംസ്കാരികം:: - താരാമതിയുടെ ഗാനമന്ദിരം
http://samskarikam.blogspot.com/2006/04/blog-post_23.html | Date: 4/23/2006 7:41 PM |
Author: കലേഷ് | kalesh |
മൂന്നു നൂറ്റാണ്ടായി ശൂന്യമായും പാഴായും കിടന്ന താരാമതി ഗാനമന്ദിരത്തിനു പുനര്‍ജന്മമാവുമ്പോള്‍...
ഒ.വി. ഉഷ
----------------
ആന്ധ്രപ്രദേശത്തെ ഗോല്‍ക്കൊണ്ട സുല്‍ത്താന്മാരില്‍ ഏഴാമനായിരുന്നു എ.ഡി. 1614-ല്‍ ജനിച്ച അബ്ദുള്ള കുത്തുബ് ഷാ. അദ്ദേഹത്തിന്റെ ഭരണകാലം 1626 മുതല്‍ '72 വരെയായിരുന്നു. കലാരസികനായിരുന്ന ഇദ്ദേഹത്തിന്റെ ആസ്ഥാനത്ത്, ഗോല്‍ക്കൊണ്ട കോട്ടയില്‍ കലാകാരന്മാരും കലാകാരികളുമായി ഇരുപതിനായിരം പേരാണുണ്ടായിരുന്നതത്രെ. ഈ ജനസഞ്ചയത്തിനിടയ്ക്ക് വേറിട്ടുനിന്നു താരാമതി. പ്രതിഭയുടെ പ്രഭാവംകൊണ്ട് 'സംഗീതസരസ്വതി' എന്ന വിശേഷണം കിട്ടിയ അവരോട് സുല്‍ത്താനുണ്ടായിരുന്ന ആദരവിന്റെ തെളിവാണ് സുല്‍ത്താന്‍ നിര്‍മിച്ചുനല്‍കിയ ഗാനമന്ദിരം. ഗോല്‍ക്കൊണ്ട കോട്ടയില്‍നിന്ന് അധികം ദൂരെയല്ലാതെ ഒരു കുന്നിന്‍പുറത്ത് കാര്യമായി ഇടിച്ചില്‍ തട്ടാതെ നാനൂറുകൊല്ലത്തോളമായിട്ടും അതു നിലനില്‍ക്കുന്നു.
അബ്ദുള്ളയുടെ മുത്തച്ഛനായ മുഹമ്മദ് കൂലി കുത്തുബ് ഷായ്ക്ക് ഭാഗ്‌മതി എന്ന സ്ത്രീയോടുണ്ടായിരുന്ന സ്നേഹാദരങ്ങള്‍ എങ്ങനെയോ അങ്ങനെയായിരുന്നു അബ്ദുള്ളയ്ക്ക് താരാമതിയോട് എന്നാണ് പറയുന്നത്. ഭാഗ്‌മതിയും കലാകാരിയായിരുന്നു. മുഹമ്മദ് കൂലി കുത്തുബ് ഷാ അവരെ ആദരിക്കപ്പെടുന്നവള്‍ എന്നര്‍ഥം വരുന്ന ഹൈദര്‍ ബീഗമാക്കി. ഭാഗ്യനഗര്‍ എന്ന പഴയ നഗരം ഹൈദരാബാദ് ആയത് ഹൈദര്‍ബീഗം കാരണമാണ്.
അബ്ദുള്ളയും മുത്തച്ഛനെപ്പോലെ കവിതയും സംഗീതവും ആസ്വദിച്ചു. ഉറുദുവില്‍ അദ്ദേഹം കവിതയെഴുതാറുമുണ്ടായിരുന്നു. മുന്നൂറ്റന്‍പതു കൊല്ലം മുന്‍പ് ഗോല്‍ക്കൊണ്ട കോട്ടയ്ക്കകത്ത് കടന്നുപോയ സായാഹ്നങ്ങള്‍ പലതും സംഗീതസാന്ദ്രമായിരുന്നു. പറഞ്ഞു കേള്‍ക്കുന്നതിങ്ങനെയാണ്: കോട്ടയുടെ ഉച്ചിയില്‍ അകത്തളത്തില്‍ ഉയര്‍ന്ന മഞ്ചത്തില്‍ അബ്ദുള്ള കുത്തുബ് ഷാ ഇരിക്കുന്നു. കല്‍ച്ചുമരുകളെ അലങ്കരിക്കുന്ന കസവുപാകിയ വിരികളില്‍ പോക്കുവെയില്‍ തിളങ്ങുന്നു. തൂക്കുവിളക്കില്‍ നൂറുതിരികള്‍ തെളിയുകയാണ്. വാതിലുകളില്‍ പട്ടുതിരശ്ശീലകളില്‍ ഓളമിടുന്ന ഇളം കാറ്റ്. ഷിരാസില്‍നിന്നുള്ള വീഞ്ഞു പകര്‍ന്ന വെള്ളിക്കോപ്പയില്‍ സുല്‍ത്താന്‍ പതുക്കെ തട്ടുന്നു. സുല്‍ത്താനു മാത്രമായുള്ള ഒരു സംഗീതസായാഹ്നത്തിന്റെ ആരംഭമാണതു കുറിക്കുക.
ഒരു നാഴിക ദൂരെ (വായുമാര്‍ഗം അളന്നാല്‍) മറ്റൊരു കുന്നുണ്ട്. അതിന്റെ നിറുകയിലാണ് താരാമതിയുടെ ഗാനമന്ദിരം. സുല്‍ത്താന്‍ കൊടുത്ത അടയാളം സേവകരിലൂടെ പകര്‍ന്നു പകര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ താരാമതിക്കു കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, താരാമതി ഈ അടയാളം പ്രതീക്ഷിച്ച് താളമേളക്കാരെക്കൂട്ടി ഒരുക്കത്തോടെ ഇരിക്കയാവും. താരാമതി ഇപ്പോള്‍ സുല്‍ത്താനു വേണ്ടി ഗാനമന്ദിരത്തിലിരുന്നു പാടിത്തുടങ്ങുകയാണ്. അന്നത്തെ വാസ്തുശില്‍പികളുടെ ഉള്‍ക്കാഴ്ചയും വൈദഗ്‌ധ്യവും കൊണ്ട് ഈ സംഗീതം സുല്‍ത്താന് ഗോല്‍ക്കൊണ്ടയുടെ ഉയരത്തിലിരുന്നു കേള്‍ക്കാന്‍ കഴിയുമായിരുന്നത്രെ. പലപ്പോഴും അവര്‍ സുല്‍ത്താന്‍ രചിച്ച വരികള്‍ക്ക് ഈണം കൊടുത്തു. ഒരു രചന ഇങ്ങിനെ:
"പ്യാലേ, പ്യാലേ, യൂം പീനാ
ദുനിയാമേ, ദുനിയാമേ
യഹീ കുഛ് ഹായ് ജീനാ...."
-എന്താണ് ഈ ലോകത്തിലെ ജീവിതം, നിറയുകയും ഒഴിയുകയും ചെയ്യുന്ന പാനഭാജനങ്ങള്‍ പോലെ-
ദൂരെയെങ്കിലും അടുത്തെന്നപോലെ, അടുത്തെന്നു തോന്നിച്ചാലും ദൂരെയായി, താരാമതിയുടെ പാട്ടും തബലയുടെ താളവും സിതാറിന്റെയും തംബുരുവിന്റെയും നാദധാരകളും സാന്ധ്യാകാശത്തിലൂടെ വന്ന് സുല്‍ത്താനു ചുറ്റും നിറയുകയായി. ഗോല്‍ക്കൊണ്ടയിലെയും ഗാനമന്ദിറിലെയും 'അക്കൂസ്റ്റിക്സ്' ചരിത്രത്തിന്റെ ഈ അവകാശവാദത്തെ ശരിവെക്കുന്നു. ഗാനമന്ദിറില്‍നിന്ന് സുല്‍ത്താന്റെ ഗോല്‍ക്കൊണ്ടയിലെ പള്ളിയറയിലേക്ക് ഭൂമിക്കടിയിലൂടെ ഒരു തുരങ്കം ഉണ്ടായിരുന്നുവെന്നും ചന്ദൃകാചര്‍ച്ചിതമായ പല രാത്രികളിലും താരാമതി പാടിയും നൃത്തച്ചുവടുകള്‍ വെച്ചും ഈ തുരങ്കം വഴി പള്ളിയറയിലെത്താറുണ്ടായിരുന്നുവെന്നുമാണ് ജനങ്ങള്‍ കരുതുന്നത്.
താരാമതിയുടെ ഗാനമന്ദിരം കുത്തുബ് ഷാഹി വാസ്തുശെയിലിയിലുള്ള ഒരു 'ബാരാദരി'-'ബാരഹ്' എന്നാല്‍ പന്ത്രണ്ട്, 'ദര്‍' കവാടവും-യാണ്. ചുണ്ണാമ്പും ചാന്തും ഉപയോഗിച്ചാണ് ഇതു പണിതിരിക്കുന്നത്. ഗോല്‍ക്കൊണ്ടയുടെ തുടര്‍ച്ച എന്നാണിതിനെ വിശേഷിപ്പിക്കാറ്. താരാമതിയുടെ സംഗീതവ്യക്തിത്വത്തിനു മാത്രമല്ല ഈ ബാരാദരി അനശ്വരതയുടെ മുദ്ര ചാര്‍ത്തുന്നത്. സുല്‍ത്താന്‍ അബ്ദുള്ളയുടെ ലാവണ്യബോധത്തിനും സംഗീതത്തോടുണ്ടായിരുന്ന അഗാധ പ്രണയത്തിനുമാണ്.
ചുറ്റുവട്ടത്തുതന്നെ മറ്റൊരു കലാനിലയത്തിന്റെ അവശിഷ്ടമുണ്ട്. പ്രേമാവതി നൃത്യമന്ദിര്‍. താരാമതിയുടെ സഹോദരിയും നര്‍ത്തകിയുമായിരുന്നു പ്രേമാവതി. സുല്‍ത്താനു മുന്നേ തന്നെ മരിച്ചുപോയി ഈ നര്‍ത്തകി. അവരുടെ കല്ലറയില്‍ സുല്‍ത്താന്‍ കുറിച്ചു: "പ്രേമാവതി അനശ്വരമായ ഒരു സ്വര്‍ഗപുഷ്പമാണ്." (1662). കുത്തുബ് ഷാഹി ശവകുടീരങ്ങള്‍ക്കിടയില്‍ സുല്‍ത്താന്റെ കല്ലറയോടടുത്തു കിടക്കുന്നു പ്രേമാവതിയുടെയും താരാമതിയുടെയും ശവകുടീരങ്ങള്‍.
ബാരാദരിയുടെ പുതുജന്മം
വാസ്തു വിദഗ്ദ്ധര്‍ പറയുന്നത് ഓരോ കെട്ടിടത്തിനും മനുഷ്യശരീരത്തിനെന്നപോലെ യൌവനവും വാര്‍ധക്യവും വൃദ്ധിക്ഷയങ്ങളുമുണ്ടെന്നാണ്. സുല്‍ത്താനും ആ കാലഘട്ടത്തിലെ മുന്തിയ കലാസ്വാദകര്‍ക്കും വേണ്ടി സംഗീതം ചൊരിഞ്ഞ അതിന്റെ യൌവനാവസ്ഥയ്ക്കുശേഷം പന്ത്രണ്ടുകവാടങ്ങളുള്ള താരാമതി ഗാനമന്ദിരം മൂന്നു നൂറ്റാണ്ടായി ശൂന്യമായും പാഴായും കിടന്നു; രാജകീയ പ്രൌഢിയുടെ ഒരവശിഷ്ടമായി. ഒരു ഹെറിറ്റേജ് മോണ്യുമെന്റ് ആയും കള്‍ച്ചര്‍ കോംപ്ലക്സ് ആയും ഇതിനു പുതുജന്മം കിട്ടുന്നത് 2004-ല്‍ ആണ്.
മഹാനായ ഒരു കലാകാരന്റെ സ്വപ്നവും പ്രയത്നവുമാണ് ആന്ധ്രാഗവണ്‍മെന്റിനെ ഈ പുനരുജ്ജീവനകര്‍മത്തിനു പ്രേരിപ്പിച്ചത്. 'കലാതപസ്വി'യും 'നടരാജ'നുമായ പദ്‌മശ്രീ ഡോ. രാമകൃഷ്ണയാണ് നര്‍ത്തനകലയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച ആ കലാകാരന്‍. ഇബ്രാഹിം ബാഗിലെ ഗണ്ഡിപെറ്റ് റോഡിലൂടെ കടന്നുപോയ അവസരങ്ങളിലൊക്കെ താരാമതിയുടെ ഈ കെട്ടിടം അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുമായിരുന്നു. ഏതാണ്ടൊരു വ്യാഴവട്ടക്കാലം മുന്‍പ് സ്വാതന്ത്ര്യദിനം പ്രമാണിച്ചാണെന്ന് തോന്നുന്നു ഗവര്‍ണരുടെ ഭവനത്തില്‍ ഒരൊത്തുചേരലിന് ക്ഷണം കിട്ടിയിരുന്നു. അവിടെ ചെല്ലുക എന്ന ഉദ്ദേശ്യത്തിലാണിറങ്ങിയതെങ്കിലും ശക്തമായ ഒരുള്‍പ്രേരണ നിമിത്തം എത്തിച്ചേര്‍ന്നത് ബാരാദരിയില്‍.
ഒരു വലിയ മഴ പെയ്തൊഴിഞ്ഞ സമയം. കെട്ടിടത്തിന്റെ ഭാഗങ്ങളില്‍നിന്നും അതു നില്‍ക്കുന്ന കുന്നിന്റെ ഉച്ചിയില്‍നിന്നും മഴവെള്ളം ഒലിച്ചുവീഴുന്നുണ്ടായിരുന്നു. ശബ്ദമില്ലാതെ, വിങ്ങലൊതുക്കി ആരോ കരയുന്ന പോലെയാണ് രാമകൃഷ്ണയ്ക്ക് തോന്നിയത്. പെട്ടെന്ന് ആ സ്ഥലത്തോട് എന്തെന്നില്ലാത്ത അടുപ്പം അനുഭവപ്പെട്ടു. മഴക്കാല സന്ധ്യയുടെ വിഷാദച്ഛവി കനക്കുംവരെ നടരാജരാമകൃഷ്ണ അതിനകത്ത് എന്തൊക്കെയോ ചിന്തിച്ചിരുന്നു. ഇപ്പോള്‍ ഒറ്റത്തിരി പോലും തെളിയാതെ കിടക്കുന്ന ഈ ഗാനമന്ദിരം സംഗീതത്തിന്റെയും നൃത്തത്തിന്റെയും മികവാര്‍ന്ന അവസ്ഥകള്‍ക്കു സാക്ഷ്യം വഹിച്ചിരിക്കണം. നിറഞ്ഞ പ്രകാശവും സംഗീതവും താളത്തിന്റെ പെരുക്കങ്ങളും നിറഞ്ഞു നിന്ന ആ ഒരു കാലം അദ്ദേഹം സങ്കല്‍പിച്ചു. എത്ര സംഗീത വിരുന്നുകള്‍ നടന്നിരിക്കണം ഇവിടെ? അന്നത്തെ വലിയവരായിരുന്നിരിക്കണം കേള്‍വിക്കാര്‍. ഒരുപക്ഷേ, പുരുഷന്മാര്‍ മാത്രമുള്ള സദസ്സ്. സംഗീതത്തില്‍ ഒന്നാം സ്ഥാനത്ത് നിലനിന്നുപോരാന്‍ താരാമതി ഏതളവില്‍ സംഗീതതപസ്യ അനുഷ്ഠിച്ചിരിക്കണം! കൊട്ടാരത്തിന്റെ ഏതൊക്കെ അന്തര്‍നാടകങ്ങളെ അതിജീവിച്ചിരിക്കണം! അന്നത്തെ ദിവസത്തിനുശേഷം അദ്ദേഹം പിന്നെയും ബാരാദരി സന്ദര്‍ശിച്ചു. ഒരു സന്ദര്‍ശനവേളയില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ലയിച്ചിരിക്കവെ അത്യന്തം ഹൃദയസ്പര്‍ശിയായ നേര്‍ത്ത സംഗീതത്തിന്റെയും നൂപുരത്തിന്റെയും ഒലി അദ്ദേഹം കേട്ടു. ആരുടെയോ നിഴല്‍ അടുത്തുകൂടി കടന്നുപോയതുപോലെ. 'ഭാവനയായിരുന്നുവോ അതോ ഹാല്യൂസിനേഷനോ?' എന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ (ഒരിക്കല്‍ ഫോട്ടോഗ്രാഫര്‍ കെ.ആര്‍. വിനയന്‍ അദ്ദേഹത്തിന്റെ ഭാര്യ റെനിത, എന്റെ ഒരു സുഹൃത്ത് സുഷ്മിത സിന്‍ഹ എന്നിവരോടൊപ്പം ഞാന്‍ ചെന്നുകണ്ടിരുന്നു) പറഞ്ഞു: "നേരു പോലെ അനുഭവപ്പെട്ടു എന്നേ പറയാനൊക്കൂ."
രാജാവിനു വേണ്ടി പാടിയും ആടിയും ഉപജീവനം കഴിച്ച സ്ത്രീകള്‍ എന്ന നിലയ്ക്ക് അന്തസ്സാരശൂന്യമായ ജീവിതത്തിന്റെ ഉടമകളായിട്ടാണ് അവരെ ജനം വീക്ഷിക്കുക. പക്ഷേ, നടരാജരാമകൃഷ്ണയുടെ കലാഹൃദയം സഹാനുഭൂതി കൊണ്ടു നിറഞ്ഞു. താരാമതിയുടെ കാലവും കലയും പെണ്മനസ്സിന്റെ വ്യാകുലതയും ബാരാദരിയില്‍ വെച്ചുണ്ടായ നിമിഷങ്ങളില്‍ ഒരു മിന്നല്‍പോലെ അനുഭവത്തില്‍ വരികയായിരുന്നു. ബാരാദരി എന്ന സംഗീത സ്മാരകത്തില്‍ ഒരു തിരിയെങ്കിലും തെളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നദ്ദേഹം ആശിച്ചുപോയി. താരാമതിയെപ്പറ്റിയും സഹോദരി പ്രേമാവതിയെപ്പറ്റിയും ഗോല്‍ക്കൊണ്ട സുല്‍ത്താന്മാരെപ്പറ്റിയും കിട്ടാവുന്ന ചരിത്ര രേഖകളും കഥകളും വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. അവയെ ആസ്പദമാക്കി രണ്ടു ലഘു നോവലുകള്‍ എഴുതി സ്വന്തമായി പണം ചെലവാക്കി അച്ചടിച്ചു വിതരണം ചെയ്തു. കുറെനാള്‍ മനസ്സില്‍ക്കിടന്ന് താരാമതിയുടെ ഗാനമന്ദിരം ഒരു പദ്ധതിക്ക് പ്രചോദനമായി. അങ്ങനെ മറവി മൂടിക്കിടന്ന പഴയ ബാരാദരി പുനരുദ്ധരിക്കുന്നതിനും അവിടം ഒരു സാംസ്കാരിക സമുച്ചയമാക്കുന്നതിനുമുള്ള ഒരു കരടുരൂപരേഖ അദ്ദേഹം തയ്യാറാക്കി. ആന്ധ്രപ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനെയും അതിന്റെ തലവന്‍ ആഞ്ജനേയ റെഡ്ഡിയെയും സമീപിച്ചു. പദ്ധതി ഏറെക്കുറെ സ്വീകരിക്കപ്പെട്ടു. ആവശ്യമായ മാറ്റങ്ങളോടെ അവരത് നടപ്പാക്കുകയും ചെയ്തു. അങ്ങനെ ബാരാദരി വര്‍ത്തമാനകാല സാംസ്കാരിക ജീവിതത്തിലേക്ക് കടന്നുവന്നു, 2004 ഫിബ്രവരിയില്‍.
അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു സ്വിച്ചോണ്‍കര്‍മം നടത്തിയപ്പോള്‍ ആയിരത്തഞ്ഞൂറു പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ വേദിക്കും പശ്ചാത്തലത്തില്‍ കുന്നിന്റെ ഉച്ചിയിലെ സ്മാരകത്തെ മാറിമാറിവരുന്ന വര്‍ണദീപ്തിയില്‍ കുളിപ്പിക്കുന്ന വൈദ്യുതദീപാലങ്കാരത്തിനും തുടക്കമായി.
തുറന്ന ഓഡിറ്റോറിയത്തിനു പുറമെ അണിയറകള്‍, ആറു ഫുഡ്‌കോര്‍ട്ടുകള്‍, പരിശീലനമുറി, അഞ്ഞൂറു പേര്‍ക്കിരിക്കാന്‍ പാകത്തില്‍ തിയേറ്റര്‍, വലിയ വിരുന്നുശാല, ആന്ധ്രപ്രദേശ് ടൂറിസം വികസന കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലശൃംഖല 'പുന്നമി' (പൌര്‍ണമി)യുടെ ഒരു ശാഖ, താമസത്തിന് ആറു സ്വീറ്റുകള്‍, ഇരുപത്തിനാലു മുറികള്‍ എന്നിങ്ങനെ പലവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 87000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് ഏഴേക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ സാംസ്കാരിക സമുച്ചയത്തിന്. താരാമതിയുടെ സ്മാരകത്തില്‍ മൂന്നു ദേശീയതല സാംസ്കാരികോത്സവങ്ങള്‍ നടക്കുന്നു-താരാമതി മ്യൂസിക് ഫെസ്റ്റിവല്‍, പ്രേമാവതി ഡാന്‍സ് ഫെസ്റ്റിവല്‍, ഗോള്‍ക്കൊണ്ട കള്‍ച്ചറല്‍ ഫെസ്റ്റിവല്‍. ശാസ്ത്രീയസംഗീതം, ശാസ്ത്രീയനൃത്തം, നാടകം, നൃത്തപരീക്ഷണങ്ങള്‍, കവ്വാലി, ബാലേ, സമകാലീന ഫ്യൂഷന്‍സ് എന്നിങ്ങനെ അവതരിക്കപ്പെടുന്ന കലാരൂപങ്ങള്‍ ഏറെ. സാംസ്കാരിക വകുപ്പിന്റെ ഈ പരിപാടികള്‍ ഇല്ലാതിരിക്കുന്ന സമയങ്ങളില്‍ പല ഒത്തുചേരലുകള്‍ക്കും പരിപാടികള്‍ക്കും വേദിയായി പുറത്തുള്ള സംഘടനകള്‍ക്ക് ഓഡിറ്റോറിയവും തിയേറ്ററുമൊക്കെ വാടകയ്ക്ക് കൊടുക്കാറുണ്ട്. ധാരാളം സന്ദര്‍ശകര്‍ വന്നുപോകുന്നുമുണ്ട്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും എണ്ണപ്പെട്ട കലാകാരന്മാരും കലാകാരികളും ഇവിടെ എത്തി.
ഒരു പൂ ചോദിച്ചു, പൂക്കാലംകിട്ടിയെന്നു പറഞ്ഞപോലെ നടരാജരാമകൃഷ്ണയുടെ 'ഒരു തിരിയെങ്കിലും...' എന്ന സങ്കല്‍പം താരാമതി ബാരാദരിയെ പ്രകാശധാരകളില്‍ കുളിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു.
കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍ , എം.കെ.പോള്‍, ചിന്ത.കോം
ലിങ്ക് :
0 Comments:
Post a Comment
<< Home