Monday, April 24, 2006

കൊടകര പുരാണം - കട്ടമടയും മുന്തിരി ജ്യൂസും

ദേശീയ പഞ്ചഗുസ്തി ഫെഡറേഷന്റെ, അതുണ്ടായ കാലം മുതലേയുള്ള ജെനറല്‍ സക്രട്ടറി, ശ്രീ. എ.വി. വിക്രമേട്ടന്റെ അഭിപ്രായത്തില്‍, കേരളത്തിലെ പ്രായപൂര്‍ത്തിയായവരെല്ലാം ആണ്‍ പെണ്‍ തിരിവില്ലാതെ ബോഡിബില്‍ഡേഷ്സും പഞ്ചപിടുത്തക്കാരുമാകണം എന്നതാണ്‌.

അങ്ങിനെ, 'കട്ടകള്‍ തിങ്ങും കേരള നാട്‌' എന്ന സുന്ദരസ്വപന സാക്ഷാല്‍ക്കാരത്തിനായി കേരളത്തിലങ്ങോളമിങ്ങോളം മുട്ടിന്‌ മുട്ടിന്‌ ശരീരസൌന്ദര്യമത്സരവും പഞ്ചഗുസ്തിയും സംഘടിപ്പിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഇദ്ദേഹമാണ്‌ ആദ്യമായി കൊടകരയില്‍ ഭാരത്‌ ജിംനേഷ്യമെന്ന പേരില്‍ കട്ടഫാക്ടറി തുടങ്ങിയത്‌.

ചന്തയോട്‌ ചേര്‍ന്ന ബില്‍ഡിങ്ങിലായതുകൊണ്ട്‌, 'ചന്താശുപത്രി' എന്ന് അറിയപ്പേടാന്‍ വിധിക്കപ്പെട്ട, ശ്രീ.ബാലന്‍ ഡോക്ടറുടെ 'മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്പിറ്റലിന്റെ' ഓപ്പോസിറ്റ്‌ സൈഡില്‍, മോഹന്‍ സലൂണിന്റെ പിറകിലായിട്ടായിരുന്നു പ്രശസ്തമായ ഈ കട്ടമട പ്രവര്‍ത്തിച്ചുവന്നിരുന്നത്‌.

ചെറുതിലേ മോഹന്‍സലൂണില്‍ മുടിവെട്ടാന്‍ പോയാല്‍, മോഹനേട്ടന്റെ കയ്യില്‍ വേറെ തലയുണ്ടെങ്കില്‍ പിറകില്‍ പോയി ജിം ഷെഡിന്റെ ഓലചുമരിനിടയിലൂടെ ലങ്കോട്ടിധരന്മാരായി(ബഹുവ്രീഹി) നിന്ന് മസില്‍ പിടപ്പിക്കുന്ന ചേട്ടന്മാരെ ഭയഭക്തിബഹുമാനത്തോടെ മണിക്കൂറുകളോളം നോക്കി നില്‍ക്കല്‍ ഒരു ശീലമായിരുന്നു.

'ഈ ചള്ള്‌ പ്രായത്തില്‍ നീ വെയിറ്റ്‌ എടുത്ത്‌ പൊക്കിയാല്‍ കാരച്ച്‌ കര്‍ക്കടത്തിന്റെ പോലെ മറ്റൊരു സീറോ ബള്‍ബായിപ്പോകുമെഡാ., വയസ്സ്‌ പതിനേഴ്‌ തികയട്ടേ, എന്നിട്ട്‌ പോയാ മതി'

എന്ന പേരുകേട്ട ജിമ്മന്‍ കം കളരി കം കരാട്ടെ സുകു ചേട്ടന്റെ ഉപദേശം കണക്കിലെടുത്ത്‌ ഞങ്ങള്‍ എങ്ങിനെയെങ്കിലുമൊന്ന് പതിനേഴുവയസ്സായെങ്കില്‍ എന്ന് മോഹിച്ച്‌ കാത്തിരുന്നു. ഒറ്റക്ക്‌ ഗേയ്റ്റടയില്‍ പെട്ടുപോയ കല്യാണക്കാറിലുള്ളവര്‍, ട്രെയിന്‍ വെയിറ്റ്‌ ചെയ്യുന്നപോലെ!

പക്ഷെ..., ഊണിലും ഉറക്കത്തിലും ഉറക്കപ്പിച്ചിലും മസില്‍ സ്വപ്നം കണ്ടുനടന്നിരുന്ന ഞങ്ങളെ നിരാശയുടെ കല്ലുവെട്ടുമടയിലേക്ക്‌ തള്ളിയിട്ടുകൊണ്ട്‌, സംഭവിക്കാനുള്ളത്‌ സംഭവിച്ചു!!!

യാതൊരു മുന്നറിയുപ്പുമുല്ലാതെ ഒരു ദിവസം ഭാരത്‌ ജിനേഷ്യം അടച്ചുപൂട്ടി. പുതിയ സാമഗ്രികള്‍ മറ്റൊരു ക്ലബിന്‌ വിറ്റ്‌, ബാക്കി വന്നത്‌ ആക്രിക്കച്ചവടക്കാരന്‍ മാരിമുത്തുവിനും കൊടുത്ത്‌ വിക്രമേട്ടന്‍ പരിപാടി അവസാനിപ്പിച്ചു!

അന്ന് മാരിമുത്തുവും ആള്‍ടെ, വര്‍ഷത്തില്‍ 365 ദിവസവും മൂക്കൊലിപ്പുള്ള മകന്‍ അണ്ണാമലയും കൂടെ, പിയൂസേട്ടന്റെ ഇരുമ്പ്‌ കടയിലേക്ക്‌, ഡബലുകളും വെയിറ്റുകളും വലിവണ്ടിയില്‍ വലിച്ച്‌ കൊണ്ടുപോകുന്ന കാഴ്ച പലര്‍ക്കും കണ്ടുനില്‍ക്കാന്‍ പറ്റാത്തതായിരുന്നു. എങ്ങിനെ കാണും? അത്‌ കിലോക്ക് 80 പൈസ വിലയുള്ള പഴയ വെറും ഇരുമ്പുരുപ്പിടികള്‍ മാത്രമായിരുന്നില്ലല്ലോ, അത്‌ ഞങ്ങളുടെ സ്വപനങ്ങള്‍ തന്നെയിരുന്നില്ലേ!

കൊല്ലങ്ങള്‍ പലത്‌ കടന്നുപോയി, ഇക്കാലയളവില്‍ ഒറ്റ പുതുക്കട്ടകളും കൊടകരയില്‍ ഫോം ചെയ്തില്ല. പുതിയ കട്ടകള്‍ ഉണ്ടാകാതെ കര, കട്ടയായില്ലക്കരയായി മാറിയതില്‍ കൊടകരാംഭദേവി ദു:ഖിതയായി.

അങ്ങിനെ കുറേ നാളത്തെ കാത്തിരുപ്പിന്‌ ശേഷം, യുവക്കളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി, ശാന്ത സ്റ്റീല്‍ ഹൌസ്‌ ഉടമ മുണ്ടക്കല്‍ സുകുച്ചേട്ടന്‍ പുതിയ ജിമ്‌നേഷ്യം ക്ലബു തുടങ്ങാന്‍ തയ്യാറായി മുന്നോട്ട്‌ വന്നു.

ഓടുമേഞ്ഞ ഷെഡ്‌ പണിയുടെ ആദ്യ്‌ ഘട്ടം മുതല്‍ അവസാന ഘട്ടം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം ആള്‍ക്ക്‌ കിട്ടി. ഇഷ്ടികയയിറക്കിയതും, മണലിറക്കിയതുമടക്കം എല്ലാകാര്യങ്ങള്‍ക്കും കരയിലെ മസിലാസക്തരായ യുവാക്കള്‍ അണിനിരന്നു.

അങ്ങിനെ മാസ്റ്റേഴ്സ്‌ ജിംനേഷ്യം ക്ലബ്‌ രൂപം കൊണ്ടു.

ഉത്ഘാടനതിയതിയും ഉത്ഘാടകനായി വിക്രമേട്ടനെയും നിശ്ചയിച്ചു കഴിഞ്ഞാണ്‌, സുകു ചേട്ടന്‍ മറ്റൊരു കാര്യം പറഞ്ഞത്‌. ഉദ്ഘാടനത്തിന്‌ വരുന്നവര്‍ക്ക്‌ എല്ലാവര്‍ക്കും 'മുന്തിരി ജ്യൂസ്‌' കൊടുക്കുന്നതായിരിക്കും!

ആ പ്രഖ്യാപനം കേട്ട്‌ അന്നവിടെയുണ്ടായിരുന്ന എല്ലാ യുവാക്കളും കോരിത്തരിച്ചു. ഈ വാര്‍ത്ത നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു.

അന്നത്തെക്കാലത്ത്‌ മുന്തിരി, ഓറഞ്ച്‌, ആപ്പിള്‍ എന്നിവ സാധാരണയായി കഴിക്കണമെങ്കില്‍..ഒന്നുകില്‍ വല്ല അസുഖവും നമ്മളോ അല്ലെങ്കില്‍ വീട്ടിലാരെങ്കിലുമോ ആശുപത്രിയില്‍ കിടപ്പാവണം എന്ന സ്ഥിതിയായിരുന്നു. പൊതുവേ യഥേഷടം കുടിക്കാന്‍ ആര്‍ക്കും തന്നെ സാധിക്കാത്ത ജ്യൂസ്‌ എന്നുപറയുന്ന സംഭവം, കുടി തുടങ്ങിയാല്‍ ഗ്ലാസ്‌ കാലിയാവും വരെ സുനാമി വരുന്നെന്ന് കേട്ടാല്‍ പോലും പകുതിക്ക്‌ വച്ച്‌ നിര്‍ത്താന്‍ സാധിക്കാത്തവരും, സ്റ്റ്രോയുടെ അങ്ങേത്തലക്കല്‍ നിന്ന് 'ശ്ലൂം..ശ്ലൂം...' എന്ന് കേള്‍ക്കുമ്പൊള്‍ വല്ലാത്ത മനോവിഷമം തോന്നുന്നവരുമായിരുന്നു നാട്ടിലെ പലരും!

അങ്ങിനെയുള്ള ജ്യൂസാണ്‌, ഷഷ്ഠിക്ക്‌ 'ഫ്രീ സംഭാരം' കുടിക്കണപോലെ കുടിക്കാന്‍ ചാന്‍സൊത്ത്‌ വന്നിരിക്കുന്നത്‌! ഹോ!

ഉലക കോപ്പ കാല്‍ പന്ത് പോട്ടി (വേള്‍ഡ് കപ്പ് ഫുഡ്ബോള്‍ )കാത്തിരിക്കുമ്പോലെ, ഉത്ഘാടനദിനം കാത്തിരുന്ന് അവസാനം ആ സുദിനമെത്തി.

ഉച്ചയോടെ പത്ത്‌ കൊട്ട മുന്തിരി തൃശ്ശൂര്‍ നിന്ന് എത്തി. ബിരിയാണി സദ്യക്ക്‌ കോഴിമുട്ട തോട്‌ കളയുമ്പോള്‍ 10% മുട്ടകള്‍ അപ്രത്യക്ഷമാവുമെന്നപോലെ, മുന്തിരിയുടെ ക്വാളിറ്റി ചെക്കപ്പ്‌ കഴിഞ്ഞപ്പോഴെക്കും ഒരു കൊട്ട മുന്തിരി കഴിഞ്ഞു!

ഇങ്ങിനെ പോയാല്‍ ശരിയാവില്ല എന്ന് മനസ്സിലാക്കി, സുകു ചേട്ടന്‍ പറഞ്ഞു. ‘ജ്യൂസടിക്കുന്നിടത്തേക്ക്‌ ആര്‍ക്കും പ്രവേശനം വേണ്ട. ആകെ 4-5 പേര്‍ മാത്രം അകത്ത്‌ മതി!‘

ഡയറിയില്‍ പാല്‌ അളക്കുന്ന പോലെ ഉത്തരവാദപ്പെട്ട ഞങ്ങള്‍ അഞ്ചുപേറ് ‘ഉണ്ടാക്കലും കുടിക്കലുമായി‘ മുന്നേറുമ്പോള്‍, മുന്തിരി ജ്യൂസ്‌ അധികം കുടിച്ചാല്‍ പറ്റാവുമെന്നും വയര്‍ ഫോര്‍മാറ്റ്‌ ചെയ്യപ്പെടുമെന്നും അറിഞ്ഞിരുന്നെങ്കിലും അത്തരം കുടിയില്‍ നിന്നും പിന്മാറാന്‍ ആരും ഒരുക്കമാകുമായിരുന്നില്ല.

എനിവേ, വൈകിട്ട്‌ അഞ്ചുമണിയോടടുത്തപ്പോഴേക്കും വേദി ജനസമുദ്രമായി മാറി. ഒരു അമ്പത്‌ പേരെ ക്ഷണിച്ച സുകുച്ചേട്ടനും ഞങ്ങളും, കൂട്ടം കൂട്ടമായി വരുന്ന ആള്‍ക്കാരെ കണ്ട്‌ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അവിടെക്കൂടിയവര്‍ക്കെല്ലാം മുന്തിരി ജ്യൂസ്‌ എന്നത്‌ 'ഇമ്പോസിബിള്‍' ആണെന്ന് കണ്ട്‌, കിട്ടാതെവന്നവര്‍ക്ക്‌ ലെമണ്‍ ജ്യൂസ്‌ വിതരണം നല്‍കി ജനക്കൂട്ടത്തെ പിരിച്ചു വിടുകയായിരുന്നു.

അന്ന് ജ്യൂസ് ആക്രാന്തകുടി കുടിച്ച അഞ്ചുപേര്‍ക്ക്, ആ രാത്രി ഒരു കാള രാത്രിയാവുകയും, കെ.എസ്.ആറ്. ടി. സി. ബസ് ടോപ്പ് ഗിയറില്‍ പോകുമ്പോളുണ്ടാകുന്ന തറമ്പല്‍ രണ്ട് ദിവസത്തോളം തലയിലും വയറിലും അനുഭവപ്പെടുകയും ചെയ്തുവെന്നും പറയപ്പെടുന്നു.

posted by സ്വാര്‍ത്ഥന്‍ at 11:14 PM

0 Comments:

Post a Comment

<< Home