Tuesday, April 11, 2006

യാത്രാമൊഴി - നിശ്ചലദൃശ്യങ്ങള്‍

നിശ്ചലദൃശ്യങ്ങളിലേക്കൊരു
സ്നിഗ്ധജാലകം
തുറക്കട്ടെ ഞാന്‍
ഇങ്ങനെ..

പൂവു വീണാലതു കവിതയാകും..
മര്‍ത്യനിവനുഴറി വീണാല്‍,
കവിതയില്ല, കരച്ചിലില്ല
കയറിയിറങ്ങുന്നു
ശിരസ്സിലൂടെ
കഠിന ജീവിതം
കയറ്റിയ ലോറികള്‍.

ചിതറിത്തെറിക്കുന്നുള്ളിലെ
കവിതകള്‍
ചോരയും
ചുടു ചോറുമൊത്ത്‌..

ചിരിയൊതുക്കി
ചിലരൊപ്പിയെടുക്കുന്നു
വിറ്റു പോയേക്കാവുന്നൊരെന്‍
ശിഷ്ടമൌനത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

പതിവുജീവിതം
പാഞ്ഞുപോകുന്ന
പാതയില്‍ ചിതറി
ഞാന്‍ കിടക്കവേ..
ചിരഗതാഗതം
കുരുങ്ങിയെന്നായിരം
തെറികളെന്‍ കാതില്‍
പുളിച്ചു വീഴുന്നു.

തെരുവുനായ്ക്കളാര്‍ത്തിയോടെയെന്‍
ചോരനക്കിയെടുക്കുന്നു
മൃഗനഖങ്ങളാഴ്ത്തിയെന്റെ
പച്ചമാംസം രുചിച്ചിടുന്നു.
മൃതശിരസ്സിലമര്‍ന്നിരുന്നെന്‍
വെന്ത കണ്ണുകള്‍ ചൂഴ്ന്നെടുത്ത്‌
തണലു നോക്കിപ്പറന്നിടുന്നു
കാകജന്മവിരക്തികള്‍.

മൃതിയിലേക്കു
തുറന്ന കണ്ണുമായ്‌
ചിരിയൊതുക്കിയടുക്കയാണിപ്പൊഴും
ചിതലു പോലിപ്പൊയ്മുഖങ്ങളും..

മെല്ലെയീയനാഥജന്മത്തിന്റെ
ശിഥിലമൌനങ്ങളില്‍
പകലിന്‍ ശവക്കച്ചയഴിഞ്ഞുവീഴുന്നു..
ഇരുളിലൊരു മലിനവാഹനം
കിതച്ചു നില്‍ക്കുന്നു.
വിദ്യുത്ചിതോന്മുഖം
നരകാര്‍ത്തജീവിതം
ഇതി സമാപ്തം!
........

ഒടുവില്‍,
ഒരു വെണ്‍ചുവരില്‍
ശുഭ്രജീവിതത്തിരശ്ശീല നീക്കി
അനാഛാദനം ചെയ്യുവാനെത്തുന്നു
വിശിഷ്ടാതിഥിയൊരാള്‍.

കരളില്‍ കൌതുകം നിറച്ചും
കടല കൊറിച്ചും
കടന്നു പോകുന്നു പലര്‍.

ഹാ!
എത്ര സുന്ദരമീ ദൃശ്യം
ഇതു പകര്‍ത്തിയോനെത്ര ഭാഗ്യവാന്‍.
എത്രയാഴം,
എന്തൊരു നിറക്കൂട്ട്
എന്നിങ്ങനെ..
വെറും വാര്‍ത്തയാകുന്നു ഞാനും.

എന്റെ ചോരയും
തണുത്ത തലച്ചോറും
തിരശ്ശീലകള്‍ക്കപ്പുറം
ചില്ലുകൂട്ടില്‍
ഉള്‍ക്കാഴ്ച്ച തിളയ്ക്കുന്ന
കണ്ണു കാത്തിരിക്കുന്നു.

കാണെ, കാണെ
ചുവരു മങ്ങുന്നു..
ചില്ലുജാലകത്തിന്‍
സ്നിഗ്ധവായ്പ്പില്‍
ഉമിനീരുവറ്റിയ ചിലന്തികള്‍
എന്നൊടൊത്തു മരണത്തിലേക്കു
വല നെയ്തിറങ്ങുന്നു.

മുറി നിറയെ
മാറാലമൂടിയ
മരണത്തിന്റെ
ചില്ലിട്ട ചിത്രങ്ങള്‍
കഠിനജീവിതം
കയറിയിറങ്ങിയ
ശിഷ്ടമൌനത്തിന്റെ
ചകിതദൃശ്യങ്ങള്‍,
ചതഞ്ഞ വിരലുകള്‍,
മുറിഞ്ഞ കവിതകള്‍.

വഴിയിലിപ്പൊഴും
ആര്‍ത്തിരമ്പുന്നു
കഠിന ജീവിതം
കയറ്റിയ ലോറികള്‍..

തെറിച്ചു വീഴുന്നു
പുതിയ ചോരയും
പുത്തന്‍ തലച്ചോറും.
എച്ചില്‍വിരുന്നിനായ്‌
കൌശലം പാര്‍ക്കുന്നു
നായ്ക്കളും കാകരും
മര്‍ത്യജന്മങ്ങളും.

ചിരിയൊതുക്കിയടുക്കുന്നു പിന്നെയും
ചിതലുപോലിപ്പൊയ്മുഖങ്ങളും.
തുടര്‍ച്ചയാകുന്നു നിത്യവും
ശിഥിലജീവിതത്തിന്റെ
നിശ്ചലദൃശ്യങ്ങള്‍.

അടയ്ക്കുവതെങ്ങിനെ
ഞാനീ
നിശ്ചലദൃശ്യങ്ങള്‍ തന്‍
സ്നിഗ്ധജാലകം?

posted by സ്വാര്‍ത്ഥന്‍ at 11:37 PM

0 Comments:

Post a Comment

<< Home